ധ്യാനകേന്ദ്രത്തിലെ കൗൺസിലിംഗ് ഹാൾ, മധ്യവയസ്‌കരായ ദമ്പതികൾ കൗൺസിലറുടെ അടുത്തേക്ക് ചെന്ന് കസേരയിൽ ഇരുന്നു. കൗൺസിലർ അവരെ നോക്കി പുഞ്ചിരിച്ചശേഷം കണ്ണടച്ച് കുറച്ചുസമയം പ്രാർത്ഥിച്ചു. കണ്ണു തുറന്നപ്പോൾ കണ്ടത് മുൻപിലിരിക്കുന്ന ദമ്പതികളിൽ ഭാര്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും അവൾ ഏങ്ങലടിച്ച് കരയുന്നതുമാണ്. കുറച്ചുസമയത്തെ നിശബ്ദതയ്ക്കുശേഷം ആ സ്ത്രീ പറഞ്ഞു: ബ്രദറേ, എന്റെ ഭർത്താവ് പള്ളിയിൽ പോയിട്ടും കുമ്പസാരിച്ചിട്ടും 15 വർഷം കഴിഞ്ഞിരിക്കുന്നു. ഒത്തിരി നാളത്തെ എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഇപ്പോൾ ഈ ധ്യാനത്തിന് വന്നതുതന്നെ. ഇവിടെ വന്നിട്ടും ഇദ്ദേഹം കുമ്പസാരിക്കാൻ തയാറാകുന്നില്ല.
കൗൺസിലർ ആ സ്ത്രീയുടെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി. പുഞ്ചിരിച്ചുകൊണ്ട് വളരെ ലാഘവമായിട്ടാണ് അയാളുടെ ഇരിപ്പ്. ”ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്നത് സഭ നമുക്ക് നൽകിയിരിക്കുന്ന കല്പനയല്ലേ സഹോദരാ?” കൗൺസിലർ ചിരിച്ചുകൊണ്ട് തന്നെ ചോദിച്ചു. കുമ്പസാരിക്കാൻതക്ക പാപങ്ങളൊന്നുംതന്നെ ഞാൻ ചെയ്യുന്നില്ല. പിന്നെന്തിനാണ് ബ്രദറേ കുമ്പസാരിക്കുന്നത്? പെട്ടെന്നായിരുന്നു അയാളുടെ മറുചോദ്യം.
കൗൺസിലർ ഓരോ പാപങ്ങളെപ്പറ്റിയും വിശദീകരിച്ചു. അതെല്ലാം തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് അയാൾക്ക് സമ്മതിക്കേണ്ടിവന്നു. ആത്മാവിന്റെ രക്ഷയെപ്പറ്റിയും അന്ത്യവിധിയെപ്പറ്റിയും നരകത്തെപ്പറ്റിയും ഏത് നിമിഷവും കടന്നുവരാവുന്ന മരണത്തെപ്പറ്റിയും കൗൺസിലർ അയാൾക്ക് വിശദമായി പറഞ്ഞുകൊടുത്തപ്പോൾ, അയാളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. എനിക്ക് ഇപ്പോൾത്തന്നെ കുമ്പസാരിക്കണമെന്ന് പറഞ്ഞു. കുമ്പസാരം നടക്കുന്ന ഹാളിലേക്ക് കൗൺസിലർ ആ ദമ്പതികളെ പ്രാർത്ഥനയോടെ പറഞ്ഞയച്ചു.
ഏകദേശം രണ്ടുമാസം കഴിഞ്ഞപ്പോൾ അതേ കൗൺസിലറുടെ അടുത്തേക്ക് ആ ദമ്പതികളിലെ സ്ത്രീ കടന്നുവന്നു. പുള്ളിക്കാരൻ എവിടെ? ചിരിച്ചുകൊണ്ടാണ് കൗൺസിലർ അവളോട് ചോദിച്ചത്. എന്നാൽ, മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു. അന്ന് കുമ്പസാരിച്ച് കുർബാന സ്വീകരിച്ച സന്തോഷത്തോടെ ധ്യാനം കഴിഞ്ഞ് ഞങ്ങൾ വീട്ടിലെത്തി. ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹത്തിനൊരു നെഞ്ചുവേദനയുണ്ടായി. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല- ആ സ്ത്രീ കരയുകയാണ്.
