തന്റെ ബന്ധുവായ പെൺകുട്ടിയുമായുള്ള ആ യുവാവിന്റെ വിവാഹാലോചന അയൽക്കാരൻ പ്രോത്സാഹിപ്പിച്ചില്ല. അതിനാൽ കുറച്ചു വർഷങ്ങളായി യുവാവ് അയൽക്കാരനോട് സംസാരിക്കാറില്ല. യുവാവ് ആ പെൺകുട്ടിയെത്തന്നെയാണ് വിവാഹം ചെയ്തത്. എന്നിട്ടുപോലും യുവാവ് തന്നോട് സംസാരിക്കാറില്ലെന്നതിൽ തനിക്ക് വിഷമമുണ്ടെന്ന് അയൽക്കാരൻതന്നെ ഒരു സംഭാഷണമധ്യേ ഇടവകവൈദികനോടു പറഞ്ഞിരുന്നു.
അതിനാൽ ഭവനസന്ദർശനത്തിനായി യുവാവിന്റെ വീട്ടിലെത്തിയപ്പോൾ വൈദികൻ ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചു. പക്ഷേ മിടുക്കനായ യുവാവ് വൈദികനോട് ഒരു മറുചോദ്യം ചോദിക്കുകയാണ് ചെയ്തത്. ”അച്ചനല്ലേ കഴിഞ്ഞ ഞായറാഴ്ച പറഞ്ഞത് നമ്മൾ ജീവിതത്തിൽ സത്യസന്ധരായിരിക്കണമെന്ന്. എന്റെ വിവാഹം മുടക്കാൻ ശ്രമിച്ച അദ്ദേഹത്തോട് എനിക്ക് കോപിച്ചുകൂടേ? കോപിക്കാതെ ചിരിച്ചു കാണിച്ചാൽ അത് കാപട്യമാവില്ലേ?” വൈദികൻ ഒരു നിമിഷം പകച്ചു.
പെട്ടെന്നാണ് ബുദ്ധിയിൽ ആത്മപ്രകാശം തെളിഞ്ഞത്. അദ്ദേഹം പറഞ്ഞു, ”ന്യായമായ സന്ദർഭങ്ങളിൽ കോപിക്കാം, അതിൽ ഒരു തെറ്റുമില്ല. പക്ഷേ ആ കോപം മാസങ്ങളോ വർഷങ്ങളോ വച്ചുപുലർത്തണമെന്ന് ആരാണ് പറഞ്ഞത്?” യുവാവ് പെട്ടെന്ന് നിശ്ശബ്ദനായി. അച്ചന്റെ വാക്കുകളിലെ ആത്മാവിന്റെ കരുത്ത് അയാളുടെ മനസ്സിൽ ചലനമുണ്ടാക്കി.
പിറ്റേ ഞായറാഴ്ച ദിവ്യബലിക്കുശേഷം ദേവാലയമുറ്റത്ത് സംസാരിച്ചുനിന്ന യുവാവിന്റെയും അയൽക്കാരന്റെയും സമീപത്ത് മാലാഖമാർ സ്വർഗ്ഗീയസംഗീതം മീട്ടുന്നതായി അച്ചനു തോന്നി.
”ദൈവം ക്രിസ്തുവഴി നിങ്ങളോട് ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണ കാണിച്ചും ഹൃദയാർദ്രതയോടെ പെരുമാറുവിൻ” (എഫേസോസ് 4:32)