പതിവുപോലെ ഒരു ഞായറാഴ്ച… ഞാനും കുഞ്ഞിനോടൊപ്പം ദിവ്യബലിക്കായി പോയി. മഹാവികൃതിയായ ഒരു കുഞ്ഞുമാലാഖയാണ് എന്നോടൊപ്പം. അതിനാൽ ഞങ്ങൾ പുറത്താണ് കൂടുതൽ സമയവും നില്ക്കാറ്. വിശുദ്ധ ബലിയിൽ പൂർണമായി സംബന്ധിക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് അന്നെനിക്ക് വല്ലാത്ത സങ്കടം തോന്നി.
എങ്കിലും രണ്ടു വയസ് തികയാത്ത കുഞ്ഞിനെ അടക്കിനിർത്താനായി അവിടെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളൊക്കെ കാണിച്ചുകൊടുത്തുകൊണ്ട് നില്ക്കുകയായിരുന്നു. അപ്പോൾ ഒരു കാറിൽ മഞ്ഞനിറത്തിലുള്ള ഉടുപ്പിട്ട വ്യക്തമല്ലാത്ത ഒരു രൂപം ഞാൻ കണ്ടു. ആകാംക്ഷയോടെ, എന്നാൽ തെല്ല് ഭയത്തോടെ ഞാൻ ഒരല്പനേരം ആ രൂപത്തെ നോക്കി. എന്റെ ഭയം കൂടിക്കൂടി വന്നു. പെട്ടെന്ന് ആ മനുഷ്യരൂപം കൈ ഉയർത്തി കണ്ണുനീർ തുടയ്ക്കുന്നത് ഞാൻ കണ്ടു. ഞാനറിയാതെ എന്റെ കണ്ണുകളും നിറഞ്ഞൊഴുകി.
ഒരു വിളിപ്പാടകലെ താൻ കാണാൻ കൊതിക്കുന്ന ദിവ്യബലിയുടെ ശബ്ദമോ അതോ തന്നെ തനിച്ചാക്കി ദേവാലയത്തിനകത്തേക്കു പോയ ഉറ്റവരെക്കുറിച്ചുള്ള വേദനയോ അതുമല്ലെങ്കിൽ എല്ലാവർക്കും ഒപ്പം ഈശോയെ കാണാൻ പോകാൻ കഴിയാത്തതിന്റെ നൊമ്പരമോ? എന്തായിരിക്കും ആ മനസിനെ നോവിച്ചത്? എന്തായാലും ഞാനും നൊന്തു പ്രാർത്ഥിച്ചു. ഈശോയേ ഇന്നെന്റെ ദിവ്യബലിയുടെ പ്രാർത്ഥനാനിയോഗം ഇതാണ് – ഇവരുടെ സങ്കടത്തിന്റെ കാരണം എന്തായാലും അതിന് നീ ആശ്വാസം നല്കണം… അവരുടെ കണ്ണുനീരിന്റെ കാരണം എന്താണെങ്കിലും നീ അവരെ തൊടണം…!
ദേവാലയത്തിനുള്ളിൽ ഭക്തിയോ തീക്ഷ്ണതയോ ഇല്ലാതെ ദിവ്യബലി ‘കാണുന്ന’ അനേകരോട് നിങ്ങൾ അന്വേഷിക്കുന്ന ക്രിസ്തു ഇവിടെയാണ് എന്ന് വിളിച്ചു പറയണമെന്ന് എനിക്കു തോന്നിപ്പോയി. അല്പനേരം കഴിഞ്ഞപ്പോൾ, അവരെത്തന്നെ നോക്കിനിന്നതുകൊണ്ടാകാം, എനിക്കും കുഞ്ഞിനും നേരെ കൈവീശി റ്റാറ്റാ കാണിച്ചിട്ട് അവർ സീറ്റിലേക്ക് ചാഞ്ഞു, എന്റെ കണ്ണുനീരും മാഞ്ഞു.
റ്റൈനി ബാബു