നമുക്കായി പുത്രൻ സഹിച്ച അതിദാരുണമായ പീഡകളോർത്താൽ പിതാവിന് നമ്മോട് കരുണ കാണിക്കാതിരിക്കാനാവില്ല. ഈശോയുടെ അതികഠിനമായ പീഡകളെക്കുറിച്ചുള്ള ചില കണ്ടെത്തലുകൾ:-
ഈശോ ചുമന്ന കുരിശിന്റെ ഭാരം 150 കിലോഗ്രാം ആയിരുന്നു. അതിന്റെ ഉയരം 15 അടിയും കുറുകെയുള്ള തടിയുടെ വലിപ്പം എട്ട് അടിയുമായിരുന്നു.
ഈശോയെ കുരിശിൽ തറയ്ക്കാനുപയോഗിച്ച ഓരോ ആണികളുടെയും നീളം എട്ട് ഇഞ്ചും ചുറ്റളവ് 3/4 ഇഞ്ചുമായിരുന്നു. ഈ ആണികൾക്കുമുണ്ടായിരുന്നു മറ്റൊരു പ്രത്യേകത, അവയ്ക്ക് മുനകളില്ലായിരുന്നു. മുനയുള്ള ആണി തറയ്ക്കുന്നതിനെക്കാൾ വേദന ഈശോക്ക് സഹിക്കേണ്ടി വന്നുവെന്നർത്ഥം.
ഗാഗുൽത്തായിലേക്കുള്ള ദുർഘടം പിടിച്ചതും ക്ലേശകരവുമായ കുരിശുയാത്രയിൽ അവിടുത്തെ ശരീരഭാരത്തിന്റെ ഏകദേശം ഇരട്ടി ഭാരമുള്ള കുരിശുമായി അവിടുന്ന് മൂന്നു പ്രാവശ്യം കമഴ്ന്നു വീണു.
റോമൻ പടയാളികളാലും യഹൂദ പ്രമാണിമാരാലും ബന്ധനസ്ഥനാക്കപ്പെട്ട് ക്രൂരമായി മർദിക്കപ്പെട്ട്, അതിക്ലേശകരമായ 17-ഓളം മണിക്കൂറുകൾ ദാഹാർത്തനായ അവിടുത്തേക്ക് ജലപാനംപോലും നിഷേധിക്കപ്പെട്ടു.
5480 മുറിവുകളാണ് അതികഠിനമായ മർദനവും ചാട്ടവാറടിയും മൂലം അവിടുത്തെ തിരുമേനിയിൽ ഉണ്ടായത്. ഒരു മനുഷ്യവ്യക്തിക്കും സങ്കൽപ്പിക്കാനാവാത്തത്ര മുറിവുകൾ!
അവിടുത്തെ മുതുകത്ത് അസ്ഥികളോളം ആഴത്തിലിറങ്ങിയ 150 മുറിവുകൾ ഉണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ശിരസിൽ അടിച്ചിറക്കിയ കട്ടിയുള്ള മുള്ളുകൾ നിറഞ്ഞ മുൾക്കിരീടത്തിലെ 17 മുള്ളുകളാണ് തലയോട്ടിയെയും ഭേദിച്ച് ശിരസിൽ ആഴ്ന്നിറങ്ങിയത്.
സമ്പാദകൻ: ബി.എം. താന്നിക്കൽ