സ്വർഗത്തിന്റെ അംബാസിഡർ വിശുദ്ധ പെദ്രോ ബോറ്റിസ്റ്റാ

”ഈ സംഘത്തിൽ ചേരാൻ നിങ്ങളിൽ ആർക്കെങ്കിലും താൽപര്യമുണ്ടോ? ക്രിസ്തുവാണിതിന്റെ ക്യാപ്റ്റൻ. അസീസിയിലെ വിശുദ്ധ ഫ്രാൻസിസാണ് ലഫ്റ്റനന്റ്. നരകത്തിനെതിരെയാണ് യുദ്ധം. ശമ്പളം അനുപമമായ മഹത്വവും.” മികച്ച വാഗ്മിയായ ഫാ. പെദ്രോ ബോറ്റിസ്റ്റാ ഫിലിപ്പൈൻസിലെ മനിലയിലുള്ള കത്തീഡ്രലിൽ നടത്തിയ പ്രസംഗമാണിത്. അദ്ദേഹത്തിന്റെ പ്രേഷിത തീക്ഷ്ണതയിലും ജീവിതമാതൃകയിലും ആകൃഷ്ടരായി ധാരാളം ചെറുപ്പക്കാരാണ് ഫ്രാൻസിസ്‌ക്കൻ സഭയിൽ ചേർന്നത.്

ഫിലിപ്പൈൻസിലെ തദ്ദേശീയരായ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച ഈ മിഷനറി വൈദികനെ യുദ്ധത്തിന്റെ അന്തരീക്ഷം നിലനിന്നിരുന്ന നിർണായക ഘട്ടത്തിൽ അംബാസിഡറായി ഗവർണർ ജനറൽ ജപ്പാനിലേക്ക് അയച്ചു. ജപ്പാനിലെത്തിയ പെദ്രോ ബോറ്റിസ്റ്റാ സമാധാനം സ്ഥാപിച്ചെന്ന് മാത്രമല്ല ക്രൈസ്തവവിശ്വാസത്തിന് ആഴമായ അടിത്തറ പാകുക കൂടി ചെയ്തു.

1542-ൽ സ്‌പെയിനിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ബോറ്റിസ്റ്റായുടെ ജനനം. ചെറുപ്പത്തിൽത്തന്നെ മറ്റ് കുട്ടികളിൽ നിന്ന് വ്യത്യസ്തനായിരുന്നു ബോറ്റിസ്റ്റാ. കളികളെക്കാളേറെ ദേവാലയത്തിലായിരിക്കാനും ദിവ്യബലിയിൽ ശുശ്രൂഷകനാകുവാനുമാണ് ബോറ്റിസ്റ്റാ താൽപര്യപ്പെട്ടത്. മികച്ച വിദ്യാർത്ഥികൂടിയായിരുന്ന ബോറ്റിസ്റ്റാ ഉന്നതവിദ്യാഭ്യാസത്തിന് ശേഷം ഫ്രാൻസിസ്‌ക്കൻ സഭയിലെ അംഗമായി.

ജപ്പാനിലെത്തിയ പെദ്രൊ ബോറ്റിസ്റ്റായുടെ ശ്രമഫലമായി വളരെയധികം പേർ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. ധാരാളം മിഷനറിമാരും ജപ്പാനിലെത്തി. എന്നാൽ കാലക്രമത്തിൽ ക്രൈസ്തവ മിഷനറിമാർ ജപ്പാനിലുളള വിജാതീയ പുരോഹിതരുടെ അപ്രീതിക്ക് പാത്രമായി. ജപ്പാനിലെ രാജാവിന്റെ പക്കൽ സ്വാധീനം ചെലുത്തിയ അവർ ക്രൈസ്തവ മിഷനറിമാരെ തടവിലാക്കി. തുടർന്ന് മിഷനറിമാർക്ക് ഭീകരമായ പീഡനങ്ങളാണ് നേരിടേണ്ടിവന്നത്.

പെദ്രോ ബോറ്റിസ്റ്റാ അടക്കമുള്ള മിഷനറിമാരുടെ ചെവി മുറിച്ചെടുത്തതിന് ശേഷം നഗരങ്ങൾതോറും പ്രദക്ഷിണമായി കൊണ്ടുനടന്ന് ജനങ്ങളിൽ ഭയം ജനിപ്പിച്ചു. നിറകണ്ണുകളോടെയാണ് തങ്ങളുടെ പ്രിയപ്പെട്ട മിഷനറിമാരുടെ ‘കുരിശിന്റെ വഴി’യിൽ വിശ്വാസികൾ പങ്കുചേർന്നത്. എന്നാൽ തങ്ങളെ അപമാനിക്കാനായി നടത്തിയ പ്രദക്ഷിണത്തിന്റെ അവസരവും വിശ്വാസികളെ ധൈര്യപ്പെടുത്തുന്നതിനായി മിഷനറിമാർ ഉപയോഗിച്ചു.

നാഗസാക്കിയിൽവച്ച് 26 മിഷനറിമാരെ കുരിശിൽ തറച്ച ശേഷം കുന്തം ഉപയോഗിച്ച് കുത്തിയാണ് കൊലപ്പെടുത്തിയത്. സ്തുതികീർത്തനങ്ങൾ ആലപിച്ച് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് പെദ്രോ ബോറ്റിസ്റ്റായും മറ്റ് മിഷനറിമാർക്കു പിന്നിൽ ഏറ്റവും ഒടുവിലായി ദൈവസന്നിധിയിലേക്ക് യാത്രയായി. ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ബോറ്റിസ്റ്റായെയും സഹമിഷനറിമാരെയും 1862-ൽ സഭ വിശുദ്ധരായി പ്രഖ്യാപിച്ചു.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *