സ്‌നേഹം കണ്ണീരൊഴുക്കുമ്പോൾ…

സ്വയം മുറിയുന്ന സ്‌നേഹത്താൽ നിങ്ങളുടെ കണ്ണ് നിറഞ്ഞിട്ടുാേ? എങ്കിൽ ആ കണ്ണീരിൽ അനേകർ ക്രിസ്തുസ്‌നേഹം സ്വന്തമാക്കും.
ഗൾഫിൽ ജോലിചെയ്തിരുന്ന നാളുകളിലൊരിക്കൽ ഞങ്ങളുടെ ഒരു സുഹൃത്തിന് അവന്റെ വീട്ടിൽനിന്ന് ഒരു സന്ദേശം കിട്ടി. മറ്റൊന്നുമായിരുന്നില്ല, തന്റെ ഇളയ സഹോദരൻ വിവാഹിതനാകുന്നു. അവൻ ആ കത്തും കൈയിൽ പിടിച്ചിരുന്ന് കരഞ്ഞു. ആറു വർഷമായി അവൻ നാട്ടിൽ പോയിട്ട്. ഇളയ മൂന്നു സഹോദരിമാരെയും പഠിപ്പിച്ചു. അവരുടെ വിവാഹവും നടത്തി. അതിനിടെ തനിക്ക് 35 വയസായത് അവൻ അറിഞ്ഞില്ല. ഇപ്പോൾ 25 വയസുള്ള ഇളയ സഹോദരൻ പ്രണയിനിയെ വിവാഹം കഴിക്കുന്നു. അതിനായി വീട്ടുകാർക്ക് സാമ്പത്തികസഹായം വേണം. അതിനുള്ള കത്താണത്.

അവൻ ആ കത്ത് കൈയിലേക്കു തന്നപ്പോൾ ഞാൻ ആ കത്ത് വായിച്ചുനോക്കി, വിവാഹം എന്നാണെന്നോ എവിടെവച്ചാണെന്നോ ഒന്നുമില്ല, വരുന്നുണ്ടോ എന്ന ഒരു ചോദ്യംപോലുമില്ല. എത്രയും പെട്ടെന്ന് പണമയക്കുക – അത്രമാത്രം. അതു വായിച്ചിട്ട് ഞാനവന്റെ മുഖത്തേക്കു നോക്കി. പക്ഷേ എന്റെ സുഹൃത്ത് കരയുന്നത് അവന് അനുജന് മുൻപായി വിവാഹിതനാകാൻ പറ്റിയില്ലല്ലോ എന്നോർത്തിട്ടല്ല. മറിച്ച്, വീട്ടിലേക്ക് അയക്കാൻ അവന്റെ കൈയിൽ പണം ഇല്ലെന്ന ദുഃഖത്തിലാണ്. അത് അവൻ പറഞ്ഞപ്പോൾ ആ നിസ്വാർത്ഥസ്‌നേഹം എന്നെ തെല്ലൊന്ന് അത്ഭുതപ്പെടുത്തി. ഞങ്ങളെല്ലാവരും ചേർന്ന് അവനുള്ള പണം കൊടുത്ത് സഹായിച്ചു.

യേശുസ്‌നേഹത്തിന്റെ നേർക്കാഴ്ചകൾ
അകലത്ത് മണലാരണ്യത്തിൽ ചൂടുവെയിലിൽ പൊരിയുമ്പോഴും ആ സുഹൃത്തിന്റെ ആഗ്രഹം തന്റെ പ്രിയപ്പെട്ടവർ നന്നായി ജീവിക്കണമെന്നതാണ്. ഈശോ അകലെയിരിക്കുന്ന സക്കേവൂസിന്റെ മനസറിഞ്ഞതുപോലെ അകലെ നാട്ടിലിരിക്കുന്ന തന്റെ പ്രിയപ്പെട്ടവരുടെ മനസിലേക്ക് സ്‌നേഹമായി പെയ്തിറങ്ങുന്ന എന്റെ സുഹൃത്തിന്റെ ജീവിതത്തിൽ ഞാൻ ഈശോയെ അല്ലാതെ ആരെയാണ് കാണുക. യേശുസ്‌നേഹത്തിന്റെ നേർക്കാഴ്ച ഇത്രയേറെ ആഴത്തിൽ മറ്റൊരിടത്തും ഞാൻ കണ്ടിട്ടില്ല.

