മാതാവും ആധാർ കാർഡും 

ഭാര്യയുടെ നേർച്ച നിറവേറ്റാനാണ് ആ ഒക്‌ടോബർമാസത്തിൽ ഞങ്ങൾ സകുടുംബം വേളാങ്കണ്ണിയിലേക്ക് പോകാൻ തീരുമാനിച്ചത്. ജോലിസ്ഥലത്തുനിന്ന് മകനും ഞങ്ങളുടെ ദേശത്തുള്ള റെയിൽവേസ്റ്റേഷനിൽനിന്ന് ഞാനും ഭാര്യയും മറ്റു രണ്ടു മക്കളും ട്രെയിനിൽ കയറി. കുടുംബാംഗങ്ങൾ അഞ്ചുപേരും ഒരുമിച്ചായ സന്തോഷത്തിൽ യാത്ര തുടരവേ, ടിക്കറ്റ് പരിശോധിക്കാൻ ടി.ടി.ഇ എത്തി.

കൂട്ടത്തിൽ മുതിർന്ന പൗരനു(സീനിയർ സിറ്റിസൺ)ള്ള ടിക്കറ്റ് എന്റേതായതിനാൽ എന്റെ തിരിച്ചറിയൽ രേഖ അദ്ദേഹം പ്രത്യേകം ആവശ്യപ്പെട്ടു. എന്നാൽ മകൻമാത്രമേ തിരിച്ചറിയൽ രേഖ കൈയിൽ കരുതിയിരുന്നുള്ളൂ. അതിനാൽ 150 രൂപ പിഴ അടയ്‌ക്കേണ്ടി വന്നു. എന്റെ തെറ്റുകാരണം പിഴയൊടുക്കേണ്ടിവന്നല്ലോ എന്ന ചിന്ത എന്നെ വിഷമിപ്പിച്ചു. മാത്രവുമല്ല തിരികെവരാനായി കിട്ടിയിരിക്കുന്നത് എ.സി. ടിക്കറ്റാണ്. അതിനാൽ പിഴ കൂടും എന്ന മകന്റെ വാക്കുകൾ കൂടുതൽ ആകുലപ്പെടുത്തി.

വേളാങ്കണ്ണിയിലെത്തി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിച്ചു. ദേവാലയത്തിൽനിന്ന് പുറത്തിറങ്ങിയപ്പോൾ മക്കൾ മൂവരും ഞങ്ങൾക്ക് ആധാർ കാർഡ് ലഭിച്ച അക്ഷയ കേന്ദ്രത്തിലേക്ക് മൊബൈൽ ഫോണിൽ ബന്ധപ്പെടുന്നുണ്ട്. പക്ഷേ എന്റെ ആധാർ കാർഡിന്റെ നമ്പർ അറിയാത്തത് വലിയ തടസ്സമായിരുന്നു. എങ്കിലും അറിയാവുന്ന വിവരങ്ങൾ അവർക്ക് നല്കി. ആ ഓഫീസിൽ ഞങ്ങൾക്ക് പരിചയക്കാരില്ല. വാസ്തവത്തിൽ ആധാർ കാർഡിന്റെ കോപ്പി ലഭിക്കുമെന്ന് പ്രതീക്ഷിക്കാൻ വകയൊന്നുമില്ലായിരുന്നു. എങ്കിലും രാത്രി എല്ലാവരോടുമായി ഞാനിങ്ങനെ പറഞ്ഞു. ”മാതാവിന്റെ അനുഗ്രഹം നാളെ അനുഭവപ്പെടും. ഞാൻ അത്രയേറെ മാതാവിനോടു പറഞ്ഞിട്ടുണ്ട്”

രാത്രിമുഴുവൻ കാത്തിരുന്നെങ്കിലും ആരുടെയും മൊബൈലിൽ പ്രസ്തുത കാർഡിന്റെ കോപ്പിയൊന്നും വന്നില്ല. എന്തായാലും പിറ്റേന്ന് ദോവാലയത്തിൽ ചെന്നപ്പോൾ അവിടെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. എന്റെ പ്രധാനപ്രാർത്ഥനാനിയോഗം ആധാർ കാർഡിന്റെ കോപ്പി ലഭിക്കണമെന്നതുതന്നെയായിരുന്നു. വിശുദ്ധബലി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മകന്റെ മൊബൈലിൽ ഒരു മെസ്സേജ് വന്ന ശബ്ദം കേട്ടു. ഞാൻ ആകാംക്ഷയോടെ ചോദിച്ചു, ”നോക്കൂ മോനേ, വല്ലതും വന്നിട്ടുണ്ടോ?”

മെസ്സേജ് പരിശോധിച്ചിട്ട് അവൻ പറഞ്ഞു, ”അപ്പന്റെ ആധാർ വന്നിട്ടുണ്ട്!”

അപ്പോഴത്തെ എന്റെ ഹൃദയവികാരം രേഖപ്പെടുത്താൻ വാക്കുകളില്ല. നിറകണ്ണുകളോടെയാണ് ആ മാതൃസ്‌നേഹവാത്സല്യം ഞാൻ ഏറ്റുവാങ്ങിയത്. മടക്കയാത്ര വളറെ സമാധാനകരമായിരുന്നു. എന്നാൽ, അടുത്തിരുന്ന സീനിയർ യാത്രികൻ മറ്റൊരാളോട് ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു. ”ഐ.ഡി. പ്രൂഫ് ഇല്ലാതിരുന്നതിനാൽ എനിക്ക് 1500 രൂപ പിഴയടയ്‌ക്കേണ്ടി വന്നു.”

മാതാവിനോടും അവിടുത്തെ പുത്രനോടും നന്ദി പറയാൻ എനിക്ക് വാക്കുകളെവിടെ?

ദേവസി വാഴപ്പിള്ളി, തൃശൂർ

Leave a Reply

Your email address will not be published. Required fields are marked *