ഒരു ലാസറിന്റെ ജീവിതത്തിൽനിന്ന്

ഏതാനും വർഷങ്ങൾക്കുമുൻപ് എനിക്ക് നടക്കുവാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ആ സമയത്ത് ഡോക്ടർമാർ പരിശോധിച്ച് പറഞ്ഞത് പാർക്കിൻസൺ രോഗത്തോട് ബന്ധപ്പെട്ട ‘ഫ്രീസിംഗ് ഗെയ്റ്റ്’ എന്ന രോഗമാണ് എന്നാണ്. വളരെ ചുറുചുറുക്കോടെ എല്ലാ കാര്യവും സ്വന്തമായി ചെയ്ത് മുംബൈയിൽ ജീവിച്ചുപോന്ന എനിക്ക് ഈ രോഗാവസ്ഥ അംഗീകരിക്കുവാൻ ഒട്ടുംതന്നെ സാധിച്ചില്ല. ഇനിമുതൽ ഏതു കാര്യത്തിനും പരാശ്രയം വേണം എന്ന ചിന്ത എന്നെ വളരെയധികം ദുഃഖത്തിലാഴ്ത്തി.

എന്റെ ബന്ധുക്കളിലാർക്കും ഇങ്ങനെയുള്ള രോഗം ഉള്ളതായി കേട്ടറിവുമില്ല. സംശയനിവാരണത്തിനായി കേരളത്തിലെ പ്രസിദ്ധരായ രണ്ടു ന്യൂറോളജിസ്റ്റുമാരുടെ അഭിപ്രായം തേടിയപ്പോൾ അവർ പരിശോധിച്ചു പറഞ്ഞതും മരുന്നുകൾ കുറിച്ചതും മുംബൈയിലെ ഡോക്ടർമാർ പറഞ്ഞതുപോലെ തന്നെയായിരുന്നു. ഞാൻ ഒരു രോഗിയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞത് എന്റെ അഹങ്കാരത്തിനേറ്റ ഏറ്റവും വലിയ അടിയായി.

പ്രായമോ ജോലിയോ കുടുംബപശ്ചാത്തലമോ ബാധകമല്ലാതെ ഏതൊരു വ്യക്തിയെയും രോഗം ബാധിക്കുമെന്ന വസ്തുത വേദനയോടെ ഞാൻ പഠിച്ചു. ഈ രോഗം ദൈവഹിതമാണെന്ന് സ്വയം അംഗീകരിക്കാൻ ആദ്യകാലങ്ങളിൽ കുറെ വേദനയോടെ ഞാൻ നിർബന്ധിക്കപ്പെട്ട സമയത്ത് ചില ദൈവവചനങ്ങൾ എന്റെ ഓർമയിൽ വന്നു. ”കർത്താവാണ് എന്റെ ഇടയൻ. എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല” (സങ്കീ. 23:1), ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല ക്ഷേമത്തിനുള്ള പദ്ധതിയാണ് അത്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെ. 29:11).
ഇതെങ്ങനെ നന്മയാകും?

ഈ രോഗം എങ്ങനെ എന്റെ നന്മയ്ക്കുവേണ്ടിയാകും? ദൈവം എന്തിനാണ് ഇങ്ങനെ ഒരു ശിക്ഷ നല്കിയത്? എന്നിങ്ങനെയുള്ള ചിന്തകൾ എന്നെ മഥിച്ചു. ഇതിനുത്തരമായി വേറെ ചില വചനങ്ങൾ എന്റെ മനസിലൂടെ കടന്നുപോയി. ”ഒരുവൻ കുശവന്റെ കൈയിലെ മൺപാത്രം മാത്രമായിരിക്കെ തന്റെ സ്രഷ്ടാവിനെ എതിർത്താൽ അവന് ഹാ കഷ്ടം. കളിമണ്ണ് തന്നെ മെനയുന്നവനോട് നീ എന്താണ് ഉണ്ടാക്കുന്നതെന്നോ നീ ഉണ്ടാക്കിയതിന് കൈപ്പിടിയുണ്ടോ എന്നോ ചോദിക്കുമോ?”
ഞാൻ കഴിഞ്ഞ വർഷങ്ങളിൽ കുട്ടികൾക്ക് പകർന്നു കൊടുത്തിരുന്ന എന്റെ വിശ്വാസം എവിടെ? എന്ന ചിന്ത എന്നിൽ ഉണർന്നു. ”ശാന്തമാകുക, ഞാൻ ദൈവമാണെന്ന് അറിയുക” എന്ന സങ്കീർത്തനവചനം എനിക്കാശ്വാസമേകി. ഈ രോഗമെല്ലാം എന്റെ ആത്മരക്ഷയ്ക്കുവേണ്ടിയാണ്, ലൗകികമായ സുഖങ്ങൾക്കുവേണ്ടിയല്ല എന്ന സത്യം സാവധാനം എനിക്ക് മനസിലാക്കുവാൻ സാധിച്ചു. ഈ രോഗാവസ്ഥ എന്നെ ദൈവവുമായി അനുനിമിഷം കൂടുതൽ അടുപ്പിച്ചു.