ആ സ്‌നേഹത്തിന്റെ ആഴം, ആ സുഹൃത്തിന്റെ സഹോദരങ്ങളോ മാതാപിതാക്കളോ പ്രിയപ്പെട്ടവരോ അറിഞ്ഞിരുന്നില്ല. പണം വേണ്ടപ്പോഴൊക്കെ എത്തിക്കാനുള്ള ഒരു വ്യക്തി മാത്രമായിരുന്നു അവർക്കവൻ. പക്ഷേ, അവന്റെ സ്‌നേഹത്തിന്റെ ആഴം മനസിലാക്കിയ ഞങ്ങൾ, അവന്റെ ഹൃദയത്തിന്റെ പരിശുദ്ധി മനസിലാക്കിയ ഞങ്ങൾ, അവനെ ക്രിസ്തുവിന്റെ കൈകളും കാലുകളും ഹൃദയവുമുള്ള ഒരു വിശുദ്ധനായി കരുതി.

എന്നാൽ, ഇതൊന്നും പുറംലോകമറിയാതെ, ഒരു സായാഹ്നത്തിൽ ഉണ്ടായ നെഞ്ചുവേദനയുടെ ഒടുവിൽ അവനെ ദൈവം കൊണ്ടുപോയി. അവനല്ലേ യഥാർത്ഥ ക്രിസ്ത്യാനി. ഈശോ തന്റെ സ്വർഗരാജ്യത്തിലേക്ക് ആരുമറിയാതെ കൂട്ടിക്കൊണ്ടുപോയ ഈശോയുടെ പ്രിയപുത്രൻ. ഇതുപോലെ എത്രയെത്ര നേർക്കാഴ്ചകൾ ഞാൻ അനുഭവിച്ചു. അതുകൊണ്ടുതന്നെ പറയട്ടെ, ക്രിസ്തുസ്‌നേഹത്തിന്റെ നേർക്കാഴ്ചകൾ ആരും അധികം തിരിച്ചറിഞ്ഞു എന്നുവരില്ല. എന്നാൽ, എല്ലാത്തിനുമപ്പുറത്ത് അത് തിരിച്ചറിഞ്ഞ് നമ്മെ മാറോടു ചേർക്കുന്ന ഒരു ഈശോയുണ്ട്.

ക്രിസ്തുസ്‌നേഹത്തിന്റെ ആഴത്തിലൂടെ സഞ്ചരിക്കുന്നവനാണ് യഥാർത്ഥ ക്രിസ്തു അനുയായി എന്ന സത്യം നാം മറക്കാതിരിക്കുക. അതുകൊണ്ടല്ലേ അവിടുന്ന് പറയുന്നത്, ഒരുവൻ മാലാഖമാരുടെ ഭാഷ അറിയുകയും മാലാഖമാരുടെ കൂടെ ജീവിക്കുകയും സർവവിധ സ്വർഗീയ സുഖങ്ങളും കരസ്ഥമാക്കുകയും ചെയ്താലും സ്‌നേഹമില്ലെങ്കിൽ അവൻ വെറും ശൂന്യനാണ് എന്ന്. യേശുസ്‌നേഹത്തിന്റെ പ്രത്യേകത അത് സർവവും സമർപ്പിക്കുന്നു, ഒന്നും തിരികെ പ്രതീക്ഷിക്കാതെതന്നെ സർവവും നല്കുന്നു എന്നതാണ്. ആ സ്‌നേഹത്തിന് അകലെ നില്ക്കുന്നവരെപ്പോലും കണ്ടറിഞ്ഞു സ്‌നേഹിക്കാൻ കഴിയും.

നമുക്കും ചിന്തിക്കാം – ഒരു ക്രിസ്തുശിഷ്യനെന്ന് അവകാശപ്പെടുന്ന എന്റെ ജീവിതം എവിടെനില്ക്കുന്നു? സ്‌നേഹം എന്ന വാക്കിന് ഞാൻ കൊടുത്തിരിക്കുന്ന അർത്ഥതലങ്ങൾ എന്ത്? എന്റെ സ്‌നേഹം ക്രിസ്തീയതയുടെ ചൈതന്യമുള്ളതോ അതോ സ്വാർത്ഥതയുടെ മൂടുപടം അണിഞ്ഞതോ?

ക്രിസ്തുവിൽ ലയിച്ചുചേരാനുള്ളതാണ് ഏതൊരു ക്രിസ്ത്യാനിയുടെയും ജീവിതം. അത് നിത്യതയിലെത്തുമ്പോൾ ആ ദിവ്യസ്‌നേഹത്തിൽ ലയിക്കാൻ തക്കവിധത്തിൽ ആ ക്രിസ്തുസ്‌നേഹത്തിന്റെ കതിരുകൾ നമുക്ക് ജീവിതത്തിൽ സ്വന്തമാക്കാം; സ്വാർത്ഥതയില്ലാതെ, ഒന്നും തിരികെ പ്രതീക്ഷിക്കാതെ നമുക്കും സ്‌നേഹിക്കാം, അടുത്തുനില്ക്കുന്നവരെയും അകലെയുള്ളവരെയും.

ജയിംസ് വടക്കേക്കര, ഹൂസ്റ്റൺ

Leave a Reply

Your email address will not be published. Required fields are marked *