പരാജയമാണ് മുന്നിലെന്ന് എല്ലാവരും പറഞ്ഞാലും വിജയത്തിന്റെ ആനന്ദനൃത്തം ചവിട്ടാൻ സാധിക്കും. മാറക്കാനയിലെ നൃത്തം വെളിപ്പെടുത്തുന്ന വിജയപാത കാണുക.
‘മാറക്കാന’ ഫുട്‌ബോൾ പ്രേമികൾക്ക് ചിരപരിചിതമായ ഒരു കളിസ്ഥലമാണ്. പല ടീമുകളുടെയും സ്വപ്നസാക്ഷാത്ക്കാരത്തിനും മോഹഭംഗങ്ങൾക്കും ഈ സ്റ്റേഡിയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരമൊരു അനുഭവം നിങ്ങളുമായി പങ്കുവയ്ക്കട്ടെ. 1950 ജൂലൈ 16-നാണ് ആ കളി നടക്കുന്നത്. ലോകഫുട്‌ബോളിന്റെ ആവേശകരമായ ഫൈനൽ മത്സരം അന്ന് നടക്കുകയാണ്.
ഗോലിയാത്തും ദാവീദും തമ്മിലുള്ള കളി. എന്നുവച്ചാൽ ഫുട്‌ബോൾ രാജാക്കന്മാരായ ബ്രസീലും കുഞ്ഞന്മാരായ ഉറുഗ്വേയും തമ്മിൽ. മത്സരം തുടങ്ങുന്നതിനുമുൻപ് ആളുകൾ വിധിയെഴുതി, ബ്രസീൽ വിജയിക്കുമെന്ന്. ഉറുഗ്വേയുടെ അധികാരികൾതന്നെ ആ വിശ്വാസത്തിലായിരുന്നു. അവരുടെ അംബാസിഡർ അവരെ ഉപദേശിച്ചു: ഏതായാലും നിങ്ങൾ തോല്ക്കുകയേ ഉള്ളൂ. എന്നാൽ, ആ തോല്‌വി ഒരു നാണംകെട്ട തോല്‌വി ആകാതിരിക്കുവാൻ ശ്രദ്ധിക്കുക. അവരുടെ കോച്ച് പറഞ്ഞു: ”നിങ്ങൾ ഇപ്രാവശ്യം പ്രതിരോധത്തിന് ഊന്നൽ നല്കി കളിക്കുക.” പ്രോത്സാഹിപ്പിക്കേണ്ടവർതന്നെ നിരാശപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുന്ന ഒരു സാഹചര്യം.
ആനന്ദനൃത്തത്തിലേക്ക്
പക്ഷേ, ഉറുഗ്വേയുടെ ക്യാപ്റ്റൻ വ്യത്യസ്തനായ ഒരു വ്യക്തിയായിരുന്നു. വരേല എന്നാണ് അദ്ദേഹത്തിന്റെ പേര്. കൂരിരുട്ടിൽ സ്ഫുടതാരകങ്ങളെ കാണുന്നവൻ, മഹാനദിയിൽ രക്ഷപ്പെടുവാനുള്ള തുരുത്ത് അന്വേഷിക്കുന്നവൻ – അതായിരുന്നു വരേല. അദ്ദേഹം ടീമംഗങ്ങളെ അടുത്തുവിളിച്ച് പറഞ്ഞു: ”മക്കളേ, ഇത് നമുക്കൊരു സാധാരണ മത്സരമല്ല. ഇത് നമ്മുടെ ജീവന്മരണ പോരാട്ടമാണ്. നമ്മുടെ മുൻപിൽ ഒരു സാധ്യത മാത്രമേ ഞാൻ കാണുന്നുള്ളൂ, അത് വിജയിക്കുക മാത്രമാണ്. അതെ, അത് മാത്രമാണ് നമ്മുടെ ലക്ഷ്യം. അതിനായി നാം ഒരു മനസോടെ പോരാടുവാൻ പോവുകയാണ്.”
അദ്ദേഹത്തിന്റെ വാക്കുകൾ ഉറുഗ്വേ കളിക്കാരുടെ മനസിൽ തീ പാറിച്ചു. അവർ ചുണക്കുട്ടികളെപ്പോലെ, യുവസിംഹങ്ങളെപ്പോലെ ഗ്രൗണ്ടിലിറങ്ങി. പക്ഷേ, കളിയുടെ ആദ്യഭാഗം അവർക്ക് അനുകൂലമായിരുന്നില്ല. മേധാവിത്വം ബ്രസീലിനായിരുന്നു. 47-ാം മിനിറ്റിൽ ബ്രസീൽ കളിക്കാരനായ ഫ്രിയാക്കയിലൂടെ ബ്രസീൽ ആദ്യഗോൾ നേടി. സ്റ്റേഡിയം ഇളകിമറിഞ്ഞു. രണ്ടുലക്ഷത്തോളം വരുന്ന കാണികൾ ആർപ്പുവിളിച്ചു: ‘ബ്രസീൽ, ബ്രസീൽ.’
