നമ്മൾ സ്വാതന്ത്ര്യത്തിനായി വിമോചിതരാകണമെന്നും സഹോദരസ്‌നേഹത്തിന് കഴിവുള്ളവരാകണമെന്നും ക്രിസ്തു ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവിടുന്ന് നമ്മിലേക്ക് പരിശുദ്ധാത്മാവിനെ അയക്കുന്നത്. പരിശുദ്ധാത്മാവ് നമ്മെ ലൗകികശക്തികളിൽനിന്ന് സ്വതന്ത്രരാക്കുന്നു. സ്‌നേഹത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും ജീവിതത്തിനായി നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
എത്ര കൂടുതലായി നാം പാപം ചെയ്യുന്നുവോ അത്ര കൂടുതലായി നമ്മെപ്പറ്റി മാത്രം നാം ചിന്തിക്കുന്നു. സ്വതന്ത്രമായി വികസിക്കുന്നതിൽ അത്രയ്ക്ക് കുറവുണ്ടാവുകയും ചെയ്യുന്നു. പാപം ചെയ്യുമ്പോൾ നന്മ ചെയ്യാനും പരസ്‌നേഹം അഭ്യസിക്കാനും നാം കഴിവില്ലാത്തവരായിത്തീരുന്നു. എന്നാൽ നമ്മുടെ ഹൃദയങ്ങളിലേക്ക് അവരോഹണം ചെയ്ത പരിശുദ്ധാത്മാവ് ദൈവത്തോടും മനുഷ്യവംശത്തോടുമുള്ള സ്‌നേഹംകൊണ്ട് നിറഞ്ഞ ഹൃദയം നമുക്ക് നൽകുന്നു. അപ്പോൾ നമ്മെ ആന്തരിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും സ്‌നേഹത്തിനായി നമ്മുടെ ഹൃദയം തുറക്കുകയും നന്മയ്ക്കും സ്‌നേഹത്തിനും വേണ്ടിയുള്ള കൂടുതൽ നല്ല ഉപകരണങ്ങളാക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന് നാം നമ്മെത്തന്നെ വിട്ടുകൊടുക്കുന്നു.
യുകാറ്റ്