കൊന്നപ്പൂക്കൾ

ആൽവിന്റെ വീട്ടിലെ കൊന്നമരത്തിൽ നിറയെ പൂക്കളുണ്ട്. രാവിലെ അതു കാണുന്നതുതന്നെ അവന് വളരെ സന്തോഷമാണ്. കാരണം ആ കൊന്നമരം നട്ടത് ആൽവിനാണ്. നാല് വർഷങ്ങൾക്കുമുമ്പുള്ള ഒരു അവധിക്കാലത്ത് പൂത്തുനില്ക്കുന്ന മഞ്ഞക്കണിക്കൊന്നപ്പൂക്കൾ കണ്ടപ്പോൾ തോന്നിയ ഒരു മോഹം. അതാണ് ഇപ്പോൾ പൂവണിഞ്ഞുനില്ക്കുന്നത്. അവൻ ഏറെ സന്തോഷത്തോടെ ഓർത്തു.

കളിയും അല്പം പഠനവുമൊക്കെയായി ദിവസങ്ങൾ വേഗം തീർന്നുപോവുകയാണ്. ഇങ്ങനെയാണെങ്കിൽ അവധിക്കാലം പെട്ടെന്നു തീർന്നെന്നു തോന്നും. ആൽവിൻ ചിന്തിച്ചു. അപ്പോഴാണ് ഓർത്തത്. രണ്ടു ദിവസംകൂടി കഴിഞ്ഞാൽ വിഷുവാണ്. അയൽപക്കത്തെ ഹിന്ദു വീടുകളിൽ കണിക്കൊന്നയും കണിവെള്ളരിയുമൊക്കെ തൂക്കിയിടുന്നതുകാണാം. പെട്ടെന്ന് ആൽവിന്റെ മനസിൽ ഒരു മിന്നൽചിന്ത. ‘ഈശോയേ, എന്റെ കൊന്നപ്പൂക്കൾ ചോദിച്ച് ആരെങ്കിലും വരുമോ?’ അതോർത്തപ്പോൾ ആൽവിന് ഞെട്ടലനുഭവപ്പെട്ടു.

**** **** **** ****
അന്ന് ഉച്ചമയങ്ങിയ നേരത്ത് വീടിന്റെ മുൻവശത്ത് അമ്മയ്‌ക്കൊപ്പം ഇരിക്കുകയായിരുന്നു ആൽവിൻ. കുഞ്ഞനിയത്തി ഏയ്ഞ്ചൽ ഉച്ചയുറക്കത്തിലും. അപ്പോഴാണ് ഗായത്രിയാന്റി മുറ്റത്തേക്കു വന്നത്. അല്പനേരം അമ്മയോടും ആൽവിനോടും കുശലമൊക്കെ പറഞ്ഞ് ഇരുന്നു. പിന്നെയതാ അമ്മയോട് ഒരു ചോദ്യം, ”സോഫിച്ചേച്ചീ, വീട്ടിൽ കണിയൊരുക്കാൻ നാളെ ഇത്തിരി കൊന്നപ്പൂ തരാമോ?”

കേട്ടിരുന്ന ആൽവിൻ പെട്ടെന്ന് ഇരുന്നിടത്തുനിന്ന് എഴുന്നേറ്റുനിന്നുപോയി. അമ്മ അവന്റെ മുഖത്തേക്കു നോക്കി. അവൻ ദയനീയമായി അമ്മയുടെ മുഖത്തേക്കും. എന്നിട്ട് അവിടെത്തന്നെയിരുന്നു. അമ്മ ഗായത്രിയാന്റിയോട് പറഞ്ഞു, ”പിന്നെന്താ, സന്ധ്യയാകുമ്പോൾ ആൽവിൻ കൊണ്ടുവന്നുതരും” പിന്നെയും അല്പനേരം വർത്തമാനമൊക്കെ പറഞ്ഞ് ഗായത്രിയാന്റി തിരികെപ്പോയി.

പോയിക്കഴിഞ്ഞപ്പോൾ അമ്മ ആൽവിനോടു ചോദിച്ചു, ”മോനേ, നീ കഴിഞ്ഞ അവധിക്ക് ക്രിസ്റ്റീൻ ധ്യാനത്തിൽ പങ്കെടുത്തതല്ലേ? എന്നിട്ടും നിനക്ക് ഇഷ്ടപ്പെട്ട ഒരു സാധനം മറ്റൊരാൾക്ക് കൊടുക്കാൻ ഇത്ര വിഷമമെന്താ?”

”ഒന്നുമില്ലമ്മേ, പക്ഷേ അമ്മക്കറിയാലോ ഞാനെത്ര കൊതിയോടെ നട്ടുനനച്ച് ഉണ്ടാക്കിയതാണ് ആ കൊന്നമരമെന്ന്? അതിൽനിന്ന് പൂ പറിക്കാനുള്ള വിഷമംകൊണ്ടാ”
”ശരി, എന്നാൽ ക്രിസ്മസിന് പുൽക്കൂട്ടിൽ ഉണ്ണീശോയുടെ രൂപം അലങ്കരിക്കാനാണെങ്കിൽ നീയത് പറിക്കുമോ?”
”അതെന്തു ചോദ്യം? പിന്നെ പറിക്കില്ലേ?”

”നിനക്കുവേണ്ടിയാണെങ്കിൽ നീയതു പറിക്കും, അല്ലേ? എങ്കിൽപ്പിന്നെ നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കണമെന്ന് ഈശോ പറഞ്ഞത് നീ അനുസരിക്കുന്നുണ്ടെന്നു പറയാൻ പറ്റുമോ?”

അമ്മയുടെ ചോദ്യം ആൽവിനെ ചിന്തിപ്പിച്ചു. പിന്നെ അവൻ ഒന്നും പറഞ്ഞില്ല. അന്നു വൈകീട്ട് അമ്മ പറയാതെതന്നെ അവൻ ആറു കൊന്നപ്പൂക്കുലകൾ പറിച്ചു. ഗായത്രിയാന്റിക്ക് രണ്ടു കുല പൂ കൊടുത്തു. പിന്നെ വേറെ രണ്ടു കൂട്ടുകാരുടെ വീട്ടിലും അവർ ചോദിക്കാതെതന്നെ പൂക്കുലകൾ സമ്മാനമായി നല്കി. ഇഷ്ടമുള്ളതുപോലും മറ്റുള്ളവർക്കായി സ്‌നേഹത്തോടെ കൊടുക്കുമ്പോൾ അത് പുതിയൊരു സന്തോഷം നല്കുമെന്ന് അന്നവന് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *