വലിയ സമ്മാനം കിട്ടാൻ

ദിവസങ്ങളായി കാത്തിരുന്ന ക്യാംപ് തുടങ്ങിയപ്പോൾ അഭിനവിന് വളരെ സന്തോഷമായി. മൂന്നു ദിവസത്തെ ക്യാംപാണ്. ആദ്യദിനം പരസ്പരം പരിചയപ്പെടലും ചില കളികളുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. പിറ്റേന്ന് ഏഴു മണിക്കു പ്രഭാതപ്രാർത്ഥനയോടെ അന്നത്തെ ക്യാംപ് തുടങ്ങി. ആദ്യത്തെ ക്ലാസ് കഴിഞ്ഞ് എല്ലാവരും ഓരോ പാട്ടു പാടണമെന്ന് സാർ ആവശ്യപ്പെട്ടു. അത് നല്ല രസമുള്ള ഒരു സമയമായിത്തോന്നി എല്ലാവർക്കും.

പ്രാതലിനായുള്ള ഇടവേളയിൽ ഒരു ചെറിയ സംഭവമുണ്ടായി. എല്ലാവരും തങ്ങൾക്ക് ലഭിച്ച ഉപ്പുമാവ് കഴിച്ചുതുടങ്ങിയ സമയത്താണ് അതുണ്ടായത്. ഒരു കൂട്ടുകാരന്റെ ഭക്ഷണപാത്രം അവന്റെതന്നെ കൈതട്ടി താഴെ വീണുപോയി. കാന്റീനിലെ ഭക്ഷണം കൊടുത്തു തീർന്നും കഴിഞ്ഞു. അതുകണ്ട അഭിനവ് മറ്റൊന്നും ആലോചിച്ചില്ല. തന്റെ പാത്രത്തിലെ ഉപ്പുമാവിന്റെ പകുതിയിലേറെ അവൻ ആ കൂട്ടുകാരന്റെ പാത്രത്തിലേക്ക് പകർന്നു. ”താങ്ക്യൂ” കൂട്ടുകാരൻ സന്തോഷത്തോടെ അതു കഴിച്ചുകൊണ്ടു പറഞ്ഞു. എല്ലാവരും പോയപ്പോൾ താഴെ വീണുപോയ ഉപ്പുമാവ് വാരി വേസ്റ്റ് ബക്കറ്റിൽ ഇടാനും കൂട്ടുകാരനെ അഭിനവ് സഹായിച്ചു.
ക്ലാസും കളികളും ക്വിസുമൊക്കെയായി അന്നത്തെ ദിവസം കടന്നുപോയി. പിറ്റേന്ന് യോഹന്നാന്റെ സുവിശേഷത്തിൽനിന്നും ക്വിസ് മത്സരം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടായിരുന്നതിനാൽ കിടക്കുന്നതിനുമുൻപ് അവൻ അതിനായി പഠിക്കാൻ തുടങ്ങി. കാരണം അവന്റെ കൈയിൽ ബൈബിൾ കൂടാതെ ബൈബിൾക്വിസിന്റെ ഒരു പുസ്തകവും ഉണ്ടായിരുന്നു. അപ്പോഴാണ് ഒരു കൂട്ടുകാരൻ അടുത്ത് വന്നിരുന്നത്.

അവന്റെ മുഖത്ത് അല്പം വിഷമമുള്ളതുപോലെ അഭിനവിനു തോന്നി. ”എന്തു പറ്റി?” അവൻ ചോദിച്ചു. ”ഞാൻ… ബൈബിൾ കൊണ്ടുവന്നിട്ടില്ല….” ആ കുട്ടി ചെറിയൊരു ചമ്മലോടെ അറിയിച്ചു. അതു കേട്ടപ്പോൾ ക്വിസ് പുസ്തകം അഭിനവ് ആ കുട്ടിക്ക് നല്കി. അവൻ സന്തോഷത്തോടെ അതു നോക്കി പഠിച്ചു.
പിറ്റേന്ന് ക്വിസിൽ അഭിനവ് നന്നായി പങ്കെടുത്തു. പക്ഷേ അവന് കിട്ടിയത് രണ്ടാം സ്ഥാനമായിരുന്നു. തലേന്ന് അഭിനവ് പുസ്തകം കൊടുത്ത് സഹായിച്ച കുട്ടിക്ക് ഒന്നാം സ്ഥാനം. ഒരു ചോദ്യത്തിന്റെ ഉത്തരം ആ കുട്ടിക്കു മാത്രമേ എഴുതാൻ കഴിഞ്ഞുള്ളൂ. ആ കുട്ടി അഭിനവിനോട് നന്ദി പറഞ്ഞു, ആ ചോദ്യം അഭിനവ് കൊടുത്ത പുസ്തകത്തിൽനിന്നുള്ളതായിരുന്നുവത്രേ. അല്പം സങ്കടമുണ്ടായിരുന്നെങ്കിലും താൻ സഹായിച്ച കുട്ടിക്ക് ഒന്നാം സ്ഥാനം കിട്ടിയതിൽ അവന് അഭിമാനവും തോന്നി.
അങ്ങനെ ഉച്ചക്ക് ഊൺ കഴിഞ്ഞ് സമാപനയോഗത്തിന് എല്ലാവരും ചേർന്നു. സമ്മാനങ്ങളെല്ലാം വിതരണം ചെയ്തുകഴിഞ്ഞ് അവതാരകന്റെ ശബ്ദം വീണ്ടും മുഴങ്ങി. ”ഇനി ഈ ക്യാംപിലെ ഏറ്റവും വലിയ സമ്മാനം പ്രഖ്യാപിക്കാൻ പോവുകയാണ്” എല്ലാവരും ആകാംക്ഷയോടെ ചെവിയോർത്തു. ”ബെസ്റ്റ് ക്യാംപർ, ഏറ്റവും മികച്ച ക്യാംപംഗം…. ആരായിരിക്കും?” അവതാരകന്റെ ചോദ്യത്തിന് പലരും പല പേരുകൾ വിളിച്ചു പറഞ്ഞു.

”നിങ്ങളാരും പറയാത്ത ഒരു പേരാണ് ഞാൻ പറയാൻ പോകുന്നത്…” അവതാരകൻ അങ്ങനെ പറഞ്ഞതോടെ എല്ലാവരും നിശ്ശബ്ദരായി കാതോർത്തു, ”ബെസ്റ്റ് ക്യാംപർ….. അഭിനവ് ജോൺ!”

ഉപ്പുമാവ് പങ്കുവച്ചതും ക്വിസ് പുസ്തകം നല്കി സഹായിച്ചതുമൊക്കെ രഹസ്യമായി ക്യാംപംഗങ്ങളെ നിരീക്ഷിച്ചിരുന്നവർ ശ്രദ്ധിച്ചിരുന്നുവെന്നും അതാണ് ഈ സമ്മാനത്തിന് കാരണം എന്നും അവതാരകൻ വിവരിക്കവേ നിറഞ്ഞ കൈയടിയോടെ അഭിനവ് സമ്മാനം ഏറ്റുവാങ്ങി. അവന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു. സ്‌നേഹത്തോടെയും ആത്മാർത്ഥതയോടെയും ചെയ്യുന്ന കുഞ്ഞുകാര്യങ്ങൾപോലും ഈശോ വിലമതിക്കുന്നു എന്ന് അമ്മ പറഞ്ഞിട്ടുള്ളത് അവൻ ഓർത്തു.

Leave a Reply

Your email address will not be published. Required fields are marked *