ഇല്ലായ്മകളെ ആനന്ദത്തിന്റെ സാധ്യതകളാക്കുന്ന ആത്മീയ സൂത്രവാക്യം.
വൈകുന്നേരം ഓഫീസിൽനിന്ന് വീട്ടിലെത്തി ഭാര്യയോടും മക്കളോടുമൊക്കെ അല്പനേരം സംസാരിച്ചു. വസ്ത്രമൊക്കെ മാറ്റിക്കഴിഞ്ഞ് അന്നു രാത്രി അത്താഴത്തിനെന്താണ് പ്രത്യേകമായിട്ടുള്ളത് എന്ന് നോക്കിയപ്പോൾ പാത്രത്തിൽ മീൻ വറുത്തതിരിക്കുന്നു. തലേന്ന് ഞാൻതന്നെയാണ് മീൻ വാങ്ങിക്കൊണ്ടുവന്നത്. അഞ്ചെണ്ണം ഉണ്ടായിരുന്നുവെന്ന് ഞാനോർക്കുന്നുമുണ്ട്. പക്ഷേ ഇപ്പോൾ നാലെണ്ണമേ കാണാനുള്ളൂ.
അതിനാൽ അടുത്തു നിന്നിരുന്ന ഭാര്യയോട് ചോദിച്ചു, ”ഒരു മീൻ കുറവുള്ളതുപോലെയുണ്ടല്ലോ, ശരിയാണോ?” ഭാര്യ പറഞ്ഞു, ”ശരിയാണ്, മീൻ വൃത്തിയാക്കി എഴുന്നേറ്റ സമയത്ത് ഒരെണ്ണം പൂച്ച കടിച്ചുകൊണ്ടുപോയി” ഞാനൊന്നും പറഞ്ഞില്ല. അവൾ അറിയാതെ സംഭവിച്ചുപോയതല്ലേ എന്നാശ്വസിച്ചു. പതിവുപോലെ സമയം കടന്നുപോയി. കുളിയും കുടുംബപ്രാർത്ഥനയുമെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോഴാണ് അക്കാര്യം ശ്രദ്ധിച്ചത്. എന്റെയും മൂന്നു മക്കളുടെയും പാത്രത്തിൽ വറുത്ത മീനുണ്ട്. ഭാര്യയുടെ പാത്രത്തിൽ ഇല്ല.
മീനും സന്തോഷവും
തനിക്കുംകൂടി അർഹതപ്പെട്ടത് ഭർത്താവിനോടും മക്കളോടുമുള്ള സ്‌നേഹത്തെപ്രതി വേണ്ടെന്നുവച്ച ഭാര്യയുടെ സ്‌നേഹം മനസിനെ ഭാരപ്പെടുത്തി. അതിനാൽ പെട്ടെന്നു തോന്നിയതനുസരിച്ച് എന്റെ പാത്രത്തിൽ വിളമ്പിയ മീനെടുത്ത് ഭാര്യയ്ക്ക് കൊടുത്തു. എന്നാൽ ഭാര്യ അതിൽ പകുതിയെടുത്ത് എനിക്ക് തിരികെ തന്നു. ഇതുകണ്ട ഒരു മകൾ അവളുടെ മീനിൽനിന്ന് ഓരോ ഭാഗം എനിക്കും ഭാര്യയ്ക്കും തന്നു. അങ്ങനെ പതിവിലേറെ ഊഷ്മളമായ ഒരു അത്താഴസമയമായി അന്നത്തേത്. മീൻ പങ്കുവച്ച സംഭവം കുടുംബത്തിൽ കൂടുതൽ സമാധാനവും ആനന്ദവുമുണ്ടാക്കി.
ഇതൊരു ആത്മീയസത്യവും കൂടിയല്ലേ? ഇല്ലായ്മകളും നഷ്ടങ്ങളും അനേക വ്യക്തികളുടെ സമാധാനം നഷ്ടപ്പെടുത്തുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പൂച്ച കൊണ്ടുപോകുന്ന മീനുകൾ സന്തോഷം വളർത്തുവാൻ കാരണമാകുകയാണ് വേണ്ടത് എന്ന് ഈ സംഭവം ഓർമ്മപ്പെടുത്തുന്നു. എന്നുവച്ചാൽ, ഇല്ലായ്മകളും നഷ്ടങ്ങളും നമ്മുടെ സമാധാനം നഷ്ടപ്പെടുത്തുവാനുള്ളതല്ല. മറിച്ച്, സമാധാനവും സന്തോഷവും ദൈവാശ്രയത്വവും വളർത്തുവാനുള്ളതാണ്.