എന്തുപറഞ്ഞ് അവളെ ആശ്വസിപ്പിക്കുമെന്ന് വിചാരിച്ച് വിഷമിച്ചിരുന്ന കൗൺസിലറോട് കരച്ചിലടക്കി അവൾ പറഞ്ഞു: ”എന്റെ ഭർത്താവിന്റെ ആത്മാവ് തീർച്ചയായും ദൈവസന്നിധിയിൽ എത്തിയിട്ടുണ്ട്. അതെന്റെ മനസിന് സമാധാനം നല്കുന്നുണ്ട്. ഒരു നല്ല കുമ്പസാരം നടത്താൻ എന്റെ ഭർത്താവിനെ സഹായിച്ച ബ്രദറിന് നന്ദി പറയാനാണ് ഇന്ന് ഞാൻ ഇവിടെ വന്നത്.” കണ്ണുനീർ തുടച്ചുകൊണ്ട് എഴുന്നേറ്റുപോയ അവളെ നോക്കി ”തമ്പുരാനേ, ഭർത്താവ് നഷ്ടപ്പെട്ട ആ സ്ത്രീക്ക് നീയെന്നും കൂട്ടായി ഉണ്ടായിരിക്കണമേ” എന്ന് മനസിൽ പറയുവാൻ മാത്രമേ കൗൺസിലർക്ക്
കഴിഞ്ഞുള്ളൂ.
സദാ ഓർക്കേണ്ടത്
അനേകം മരണങ്ങൾ കണ്ടിട്ടും നാമാരും അതിൽനിന്ന് ഒരു പാഠവും പഠിക്കുന്നില്ല. അതുകൊണ്ടല്ലേ മരണമുള്ളവനായിട്ടും ഞാൻ മരണമില്ലാത്തവനെന്ന മട്ടിൽ ജീവിക്കുന്നത്. ഒരു മരണത്തിനും നേരെയാക്കാനാവാത്തവിധം ലോകത്തിന്റെ ആസക്തികൾ സമുദ്രംപോലെ എന്നിൽ തിളക്കുന്നത്. ജീവിതത്തിന്റെ എല്ലാ അർത്ഥങ്ങളും മരണത്തിന് മുൻപിൽ അസ്തമിച്ചുപോകും എന്ന സത്യം ഞാൻ തിരിച്ചറിയാത്തത്. അല്പകാലം മുൻപ് മണ്ണുകൊണ്ട് നിർമിക്കപ്പെട്ടവനും, അല്പകാലം കഴിയുമ്പോൾ, തനിക്ക് കടമായി ലഭിച്ച ആത്മാവിനെ ദാതാവ് ആവശ്യപ്പെടുമ്പോൾ തിരിച്ചേല്പ്പിച്ച് മണ്ണിലേക്ക് മടങ്ങേണ്ടവനുമായ മനുഷ്യൻ തനിക്ക് മരണമുണ്ടെന്നോ തന്റെ ജീവിതം ഹ്രസ്വമെന്നോ ചിന്തിക്കുന്നതേയില്ല (ജ്ഞാനം 15:8-9).
ആർക്കും ഒഴിവാക്കാനാവാത്ത, ഒരു നീക്കുപോക്കുമില്ലാത്ത, പച്ചയായ യാഥാർത്ഥ്യമാണ് മരണം. അത് മറന്നുകൊണ്ടാണ് ഇന്ന് പലരുടെയും ജീവിതം. ഏത് മനുഷ്യനും പരാജയപ്പെടുന്ന കവാടമാണിവിടം. സകലർക്കും ഇവിടെ അടി പതറുന്നു. ഒരു ശക്തിക്കും ഒരു മരുന്നിനും രക്ഷിക്കാൻ പറ്റാത്ത അവസ്ഥാവിശേഷം – അതാണ് മരണം. മനുഷ്യാ നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും. (ഉല്പ. 3:19) എന്ന് ആദിമനുഷ്യനോട് പറയപ്പെട്ട ദൈവവചനം ഇന്നും മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നു.
