സ്വർഗസന്തോഷത്തിലേക്കുള്ള വഴി

സ്വപ്രയത്‌നത്താൽ സ്വർഗം സ്വന്തമാക്കാൻ കഴിയാത്ത മനുഷ്യർക്കായി ദൈവം ഒരുക്കിയ വഴി. അത് കാണിച്ചു തരുന്ന അടയാളത്തെക്കുറിച്ച്…

യേശു ചെയ്ത ആദ്യ അത്ഭുതം കാനായിലെ കല്യാണവിരുന്നിന് വെള്ളം വീഞ്ഞാക്കി മാറ്റിയതാണ്. യോഹന്നാന്റെ സുവിശേഷം രണ്ടാം അധ്യായത്തിലെ ഈ സംഭവം ഒരു അടയാളമാണ്. കാനായിൽ കല്യാണവിരുന്ന് നടക്കുന്ന ആ ഭവനത്തിൽ വീഞ്ഞ് തീർന്നുപോകുന്നു. ആ വിഷമസന്ധിയിൽ യേശു കടന്നുവരുന്നു. വെള്ളത്തെ വീഞ്ഞാക്കുന്നു. സമൃദ്ധമായി അവിടെ വീഞ്ഞുണ്ടാകുന്നു. ഇതാണ് ആ കല്യാണവീട്ടിൽ നടന്നത്.

ദൈവം മനുഷ്യനുമായി അനേകം ഉടമ്പടികൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ രണ്ടു പ്രധാനപ്പെട്ട ഉടമ്പടികൾ നിയമത്തിന്റെ ഉടമ്പടിയും കൃപയുടെ ഉടമ്പടിയുമാണ്. കൃപയുടെ ഉടമ്പടിയെന്നാൽ കൃപ നല്കിക്കൊണ്ട് ദൈവപിതാവ് യേശുക്രിസ്തുവിലൂടെ മനുഷ്യമക്കളുമായി ചെയ്ത ഉടമ്പടി. നിയമത്തിന്റെ ഉടമ്പടിയെന്നാൽ ദൈവം മനുഷ്യന് കല്പനകൾ നല്കിയ ഉടമ്പടി. നിയമത്തിന്റെ ഉടമ്പടി നല്കിയതിനുശേഷം അവനത് അനുസരിക്കുമോ ഇല്ലയോ എന്നറിയാൻ ആയിരക്കണക്കിന് വർഷം കാത്തിരിക്കുന്ന മനോഹരമായ രംഗം ബൈബിളിൽ കാണാം.

രക്ഷകനുവേണ്ടി കാത്തിരുന്നവർ
ദൈവം മനുഷ്യന് കല്പനകൾ നല്കിയെങ്കിലും ആ കല്പനകളെ പൂർണമായിട്ടും അനുസരിക്കാൻ സാധിക്കാതെ മനുഷ്യൻ പരാജയപ്പെട്ടുപോകുന്നതാണ് മനുഷ്യചരിത്രത്തിൽ ഉടനീളം കാണുന്നത്. സ്വർഗം അവകാശമാക്കുന്നതിൽ ദയനീയമായി പരാജയപ്പെടുമ്പോൾ ലോകം മുഴുവനിൽനിന്നും രക്ഷകനുവേണ്ടിയുള്ള വലിയ നിലവിളി ഉയർന്നു. സ്വന്തമായി മനുഷ്യന് സ്വർഗം നേടുവാൻ സാധ്യമല്ല. അവൻ പരാജയപ്പെടുകതന്നെ ചെയ്യും. അവനെ സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ ഒരു രക്ഷകന്റെ ആവശ്യമുണ്ട്. അതുകൊണ്ട് ദൈവം ആയിരക്കണക്കിന് വർഷങ്ങൾ കാത്തിരുന്നു. ഭാരതത്തിലെ സന്യാസിമാർ വനങ്ങളിൽ പോയിരുന്ന് രക്ഷകനുവേണ്ടി നിലവിളിച്ചു.

സോക്രട്ടീസിന്റെ കാലത്തും പ്ലേറ്റോയുടെ കാലത്തുമെല്ലാം രക്ഷകനുവേണ്ടിയുള്ള ഈ നിലവിളി ലോകത്തിൽനിന്നും ഉയർന്നു. ഇസ്രായേൽജനവും രക്ഷകനുവേണ്ടി കാത്തിരുന്നു. ഒടുവിൽ രക്ഷകൻ വരികതന്നെ ചെയ്തു. പാപമില്ലാത്തവനായി ജീവിച്ചു. മുഴുവൻ നിയമത്തെയും അനുസരിച്ച് കുരിശിൽ മരിച്ചു. സാത്താനെ പരാജയപ്പെടുത്തി. സകല പാപികൾക്കും അവരുടെ പാപങ്ങൾക്കുവേണ്ടി പരിഹാരം ചെയ്തു. ആ രക്ഷകനാണല്ലോ യേശു. മനുഷ്യപാപങ്ങൾക്കെല്ലാം പരിഹാരം ചെയ്ത യേശു തന്റെ ആത്മാവിനെ വർഷിച്ച് അവരിൽ നിറഞ്ഞുനിന്നുകൊണ്ട് അവർക്ക് സൗജന്യമായി സ്വർഗം കൊടുക്കുന്നതാണ് സത്യത്തിൽ യേശുക്രിസ്തുവിലൂടെ വെളിപ്പെടുന്ന ദൈവത്തിന്റെ മനോഹരമായ രക്ഷാകരപദ്ധതി.

കാനായിലെ വീഞ്ഞ് വെളിപ്പെടുത്തുന്നത്
കാനായിലെ കല്യാണവീട്ടിൽ കാണുന്നത് ഈ രക്ഷാകരപദ്ധതിയാണ്. ആ കല്യാണവീട്ടിൽ വീഞ്ഞു തീർന്നുപോകുന്നു. അവിടെ മാനുഷികമായിട്ട് പെട്ടെന്ന് വീഞ്ഞ് ഉണ്ടാക്കാൻ സാധിക്കാതെ വരുന്നു. എന്നാൽ, യേശു നിമിഷങ്ങൾക്കുള്ളിൽ മേൽത്തരം വീഞ്ഞ് ഉണ്ടാക്കി അവിടുത്തെ പ്രശ്‌നം പരിഹരിക്കുന്നു.
വെള്ളത്തെ വീഞ്ഞാക്കി മാറ്റി സ്വർഗത്തിന്റെ സന്തോഷത്തെയും സ്വർഗത്തിന്റെ അഭിഷേകത്തെയും മനുഷ്യന് നല്കുവാൻ താൻ വന്നിരിക്കുന്നുവെന്ന വളരെ വ്യക്തമായ സന്ദേശം നല്കിക്കൊണ്ട് യേശു ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു. നമ്മുടെ ജീവിതത്തിൽ നാം ദൈവത്തെ പ്രസാദിപ്പിക്കുവാൻ പരിശ്രമിച്ച് ദയനീയമായി പരാജയപ്പെട്ടേക്കാം. എന്നാൽ രക്ഷകനായ യേശുക്രിസ്തുവിനെ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കുന്നതിലൂടെ വിജയം നേടാം.

വീഞ്ഞു തീർന്നുപോയപ്പോൾ പരിശുദ്ധ അമ്മ ചെയ്തത് യേശുവിന്റെ പക്കൽചെന്ന് അവിടെ വീഞ്ഞില്ല എന്ന് സത്യസന്ധമായി അറിയിക്കുകയാണ്. നമ്മുടെ ജീവിതത്തിലും യേശു പ്രതീക്ഷിക്കുന്നത് ഈ സത്യസന്ധതയാണ്. കാരണം, വിശുദ്ധി അതിന്റെ പൂർണതയിലെത്താൻ സമയമെടുക്കുമെന്ന് ദൈവത്തിനറിയാം. അനുസരണത്തിന്റെ തികവിലെത്താനും നാളുകളെടുക്കും. പൂർണതയെത്താൻ അതിലും കൂടുതൽ സമയമെടുക്കും. അതുകൊണ്ട് ദൈവം ആദ്യം ഒരു മനുഷ്യനിൽ നിന്നാഗ്രഹിക്കുന്നത് സത്യസന്ധതയാണ്.