നാളുകൾക്കുമുൻപ് ഞങ്ങളുടെ വികാരിയച്ചൻ ധനവാന്റെയും ലാസറിന്റെയും ഉപമയെ ആസ്പദമാക്കി സംസാരിച്ചത് ആ സമയത്ത് എന്റെ മനസിൽ തെളിഞ്ഞുവരാൻ തുടങ്ങി. ആരാണ് ലാസർ? ആരാണ് ധനവാൻ? ഒരു നേരത്തെ പട്ടിണി അകറ്റാനോ ഒരു ചാൺ വയർ നിറയ്ക്കാനോ അന്തിക്ക് ഒന്നു തലചായ്ക്കാൻ ഇടം തേടുന്നവനോ മാത്രമല്ല ലാസർ. പരസഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിവില്ലാതെ, നിസഹായത അനുഭവിക്കുന്ന വ്യക്തിയും ലാസർ തന്നെയാണ്. ബാങ്കിലും ഗവൺമെന്റ് സ്ഥാപനങ്ങളിലും മറ്റ് ഓഫിസുകളിലും പണമിടപാടുകൾക്കായും മറ്റാവശ്യങ്ങൾക്കായും പോകുന്ന, നിരക്ഷരരായ വ്യക്തികൾ ലാസർമാർതന്നെ. റോഡ് കുറുകെ കടക്കാൻ വിഷമിക്കുന്ന അന്ധനായ വ്യക്തിയും ലാസർതന്നെ. അങ്ങനെ എത്രയോ ലാസർമാരാണ് നമ്മുടെ ചുറ്റിലും.

ധനവാൻ, ധാരാളം സമ്പത്തും ആഡംബരവും ഒക്കെയുള്ള ഒരു വ്യക്തി ആയിരിക്കണമെന്നില്ല. കിടക്കയിൽ തളർന്നു കിടക്കുന്നവരെയും നിരക്ഷരരെയും അന്ധരെയും സഹായിക്കാൻ കഴിവുള്ളവരാണ് യഥാർത്ഥത്തിൽ ‘ധനവാൻമാർ.’ കാരണം, ഹൃദയനൈർമല്യത്തോടും പ്രസന്നമായ മുഖഭാവത്തോടുംകൂടെ സേവനം ചെയ്തുകൊടുക്കുവാൻ ദൈവം അവനെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ട്. അതു ചെയ്യുന്നില്ലെങ്കിൽ അവർ ബൈബിളിലെ ധനവാനെപ്പോലെയാകുമെന്നുമാത്രം. പരിഹാസം സ്ഫുരിക്കുന്ന നോട്ടം, അലക്ഷ്യവും നിന്ദ്യവുമായ മറുപടി, ആവശ്യക്കാരെ അവഗണിക്കുന്ന പ്രകൃതം ഇതെല്ലാം നമ്മുടെ ചുറ്റിലും ഉള്ള ആവശ്യക്കാർക്ക് വേദനാജനകമാണ്. മാത്രമല്ല, ഇത് ഗൗരവമേറിയ പാപവുമാണ്.

എന്റെ ‘ലാസർ’ അവസ്ഥയിൽ ഡോക്ടർമാരെ സന്ദർശിക്കുവാനും ദേവാലയത്തിൽ പോകുവാനുമൊക്കെ സഹായിക്കുവാനായി സന്മനസുള്ള നിരവധി ‘ധനവാന്മാരെ’ നല്കി ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ ധനവാന്മാർ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്റെ ജോലിക്കാരുമാണ്.
ദിവ്യബലിയിൽ കാഴ്ചവയ്പ്പിന്റെ സമയത്ത് ഞാൻ ഈ ധനവാന്മാരെയെല്ലാം സമർപ്പിച്ച് ദൈവത്തിന് നന്ദി പറയുന്നു. പ്രത്യേകിച്ച്, വിശുദ്ധ കുർബാന എന്റെ ഇരിപ്പിടത്തിൽ കൊണ്ടുവന്ന് നാവിൽ തരുന്ന വൈദികരെയും സിസ്റ്റേഴ്‌സിനെയും സമർപ്പിച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. കൂടാതെ സന്ധ്യാസമയത്തും വ്യക്തിപരമായ പ്രാർത്ഥനാവേളയിലും ദൈവം ഓരോ ദിവസവും എന്നെ എങ്ങനെ കാത്തുപരിപാലിക്കുന്നുവെന്നതിനെപ്പറ്റി ധ്യാനിക്കുകയും നന്ദി പറയുകയും ചെയ്യുന്നു.

നന്മയാകുന്ന വഴികൾ
ഒരു വ്യക്തിയുടെ വേദന നിറഞ്ഞ ഹൃദയത്തിന് ഉത്തമമായ മരുന്ന് പ്രാർത്ഥനയാകയാൽ, ജീവിതത്തിന്റെ സങ്കടങ്ങളും പ്രയാസങ്ങളും ഒരുവനെ പ്രാർത്ഥനയിലേക്ക് നയിക്കുന്നു. സഹനങ്ങളും വേദനകളും നമ്മെ ബലഹീനമാക്കുമെങ്കിലും അതെല്ലാം ദൈവത്തിന് സമർപ്പിച്ച് കഴിയുമ്പോൾ ദൈവം അതിനെ ഏറ്റെടുത്ത് നമ്മെ ശക്തിപ്പെടുത്തുന്നു. നമുക്ക് താങ്ങാവുന്നതിലും വലിയ കുരിശ് അവിടുന്ന് നമുക്ക് നല്കുകയില്ല. സഹനം നല്കുമ്പോൾ അത് സഹിക്കുവാനുള്ള ശക്തിയും ദൈവം പ്രദാനം ചെയ്യുന്നു. ”നിനക്ക് എന്റെ കൃപ മതി. എന്തെന്നാൽ, ബലഹീനതയിലാണ് എന്റെ ശക്തി പൂർണമായി പ്രകടമാകുന്നത്” (2 കോറി. 12:9) എന്ന തിരുവചനം നല്കുന്ന ആശ്വാസം അവർണനീയമാണ്. ആദ്യകാലങ്ങളിൽ ഞാൻ ഏറെ പ്രാർത്ഥിക്കുന്ന വ്യക്തി ആയിരുന്നില്ല. പി ന്നീട് എന്റെ സഹനങ്ങൾ കാഴ്ചവച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുംവേണ്ടി ധാരാളം പ്രാർത്ഥിക്കുന്ന വ്യക്തിയായി ഞാൻ മാറി.

രോഗത്തിന്റെ കാലയളവിൽ ഫാ. മൈക്കിൾ ഇ. ഗെയ്റ്റ്‌ലി എം.ഐ.സി എന്ന വൈദികൻ എഴുതിയ ”33 ദിവസത്തെ പ്രഭാതസ്തുതി” എന്ന പുസ്തകം വായിക്കാനിടയായി. അതിൽ വിശുദ്ധ ലൂയിസ് ഡി മോണ്ട്‌ഫോർട്ട് പരിശുദ്ധ അമ്മ നമ്മുടെ പ്രാർത്ഥനകളും കാഴ്ചകളും അത്യാവശ്യക്കാർക്കായി വിതരണം ചെയ്യുന്ന രീതി പ്രതിപാദിച്ചിരിക്കുന്നു. ഉദാഹരണത്തിന് നമ്മൾ നമുക്കോ ബന്ധുമിത്രാദികൾക്കോ വേണ്ടി അർപ്പിക്കുന്ന പ്രാർത്ഥനകളുടെയും സഹനങ്ങളുടെയും ഒരു പങ്ക് നമുക്ക് അജ്ഞാതരായ വ്യക്തികൾക്കുവേണ്ടി സമർപ്പിക്കപ്പെടുന്നു.