മത്സ്യം പൂച്ച കൊണ്ടുപോയതിന്റെ പേരിൽ ”നീ ശ്രദ്ധിക്കാത്തതുകൊണ്ടല്ലേ മീൻ പൂച്ച കൊണ്ടുപോയത്” എന്നുപറഞ്ഞ് ഭാര്യയെ കുറ്റപ്പെടുത്തുകയും ശാസിക്കുകയും ചെയ്തിരുന്നെങ്കിൽ കുടുംബത്തിലെ സമാധാനവും സന്തോഷവും നഷ്ടപ്പെട്ടുപോകുമായിരുന്നു. അനേക ജീവിതങ്ങളിൽ ‘ഇല്ലായ്മകൾ’ അവരുടെ ജീവിതത്തിന്റെ അസ്വസ്ഥതയാകുന്നുവെങ്കിൽ അതിനു കാരണം ഇല്ലായ്മകൾക്ക് പിന്നിലെ ആത്മീയ രഹസ്യം മനസിലാക്കാതെ അതിനെയോർത്ത് പരാതിപ്പെടുന്നതാണ്.
ഇല്ലായ്മകൾ- പുതിയ വാതിൽ
സക്കേവൂസിന്റെ ജീവിതത്തിൽ ‘പൊക്കക്കുറവ്’ അവന്റെ ഇല്ലായ്മയായിരുന്നു. ആ ഇല്ലായ്മയാണ് അവന്റെ ജീവിതത്തിൽ രക്ഷ കണ്ടെത്തുവാൻ കാരണമായത്. എന്റെ ഒരു സുഹൃത്ത് വലിയൊരു ബിസിനസ് നടത്തുന്ന ആളായിരുന്നു. പെട്ടെന്ന് അവന്റെ ബിസിനസിൽ തകർച്ച കടന്നുവന്നു. ഈ തകർച്ചയിൽ മുഴുവൻ സമ്പാദ്യങ്ങളും നഷ്ടമായി, നിരാശ പിടിച്ച് ആത്മഹത്യയിലേക്കുപോലും പോകാമായിരുന്ന സാഹചര്യം.
അവനെ ഒരു ധ്യാനത്തിലേക്ക് നയിക്കുകവഴി വലിയ പ്രത്യാശ ലഭിച്ചു. ബിസിനസ് വീണ്ടും ശക്തമായി. സമാധാനവും സന്തോഷവും വീണ്ടും നിറഞ്ഞ അനുഭവമുണ്ടായി. അവന്റെ സമ്പത്തില്ലായ്മ അവനെ ദൈവത്തിലേക്ക് നയിച്ചു. സമാധാനമുണ്ടായി. അതിനാൽ ഇല്ലായ്മകൾ ഒരിക്കലും നമ്മുടെ ആനന്ദം നഷ്ടപ്പെടുത്തുന്ന വസ്തുതയല്ല. മറിച്ച് ദൈവാശ്രയത്തിലേക്ക് നയിക്കുവാനുള്ള വാതിലാണ്.
ജീവിതത്തിലെ ഇല്ലായ്മകളെയോർത്ത് പരാതിപ്പെടുന്നവർക്ക് ഒരിക്കലും ദൈവികസമാധാനം അനുഭവിക്കുവാൻ സാധിക്കുകയില്ല. മാത്രവുമല്ല, അവരുമായി ബന്ധപ്പെടുന്നവർക്കും സമാധാനം ലഭിക്കുകയില്ല. തനിക്ക് അർഹമായ സന്തോഷം വേണ്ടായെന്ന് വിചാരിച്ച് ഇല്ലായ്മകളിലും കൊടുക്കുവാൻ തയാറാകുന്നിടത്താണ് സമാധാനത്തിന്റെ സമൃദ്ധി അനുഭവിക്കുവാൻ സാധിക്കുന്നത്. സ്വീകരിക്കുന്നതിനെക്കാൾ കൊടുക്കുന്നിടത്താണ് സമൃദ്ധിയുണ്ടാകുന്നത് (യോഹ. 6:9). തനിക്ക് സ്വന്തമായിരുന്ന അഞ്ചപ്പവും രണ്ട് മീനും സമർപ്പിച്ച ബാലൻ വലിയൊരു സമൂഹത്തിന്റെ വിശപ്പ് അടക്കുവാനും സന്തോഷം നിറയ്ക്കുവാനും കാരണമായതുപോലെ ഇല്ലായ്മകൾക്ക് പിന്നിലെ ആത്മീയസമൃദ്ധി അനുഭവിക്കുവാൻ നമുക്ക് തയാറാകാം.
