ആ യുവവൈദികൻ പനി പിടിച്ച് അവധിയിലായിട്ട് ദിവസങ്ങളായി. എന്നാൽ അന്ന് പനി ഏതാണ്ട് സുഖപ്പെട്ടിരുന്നു. എങ്കിലും തനിക്ക് പഠിപ്പിക്കേണ്ട സ്കൂളിൽപ്പോകാൻ തോന്നിയില്ല. വന്നിട്ട് ഒരു മാസമായതേയുള്ളെങ്കിലും മുതിർന്ന വിദ്യാർത്ഥികൾക്കു പകരം ചെറിയ കുട്ടികളെ പഠിപ്പിക്കേണ്ടിവന്നതിലെ അസ്വസ്ഥതകളും പിന്നെ മാതാപിതാക്കളുടെ പരാതിയും കൂടിയായപ്പോൾ അദ്ദേഹത്തിന്റെ മനസ് മടുത്തിരുന്നു. മുറിയിൽ വിശ്രമിക്കവേ തിരിച്ചും മറിച്ചും ചിന്തിച്ചിട്ട് ഒടുവിൽ, എങ്ങനെയെങ്കിലും അവിടെനിന്ന് സ്ഥലം മാറണമെന്ന തീരുമാനത്തിൽ എത്തി.
അതു പറയാൻ മേലധികാരിയെ വിളിക്കാൻ തുടങ്ങിയപ്പോഴാണ് ഒരു ടീച്ചർ മുറിയ്ക്കു മുന്നിലെത്തിയത്. ”അച്ചാ, അച്ചനെക്കാണാൻ ഒരു രണ്ടാം ക്ലാസ് സ്റ്റുഡന്റിന്റെ പേരന്റ് കാത്തുനില്ക്കുന്നു” വൈദികന് പെട്ടെന്ന് ദേഷ്യമാണ് വന്നത്. ”ഞാൻ സ്കൂളിൽ വന്നിട്ട് രണ്ടാഴ്ചയായല്ലോ. പിന്നെന്താണ് പുതിയ പരാതി?”
ടീച്ചർ ചിരിച്ചുകൊണ്ടു പറഞ്ഞു. ”പരാതിയൊന്നുമല്ല, അവരുടെ കുട്ടി എന്നും സന്ധ്യാദീപം തെളിച്ചുകഴിഞ്ഞ് കൈകൂപ്പി പ്രാർത്ഥിക്കുന്നത് ഒരു ഫാദറിനുവേണ്ടിയാണെന്ന്. ഈശ്വരാ, എന്റെ ഫാദറിന് വേഗം സുഖമാകണേ. ഫാദറിനെ വേഗം ക്ലാസിൽ തിരിച്ചുകൊണ്ടുവരണേ എന്നൊക്കെയാണത്രേ പ്രാർത്ഥന. അതിനാൽ ഇത്ര മാരകമായ അസുഖം പിടിച്ചിരിക്കുന്ന ഫാദറേതാണെന്ന് അന്വേഷിച്ച് വന്നതാണ്” ടീച്ചറിന്റെ വാക്കുകൾ കേട്ട യുവവൈദികന്റെ കണ്ണുകൾ നിറഞ്ഞുപോയി.
സ്നേഹത്തിന്റെ മുന്നിൽ നീട്ടിയെടുത്ത ഒരു വർഷത്തിനുശേഷം ആ സ്കൂളിൽനിന്ന് പോകുമ്പോൾ ജാതിമതഭേദമെന്യേ എല്ലാവർക്കും യേശുസ്നേഹം കാണിച്ചുകൊടുത്ത പ്രിയങ്കരനായിരുന്നു അദ്ദേഹം. എല്ലാത്തിനും കാരണമായത് ആ കുട്ടിയുടെ നിഷ്കളങ്കമായ സ്നേഹം.
”നിങ്ങൾക്കു പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് അതുമൂലം എല്ലാവരും അറിയും” (യോഹന്നാൻ 13:35)
കടപ്പാട്: ‘ഏയ്ഞ്ചൽസ് ആർമി’