ആ ആരവത്തിൽ ഉറുഗ്വേ കളിക്കാരുടെ ആത്മവിശ്വാസം ചോർന്നുപോയതുപോലെ. എന്നാൽ, ഇടവേള സമയത്ത് വരേലയിലെ ലീഡർ വീണ്ടും പുറത്തുവന്നു. അദ്ദേഹം പറഞ്ഞു: നിങ്ങൾ കാണികളുടെ ആനന്ദഗാനങ്ങൾ ശ്രദ്ധിക്കേണ്ട. ഇനി അല്പനേരം നാം ഒരു പുതിയ തന്ത്രം പയറ്റുകയാണ്. കുറച്ചുനേരം പന്ത് ബ്രസീലുകാരുടെ കാലുകളിൽ എത്താതെ ഒരു സ്ലോ ഗെയിം കളിക്കുവാൻ പോകുന്നു.
അതിനു ഫലം കണ്ടു. ആ കളിയ്ക്കിടയിൽ ഉറുഗ്വേയുടെ കളിക്കാരൻ ഷിയാഫിനോ ഒരു ഗോൾ നേടി. ഇപ്പോൾ സമനില. ഉറുഗ്വേയുടെ കളിക്കാർ ആവേശഭരിതരായി. അവർ കളി തുടർന്നു. അന്ന് സമനില നേടിയാലും ലോകകപ്പ് (പോയിന്റ് അടിസ്ഥാനത്തിൽ നോക്കിയാൽ) ബ്രസീൽ നേടുമായിരുന്നു. എന്നാൽ, അവർ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്.
കളി തീരുവാൻ വെറും പതിനൊന്ന് മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ഉറുഗ്വേ രണ്ടാമതും ഗോൾ നേടി. ഇപ്രാവശ്യം ഗോൾ അടിച്ചത് അൽസിഡസ് ഗിഗിയ ആയിരുന്നു. ബ്രസീലുകാർക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവർ വാശിയോടെ കളിച്ചു. എന്നാൽ, ഉറുഗ്വേ ഉയർത്തിയ പ്രതിരോധത്തിൽ അവർ തളർന്നുപോയി. അങ്ങനെ ഉറുഗ്വേ ലോകകപ്പ് നേടി. അവരുടെ ആനന്ദനൃത്തമാണ് പിന്നീട് മാറക്കാന സ്റ്റേഡിയം കണ്ടത്. അസാധ്യമെന്ന് തോന്നിയത് അവർ സാധ്യമാക്കി.
വിജയപാത
ഉറുഗ്വേയുടെ ഈ അനിതരസാധാരണമായ വിജയം പല പ്രസക്തമായ ആശയങ്ങളും നല്കുന്നില്ലേ? പ്രതികൂലമായ സാഹചര്യങ്ങളിലേക്ക് നോക്കി ഭയപ്പെട്ട് നില്ക്കുന്നവന് ഒരിക്കലും വിജയം നേടുവാൻ സാധിക്കുകയില്ല. താഴോട്ട് നോക്കിയാൽ നാം നമ്മുടെ നിഴലുകളെ മാത്രമേ കാണുകയുള്ളൂ. അവ നമ്മെ നിരുത്സാഹപ്പെടുത്തുകയേ ഉള്ളൂ. അതിനാൽ ആദ്യം നാം ചെയ്യേണ്ടത് നമ്മുടെ പരിമിതികളിൽനിന്ന് കണ്ണുകൾ ഉയർത്തുക എന്നുള്ളതാണ്.