എനിക്ക് ലഭിച്ച മത്സ്യം ഞാൻ തന്നെ കഴിച്ചിരുന്നെങ്കിൽ കുടുംബത്തിൽ പുതിയ സന്തോഷവും സമാധാനവും ലഭിക്കില്ലായിരുന്നു. പലപ്പോഴും സ്വാർത്ഥത നമ്മുടെ ജീവിതത്തിന്റെ സന്തോഷം കെടുത്തും. എന്നാൽ, എന്റെ ഓഹരി ഞാൻ ഭാര്യയ്ക്ക് കൊടുത്തപ്പോൾ, അവൾ അതിന്റെ ഓഹരി എനിക്ക് തന്നു. ഇതുകണ്ടുകൊണ്ടിരുന്ന മക്കൾക്കും പങ്കുവയ്ക്കലിന്റെ ആനന്ദം അനുഭവിക്കുവാൻ സാധിച്ചു.
എല്ലാമുണ്ടായിരുന്നിട്ടും സ്വയം ശൂന്യവത്ക്കരിച്ച് സ്വന്തം ജീവൻ നമുക്കായി പകുത്തുതന്ന ഈശോ നമ്മുടെ ഇല്ലായ്മകളെ സമൃദ്ധിയുടെ ചവിട്ടുപടികളാക്കി മാറ്റട്ടെ. സമൃദ്ധിയിൽ പലപ്പോഴും മനുഷ്യന്റെ കണ്ണുകളടഞ്ഞുപോകും. മാത്രവുമല്ല, ദൈവാശ്രയത്വവും പരസ്പരാശ്രയത്വവും നഷ്ടപ്പെടാനും സാധ്യതയുണ്ട്. മനുഷ്യന്റെ മുന്നിലുള്ള ഇല്ലായ്മ ദൈവത്തിന്റെ സമൃദ്ധിയുടെ വലിപ്പം മനസിലാക്കാനും ദൈവാശ്രയത്വത്തിലേക്ക് നയിക്കുവാനും സ്വാർത്ഥതയുടെ മതിൽക്കെട്ട് പൊട്ടിച്ച് സഹജീവികളിലൂടെ ദൈവം തരുന്ന സ്‌നേഹം തിരിച്ചറിയാനും അടഞ്ഞുപോയ കണ്ണുകൾ തുറക്കുവാനും ദൈവം ഒരുക്കുന്ന അവസരങ്ങളാണ്.
അതിനാൽ ഏതെങ്കിലും തരത്തിലുള്ള ഇല്ലായ്മകൾ – സമ്പത്തില്ലായ്മ, ആരോഗ്യമില്ലായ്മ, സന്തോഷമില്ലായ്മ, ജോലിയില്ലായ്മ, കുടുംബത്തിൽ ഐക്യമില്ലായ്മ…. ഇവ നമ്മെ അലട്ടുന്നുണ്ടെങ്കിൽ ഇല്ലായ്മയിൽനിന്നും പ്രപഞ്ചത്തെ സൃഷ്ടിക്കുകയും സർവ സമ്പത്തിന്റെയും ഉടയവനായിരുന്നിട്ടും പ്രിയപുത്രന് പിറക്കുവാൻ കാലിത്തൊഴുത്ത് തിരഞ്ഞെടുക്കുകയും ചെയ്ത ദൈവം നമ്മുടെ ഇല്ലായ്മകളിൽ സമൃദ്ധിയും സന്തോഷവും നല്കുവാൻ കഴിവുള്ളവനാണെന്ന് വിശ്വസിച്ച് നന്ദി പറയാം.
ഇല്ലായ്മയിൽനിന്നും പ്രപഞ്ചത്തെ സൃഷ്ടിച്ച നല്ല ദൈവമേ, ഞങ്ങളുടെ ഇല്ലായ്മകളെ ദൈവാനന്ദത്തിന്റെ അവസരങ്ങളാക്കി മാറ്റണമേ. സ്വാർത്ഥത വെടിഞ്ഞ് പരസ്‌നേഹത്തിൽ ഞങ്ങൾ വളരട്ടെ. നിന്റെ സമാധാനം എന്നും ഞങ്ങളിൽ നിറയ്ക്കണമേ, ആമ്മേൻ.
ഡൊമിനിക്ക് സാവിയോ