കീഴ്‌വഴങ്ങി കീഴടക്കിയവർ

സകലതിനെയും കീഴ്‌പ്പെടുത്താൻ കീഴ്‌വഴക്കം പരിശീലിക്കാം. അതിനുള്ള പ്രേരണയാകട്ടെ ഈ ലേഖനം.

കുഞ്ഞന്നാമ്മച്ചേട്ടത്തിക്ക് മൂന്ന് മരുമക്കളാണ്. മൂത്തവൾ എൽസ, രണ്ടാമത്തവൾ ബ്രിജിറ്റ്, മൂന്നാമത്തവൾ മീന. മൂവരും മിടുമിടുക്കികൾ. നല്ല നല്ല കുടുംബങ്ങളിൽനിന്നും വന്നവർ. നല്ല സൗന്ദര്യവും വിദ്യാഭ്യാസവും സൽസ്വഭാവവും ഉള്ളവർ. പക്ഷേ, കുഞ്ഞന്നാമ്മച്ചേട്ടത്തിക്ക് കൂടുതൽ സ്‌നേഹം ഇളയ മരുമകൾ മീനയോടാണ്. മീനയെക്കുറിച്ച് പറയുമ്പോൾ നാലു നാവാണ് അന്നാമ്മച്ചേടത്തിക്ക്. ഒരിക്കൽ അന്നാമ്മച്ചേട്ടത്തിയുടെ കൂട്ടുകാരി റോസച്ചേട്ടത്തി കുഞ്ഞന്നാമ്മച്ചേട്ടത്തിയുടെ നേർക്ക് ഒരു ചോദ്യമെറിഞ്ഞുകൊടുത്തു. അല്ലെടീ കുഞ്ഞന്നാമ്മേ, മൂന്ന് മരുമക്കളല്ലേ നിനക്കുള്ളത്. മൂന്നുപേരും മിടുക്കത്തികൾ. പിന്നെ നിനക്കെന്താ മീനക്കുഞ്ഞിനോട് ഒരു പ്രത്യേക സ്‌നേഹം? നോക്കിലും വാക്കിലും എല്ലാം മീനക്കുഞ്ഞ് ചെയ്തതുമാത്രമേ നിനക്ക് വാതോരാതെ പറയാനുള്ളല്ലോ. എന്താ അതിന്റെ രഹസ്യം?

അതുകേട്ട് അന്നാമ്മച്ചേട്ടത്തി ഒന്ന് കുലുങ്ങിച്ചിരിച്ചു. എന്നിട്ടിപ്രകാരം പറഞ്ഞു: അതേടി റോസേ, അതിനൊരു കാരണമുണ്ട്. എനിക്ക് മരുമക്കളു മൂന്നാണെങ്കിലും മീനയ്ക്ക് ഒരു പ്രത്യേക സ്വഭാവവും വകതിരിവുമാ. മൂന്നുപേരും എന്നെ അമ്മേ എന്നുതന്നെയാണ് വിളിക്കുന്നത്. മൂന്നുപേരും ജോലി ചെയ്യാനും കുടുംബം നോക്കാനും മറ്റു കാര്യങ്ങൾക്കും മിടുക്കികളുമാണ്. എന്നാൽ, മീനക്കുഞ്ഞാണ് എന്നെ അമ്മയായി അംഗീകരിക്കുന്നത്. അവള് സ്വന്തം അമ്മയെന്നപോലെ എന്നെ കാണുന്നു. എന്തിനും ഏതിനും എന്റെയൊരു സമ്മതവും ആലോചനയുമൊക്കെ ചോദിക്കുന്നു.

