ശത്രുക്കളെ അമ്പരപ്പിച്ച്… വിശുദ്ധ ആന്റണി ഡാനിയേൽ

ആയുധധാരികളായ തങ്ങളുടെ അടുക്കലേക്ക് കുരിശും ഉയർത്തിപ്പിടിച്ച് വരുന്ന ആ മനുഷ്യനെ യോദ്ധാക്കൾ അല്പം അമ്പരപ്പോടെ നോക്കിനിന്നു. ശത്രുക്കളുടെ ആക്രമണത്തിന് മുമ്പിൽ പതറാത്ത മനുഷ്യരുണ്ടാവുമോ എന്നവർ ഒരു നിമിഷം ചിന്തിച്ചുകാണണം. കാരണം ക്രൈസ്തവ മിഷനറിമാരുടെ രീതികൾ വശമില്ലാതിരുന്ന അപരിഷ്‌കൃതസമൂഹത്തിലെ യോദ്ധാക്കളായിരുന്നു അവർ. എന്നാൽ ശത്രുക്കൾ തന്റെയും കൂടെയുള്ളവരുടെയും ജീവൻ അപഹരിക്കുമെന്ന് ഉറപ്പായപ്പോഴും ഫാ. ആന്റണി ഡാനിയേൽ പതറിയില്ല. താൻ ശുശ്രൂഷ ചെയ്തിരുന്ന മിഷൻ സമൂഹത്തിലെ രോഗികൾക്കും മരണാസന്നർക്കും മാമ്മോദീസാ നൽകുവാനാണ് ആ അന്ത്യനിമിഷങ്ങൾ അദ്ദേഹം ഉപയോഗിച്ചത്.

ആദ്യ അന്ധാളിപ്പ് മാറിയ യോദ്ധാക്കൾ തൊടുത്തുവിട്ട അമ്പുകൾ ഫാ. ഡാനിയേലിന്റെ ശരീരത്തിൽ തുളച്ചുകയറി. ആ വേദന ഒരു പരിമളധൂപമായി ഉയരവേ കുറച്ച് മുൻപുമാത്രം ദിവ്യബലിയർപ്പിച്ച ചാപ്പലിനൊപ്പം അദ്ദേഹത്തിന്റെ ശരീരവും അവർ ചുട്ടെരിച്ചു. ബലിവസ്തുവും ബലിയർപ്പകനും തമ്മിലുള്ള അന്തരം ഇല്ലാതാക്കിക്കൊണ്ട് ആ ബലിവേദിയിൽ നിന്ന് അദ്ദേഹത്തിന്റെ ആത്മാവ് സ്വർഗത്തിലേക്ക് പറന്നുയർന്നു. പൂർണമായി കത്തിയമർന്ന അദ്ദേഹത്തിന്റെ ശരീരത്തിന്റെ അവശിഷ്ടം പോലും സഹജസ്യൂട്ട് വൈദികർക്ക് പിന്നീട് കണ്ടെടുക്കാനായില്ല.

അസാധാരണന്റെ ചരിത്രം
1601 മെയ് 27-ാം തിയതി ഫ്രാൻസിലെ നോർമണ്ടി പ്രദേശത്തുള്ള ഡിപ്പെയിലാണ് ഡാനിയേലിന്റെ ജനനം. രണ്ട് വർഷക്കാലത്തെ തത്വശാസ്ത്രപഠനത്തിനു ശേഷം 1621-ൽ അദ്ദേഹം ഈശോസഭയിൽ ചേർന്ന് വൈദികപഠനം ആരംഭിച്ചു. 1630-ൽ വൈദികനായി അഭിഷിക്തനായ ഫാ. ഡാനിയേൽ 1634-ൽ ക്യുബക്കിലുള്ള വെൻഡാകയിലെത്തി. ഹ്യൂറൺ ഭാഷ സംസാരിക്കുന്ന ആദിവാസി സമൂഹത്തിനിടയിലാണ് അദ്ദേഹം ശുശ്രൂഷ ചെയ്തത്.

അവരുടെ ഭാഷ അതിവേഗം സ്വായത്തമാക്കിയ അദ്ദേഹം ‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥനയും വിശ്വാസപ്രമാണവും മറ്റ് പല പ്രാർത്ഥനകളും ഹ്യൂറൺ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. പ്രാർത്ഥനകൾക്ക് സംഗീതാവിഷ്‌കാരം നൽകിയ അദ്ദേഹത്തെ ശ്രവിക്കാൻ കുട്ടികൾക്ക് വലിയ താൽപര്യമായിരുന്നു. രണ്ട് വർഷക്കാലം അവിടെ ആൺകുട്ടികൾക്കായുള്ള സ്‌കൂളിന്റെ ചുമതല വഹിച്ചത് ഫാ. ഡാനിയേലാണ്.

ഹ്യൂറൺ സമൂഹവുമായി ശത്രുത പുലർത്തിയിരുന്ന സമൂഹമാണ് ഇരിക്വ സമൂഹം. ഹ്യൂറൺ സമൂഹത്തിലെ പുരുഷൻമാരെല്ലാം കച്ചവടത്തിനായി പോയ സമയത്താണ് ഇരിക്വ സമൂഹത്തിലെ പടയാളികൾ ഫാ.ഡാനിയേലിന്റെ മിഷൻ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഗ്രാമം അപ്രതീക്ഷിതമായി ആക്രമിച്ചത്. ആക്രമണത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞ ഫാ. ഡാനിയൽ ‘ഇന്ന് നമ്മൾ സ്വർഗത്തിലായിരിക്കും’ എന്ന് പറഞ്ഞുകൊണ്ട് രോഗികൾക്ക് മാമോദീസാ കൊടുത്തു.
സ്വർഗത്തെ മാത്രം ലക്ഷ്യമാക്കി ജീവിച്ച ഫാ. ഡാനിയേലിന്റെ ജീവിതം വിശുദ്ധമായിരുന്നുവെന്ന് 1930 ജൂൺ 29-ന് സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹ്യൂറൺ വിഭാഗക്കാരുടെ ഇടയിൽ പ്രവർത്തിച്ച മിഷനറിമാരിൽ ആദ്യമായി രക്തസാക്ഷിത്വം വരിച്ച ഫാ. ആന്റണി ഡാനിയേലിന്റെ ജീവിതം അദ്ദേഹത്തിന്റെ അധികാരി ജസ്യൂട്ട്‌സിന്റെ സുപ്പീരിയറിന് അയച്ച കത്തിൽ ഇപ്രകാരം സംഗ്രഹിച്ചിരിക്കുന്നു. ‘അസാധാരണ മനുഷ്യൻ. എളിമ, അനുസരണം, ദൈവത്തോടുള്ള ഐക്യം, ഒരിക്കലും കൈവിടാത്ത ക്ഷമ, പ്രതികൂലങ്ങൾക്ക് കീഴ്‌പ്പെടുത്താൻ സാധിക്കാത്ത ധൈര്യം എന്നിവയാൽ അതുല്യമായ വ്യക്തിത്വം.’

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *