അമാനുഷികമായവ മാനുഷികമായും അസാധാരണമായവ സാധാരണമായും രൂപാന്തരപ്പെടുന്ന അത്ഭുതങ്ങളുടെ യഥാർത്ഥകഥകൾ.
1870 മെയ് 16 പെന്തക്കുസ്താ തിരുനാൾ ദിനം വൈകുന്നേരം അഞ്ചുമണി. ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ നാമത്തിൽ ടൂറിനിൽ വിശുദ്ധ ഡോൺ ബോസ്‌കോ നിർമിച്ച ദൈവാലയത്തിൽ ഡസൻ കണക്കിന് ആൺകുട്ടികൾ മുട്ടിന്മേൽ നിന്നു പ്രാർത്ഥിക്കുന്നു. അവർ കുമ്പസാരിക്കുന്നതിനുവേണ്ടി ഫാ.ഡോൺ ബോസ്‌കോയെ കാത്തിരിക്കുകയാണ്. അപ്പോൾ 10-12 വയസ് തോന്നിക്കുന്ന മരിയ സ്റ്റാർഡിറോ എന്ന അന്ധയായ പെൺകുട്ടി അവളുടെ ആന്റിയോടൊപ്പം ആ ദൈവാലയത്തിലേക്ക് പ്രവേശിച്ചു. ഡോൺ ബോസ്‌കോ എത്തിയപ്പോൾ അദ്ദേഹം പെൺകുട്ടിയുടെ വിവരങ്ങൾ തിരക്കി. അവൾ ജനിച്ചത് അന്ധയായല്ല. രണ്ടു വർഷം മുമ്പുണ്ടായ നേത്രരോഗം അവളെ അന്ധയാക്കുകയായിരുന്നു. വൈദ്യ ശാസ്ത്രം അവളെ പൂർണമായും കൈയൊഴിഞ്ഞു. കരഞ്ഞുകൊണ്ടാണ് ആന്റിയും മരിയയും ഇത്രയും പറഞ്ഞൊപ്പിച്ചത്.
”ഇവയിൽ വലുതേത് ചെറുതേത്?” രണ്ട് കാശുരൂപങ്ങൾ കാണിച്ച് വിശുദ്ധൻ ചോദിച്ചു. ”എനിക്ക് ഒന്നും കാണാൻ കഴിയുന്നില്ല” എന്ന് അവൾ പറഞ്ഞു. ജനാലയ്ക്കരികിലേക്ക് കൂട്ടിക്കൊണ്ടുപോയി വെളിച്ചം കാണുന്നുണ്ടോ എന്നു ചോദിച്ചപ്പോഴും ഒന്നും കാണുന്നില്ലെന്നു മാത്രമേ അവൾക്ക് പറയാൻ കഴിയുമായിരുന്നുള്ളൂ.
”നീ കാണാൻ ആഗ്രഹിക്കുന്നോ?” വിശുദ്ധൻ ചോദിച്ചു. ‘ഓ! വേണം വേണം.. എനിക്കതുമാത്രം മതി.’ മരിയ മറുപടി പറഞ്ഞു. ”നീ നിന്റെ കണ്ണുകൾക്കൊണ്ട് ദൈവത്തിനെതിരായി പാപം ചെയ്യാതെ നിന്റെ ആത്മരക്ഷയ്ക്കായി ഉപയോഗിക്കുമോ?” ഡോൺ ബോസ്‌കോ വീണ്ടും ചോദിച്ചു. ”തീർച്ചയായും. എന്റെ ഹൃദയത്തിൽനിന്നും ഞാൻ വാക്കുതരുന്നു.” മരിയ വിശുദ്ധന് വാക്കു കൊടുത്തു.