ഒരു കറിവയ്ക്കാനോ പലഹാരം ഉണ്ടാക്കാനോ തുടങ്ങുമ്പോൾ ഞാൻ അടുക്കളയിൽ ഉണ്ടെന്നിരിക്കട്ടെ. അമ്മേ എന്താമ്മേ ഇന്ന് ചാറുകറി വയ്‌ക്കേണ്ടത്, എന്തു തോരനാ ഇന്ന് വയ്‌ക്കേണ്ടത് എന്നവൾ ചോദിക്കും. കറി വച്ചതിനുശേഷവും എന്റെ അടുത്ത് കൊണ്ടുവരും. എന്നിട്ട് ചോദിക്കും – അമ്മയൊന്ന് നോക്കമ്മേ, ഈ കറിക്ക് ഇനിയെന്താ ചേരാനുള്ളതെന്ന്. പ്രത്യേക പലഹാരം വല്ലതും ഉണ്ടാക്കേണ്ടി വരുമ്പോൾ അതിനും അവളെന്നോട് ആലോചന ചോദിക്കും.

എടീ റോസക്കുട്ടീ നിനക്ക് തോന്നുന്നുണ്ടോ അവൾക്കറിയാൻ പാടില്ലാഞ്ഞിട്ടാണ് എന്നോട് ചോദിക്കുന്നതെന്ന്. മീനക്കുഞ്ഞ് മൂന്നുവർഷം ഹോമുസയൻസാ കോളജിൽ പഠിച്ചത്. അവൾക്ക് എല്ലാം നന്നായിട്ട് ഉണ്ടാക്കാനും എടുക്കാനുമൊക്കെ അറിയാം. എന്നാലും ഞാനടുത്തുള്ളപ്പോൾ അവളെന്നോട് അഭിപ്രായം ചോദിക്കുന്നു. അതിന്റെ പേരാ കീഴ്‌വഴക്കം എന്ന്. ഈ കീഴ്‌വഴക്കം എന്നത് പണോം സ്വർണോം ഒന്നും കൊടുത്ത് മേടിക്കാവുന്ന സംഗതിയല്ല. അതൊരു ദൈവകൃപയാ. എന്റെ മീനമോൾക്ക് അത് ധാരാളം ഉണ്ട്. കാരണവന്മാരോടും തന്നിൽ മുതിർന്നവരോടും കീഴ്‌വഴക്കം ഉണ്ടാകണം എന്നല്ലേ നമ്മുടെ കാർന്നോന്മാര് നമ്മളോട് പറഞ്ഞുതന്നിട്ടുള്ളത്. നമ്മുടെ മക്കൾ അത് നമ്മളോടു കാണിക്കുമ്പോൾ അതു കാണുന്ന നമ്മുടെ മനസിലും ഒരു കുളിരാ.

എന്നുവിചാരിച്ച് എന്റെ മൂത്ത മരുമക്കളോട് എനിക്ക് പിണക്കമൊന്നും ഇല്ലാട്ടോ. അവരേം എനിക്കിഷ്ടമാ. പിന്നെ കൂടുതലൊരിഷ്ടം എന്നോട് കീഴ്‌വഴക്കം കാണിക്കുന്ന മീനക്കുഞ്ഞിനോടാണെന്നുമാത്രം. ഒരു ഓപ്പീസിലോ ജോലിസ്ഥലത്തോ ഒക്കെയാണെങ്കിലും കീഴ്‌വഴക്കം ഉള്ളവരെയല്ലേ മേലാളന്മാർക്ക് ഇഷ്ടം. നമ്മുടെയൊക്കെ കെട്ടിയോന്മാർക്കാണെങ്കിലും നമ്മളെപ്പോഴും കീഴ്‌വഴങ്ങി നില്ക്കണമെന്നാണ് താല്പര്യം. അല്ലേടി റോസക്കുട്ടീ. റോസച്ചേട്ടത്തി തല കുലുക്കി സമ്മതിച്ചുകൊണ്ട് പറഞ്ഞു, അതു ശരിയാ. നീ പറഞ്ഞത് സത്യമാടി കുഞ്ഞന്നാമ്മേ. അനുസരണോം കീഴ്‌വഴക്കവും ഉള്ളവരെത്തന്നെയാ എല്ലാവർക്കും ഇഷ്ടം.

കീഴ്‌വഴക്കമുള്ള ഒരമ്മ
മനുഷ്യകുലത്തിന് മുഴുവനുംവേണ്ടി സ്വന്തം പദ്ധതികൾ മാറ്റിവച്ച് ദൈവഹിതത്തിന് മുൻപിൽ കീഴ്‌വഴങ്ങിയ ഒരു അമ്മയെ ദൈവം നമുക്കായി നല്കിയിരിക്കുന്നു. കീഴ്‌വഴക്കമുള്ള ഒരു ദൈവമകനെയും. പരിശുദ്ധ കന്യകാമറിയത്തിന്റെ ഉള്ളിലെ പ്ലാൻ മരണംവരെയും പുരുഷനെ അറിയാതെ കന്യകയായി മാത്രം ജീവിക്കുക എന്നതായിരുന്നു. എന്നാൽ, അവളെ സംബന്ധിച്ചുള്ള ദൈവത്തിന്റെ പദ്ധതി ദൈവകുമാരന്റെ അമ്മയായിത്തീരുക എന്നതാണെന്നറിഞ്ഞപ്പോൾ തന്റെ പദ്ധതികൾ പാടേ ഉപേക്ഷിച്ച് അവൾ ദൈവേഷ്ടത്തിനു മുൻപിൽ കീഴ്‌വഴങ്ങി.

സഹനത്തിന്റെ പാതയാണ് തന്റെ കൺമുൻപിലെന്ന് അവൾ തിരിച്ചറിഞ്ഞിട്ടും ദൈവേഷ്ടത്തിനു മുൻപിൽ കീഴ്‌വഴങ്ങിക്കൊണ്ട് അവൾ പറഞ്ഞു: ”ഇതാ, കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!” (ലൂക്കാ 1:38). മറിയത്തിന്റെ ആ കീഴ്‌വഴക്കം ഹവ്വായുടെ പാപത്തിന് പരിഹാരമായി. ദൈവകല്പനയ്ക്ക് കീഴ്‌വഴങ്ങാതെ തന്നിഷ്ടം പ്രവർത്തിച്ച മാനവകുലം മുഴുവനുമായി ഹവ്വാഅമ്മ സമ്പാദിച്ച ശിക്ഷാവിധി മറിയം തന്റെ കീഴ്‌വഴക്കത്തിലൂടെ തിരുത്തി.

കീഴ്‌വഴങ്ങിയ ഒരു മകൻ
ദൈവഹിതത്തിനുമുൻപിൽ കുരിശുമരണം വരെയും കീഴ്‌വഴങ്ങിയ ദൈവപുത്രനെയും പിതാവായ ദൈവം നമുക്കായി തന്നിരിക്കുന്നു. ഫിലിപ്പി ലേഖനത്തിന്റെ രണ്ടാം അധ്യായം ആറുമുതലുള്ള വചനങ്ങൾ യേശുവിന്റെ പിതൃഹിതത്തിന് മുൻപിലുള്ള കീഴ്‌വഴക്കത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: ”ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തിൽ ആയിത്തീർന്ന്, ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതെ കുരിശുമരണം വരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലി. 2:6-9).

ഏറ്റവും അനുകൂലവും സുഖസമൃദ്ധവുമായ സാഹചര്യത്തിൽ ആദം ദൈവേഷ്ടത്തിന് കീഴ്‌പ്പെടാതെ ദൈവകല്പന ലംഘിച്ചപ്പോൾ അതിന് പരിഹാരമായി മനുഷ്യകുലം മുഴുവനും ഏറ്റുവാങ്ങേണ്ടിവന്ന ശിക്ഷാവിധിയെ നീക്കിക്കളയാൻ ദൈവപുത്രനായ യേശു ഏറ്റവും പ്രതികൂലവും ഏറ്റവും വേദനാജനകവുമായ സാഹചര്യത്തിൽ ദൈവഹിതത്തിന് കീഴ്‌വഴങ്ങി മരണംവരെ – അതെ കുരിശുമരണംവരെ കീഴ്‌വഴക്കമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. വിശുദ്ധവാരത്തിലെ ത്രിസന്ധ്യാ ജപത്തിൽ ‘മിശിഹാ നമ്മെപ്രതി മരണത്തോളം കീഴ്‌വഴങ്ങി – അതെ അവിടുന്ന് കുരിശുമരണത്തോളം കീഴ്‌വഴങ്ങി’ എന്ന് നാം ചൊല്ലാറുണ്ടെങ്കിലും പൂർണമായും അതിന്റെ അർത്ഥം മനസിലാക്കി ധ്യാനിച്ചുകൊണ്ടായിരിക്കുകയില്ല നമ്മൾ മിക്കപ്പോഴും ചൊല്ലാറുള്ളത്.

ഒരു വ്യക്തിയെന്ന നിലയിൽ എന്നെ രക്ഷിക്കാൻ വേണ്ടി കുരിശുമരണത്തോളം കീഴ്‌വഴങ്ങിയ യേശുവിനെക്കുറിച്ച് ഓർക്കുമ്പോൾ നന്ദികൊണ്ട് നമ്മുടെ ഓരോരുത്തരുടെയും ഹൃദയം നിറയേണ്ടതാണ്. നന്ദി പറഞ്ഞാൽ മാത്രം പോരാ, യേശു കാണിച്ചുതന്ന കീഴ്‌വഴക്കത്തിന്റെ മാതൃക നമ്മുടെ ജീവിതത്തിൽ ആവർത്തിക്കുമ്പോഴാണ് നമ്മുടെ ജീവിതത്തെ സംബന്ധിച്ച ദൈവഹിതം പൂർണമായും നിറവേറ്റപ്പെടുക. യേശു അവസാന അത്താഴത്തിനു മുൻപ് തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് എളിമയുടെയും കീഴ്‌വഴക്കത്തിന്റെയും മഹോന്നതമായ മാതൃക നമുക്ക് നല്കി.

അതിനുശേഷം അവിടുന്ന് തന്റെ ശിഷ്യന്മാരോട് പറഞ്ഞു ”നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ് എന്നും വിളിക്കുന്നു. അത് ശരിതന്നെ. ഞാൻ ഗുരുവും കർത്താവുമാണ്. നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം. എന്തെന്നാൽ, ഞാൻ നിങ്ങൾക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാൻ നിങ്ങൾക്കൊരു മാതൃക നല്കിയിരിക്കുന്നു” (യോഹ. 13:13-15).

മറിയത്തിന്റെ മാതൃക നമ്മുടേതും
നമുക്കെല്ലാവർക്കും അമ്മയായി ദൈവം നല്കിയ പരിശുദ്ധ അമ്മയുടെ കീഴ്‌വഴക്കം നമ്മളും അനുവർത്തിക്കുന്നുവെങ്കിൽ നമ്മുടെ ഓരോരുത്തരുടെയും ജീവിതം അമ്മയുടെ ജീവിതംപോലെ മഹത്വപൂർണമായിത്തീരും. അമ്മയുടെ മക്കളും ക്രിസ്തുവിന്റെ സഹോദരന്മാരും അനുയായികളുമായി നമ്മൾ രൂപപ്പെടും. യേശു ഇപ്രകാരം പറഞ്ഞു ”സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” (മത്താ. 12:50).