നമ്മുടെ ജീവിതത്തിൽ
പരിശുദ്ധ മറിയം സത്യസന്ധമായി യേശുവിനോട് പറഞ്ഞു, ഇവർക്ക് വീഞ്ഞില്ല. നാം കർത്താവിനോട് പറയണം ഞാൻ വർഷങ്ങൾക്കുമുമ്പ് ഇതിലും കൂടുതൽ അഭിഷേകമുള്ള വ്യക്തിയായിരുന്നു. ചൈതന്യമുള്ള വ്യക്തിയായിരുന്നു. ഇതിനെക്കാൾ നന്നായി ഞാൻ പ്രാർത്ഥിക്കുമായിരുന്നു. എനിക്ക് വിശുദ്ധ കുർബാനയോട് കൂടുതൽ സ്‌നേഹമുണ്ടായിരുന്നു. ആത്മാക്കളെക്കുറിച്ചുള്ള തീക്ഷ്ണത എനിക്കുണ്ടായിരുന്നു. ഇപ്പോൾ എല്ലാം നഷ്ടപ്പെട്ടു. എന്റെ ജീവിതത്തിലെ വീഞ്ഞ് നഷ്ടപ്പെട്ടിരിക്കുന്നു കർത്താവേ.

ഇങ്ങനെ സത്യസന്ധമായി കാര്യങ്ങൾ ഈശോയോട് പറഞ്ഞു കഴിയുമ്പോൾ അവിടുന്ന് നമ്മുടെ ജീവിതത്തിലേക്ക് കൃപയൊഴുക്കും. നമ്മുടെ ദൈവത്തിന്റെ പ്രത്യേകത ഇല്ലായ്മയിൽനിന്ന് എല്ലാം ഉണ്ടാക്കിയവനാണെങ്കിലും മക്കളായ നമ്മളുമായി ഒരു പങ്കാളിത്തത്തിലൂടെ കാര്യങ്ങൾ ചെയ്യാൻ അവിടുന്ന് ആഗ്രഹിക്കുന്നു എന്നതാണ്. കൃപ തരുന്നത് സൗജന്യമായിട്ടാണെങ്കിലും നമ്മുടെ പങ്കാളിത്തം അവിടുന്ന് ആഗ്രഹിക്കുന്നു. വീഞ്ഞ് തീർന്ന സാഹചര്യത്തിൽ ഇല്ലായ്മയിൽനിന്ന് വീഞ്ഞുണ്ടാക്കുവാൻ ഈശോയ്ക്കറിയാമെങ്കിലും അവിടുന്ന് മനുഷ്യന്റെ സഹകരണം പ്രതീക്ഷിക്കുകയാണ്.

യേശു പറഞ്ഞു: നിങ്ങൾ ഈ കൽഭരണികളിൽ വെള്ളം നിറയ്ക്കുക. ദൈവം നമ്മോട് എളുപ്പമുള്ള കാര്യം ചെയ്യാൻ പറയുന്നു. പ്രയാസമുള്ള കാര്യം അവിടുന്നുതന്നെ ചെയ്യും. വെള്ളം നിറയ്ക്കുകയെന്നത് താരതമ്യേന എളുപ്പവും അതിനെ വീഞ്ഞാക്കുകയെന്നത് വിഷമമേറിയതുമാണ്. വിഷമകരമായത് ദൈവം ചെയ്തു. ലാസറിന്റെ കുഴിമാടത്തിൽനിന്ന് കല്ലുരുട്ടി മാറ്റുകയെന്നത് എളുപ്പമുള്ള കാര്യമാണ്. അത് നമ്മോട് ചെയ്യാൻ പറയുന്നു. ചീഞ്ഞളിഞ്ഞ ലാസറിനെ ഉയിർപ്പിക്കുന്ന ജോലി ദൈവം ചെയ്യുന്നു.

ആഴത്തിലേക്ക് നീക്കി വലയിറക്കണമെന്ന ജോലി വിഷമമില്ലാത്തതായതുകൊണ്ട് മനുഷ്യരോട് ചെയ്യാൻ പറയുന്നു. എന്നാൽ, കടലിൽ കിടക്കുന്ന മത്സ്യങ്ങളെ മുഴുവൻ ഒരുമിച്ചുകൂട്ടി വലയിലാക്കുകയെന്ന വിഷമകരമായ ജോലി ദൈവം ചെയ്യുന്നു. പതിനായിരങ്ങൾക്ക് അപ്പം വർധിപ്പിച്ച് വീതിച്ചു കൊടുക്കുന്ന ജോലി ദൈവം ചെയ്യുന്നു. എന്നാൽ അഞ്ചപ്പം കൊടുക്കുവാനുള്ള ജോലി നമ്മോടാവശ്യപ്പെടുന്നു.

ദാസരാകാൻ തയാറാണോ?
വിശുദ്ധ അഗസ്റ്റിൻ പറയുന്നു: ചെറിയ കാര്യങ്ങൾ ചെറിയ കാര്യങ്ങൾതന്നെയാണ്. എന്നാൽ ചെറിയ കാര്യങ്ങൾ വിശ്വസ്തതയോടെ ചെയ്യുന്നത് വലിയ കാര്യമാണ്. എത്ര മനോഹരമായ ദൈവിക ജ്ഞാനമാണിത്. അതായത് ചെറിയ കാര്യങ്ങളിലൂടെ ദൈവം അത്ഭുതം പ്രവർത്തിക്കുന്നു. വെള്ളം കോരി എങ്ങനെയാണ് വീഞ്ഞുണ്ടാക്കുന്നത് എന്നൊന്നും ആ ദാസന്മാർ അവിടെ ചിന്തിച്ചില്ല. യേശു കടന്നുചെന്നിട്ട് അവിടുത്തെ ഉന്നതരെ നോക്കാതെ ദാസ്യമനോഭാവമുള്ളവരുണ്ടോ എന്നുമാത്രം നോക്കി. ദാസ്യമനോഭാവമുള്ളവരോടുമാത്രം വെള്ളം കോരാൻ പറഞ്ഞു.

ജോയേൽ പ്രവാചകൻ പറയുന്നു, എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും എന്റെ ആത്മാവിനെ ഞാൻ വർഷിക്കും. നമ്മുടെ ഭവനത്തിൽ ഒരത്ഭുതം നാം ആഗ്രഹിക്കുന്നെങ്കിൽ നമ്മുടെ ഭവനത്തിൽ ആരെങ്കിലും ദാസ്യമനോഭാവമുള്ളവരുണ്ടോയെന്ന് ദൈവം നോക്കും. എളിമയുള്ള ഒരു വ്യക്തിയുണ്ടോ എന്ന് ശ്രദ്ധിക്കും. ആ വ്യക്തിയിലൂടെ ആയിരിക്കും ദൈവം നമ്മുടെ കുടുംബത്തിലേക്ക് രക്ഷ കൊണ്ടുവരുക. അവിടെ എല്ലാവർക്കും യജമാന മനോഭാവമാണുള്ളതെങ്കിൽ നമ്മുടെ കുടുംബത്തിലേക്കുള്ള കൃപയുടെ ഒഴുക്ക് തടയപ്പെടും.

ദാസന്മാരോട് ഈശോ പറഞ്ഞു, ഭരണികളിൽ വെള്ളം നിറയ്ക്കുക. അവർ അത് വക്കുവരെ നിറച്ചു. ചരിത്രം പഠിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. അന്ന് വളരെ ദൂരം യാത്ര ചെയ്തുവേണം വെള്ളം കൊണ്ടുവരാൻ. എല്ലാ വീട്ടിലും കിണറുകളില്ല. എന്നാൽ അനുസരിക്കാൻ തയാറായ പരിചാരകർ ദൂരെപ്പോയി വെള്ളം കൊണ്ടുവന്ന് ഭരണികളിൽ നിറച്ചു. പൂർണഹൃദയത്തോടെ തന്റെ ശുശ്രൂഷകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുന്നവരെയാണ് ദൈവം അനുഗ്രഹിക്കുന്നത്. വക്കുവരെ എന്നതിന്റെയർത്ഥം പൂർണഹൃദയത്തോടെ എന്നാണ്. സുഭാ. 6:6-8 – ”മടിയനായ മനുഷ്യാ, എറുമ്പിന്റെ പ്രവൃത്തികണ്ട് നീ വിവേകിയാവുക. മേലാളനോ കാര്യസ്ഥനോ രാജാവോ ഇല്ലാതെ അത് വേനൽക്കാലത്ത് കലവറയൊരുക്കി കൊയ്ത്തുകാലത്ത് ഭക്ഷണം ശേഖരിച്ചു വയ്ക്കുന്നു.”

അത്ഭുതം സംഭവിക്കാൻ
നാമും പൂർണ ഹൃദയത്തോടെ എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് ദൈവമാഗ്രഹിക്കുന്നു. പഠിക്കുന്നവർ പൂർണ ഹൃദയത്തോടെ പഠിക്കണം, പ്രാർത്ഥിക്കുമ്പോഴും വിശുദ്ധ ബലിയർപ്പിക്കുമ്പോഴും പൂർണ ഹൃദയത്തോടെ ചെയ്യണം. വെള്ളം കോരിയ പരിചാരകരോട് ഈശോ പറഞ്ഞു, ഈ വെള്ളം കൊണ്ടുപോയി കലവറക്കാരന് കൊടുക്കുക. അവർ കൊടുത്തു. യേശു പറഞ്ഞതിനെ ചോദ്യം ചെയ്യാതെ വിഡ്ഢിയെപ്പോലെ അനുസരിച്ചു.