”എന്നാൽ നിന്റെ കാഴ്ച തിരിച്ചുകിട്ടും.” വിശുദ്ധൻ ഉറപ്പുകൊടുത്തു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥ ശക്തിയെക്കുറിച്ച് ദൈവാലയത്തിലുണ്ടായിരുന്നവരോട് പൊ തുവായി സംസാരിച്ചശേഷം ഡോൺ ബോസ്‌കോ ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥനയും ‘പരിശുദ്ധ രാജ്ഞീ’ എന്ന ജപവും ചൊല്ലി. പരിശുദ്ധ മറിയത്തിന്റെ ശക്തിയിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുക എന്നു വീണ്ടും പറഞ്ഞ് വിശുദ്ധൻ മരിയയെ ആശീർവദിച്ചു. എന്നിട്ട്, ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ കാശുരൂപം കൈകളിൽ ഉയർത്തിപ്പിടിച്ച്, ”ദൈവത്തിന്റെയും പരിശുദ്ധ അമ്മയുടെയും മഹത്വത്തിനായി ഇതെന്താണെന്നു പറയുക” എന്ന് മരിയയോട് ആവശ്യപ്പെട്ടു. ”എനിക്ക് കാണാം” മരിയ വിളിച്ചു പറഞ്ഞു. കാശുരൂപത്തെക്കുറിച്ച് അവൾ വിശദമായി പറഞ്ഞു. വിശുദ്ധന്റെ പക്കൽനിന്നും അതു വാങ്ങാനായി അവൾ കൈനീട്ടിയപ്പോഴേക്കും അതു നിലത്തു വീണ് തെറിച്ചു പോയി. മരിയതന്നെ ദൈവാലയത്തിന്റെ ഇരുണ്ട മൂലയിൽനിന്നും ആ ചെറിയ കാശുരൂപം കണ്ടെടുത്തു. ദൈവാലയത്തിലുായിരുന്നവരുടെയെല്ലാം മരിയഭക്തി കൂടുതൽ ആഴപ്പെട്ടു.
സന്തോഷത്താൽ മതിമറന്ന മരിയ നന്ദിപറയാൻ പോലും മറന്ന് വീട്ടിലേക്കോടി. ആന്റി നിറകണ്ണുകളോടെ വിശുദ്ധ ഡോൺ ബോസ്‌കോയ്ക്ക് നന്ദി പറഞ്ഞു. വീട്ടിലേക്കോടിയ മരിയ അവളുടേതായ ചെറിയ സംഭാവനയുമായാണ് തിരികെ വന്ന് വിശുദ്ധന് കൃതജ്ഞതയേകിയത്.
1916 ൽ 46 വർഷങ്ങൾക്കു ശേഷം ചില സലേഷ്യൻ സഭാംഗങ്ങൾ മരിയ സ്റ്റാർഡിറോയുടെ കാഴ്ച പരിശോധിച്ചപ്പോൾ അപ്പോഴും അവൾക്ക് പൂർണമായ കാഴ്ചശക്തിയുണ്ടെന്ന് ബോധ്യമായി.
സലേഷ്യൻ സഭാസ്ഥാപകനായ ഡോൺ ബോസ്‌കോ രണ്ട് ആൺകുട്ടികളെ ഉയിർപ്പിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. ”അമാനുഷികമായവ മാനുഷികമായും അസാധാരണമായവ സാധാരണമായും രൂപാന്തരപ്പെടുന്നു”വെന്നാണ് പതിനൊന്നാം പീയൂസ് പാപ്പ അദ്ദേഹത്തെക്കുറിച്ച് പരാമർശിച്ചത്.
ചാൾസിനെ ഉയിർപ്പിക്കുന്നു
ഡോൺ ബോസ്‌കോയുടെ ഒറേറ്ററിയിലുണ്ടായിരുന്ന ചാൾസ് എന്നു പേരായ പതിനഞ്ചുകാരൻ 1849 ൽ മരണാസന്നനായി. അവൻ അനേകതവണ ഡോൺ ബോസ്‌കോയെ വിളിച്ചെങ്കിലും അദ്ദേഹം ദൂരയാത്രയിലായിരുന്നു. അതിനാൽ മാതാപിതാക്കൾ മറ്റൊരു വൈദികനെ വിളിച്ച് കുട്ടിയെ കുമ്പസാരിപ്പിച്ചു. എങ്കിലും കുട്ടി വീണ്ടും വീണ്ടും ഡോൺ ബോസ്‌കോയെ വിളിച്ചുകൊണ്ടിരുന്നു. അദ്ദേഹം തിരിച്ചെത്തുംമുമ്പ് ചാൾസ് മരണമടഞ്ഞു.
വിശുദ്ധൻ ടൂറിനിൽ തിരിച്ചെത്തിയപ്പോൾ കുട്ടി മരിച്ച വിവരമറിഞ്ഞ് അവന്റെ വീട്ടിലെത്തി. ”അവനെങ്ങനെയുണ്ട്?” എന്ന് വേലക്കാരനോട് ചോദിച്ചപ്പോൾ ”അവൻ മരിച്ചിട്ട് 10-11 മണിക്കൂറായി” എന്ന് അയാൾ പറഞ്ഞു. എന്നാൽ ”കുട്ടി ഉറങ്ങുകയാണ്” എന്നാണ് വിശുദ്ധൻ ഉത്തരിച്ചത്. കുട്ടി മരിച്ചുകഴിഞ്ഞുവെന്ന് വീട്ടിൽ എല്ലാവർക്കും അറിയാമെന്നും ഡോക്ടർ മരണം സ്ഥിരീകരിച്ച് മരണസർട്ടിഫിക്കറ്റിൽ ഒപ്പുവെച്ചുവെന്നും വേലക്കാരൻ കൂട്ടിച്ചേർത്തു. കരഞ്ഞുകൊണ്ടിരുന്ന മാതാപിതാക്കൾക്കരികിലേക്ക് അയാൾ അദ്ദേഹത്തെ നയിച്ചു. ജീവൻ പിരിയുംവരെ ചാൾസ് ബോസ്‌കോയെ ഇടമുറിയാതെ വിളിച്ചിരുന്നുവെന്ന് മാതാപിതാക്കൾ അദ്ദേഹത്തെ അറിയിച്ചു.
ചാൾസിന്റെ മൃതദേഹമിരുന്ന മുറിയിൽനിന്നും അവന്റെ അമ്മയും ആന്റിയുമൊഴികെ ബാക്കിയെല്ലാവരെയും പുറത്താക്കി ജോൺ ബോസ്‌കോ വാതിലടച്ചു. മൃതദേഹം കച്ചയിൽ പൊതിഞ്ഞ് മുഖം വെള്ളത്തുണികൊണ്ട് മൂടി, സംസ്‌കാരത്തിന് ഒരുക്കപ്പെട്ട അവസ്ഥയിലായിരുന്നു. വിശുദ്ധൻ ചാൾസിന്റെ ജീവനില്ലാത്ത ശരീരത്തിനരികെനിന്ന് അൽപ്പനേരം പ്രാർത്ഥിച്ചു. പിന്നീട്, ”ചാൾസ്, എഴുന്നേൽക്കൂ” എന്ന് ഉറക്കെ വിളിച്ചു.
ഷീറ്റിനടിയിലെ മൃതദേഹം പതുക്കെ ചലിച്ചു തുടങ്ങി. ഉടൻ കുട്ടിയുടെ മുഖത്തെ തുണി മാറ്റി, പൊതിഞ്ഞിരുന്ന കച്ച വലിച്ചുകീറി അദ്ദേഹം കുട്ടിയെ പുറത്തെടുത്തു. ചാൾസ് ദീർഘമായി നിശ്വസിക്കുകയും തുമ്മുകയും ചെയ്തുകൊണ്ട് കണ്ണു തുറന്നു. തന്റെ മുമ്പിൽ നിന്ന അമ്മയെ നോക്കി, തന്നെ എന്തിനാണീ പുത്തൻ കച്ചയിൽ പൊതിഞ്ഞിരിക്കുന്നതെന്നു ചോദിച്ചു. അപ്പോഴാണവൻ ബോസ്‌കോയെ കാണുന്നത്. വിശുദ്ധനെ കണ്ടയുടൻ സന്തോഷത്തോടും നന്ദിയോടുംകൂടെ അദ്ദേഹത്തെ ഉപചാരം ചെയ്തു.
ചാൾസിന്റെ മരണാനന്തര അനുഭവങ്ങൾ
ചാൾസ് തന്റെ മരണാനന്തര അനുഭവങ്ങൾ ഡോൺ ബോസ്‌കോയോട് പങ്കുവെച്ചു. അവന്റെ അവസാന കുമ്പസാരത്തിൽ ഭയംമൂലം എല്ലാ പാപങ്ങളും ഏറ്റു പറയാൻ കഴിഞ്ഞിരുന്നില്ല. ഒരുകൂട്ടം പിശാചുക്കൾ അവനെ നരകാഗ്നിയിലേക്ക് എറിയാൻ ഓടിയടുത്തു. അപ്പോൾ, അതീവസുന്ദരിയായൊരു സ്ത്രീ കടന്നുവന്നു പറഞ്ഞു: ”ചാൾസ് നിനക്കിനിയും പ്രത്യാശയ്ക്ക് വകയുണ്ട്. നീ ഇതുവരെയും വിധിക്കപ്പെട്ടിട്ടില്ല.” അപ്പോഴാണ് ‘ചാൾസ് എഴുന്നേൽക്കൂ,’ എന്ന ഡോൺ ബോസ്‌കോയുടെ ആജ്ഞാസ്വരം കേൾക്കുന്നത്. ചാൾസിന് കുമ്പസാരിക്കണമെന്നറിഞ്ഞ അമ്മയും ആന്റിയും മുറിക്കു പുറത്തേക്കു പോയി. കുമ്പസാരത്തിനു ശേഷം സകലരും കേൾക്കെ ചാൾസ് വിളിച്ചു
പറഞ്ഞു, ”ഡോൺ ബോസ്‌കോ എന്നെ രക്ഷിച്ചു.” അതുകേട്ട് എല്ലാവരും അത്ഭുതം കാണാൻ മുറിയിലേക്ക് ഓടിയെത്തി.
ചാൾസിന് നല്ല കുമ്പസാരം നടത്താൻ അവസരം നൽകിയ ദൈവത്തിന് വിശുദ്ധൻ നന്ദി പറഞ്ഞു. ഇപ്പോൾ സ്വർഗത്തിൽ പോകാനാഗ്രഹിക്കുന്നോ അതോ ഭൂമിയിൽ തുടരുന്നോ എന്ന് ഡോൺ ബോസ്‌കോ ചാൾസിനോട് ചോദിച്ചു. കുട്ടി കണ്ണുനീരോടെ പ്രിയപ്പെട്ടവരുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് അവൻ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു: ”ഡോൺ ബോസ്‌കോ, ഞാൻ സ്വർഗത്തിലേക്ക് പോകുകയാണ്.” ഇത്രയും പറഞ്ഞ് ചാൾസ് കണ്ണുകളടച്ച് ശാന്തനായി മരിച്ചു.
മേൽപ്പറഞ്ഞ സംഭവം ഡോൺ ബോസ്‌കോ അനേക സ്ഥലങ്ങളിൽ വിവരിച്ചിട്ടുണ്ട്. അവിടെയെല്ലാം അദ്ദേഹം ഒരു വൈദികന്റെ ഇടപെടൽ മൂലം കുട്ടി ഉയിർത്തുവെന്നാണ് സൂചിപ്പിച്ചിരുന്നത്. എന്നാൽ 1882-ൽ അദ്ദേഹം ആ വൈദികൻ താൻതന്നെയാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഒരു വൈദികനു പകരം ‘ഞാൻ’ എന്ന് പറയുകയുണ്ടായി.
1866-ൽ വിശുദ്ധ ഡോൺ ബോസ്‌കോ ഫ്‌ളോറൻസിലായിരിക്കുമ്പോൾ ഒരു ആൺകുട്ടി മരണമടഞ്ഞു. വിശുദ്ധൻ മറ്റു വൈദികരോട് ചേർന്ന് ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധമറിയത്തിന്റെ മധ്യസ്ഥതയിൽ കുട്ടിക്കുവേണ്ടി പ്രാർത്ഥിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ മരിച്ച കുട്ടി ശ്വസിക്കാനാരംഭിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തു.
പത്രോസിന്റെ നാട്ടിലെ അത്ഭുതങ്ങൾ
സലേഷ്യൻ സഭയ്ക്ക് വത്തിക്കാന്റെ അംഗീകാരം തേടി വിശുദ്ധ ഡോൺ ബോസ്‌കോ റോമിലെത്തിയപ്പോൾ നിരവധി സഭാധികാരികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സൗഖ്യത്തിന് വിശുദ്ധനെ ദൈവം ഉപയോഗിച്ചു. വൈറൽ പനി ബാധിച്ച് കിടപ്പിലായിരുന്ന മോൺ. സ്വേഗ്ലിയാറ്റിയെ വിശുദ്ധ ഡോൺ ബോസ്‌കോ തന്റെ സന്ദർശനത്തിലൂടെ സൗഖ്യമാക്കി. ആമവാതംമൂലം അസഹ്യമായ വേദനയാൽ ശരീരം അനക്കാൻപോലും സാധിക്കാതിരുന്ന കർദിനാൾ ആന്റോനെല്ലിയുമായി ഡോൺ ബോസ്‌കോ സംസാരിച്ചതിന്റെ പിറ്റേന്ന് കർദിനാൾ പൂർണ സൗഖ്യമുള്ളവനായി. കർദിനാൾ ബെരാർഡിയുടെ സഹോദരീ പുത്രൻ ടൈഫോയ്ഡ് ബാധിച്ച് മരണാസന്നനായിരിക്കെ, ഡോൺ ബോസ്‌കോ പ്രാർത്ഥിക്കാനടുക്കലെത്തിയപ്പോഴേക്കും അവൻ സുഖമാക്കപ്പെട്ടു.
”പ്രാർത്ഥനയിലോ കന്യാമറിയത്തിലോ ഞാൻ വിശ്വസിക്കുന്നില്ല”
ഒരിക്കൽ പ്രശസ്തനായൊരു ഡോക്ടർ ഡോൺ ബോസ്‌കോയെ കാണാനെത്തി. ”ഏതുതരം രോഗവും താങ്കൾ സുഖമാക്കുമെന്ന് ജനങ്ങൾ പറയുന്നു. ശരിയല്ലേ?”
”തീർച്ചയായും അല്ല” ഡോൺ ബോസ്‌കോ പറഞ്ഞു. ഡോക്ടർ പോക്കറ്റിൽ നിന്നും ചെറിയൊരു ബുക്ക് വലിച്ചെടുത്തു. ”നോക്കൂ, താങ്കൾ സുഖമാക്കിയവരുടെ പേരുകൾപോലും എനിക്ക് ലഭിച്ചുകഴിഞ്ഞു.”
”പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യം പ്രാർത്ഥിക്കാനായി പലരും ഇവിടെ വരാറുണ്ട്. അവർക്കെന്തെങ്കിലും ലഭിച്ചിട്ടു ണ്ടെങ്കിൽ അത് പരിശുദ്ധ മറിയം മൂലമാണ്.” ഡോൺ ബോസ്‌കോ വിനയപൂർവം അറിയിച്ചു.
”കൊള്ളാം, അവൾ എന്നെക്കൂടെ സുഖമാക്കട്ടെ… അങ്ങനെ ഞാനും ഈ അത്ഭുതങ്ങളിൽ വിശ്വസിക്കട്ടെ.”
”എന്താണ് താങ്കളുടെ അസുഖം?”
”അപസ്മാരം. അതു കൂടെക്കൂടെ ഉണ്ടാകുന്നു. പുറത്തിറങ്ങാൻ സാധിക്കാത്തവിധം എന്നെ ക്ലേശിപ്പിക്കുന്നു. മരുന്നുകളൊന്നും ഫലിക്കാതെയായി.” ഡോക്ടർ വേദനയോടെ അറിയിച്ചു. ”ഇവിടെ വരുന്നവർ ചെയ്യാറുള്ളത്
താങ്കളും ചെയ്യുക. പരിശുദ്ധ അമ്മ താങ്കളെ സൗഖ്യമാക്കണമെങ്കിൽ എന്നോടൊപ്പം മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കുക. പരിശുദ്ധ കുമ്പസാരത്തിലൂടെയും ദിവ്യകാരുണ്യത്തിലൂടെയും താങ്കളുടെ ആത്മാവിനെ വിശുദ്ധവും ശക്തവുമാക്കാൻ ഒരുങ്ങുക.” ഡോൺ ബോസ്‌കോ
നിർദേശിച്ചു.
”മറ്റെന്തെങ്കിലും നിർദേശിക്കൂ. ഇപ്പറഞ്ഞവയൊന്നും എനിക്ക് ചെയ്യാൻ കഴിയില്ല.” ദയനീയമായിരുന്നു ഡോക്ടറുടെ സ്വരം.
”എന്തുകൊണ്ട്?” ഡോൺ ബോസ്‌കോ ചോദിച്ചു.
”ഞാൻ ഒരു ഭൗതികവാദിയാണ്. ദൈവത്തിലോ കന്യാമറിയത്തിലോ അത്ഭുതങ്ങളിലോ പ്രാർത്ഥനയിലോ ഞാൻ വിശ്വസിക്കുന്നില്ല.” ഡോക്ടർ തുറന്നു പറഞ്ഞു. ഇരുവർക്കുമിടയിൽ അൽപ്പനേരത്തേക്കു നിശ്ശബ്ദത പരന്നു. ”നിങ്ങൾ പൂർണ അവിശ്വാസിയല്ല. സൗഖ്യം പ്രതീക്ഷിച്ച് ഇവിടെയെത്തിയല്ലോ.” ബോസ്‌കോ ചിരിച്ചുകൊണ്ട് മുട്ടുകുത്തി കുരിശടയാളം വരച്ചു. ആരും പറയാതെ ഡോക്ടറും വിശുദ്ധനോടൊപ്പം മുട്ടുകുത്തി കുരിശടയാളം വരച്ചു. അൽപ്പം കഴിഞ്ഞപ്പോൾ ആരും നിർബന്ധിക്കാതെ ഡോക്ടർ കുമ്പസാരിക്കാൻ ആരംഭിച്ചു.
കുമ്പസാരത്തിനുശേഷം, ജീവിതത്തിലൊരിക്കലും ലഭിച്ചിട്ടില്ലാത്തതും അവിശ്വസനീയവുമായ ആനന്ദവും സമാധാനവുംകൊണ്ട് താൻ നിറഞ്ഞതായി ഡോക്ടർ സാക്ഷ്യപ്പെടുത്തി. ആത്മീയ സൗഖ്യം ലഭിച്ചയുടൻ അപസ്മാരം അയാളെ വിട്ടുമാറിക്കഴിഞ്ഞിരുന്നു.
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘മരിച്ചവരെ ഉയിർപ്പിച്ചവർ’ എന്ന പുസ്തകത്തിൽനിന്ന്)
ആൻസിമോൾ ജോസഫ്