ദൈവഹിതമെന്ന ഭക്ഷണം
ഈശോയുടെ ഈ ഭൂമിയിലെ ജീവിതം പിതാവിന്റെ ഹിതത്തോടുള്ള സമ്പൂർണ സമർപ്പണമായിരുന്നു. അവിടുത്തെ ജീവിതത്തിന്റെ ഓരോ സെക്കന്റുകൾപോലും ദൈവേഷ്ടം നിർവഹിക്കുന്നതിൽ വ്യാപൃതമായിരുന്നു. വിശന്നു വലഞ്ഞവന് രുചികരമായ ഭക്ഷണം ലഭിച്ചാൽ അവനത് എത്രമാത്രം ആശ്വാസകരവും ആനന്ദകരവുമായിരിക്കുമോ അതിലേറെ അഭിലഷണീയമായിരുന്നു യേശുവിന് പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നത്. അവിടുന്ന് പറയുന്നു ”എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം” (യോഹ. 4:34).

സ്വർഗം വിട്ട് ഈ ഭൂമിയിലേക്ക് ദാസന്റെ രൂപം സ്വീകരിച്ച് ഇറങ്ങി വന്നിരിക്കുന്നതിന്റെ ലക്ഷ്യംതന്നെ ദൈവഹിതം നിറവേറ്റുക എന്നുള്ളതാണെന്ന് അവിടുന്ന് പറയുന്നു. ”ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവർത്തിക്കാനല്ല. എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ്” (യോഹ. 6:38). അത്ഭുതങ്ങളും അടയാളങ്ങളും ചെയ്ത് ചുറ്റി സഞ്ചരിച്ച യേശുവിനെ പിടിച്ച് രാജാവാക്കാനും ഉന്നതപീഠങ്ങളിൽ പ്രതിഷ്ഠിക്കുവാനും യേശുവിന്റെ ആരാധകവൃന്ദം തയാറായിരുന്നു.

എന്നാൽ, യേശു അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഞാൻ പറയുന്ന വചനങ്ങളും ഞാൻ പ്രവർത്തിക്കുന്ന അടയാളങ്ങളും എന്റേതല്ല, ഇവയെല്ലാം ചെയ്യാനും പറയാനും എന്നെ നിയോഗിച്ചയച്ച പിതാവിന്റേതാണെന്ന്. സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടം അനുസരിച്ച് ഒന്നും പ്രവർത്തിക്കാൻ സാധിക്കുകയില്ല. എന്നാൽ, പിതാവ് ചെയ്യുന്നതെല്ലാം അപ്രകാരം പുത്രനും ചെയ്യുന്നു (യോഹ. 5:19). വീണ്ടും അവിടുന്ന് പറയുന്നു ”സ്വമേധയാ ഒന്നും ചെയ്യാൻ എനിക്ക് സാധിക്കുകയില്ല. ഞാൻ ശ്രവിക്കുന്നതുപോലെ, ഞാൻ വിധിക്കുന്നു. എന്റെ വിധി നീതിപൂർവകവുമാണ്. കാരണം എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാൻ അന്വേഷിക്കുന്നത്” (യോഹ. 5:30).

യേശുവിന്റെ പ്രബോധനങ്ങളെക്കുറിച്ച് അന്നും ഇന്നും എല്ലാവരും അത്ഭുതപ്പെടുന്നു. എന്നാൽ, ആ പ്രബോധനങ്ങളുടെ യാതൊരു മഹത്വവും യേശു തന്നിൽത്തന്നെ സ്വീകരിക്കുകയോ തന്റെ മഹത്വത്തിനായി വഴിതിരിച്ചു വിടുകയോ ചെയ്യുന്നില്ല. അവിടുന്ന് പറയുന്നു ”എന്റെ പ്രബോധനം എന്റെ സ്വന്തമല്ല എന്നെ അയച്ചവന്റേതത്രേ” (യോഹ. 7:16). ”സ്വമേധയാ സംസാരിക്കുന്നവൻ സ്വന്തം മഹത്വം അന്വേഷിക്കുന്നു. എന്നാൽ തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാനാണ്. അവനിൽ അനീതിയില്ല” (യോഹ. 7:18).

തന്റെ പരസ്യജീവിതകാലത്തും അതിനുമുൻപുണ്ടായിരുന്ന സ്വകാര്യ ജീവിതത്തിലെ ഓരോ സെക്കന്റിലും യേശു ജീവിച്ചതും പഠിപ്പിച്ചതും പ്രവർത്തിച്ചതുമെല്ലാം പിതാവായ ദൈവത്തിന്റെ കല്പനകൾക്ക് കീഴ്‌വഴങ്ങിയാണെന്ന് അവിടുന്ന് വീണ്ടും വീണ്ടും പറയുന്നു. ”എന്തെന്നാൽ, ഞാൻ സ്വമേധയാ അല്ല സംസാരിച്ചത്. ഞാൻ എന്തു പറയണം, എന്തു പഠിപ്പിക്കണം എന്ന് എന്നെ അയച്ച പിതാവുതന്നെ എനിക്ക് കല്പന നല്കിയിരിക്കുന്നു. അവിടുത്തെ കല്പന നിത്യജീവനാണെന്ന് ഞാൻ അറിയുന്നു. അതിനാൽ, ഞാൻ പറയുന്നതെല്ലാം പിതാവ് എന്നോട് കല്പിച്ചതുപോലെതന്നെയാണ്” (യോഹ. 12:49-50).

പൂർണമായും ദൈവഹിതത്തിന് കീഴ്‌പ്പെട്ട് ജീവിച്ച് മരിച്ചുയർത്ത യേശു നമ്മിൽനിന്ന് ആവശ്യപ്പെടുന്നതും തികച്ചും ദൈവഹിതപ്രകാരമുള്ള ഒരു ജീവിതമാണ്. അവിടുന്ന് പറയുന്നു ”ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പാലിച്ച് അവിടുത്തെ സ്‌നേഹത്തിൽ നിലനില്ക്കുന്നതുപോലെ, നിങ്ങൾ എന്റെ കല്പനകൾ പാലിച്ചാൽ എന്റെ സ്‌നേഹത്തിൽ നിലനില്ക്കും” (യോഹ. 15:10).

അധികാരികളോടുള്ള വിധേയത്വം
ദൈവമായിരുന്നിട്ടും യേശു ഒരു മനുഷ്യനെന്ന നിലയിൽ രാജ്യത്തിലെ അധികാരികൾക്കും ദേവാലയ അധികൃതർക്കും കീഴ്‌പ്പെട്ടവനായി ജീവിച്ചു. യോഹന്നാനിൽനിന്നും അനുതാപത്തിന്റെ മാമോദീസ ജോർദാനിൽ വച്ച് സ്വീകരിച്ച് എല്ലാ നീതിയും പൂർത്തിയാക്കിയ കർത്താവ് ജനങ്ങൾക്ക് ഇടർച്ച വരാതിരിക്കാൻവേണ്ടി ദേവാലയത്തിലെ നികുതി കൊടുക്കുന്നവനായിത്തീർന്നത് തിരുവചനങ്ങളിൽ നാം വായിക്കുന്നു. ‘സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും’ കൊടുക്കുവാൻ പറഞ്ഞ യേശു താൻ ജീവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങൾ പാലിക്കുവാൻ തന്നെ അനുഗമിക്കുന്നവരെ നിഷ്‌കർഷിക്കുന്നത് നാം വായിക്കുന്നു (മത്താ. 17:24-27).

യേശുവിന്റെ അധികാരം എല്ലാ അധികാരങ്ങൾക്കും ഉപരിയായിരുന്നിട്ടും അവിടുന്ന് പാപമൊഴികെ എല്ലാ അധികാരങ്ങൾക്കും കീഴ്‌പ്പെട്ടവനായി ഈ ഭൂമിയിൽ ജീവിച്ചു. ”സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്” (കൊളോ. 1:16-17). എല്ലാ ദൈവികനിയമങ്ങൾക്കും വിധേയപ്പെട്ടിരുന്നവനും എല്ലാ നിയമങ്ങളെയും പ്രവാചകവചനങ്ങളെയും പൂർത്തീകരിക്കുവാൻ വന്നവനുമായ യേശു പറയുന്നു, ഞാൻ ഇവയെയൊന്നും അസാധുവാക്കാൻ വന്നവനല്ല. പിന്നെയോ പൂർത്തീകരിക്കുവാൻ വന്നവനാണ് എന്ന് (മത്താ. 5:17-18).

കീഴ്‌വഴക്കം കുടുംബത്തിൽ
മാതാപിതാക്കൾക്ക് പൂർണമായും വിധേയപ്പെട്ടവനായിട്ടായിരുന്നു മുപ്പതു വയസുവരെ യേശു ജീവിച്ചത്. ”പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽ വന്ന്, അവർക്ക് വിധേയനായി ജീവിച്ചു” (ലൂക്കാ 2:51). യേശുവിനെ അനുഗമിക്കുന്ന ഓരോരുത്തനും മാതാപിതാക്കൾക്ക് വിധേയനായിരിക്കണം എന്ന് അവിടുന്ന് കല്പിക്കുന്നു. ”കുട്ടികളേ, കർത്താവിൽ നിങ്ങൾ മാതാപിതാക്കന്മാരെ അനുസരിക്കുവിൻ. അത് ന്യായയുക്തമാണ്. നിങ്ങൾക്ക് നന്മ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിച്ചിരിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക” (എഫേ. 6:1-2). പക്ഷേ മാതാപിതാക്കളോട് നല്കുന്ന ഉപദേശവും ഏറെ ശ്രദ്ധേയമാണ്. ”പിതാക്കന്മാരേ, നിങ്ങൾ കുട്ടികളിൽ കോപം ഉളവാക്കരുത്. അവരെ കർത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളർത്തുവിൻ” (എഫേ. 6:4).
ദമ്പതികൾക്കിടയിലും പരസ്പരമുള്ള കീഴ്‌വഴക്കം അനിവാര്യമെന്ന് കർത്താവിന്റെ ആത്മാവ് നമ്മെ പഠിപ്പിക്കുന്നു. ”ഭാര്യമാരേ, നിങ്ങൾ കർത്താവിന് എന്നപോലെ ഭർത്താക്കന്മാർക്ക് വിധേയരായിരിക്കുവിൻ…. സഭ ക്രിസ്തുവിന് വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാർ എല്ലാ കാര്യങ്ങളിലും ഭർത്താക്കന്മാർക്ക് വിധേയരായിരിക്കണം” (എഫേ. 5:22-24). ഭർത്താക്കന്മാരോട് അവിടുന്ന് പറയുന്നു ”ഭർത്താക്കന്മാരേ, ക്രിസ്തു സഭയെ സ്‌നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാൻവേണ്ടി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തതുപോലെ നിങ്ങൾ ഭാര്യമാരെ സ്‌നേഹിക്കണം” (എഫേ. 5:25). ”ഭർത്താക്കന്മാരേ, നിങ്ങൾ വിവേകത്തോടെ നിങ്ങളുടെ ഭാര്യമാരോടൊത്ത് ജീവിക്കുവിൻ. സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യ അവകാശിനിയെന്ന നിലയിൽ അവളോടു ബഹുമാനം കാണിക്കുവിൻ” (1 പത്രോ. 3:7).

യജമാനനും ദാസനും
”ദാസന്മാരേ, നിങ്ങളുടെ ലൗകിക യജമാനന്മാരെ എല്ലാ കാര്യങ്ങളിലും അനുസരിക്കുവിൻ… നിങ്ങളുടെ ജോലി എന്തുതന്നെ ആയിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർത്ഥതയോടെ ചെയ്യുവിൻ. നിങ്ങൾക്ക് പ്രതിഫലമായി കർത്താവിൽനിന്നും അവകാശം ലഭിക്കുമെന്ന് അറിഞ്ഞുകൊള്ളുവിൻ. കർത്താവായ ക്രിസ്തുവിനെത്തന്നെയാണല്ലോ നിങ്ങൾ ശുശ്രൂഷിക്കുന്നത്” (കൊളോ. 3:22-24). ”യജമാനന്മാരേ, നിങ്ങളുടെ ദാസരോട് നീതിയും സമഭാവനയും പുലർത്തുവിൻ. നിങ്ങൾക്കും സ്വർഗത്തിൽ ഒരു യജമാനൻ ഉണ്ടെന്ന് ഓർമിക്കുവിൻ” (കൊളോ. 4:1).

അധികാരിക്ക് കീഴ്‌പ്പെട്ടിരിക്കുവിൻ
ഓരോരുത്തരും മേലധികാരിക്ക് വിധേയനായിരിക്കട്ടെ. എന്തെന്നാൽ, ദൈവത്തിൽ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്. അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവികസംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവൻ തങ്ങൾക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും…. ദൈവത്തിന്റെ ക്രോധം ഒഴിവാക്കാൻവേണ്ടി മാത്രമല്ല മനഃസാക്ഷിയെ മാനിച്ചും നിങ്ങൾ വിധേയത്വം പാലിക്കുവിൻ. നിങ്ങൾ നികുതി കൊടുക്കുന്നതും ഇതേ കാരണത്താൽത്തന്നെ. എന്തെന്നാൽ, അധികാരികൾ ഇക്കാര്യങ്ങളിൽ നിരന്തരം ശ്രദ്ധവയ്ക്കുന്ന ദൈവശുശ്രൂഷകരാണ്. ഓരോരുത്തർക്കും അവകാശപ്പെട്ടിരിക്കുന്നത് കൊടുക്കുവിൻ. നികുതി അവകാശപ്പെട്ടവന് നികുതി, ചുങ്കം അവകാശപ്പെട്ടവന് ചുങ്കം, ആദരം അർഹിക്കുന്നവന് ആദരം, ബഹുമാനം നല്‌കേണ്ടവന് ബഹുമാനം (റോമാ 13:1-2, 5-7).

മരണത്തോളം കീഴ്‌വഴങ്ങി സകലത്തിനെയും കീഴ്‌പ്പെടുത്തിയവനാണ് ക്രിസ്തു. ഭൂമിയിൽ മനുഷ്യനായി ജന്മമെടുത്ത അവിടുന്ന് പാപമൊഴികെ മറ്റെല്ലാ നിയമങ്ങൾക്കും കീഴ്‌വഴങ്ങിയവനായിരുന്നു. അമ്പത് നോമ്പിന്റെ ദിനങ്ങളിലൂടെ കടന്നുപോകുമ്പോൾ ക്രിസ്തുവിൽ പ്രകടമായ സകല നിയമങ്ങളെയും പൂർത്തിയാക്കിയ കീഴ്‌വഴക്കം നമ്മുടെ ജീവിതത്തിൽ ഒരാത്മശോധനക്ക് വിഷയമാകട്ടെ. ഒരു തെറ്റുതിരുത്തലിന് ഈ ലേഖനം കാരണമാകുന്നുവെങ്കിൽ പരിശുദ്ധ അമ്മയെപ്പോലെ നമുക്കും പറയാം ഇതാ ഞാൻ കർത്താവിന്റെ ദാസി, നിന്റെ ഹിതം എന്നിൽ നിറവേറട്ടെ.

സ്റ്റെല്ല ബെന്നി

1 Comment

  1. Tiju Joseph says:

    So inspiring article…Thank God…May our God bless you more…

Leave a Reply

Your email address will not be published. Required fields are marked *