ഇതാണ് വിശ്വാസം- പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവും. കാനായിലെ കല്യാണവീട്ടിൽ സംഭവിച്ചത് വിശ്വാസവും അനുസരണവും കൈകോർക്കലാണ്. ഇതാണ് നമ്മുടെ ജീവിതത്തിലും സംഭവിക്കേണ്ടത്. അവിടെ അത്ഭുതം സംഭവിച്ചു. വെള്ളം മേൽത്തരം വീഞ്ഞായി മാറി. കലവറക്കാരൻ പറയുന്നു, നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചല്ലോ. യേശുക്രിസ്തുവിലൂടെ ലോകത്തിലേക്ക് പകരപ്പെട്ട ദൈവകൃപയാണ് നല്ല വീഞ്ഞ്.
ക്രിസ്തീയ ജീവിതമെന്നത് മുഖം വാടിയിരിക്കേണ്ട ജീവിതമല്ല, പ്രത്യുത സന്തോഷമുള്ള ജീവിതമാണ്. അത് സ്വർഗത്തിന്റെ ആനന്ദം നിറഞ്ഞ ജീവിതമാണ്. ഫിലിപ്പി ലേഖനത്തിൽ 14 പ്രാവശ്യം പറയുന്നു, നിങ്ങൾ എപ്പോഴും സന്തോഷിക്കുവിൻ. കർത്താവ് തരുന്ന ജീവിതം ദുഃഖത്തിന്റെ ജീവിതമല്ല, സന്തോഷത്തിന്റേതാണ് എന്ന് കാണിക്കാൻ അവിടുന്ന് പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം വെള്ളത്തെ വീഞ്ഞാക്കി മാറ്റി എന്നതാണ്.

റോമാ ലേഖനത്തിൽ പറയുന്നു ദൈവരാജ്യമെന്നാൽ ഭക്ഷണമോ പാനീയമോ അല്ല. നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമത്രേ. കാനായിലെ കല്യാണവീട്ടിലെ പുതിയ വീഞ്ഞ് രുചിച്ചുകഴിഞ്ഞപ്പോൾ അതൊരു സംസാരവിഷയമായി. എന്തൊരു നല്ല വീഞ്ഞ്. നമ്മിലൂടെ സ്വർഗത്തിന്റെ സന്തോഷം നിറഞ്ഞു കവിയുമ്പോൾ നമ്മുടെ ചുറ്റിലുമുള്ളവരിലേക്ക് അത് പകരപ്പെടും. ദൈവകൃപക്കുവേണ്ടിയുള്ള ദാഹം എല്ലാവർക്കും ഉണ്ടാകും. പരിശുദ്ധാത്മാവിനുവേണ്ടി എല്ലാവരും ദാഹിക്കും.

യേശുവേ, അവിടുന്ന് നല്കിയ കൃപയുടെ വീഞ്ഞ് ഞങ്ങളിൽ ഒരിക്കലും വറ്റിപ്പോകാതിരിക്കട്ടെ. അനേകരിൽ ഈ വീഞ്ഞില്ല കർത്താവേ. അവിടുന്ന് കടന്നുവന്ന് വീഞ്ഞു നല്കി അനുഗ്രഹിക്കണമേ. ഞങ്ങൾ ഞങ്ങളുടെ ജീവിതങ്ങളെ വക്കുവരെ നിറയ്ക്കുന്നവരും പ്രാർത്ഥിക്കുന്നവരും ഉപവസിക്കുന്നവരുമാകട്ടെ. വചനം വായിക്കുന്നവരും വിശുദ്ധ കുർബാന ദാഹത്തോടെ സ്വീകരിക്കുന്നവരുമാകട്ടെ. എന്റെ പൊന്നുകർത്താവേ, പൂർണഹൃദയത്തോടെ ഞങ്ങൾ അങ്ങയെ തേടുന്നു.
യേശുവേ നന്ദി, ആരാധന.

(ശാലോം ടി.വിയിൽ സംപ്രേഷണം ചെയ്ത ‘വചനം തിരുവചന’ത്തിൽനിന്ന്)

ഡോ. ജോൺ ഡി.

Leave a Reply

Your email address will not be published. Required fields are marked *