ഒരുപക്ഷേ, നമ്മൾ ചിന്തിച്ചേക്കാം നമ്മുടെ പ്രിയപ്പെട്ടവർക്കായുള്ള അർത്ഥനകൾ മറ്റുള്ളവർക്കായി ഉപയോഗിച്ചാൽ അത് പ്രിയപ്പെട്ടവർക്ക് എങ്ങനെ ഉപകാരപ്പെടുമെന്ന്. ശങ്കിക്കേണ്ട. ഔദാര്യത്തിന്റെ നിറഞ്ഞു കവിഞ്ഞ സ്രോതസായ പരിശുദ്ധ കന്യക നമ്മുടെ പ്രിയപ്പെട്ടവരുടെ സകല ആവശ്യങ്ങളിലും സഹായിക്കാൻ അവരോടൊപ്പം കരുതലോടെ ഉണ്ട്. പ്രാർത്ഥന നമ്മുടെ രോഗങ്ങളും ദുഃഖങ്ങളും സഹനങ്ങളും മറക്കാനുള്ള കൃപ തരുമെന്ന്, എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് പറയാനാകും.

ചികിത്സയുടെ ഭാഗമായി ദക്ഷിണ കൊറിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയുടെ ഫിസിയോ തെറാപ്പി സെഷനിൽ ഞാൻ പങ്കെടുത്തു. സ്വന്തം പ്രായത്തെയോ അസുഖത്തെപ്പറ്റിയോ ചിന്തിക്കാതെ തന്റെതന്നെയും മറ്റുള്ളവരുടെയും നന്മമാത്രം ചിന്തിച്ച് ദൈവത്തിൽ ആശ്രയിക്കുക എന്നതാണ് അവിടുത്തെ ചികിത്സയുടെ അടിസ്ഥാനം. ഓരോ ദിവസവും ആ ദിവസത്തെ നന്മ മാത്രം ചിന്തിച്ച് ആ ദിവസത്തേക്കായി ജീവിക്കാൻ വേണ്ട തീരുമാനങ്ങൾ എടുത്ത് അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു.

ഈ ലാസറിന് പറയാനുള്ളത്
സമയവും കാലവും ആർക്കുവേണ്ടിയും കാത്തുനില്ക്കില്ല എന്ന പഴമൊഴി ഓർത്ത് ഓരോ ദിവസവും ചെയ്യാനുള്ള നന്മപ്രവൃത്തികൾ നാളേക്ക് നീട്ടിവയ്ക്കാതെ അന്നന്നുതന്നെ ചെയ്തുതീർക്കുവാൻ ബദ്ധശ്രദ്ധയുള്ളവരാകാം. ഒരു സുഹൃത്തിനെ ഫോണിൽ വിളിക്കാനോ രോഗികളോ അല്ലാത്തവരോ ആയ ബന്ധുമിത്രാദികളെ സന്ദർശിക്കാനോ ഒക്കെ ഉൾപ്രേരണ ഉണ്ടായാൽ ഒട്ടും അമാന്തം വിചാരിക്കാതെ അത് ചെയ്തിരിക്കണം. കാരണം, നമ്മുടെ സംഭാഷണവും സന്ദർശനവും അത് ലഭ്യമാകുന്നവർക്ക് ദീർഘകാലം നീണ്ടുനില്ക്കുന്ന സന്തോഷം പ്രദാനം ചെയ്യും.

നീണ്ട ഏഴുവർഷങ്ങൾക്കുശേഷം എന്റെ ചില സുഹൃത്തുക്കളുടെ അപ്രതീക്ഷിതമായ സന്ദർശനം എന്റെ ഉള്ളിൽ ദിവസങ്ങളോളം നിലനില്ക്കുന്ന ആനന്ദം പകർന്നു. രോഗീസന്ദർശനത്തിന്റെ അവസരങ്ങളിൽ ചില വ്യക്തികൾ അറിഞ്ഞോ അറിയാതെയോ രോഗിയുടെയും പ്രിയപ്പെട്ടവരുടെയും മുൻപിൽവച്ച് രോഗത്തെപ്പറ്റി ചർച്ച ചെയ്യാറുണ്ട്. ഇത് രോഗിയെയും വീട്ടുകാരെയും പ്രതികൂലമായി ബാധിക്കും എന്നതിനാൽ ഇത്തരം സംഭാഷണങ്ങൾ പാടേ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

മേരിക്കുട്ടി ജോർജ്, മുംബൈ

Leave a Reply

Your email address will not be published. Required fields are marked *