നീ മുഖമുയർത്തി നോക്കുമ്പോൾ നീതിസൂര്യനായ ദൈവത്തെ കാണുവാൻ സാധിക്കും. ആ പ്രകാശം നിന്റെ മനസിനെയും പ്രകാശമാനമാക്കും. ‘കുഞ്ഞേ, ഭയപ്പെടേണ്ടാ, ഞാൻ നിന്റെ കൂടെയുണ്ട്’ എന്ന് അവിടുന്ന് എപ്പോഴും നിന്നോട് പറയുന്നത് കേൾക്കുവാൻ സാധിക്കും. ആ കാഴ്ചയും ആ കേൾവിയുമാണ് നിന്നെ ധീരനാക്കുന്നത്. വലിയ കാര്യങ്ങൾ ചെയ്യുവാൻ അത് നിന്നെ പ്രാപ്താക്കും. ആ ബോധ്യം നീയാകുന്ന ദാവീദിന് നല്കുന്ന കരുത്ത് ചെറുതൊന്നുമല്ല. നിനക്ക് മുൻപിൽ പല വിധത്തിലുള്ള കോട്ടമതിലുകൾ ഉയർന്നുനില്പ്പുണ്ട്. അവ ചാടിക്കടക്കുവാൻ നിന്റെ മനസിനെ അവിടുന്ന് ശക്തമാക്കും. ‘എന്റെ ദൈവത്തിന്റെ സഹായത്താൽ ഞാൻ കോട്ട ചാടിക്കടക്കും’ എന്ന സങ്കീർത്തനവചനം ഓർക്കുക.
ദൈവം കൂടെയുണ്ടെന്നുള്ള ബോധ്യം മനസിൽ നിറയുന്ന ഒരു വ്യക്തിക്ക് ലഭിക്കുന്ന കരുത്തിന് പരിധിയില്ല. ഈ ലോകത്തിൽ എല്ലാം ചെയ്യുവാൻ എന്റെ ദൈവത്തിന്റെ സഹായത്താൽ എനിക്ക് സാധിക്കുമെന്ന ഒരു ബലം അവന് ലഭിക്കുന്നുണ്ട്. ”എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യുവാൻ എനിക്ക് സാധിക്കും” (ഫിലി. 4:13). ഈ വചനം അനേകപ്രാവശ്യം വിശ്വാസത്തോടെ ആവർത്തിച്ച് പ്രാർത്ഥിക്കുക.
നീ പരീക്ഷയ്ക്ക് തയാറെടുക്കുന്ന ഒരു വിദ്യാർത്ഥിയാണെങ്കിൽ നിർഭയനായി പരീക്ഷയെ അഭിമുഖീകരിക്കുവാൻ അത് നിന്നെ പ്രാപ്തനാക്കും. ഏത് പ്രശ്‌നത്തിന്റെ ചുഴിയിൽപ്പെട്ട് ഉഴലുന്ന വ്യക്തിയാണെങ്കിലും ഈ വചനം ഏറ്റുപറയുക. ദൈവത്തിന്റെ സാന്നിധ്യവും ശക്തിയും അനുഭവിക്കുവാൻ സാധിക്കും. ‘വചനം ദൈവമാണ്’ എന്ന് വിശുദ്ധ യോഹന്നാൻ എഴുതിയത് ഓർക്കുക. അതിനാൽ തികച്ചും പ്രതികൂലമായ ഒരു സാഹചര്യത്തെ കീഴ്‌പ്പെടുത്തുവാനുള്ളവനാണ് നീയെന്ന് ഉറുഗ്വേ ടീമിന്റെ വിജയം നമ്മെ പഠിപ്പിക്കുന്നു.
കർത്താവ് പറയുന്നു: ‘പ്രശോഭിക്കുക’
നമ്മുടെ കരുത്തിനെ ചോർത്തിക്കളയുന്നത് പലപ്പോഴും കൂടെയുള്ളവരുടെ നിരുത്സാഹപ്പെടുത്തുന്ന വാക്കുകളാണെന്ന് ഓർക്കുക. ഉറുഗ്വേ ടീമിന്റെ അധികാരികൾ അവരെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലല്ലല്ലോ സംസാരിച്ചത്. ‘അത് ചെയ്യുവാനുള്ള കഴിവൊന്നും നിനക്കില്ല’ എന്നുപറഞ്ഞ് പലരും നമുക്ക് വേലി കെട്ടുന്നുണ്ട്. അല്ലെങ്കിൽ ‘നീ നന്നാവുകയില്ല, നീ ഗുണം പിടിക്കുകയില്ല’ തുടങ്ങിയ ശാപവാക്കുകൾ നമ്മെ പുറകോട്ട് വലിക്കുന്നുണ്ടാകാം. എന്നാൽ, മറ്റുള്ളവർ പറയുന്നത് നീ കാര്യമാക്കേണ്ടാ.
നിന്റെ യഥാർത്ഥ പിതാവ് ദൈവമാണ്. അവിടുന്ന് പറയുന്നത് ശ്രവിക്കുവാൻ തയാറാവുക. ഏശയ്യാ പ്രവാചകനിലൂടെ അവിടുന്ന് ഇപ്രകാരം പറയുന്നു: ”ഉണർന്ന് പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്വം നിന്റെമേൽ ഉദിച്ചിരിക്കുന്നു” (ഏശ. 60:1). മനസ് മടുത്തിരിക്കുന്ന ഓരോ വ്യക്തിയോടും ഉണരുവാൻ, എഴുന്നേല്ക്കുവാൻ കർത്താവ് ആവശ്യപ്പെടുന്നു. ദൈവം നിന്നിൽ നിക്ഷേപിച്ചിരിക്കുന്ന കഴിവുകളെയും സാധ്യതകളെയും കണ്ടെത്തുക. അവ പൂർണമായും ഉപയോഗിക്കുവാൻ ആരംഭിക്കേണ്ട സമയമാണിത്.
അങ്ങനെ ചെയ്യുന്നത് നിനക്കുവേണ്ടി മാത്രമല്ല, ചുറ്റുമുള്ളവരെ പ്രകാശിപ്പിക്കുവാൻ വേണ്ടിക്കൂടിയാണ്. നിരാശപ്പെട്ടിരിക്കുന്നവരെ ബലപ്പെടുത്തുവാനുള്ള ഉത്തരവാദിത്വവും നിന്നിൽ നിക്ഷിപ്തമാണ്. അതാണ് ഉണർന്ന് പ്രശോഭിക്കുക എന്നതിലൂടെ ദൈവം അർത്ഥമാക്കുന്നത്. ഉറുഗ്വേ ടീമിന്റെ ക്യാപ്റ്റൻ വരേല ചെയ്തത് അതായിരുന്നുവല്ലോ. അദ്ദേഹം തന്റെ കഴിവുകൾ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ ഉത്തേജിപ്പിക്കുവാൻ അവയെ ഉപയോഗിച്ചു.
തളർന്നവനെ ശക്തിപ്പെടുത്തുകയം ദുർബലന് ബലം നല്കുകയും ചെയ്യുന്ന ദൈവത്തിന്റെ കരങ്ങളിൽ ഉപകരണങ്ങളായിത്തീരുമ്പോഴാണ് നമ്മുടെ ജീവിതം സാർത്ഥകമാകുന്നത്. അതിനാൽ ദൈവത്തിൽനിന്ന് ബലം സ്വീകരിച്ച് ബലം പകരുന്നവരായി നമുക്ക് മാറാം. അതിനുള്ള ശ്രമം ജറുസലെമിൽ – നമ്മുടെ തൊട്ടടുത്ത ജീവിതസാഹചര്യങ്ങളിൽ – ആരംഭിക്കാം. ജീവിതപങ്കാളിയെ, മക്കളെ, സുഹൃത്തുക്കളെ, അയല്ക്കാരെ, വിദ്യാർത്ഥികളെ, സഹപ്രവർത്തകരെ ഒക്കെ നീ സ്വീകരിച്ചിരിക്കുന്ന പ്രകാശത്തിലേക്ക് നയിക്കുക. ദൈവം നിന്നിൽ സംപ്രീതനാവുകയും കൂടുതൽ അനുഗ്രഹങ്ങൾ നിന്നിലേക്ക് വർഷിക്കുകയും ചെയ്യും. അപ്രകാരമുള്ള ഒരു ജീവിതം നയിക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.
പ്രകാശത്തിൽ വസിക്കുന്ന യേശുവേ, അങ്ങയെ ഞാൻ ആരാധിക്കുന്നു. എന്റെ മനസിന്റെ ഇരുണ്ട മേഖലകളിലേക്ക് അങ്ങയുടെ പ്രകാശത്തിന്റെ കിരണങ്ങൾ അയയ്ക്കണമേ. എന്റെ മനസിനെ പ്രകാശിപ്പിക്കുവാൻ തിരുമനസായാലും. എന്റെ ചുറ്റുമുള്ളവരെ അങ്ങയുടെ പ്രകാശത്തിലേക്ക് നയിക്കുവാൻ എന്നെ ഉപകരണമാക്കണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. പരിശുദ്ധ ദൈവമാതാവേ, വിശുദ്ധ യൗസേപ്പിതാവേ, കർത്താവിന്റെ മുഖത്തിന്റെ പ്രകാശത്തിൽ എന്നും എപ്പോഴും ജീവിക്കുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.
കെ.ജെ. മാത്യു