ഏതൊരുവനും ദൈവത്തിൽ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. കൗദാശിക ജീവിതം നയിക്കുകയോ നയിക്കാതിരിക്കുകയോ ചെയ്യാം. അത് അവന്റെ സ്വാതന്ത്ര്യം. സ്വന്തം ബുദ്ധിയുടെയും വിവേകത്തിന്റെയും തീരുമാനം അറിവിന്റെയും അറിവുകേടിന്റെയും അടയാളം. അതെന്തുമാകട്ടെ, എന്നാൽ അവന് ഒഴിവാക്കാനും ഒഴിഞ്ഞുമാറാനും പറ്റാത്ത ഒന്നുണ്ട് – അവന്റെ മരണം. ദൈവത്തിൽ വിശ്വസിക്കാതെ, ദൈവത്തെ അനുസരിക്കാതെ ജീവിക്കുന്നവർക്ക് മരണം ഏറ്റവും വേദനാജനകവും ഭയാനകവും ആയിരിക്കും. അവന്റെ ഇന്നുവരെയുള്ള ജീവിതംതന്നെ അത് അപ്രസക്തമാക്കിക്കളയും. ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഭീതി അവനെ വിഴുങ്ങും. അതിനാൽ വരാനിരിക്കുന്ന ജീവിതത്തെ മുന്നിൽ കൊണ്ടുകൊണ്ടാവണം നാം അധ്വാനിക്കേണ്ടതും പോരാടേണ്ടതും (1 തിമോ. 4:10).
അലക്‌സാണ്ടർ ചക്രവർത്തിയുടെ പിതാവായിരുന്ന ഫിലിപ്പ് മാസിഡോണിയായിലെ രാജാവായിരുന്നു. അദ്ദേഹം ഉറക്കമുണരുമ്പോൾ ”രാജാവേ, അങ്ങ് ഒരിക്കൽ മരിക്കുമെന്ന് ഓർത്തുകൊള്ളുക” എന്ന് ദിവസവും വിളിച്ചു പറയുവാൻ ഒരു ഭൃത്യനെ നിയോഗിച്ചിരുന്നു. ഞാനും ഒരു ദിവസം മരിക്കുമെന്ന ഓർമ്മ നമ്മിലില്ലാത്തതുകൊണ്ടാണ് അമിതമായ ജീവിതവ്യഗ്രതയും ധനാസക്തിയും നമ്മളിൽ രൂപംകൊള്ളുന്നത്. എന്നാൽ, മരണത്തെക്കുറിച്ചുള്ള ശരിയായ അറിവ് പാപത്തെ ഉപേക്ഷിക്കുവാനും അത്യാഗ്രഹത്തിൽനിന്ന് പിന്തിരിയുവാനും ദൈവഹിതം നിറവേറ്റുവാനും കൗദാശികജീവിതം നയിക്കാനും നമ്മെ സഹായിക്കുന്നു.
സീറോ മലബാർ സഭയുടെ കുർബാനക്രമത്തിൽ ദിവ്യബലിക്കുശേഷം ബലിപീഠത്തെ വണങ്ങിക്കൊണ്ടുള്ള ഒരു പ്രാർത്ഥനയുണ്ട്. ആ പ്രാർത്ഥന അവസാനിക്കുന്നത് ഇങ്ങനെയാണ്: ”ഇനിയൊരു ബലിയർപ്പിക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്ന് അറിഞ്ഞുകൂടാ.” എത്രയോ അർത്ഥവത്തായ പ്രസ്താവന. വൃദ്ധനും ആരോഗ്യവാനും രോഗികൾക്കും ചെറുപ്പക്കാർക്കുമെല്ലാം ഒരുപോലെ പ്രസക്തമായ പ്രാർത്ഥന. നമ്മുടെ നാളെയെക്കുറിച്ച്, എന്തിനേറെ അടുത്ത നിമിഷത്തെക്കുറിച്ചുപോലും നമുക്ക് യാതൊരു ഉറപ്പുമില്ല. നാം വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട ഒരു കാര്യമാണിത്. കാരണം ഇത് നമ്മുടെ ആത്മാവിന്റെ രക്ഷയുടെ കാര്യമാണ്. ഓർക്കുക – മരണത്തിന്റെ വിളി എപ്പോഴും അന്തരീക്ഷത്തിലുണ്ട്… നമ്മുടെ തൊട്ടരികിലുണ്ട്.
ഭൂമിയിൽ ജീവിതം ഏൽപിക്കുന്ന എല്ലാ പരുഷതകളിലൂടെയും സ്‌നേഹത്തോടും സന്തോഷത്തോടും സഹനത്തോടും കൂടി ഒരാൾക്ക് കടന്നുപോകാൻ കഴിയുന്നുവെങ്കിൽ അതിനയാളെ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം സ്വർഗമാണ്. കണ്ണ് കണ്ടിട്ടില്ലാത്തതും കാത് കേട്ടിട്ടില്ലാത്തതുമായ ഒരു ലോകമാണത്. സ്വർഗീയ പിതാവിനെ ആത്മീയ കണ്ണുകളാൽ നേരിൽ കാണേണ്ട ഇടമാണത്. മരണശേഷം ഞാൻ അവിടെ എത്തുന്നില്ലെങ്കിൽ എന്റെ ജീവിതത്തിന് എന്ത് പ്രസക്തിയാണുള്ളത്? ഇത്രയും കാലം ഈ ലോകത്തിൽ ഞാൻ ജീവിച്ചതിന് എന്ത് അർത്ഥമാണുള്ളത്?
ഇത് അമൂല്യസമയം
ഇത് നമ്മുടെ അമൂല്യമായ സമയമാണ്. മരണാനന്തരം അന്യരുടെ പ്രാർത്ഥനാസഹായത്താൽ രക്ഷ പ്രാപിക്കാം എന്ന് ചിന്തിക്കുന്നതിന് പകരം ആരോഗ്യമുള്ള ഇപ്പോൾത്തന്നെ കാലോചിതമായി വല്ല പുണ്യവും സമ്പാദിച്ചുവയ്ക്കുക. നിങ്ങൾ സ്വർഗത്തിൽ സമ്പാദ്യം കരുതിവയ്ക്കുക. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല (മത്താ. 6:20). എന്റെ ആത്മാവിന്റെ രക്ഷയുടെ കാര്യത്തിൽ എനിക്ക് താല്പര്യമില്ലെങ്കിൽ പിന്നെ ആർക്കാണ് താല്പര്യമുണ്ടാകുക?
നിത്യായുസിന് യോഗ്യത നേടാൻ അത്യന്തം സമുചിതമായ ഈ സമയം നാം ഉപയോഗിക്കുന്നില്ലെങ്കിൽ നാളെ അതിനുവേണ്ടി ഒരു ദിവസമോ ഒരു മണിക്കൂറോ കൊതിക്കുന്ന ഒരു കാലം വരും. അന്ന് നമുക്കത് ലഭിക്കുമോ എന്ന് ആർക്കും അറിഞ്ഞുകൂടാ. വചനം നമുക്ക് മുന്നറിയിപ്പ് നല്കുന്നു മനുഷ്യാ നിന്റെ ദിവസങ്ങൾ പരിമിതമാണ്. അതിനാൽ ജീവിച്ചിരിക്കുന്ന ഈ വേളയിൽത്തന്നെ നീ ആത്മശോധന ചെയ്യുകയും തിരുത്തലുകൾ നടത്തി പുതിയ മനുഷ്യനാവുകയും ചെയ്യുക (പ്രഭാ. 37:25-27).
ശരീരത്തെക്കാൾ നിന്റെ ആത്മാവാണ് ശ്രേഷ്ഠം എന്നൊക്കെ ക്രിസ്തു നമ്മെ ഉദ്‌ബോധിപ്പിക്കുമ്പോഴും ശരീരത്തിനപ്പുറമായി നമ്മുടെ ആത്മാവിനെക്കുറിച്ച് ചിന്തിക്കാൻ കഴിയാതെ പോകുന്നു നമുക്ക്. നമ്മിൽ പലരുടെയും ജീവിതവും ചിന്തയും ബദ്ധപ്പാടുമെല്ലാം നമ്മുടെ ശരീരത്തിനുവേണ്ടിയാണ്, ഈ ലോകത്തിനുവേണ്ടിയാണ്. അതെ, നമ്മുടെ ഹൃദയം നമ്മുടെ നിക്ഷേപങ്ങൾ സൂക്ഷിച്ചിരിക്കുന്നിടത്തായിരിക്കും (മത്താ. 6:21). മരണത്തിനപ്പുറം സ്വർഗം എനിക്കുവേണ്ടി കാത്തിരിക്കുന്നു എന്ന തിരിച്ചറിവ് നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിക്കണം. എന്നാൽ, ഈ ലോക ജീവിതത്തിന് വേണ്ടി മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിട്ടുള്ളവരാണ് നമ്മളെങ്കിൽ നമ്മൾ എല്ലാ മനുഷ്യരെയുംകാൾ നിർഭാഗ്യരാണ്. (1 കോറി. 15:19).
പാകമാകുന്ന കായ്കനിയുടെ ബന്ധങ്ങൾ ക്രമേണ ശിഥിലമാകുന്നു. മരംപോലും അതിനെ കയ്യൊഴിയുന്നു. അത് ഞെട്ടറ്റ് നിലംപതിക്കുന്നു. പുഷ്പിക്കുന്ന ഏതൊരു പൂമൊട്ടും ഒരുനാൾ പൊഴിയേണ്ടതാണ്. ഈ കാണുന്ന കാഴ്ചകളെല്ലാം ഒരുനാൾ നമ്മിൽനിന്നും അകന്നുപോകും. പട്ടുനൂൽക്കൂട്ടിൽ സുഖമായി കഴിയുന്ന പുഴുവിന് നാളുകൾ കഴിയുംതോറും കൂട് അന്യമായി അനുഭവപ്പെടുകയാണ്. ആ കൂട് അതിന്റേതല്ലാതായി തീരുകയാണ്. ഒടുവിൽ ആ കൂട് പൊട്ടിത്തകരുമ്പോൾ അത് മറ്റൊരിടത്തേക്ക് പറന്നുപോകുന്നു. അതുപോലെ ഈ ഭൗമകൂടാരത്തിൽനിന്ന് ഒരുനാൾ നാം നമ്മുടെ സ്വന്തം ഭവനത്തിലേക്ക് കൂടുമാറ്റം നടത്തിയേ പറ്റൂ. അതെ, മരണത്തിന്റെ വഴിയെ ഒരുനാൾ ഞാനും ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടവനാണെന്ന സത്യം തിരിച്ചറിഞ്ഞ് നമുക്ക് അഹന്ത വെടിഞ്ഞ് എളിമയുള്ളവരാകാം. ദൈവത്തെ ഭയപ്പെട്ട് ജീവിക്കാം.
അതിനാൽ അനിവാര്യമായ മരണത്തെ സന്തോഷത്തോടെ സ്വീകരിക്കാൻ നമുക്ക് ഇന്നുമുതൽ ഒരുങ്ങാം. മരണമുഹൂർത്തം സമാഗതമാകുമ്പോൾ ഭയത്തിന് പകരം ആനന്ദം അനുഭവിക്കത്തക്കതായ ഒരു ജീവിതം ആരംഭിക്കാം. ”മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല” (സങ്കീ. 23:4) എന്ന് പറയുവാൻ കഴിയുന്ന വിധത്തിലുള്ള വിശ്വാസം നമുക്ക് സ്വന്തമാക്കാം. ഏത് നിമിഷവും മരണം എന്നിലേക്ക് കടന്നുവരാം എന്ന അറിവിൽ നമുക്ക് നമ്മുടെ ഹൃദയത്തിൽ നല്ല മരണത്തിനായുള്ള പ്രാർത്ഥനകൾ എപ്പോഴും സൂക്ഷിക്കാം. ”ഓരോ പ്രവൃത്തിയും ചെയ്യുമ്പോൾ ജീവിതാന്തത്തെപ്പറ്റി ഓർക്കണം. എന്നാൽ, നീ പാപം ചെയ്യുകയില്ല” (പ്രഭാ. 7:36). അപ്പോൾ കുരിശിൽ കിടന്ന് മരണനേരത്ത് ”പിതാവേ, അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” (ലൂക്കാ 23:46) എന്ന് പറഞ്ഞുകൊണ്ട് മരിച്ച യേശുവിനെപ്പോലെ സമാധാനത്തോടെ മരിക്കുവാൻ നമുക്കും സാധിക്കും.
ഐസക്ക് ചാവറ