വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്!

പണ്ടുമുതലേ കാരണവന്മാർ ചൊല്ലിത്തന്ന് പഠിപ്പിച്ചിട്ടുള്ള ഒരു പഴമൊഴിയാണ് ”വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്” എന്നത്. നിന്ദയും പുച്ഛവും കലർന്ന ചിരി, സംസാരം, നോട്ടം, കളിയാക്കൽ എന്നിവ അതിന് ഇരയാകുന്നവരെ വളരെയധികം വേദനിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്യും. യേശു തന്റെ പീഡാനുഭവവേളയിൽ സഹിച്ച ഏറ്റവും ക്രൂരമായ മാനസികപീഡനം അവിടുത്തെ നേരെയുള്ള നിന്ദനങ്ങളായിരുന്നു. ”അവൻ നിന്ദിക്കപ്പെട്ടു; നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്” (ഏശ. 53:4).

വിശുദ്ധ ലിഖിതങ്ങളിലൂടെ കടന്നുപോകുമ്പോൾ ‘നിന്ദ’ പല വ്യക്തികളിലൂടെയും പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിലൊന്നാണ് ദാവീദിന്റെ ഭാര്യയും സാവൂളിന്റെ മകളുമായ മിഖാൽ ദാവീദുരാജാവിനുനേരെ കാണിച്ച നിന്ദ. കർത്താവിന്റെ വാഗ്ദാനപേടകം ഹിത്യനായ ഒബദ് എദോമിന്റെ വീട്ടിൽ വച്ചിരിക്കുകയായിരുന്നു. അവിടെനിന്നും അത് ജറുസലേമിൽ ദാവീദിന്റെ നഗരത്തിലേക്ക് കൊണ്ടുവന്നപ്പോൾ ഗായകസംഘവും വാദ്യമേളക്കാരും അതിന്റെ ചുറ്റും നിന്നുകൊണ്ട് ഇമ്പത്തിൽ പാട്ടുപാടി നൃത്തം ചെയ്തു. ദാവീദുരാജാവ് അപ്പോൾ ഒരു ചണവസ്ത്രംകൊണ്ടുണ്ടാക്കിയ അരക്കച്ച മാത്രമേ ധരിച്ചിരുന്നുള്ളൂ. അതു വകവയ്ക്കാതെ അദ്ദേഹം ഉച്ചസ്വരത്തിൽ പാട്ടുപാടി താളമേളങ്ങൾക്കൊപ്പം ആഹ്ലാദാരവത്തോടെ തുള്ളിച്ചാടി നൃത്തം ചെയ്തു.

ദാവീദിന്റെ ഭാര്യ മിഖാൽ ദാവീദിന്റെ ഈ ആനന്ദനൃത്തം ജനലിലൂടെ നോക്കിക്കണ്ടു. അവൾക്ക് ദാവീദിനോട് നിന്ദ തോന്നി. ആഹ്ലാദാരവങ്ങളും കർത്താവിന്റെ കൂടാരത്തിനുമുമ്പിലുള്ള ദഹനബലികളും വിരുന്നും കഴിഞ്ഞ് ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കുവാനായി അങ്ങോട്ടു കടന്നുചെന്നു. അപ്പോൾ മിഖാൽ അദ്ദേഹത്തെ പുച്ഛഭാവത്തിൽ നോക്കിക്കൊണ്ട് ഇപ്രകാരം നിന്ദിച്ച് പറഞ്ഞു: ”ഇസ്രായേലിന്റെ രാജാവ് ഇന്ന് തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു! തന്റെ ദാസന്മാരുടെ സ്ത്രീകളുടെ മുൻപിൽ ആഭാസനെപ്പോലെ നിർലജ്ജം അവൻ നഗ്നത പ്രദർശിപ്പിച്ചില്ലേ?” (2 സാമു. 6:20).

അവളുടെ നിന്ദാവചനങ്ങൾകേട്ട് ക്ഷുഭിതനാകാതെ തികഞ്ഞ ആത്മസംയമനത്തോടെ ദാവീദ് ഇപ്രകാരം പറഞ്ഞു: ”നിന്റെ പിതാവിനും കുടുംബത്തിനുംമേൽ കർത്താവിന്റെ ജനമായ ഇസ്രായേലിന് രാജാവായി നിയമിക്കുന്നതിന് എന്നെ തിരഞ്ഞെടുത്ത കർത്താവിന്റെ മുമ്പാകെയാണ് ഞാൻ നൃത്തം ചെയ്തത്. കർത്താവിന്റെ മുമ്പിൽ ഞാൻ ആനന്ദനൃത്തം ചെയ്യും. അതേ, കർത്താവിന്റെ മഹത്വത്തിന് ഞാൻ നിന്റെ മുമ്പിൽ ഇതിൽ കൂടുതൽ അധിക്ഷേപാർഹനും നിന്ദ്യനുമാകും. എന്നാൽ നീ പറഞ്ഞ ആ പെൺകുട്ടികൾ ഇതുനിമിത്തം എന്നെ ബഹുമാനിക്കും” (2 സാമു. 6:21-22).

ദാവീദിനെ നിന്ദിച്ച ഭാര്യ മിഖാലിന്റെമേൽ കർത്താവിന്റെ കോപമുണ്ടായി. അവൾ മരണംവരെയും സന്താനഹീനയായിരുന്നു. ”അഹങ്കാരിയിൽനിന്നും പരിഹാസവും ദൂഷണവും പുറപ്പെടുന്നു; പ്രതികാരം സിംഹത്തെപ്പോലെ അവനുവേണ്ടി പതിയിരിക്കുന്നു” (പ്രഭാ. 27:28). തന്റെ ഭാര്യ മിഖാൽ തന്നെ നിന്ദിച്ചുവെങ്കിലും ദാവീദ് തിരികെ നിന്ദിച്ചില്ല. പകരം ദൈവത്തിന്റെ മുമ്പിൽ കുറെക്കൂടി താണുകൊണ്ട് ദൈവത്തെ തന്റെ വാക്കുകളാൽ മഹത്വപ്പെടുത്തി.

മദർ തെരേസയും കുറെ പാവങ്ങളും
മദർ തെരേസ പാവങ്ങൾക്കുവേണ്ടിയുള്ള തന്റെ ശുശ്രൂഷയുടെ പ്രാരംഭകാലത്ത് വീടുതോറും പോയി ഇരന്ന് കിട്ടുന്ന പണംകൊണ്ടാണ് ശുശ്രൂഷ നിർവഹിച്ചിരുന്നത്. ഒരിക്കൽ മദർ തെരേസ ധനാഢ്യനായ ഒരു മനുഷ്യന്റെ മുമ്പിൽ തന്റെ പ്രിയപ്പെട്ട പാവങ്ങൾക്കുവേണ്ടി സഹായത്തിനായി കൈനീട്ടി. ക്ഷുഭിതനായ ആ മനുഷ്യൻ മദറിനെ നിന്ദിച്ചുകൊണ്ട് വളരെ ക്രൂരമായി സംസാരിക്കുക മാത്രമല്ല, മദറിന്റെ നീട്ടിപ്പിടിച്ച കൈയിൽ കാർക്കിച്ചു തുപ്പുകകൂടി ചെയ്തു.

മദർ തെരേസ ‘ഛേ’ എന്നു പറഞ്ഞില്ല. മാത്രമല്ല മറ്റേ കരംകൂടി നീട്ടിക്കൊണ്ട് യാതൊരു ഭാവഭേദവും കൂടാതെ ഇപ്രകാരം പറഞ്ഞു: ”എനിക്കുള്ളത് കിട്ടിക്കഴിഞ്ഞു. ഇനി എന്റെ പ്രിയപ്പെട്ട പാവങ്ങൾക്കുള്ളതുകൂടി തരണേ.” ആ സംഭവം മദറിന്റെ ശുശ്രൂഷാതീക്ഷ്ണതയെ തകിടം മറിച്ചില്ല എന്നുമാത്രമല്ല, കൂടുതൽ സ്‌നേഹത്തോടും സമർപ്പണത്തോടുംകൂടി താൻ സ്‌നേഹിക്കുന്ന തന്റെ പ്രിയപ്പെട്ട പാവങ്ങൾക്കുവേണ്ടി പ്രയത്‌നിക്കുവാൻ അതൊരു പ്രചോദനമായിത്തീരുകകൂടി ചെയ്തു.
അപ്പസ്‌തോലന്മാർ യേശുവിന്റെ സുവിശേഷം പേടിയില്ലാതെ പ്രസംഗിച്ചുകൊണ്ട് ചുറ്റിസഞ്ചരിച്ചപ്പോൾ നിയമജ്ഞരും ഫരിസേയരും പുരോഹിതവൃന്ദവും യഹൂദരും ചേർന്ന് അവരെ ബന്ധനസ്ഥരാക്കി. അപ്പസ്‌തോലന്മാരോട് മേലിൽ യേശുവിന്റെ നാമത്തിൽ പ്രസംഗിക്കരുത് എന്ന് കല്പിച്ച് അവരെ പ്രഹരിച്ചതിനുശേഷം വിട്ടയച്ചു. അവരാകട്ടെ, യേശുവിന്റെ നാമത്തെപ്രതി അപമാനം സഹിക്കാൻ യോഗ്യത ലഭിച്ചതിൽ സന്തോഷിച്ചുകൊണ്ട് സംഘത്തിനുമുമ്പിൽനിന്നും പുറത്തുപോയി. ആ നിന്ദനവും പ്രഹരവും അവരെ തകർത്തില്ല എന്നു മാത്രമല്ല, കൂടുതൽ ശക്തിയോടെ അവർ നിർവഹിച്ചിരുന്ന സുവിശേഷവേലകളിൽ വ്യാപൃതരായി. ദൈവനാമത്തിൽ നാം ഏറ്റുവാങ്ങുന്ന നിന്ദനങ്ങളും അപമാനങ്ങളും നമ്മളെ തളർത്തുകയല്ല വളർത്തുകയാണ് ചെയ്യുന്നത്.

ക്രിസ്തു സഹിച്ച നിന്ദനം
മനുഷ്യചരിത്രത്തിൽ ഇന്നേവരെ ക്രിസ്തു സഹിച്ചതുപോലൊരു നിന്ദനപീഡ ആരും സഹിച്ചിട്ടില്ല. ഇനി ആർക്കും അത് അവിടുന്ന് സഹിച്ച അളവിൽ സഹിക്കാനാവുകയുമില്ല. ക്രിസ്തു സഹിക്കാൻ പോകുന്ന നിന്ദാപമാനങ്ങളെക്കുറിച്ച് അനേകവർഷങ്ങൾക്കുമുമ്പേ ഏശയ്യാ പ്രവചനങ്ങളിലൂടെ ദൈവം തന്റെ ജനത്തോട് ഇപ്രകാരം സംസാരിച്ചിരുന്നു: ”ദൈവമായ കർത്താവ് എന്റെ കാതുകൾ തുറന്നു. ഞാൻ എതിർക്കുകയോ പിന്മാറുകയോ ചെയ്തില്ല. അടിച്ചവർക്ക് പുറവും താടിമീശ പറിച്ചവർക്ക് കവിളുകളും ഞാൻ കാണിച്ചുകൊടുത്തു. നിന്ദയിൽനിന്നും തുപ്പലിൽനിന്നും ഞാൻ മുഖം തിരിച്ചില്ല. ദൈവമായ കർത്താവ് എന്നെ സഹായിക്കുന്നതിനാൽ ഞാൻ പതറുകയില്ല. ഞാൻ എന്റെ മുഖം ശിലാതുല്യമാക്കി” (ഏശ. 50:5-7).

ഏശയ്യാ പ്രവാചകനിലൂടെ ദൈവത്തിന്റെ ആത്മാവ് വീണ്ടും ഇപ്രകാരം അരുളിച്ചെയ്തു. തൈച്ചെടിപോലെ, വരണ്ട ഭൂമിയിൽ നില്ക്കുന്ന മുളപോലെ, അവൻ അവിടുത്തെ മുമ്പിൽ വളർന്നു. ശ്രദ്ധാർഹമായ രൂപഭംഗിയോ ഗാംഭീര്യമോ ആകർഷകമായ സൗന്ദര്യമോ അവനുണ്ടായിരുന്നില്ല. അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചുകളഞ്ഞു” (ഏശ. 53:2-3).
വർഷങ്ങൾക്കുശേഷം യേശു ഘാതകരുടെ കൈയിൽ ഏല്പ്പിക്കപ്പെട്ടപ്പോൾ മുൻകണ്ട പ്രവചനങ്ങൾ യേശുവിൽ നിറവേറ്റപ്പെട്ടു എന്നു മാത്രമല്ല അതിലും വളരെയേറെയും അവൻ സഹിക്കേണ്ടിവന്നു. ഇതാ തിരുവചനങ്ങൾ അതു വ്യക്തമാക്കുന്നു. ചമ്മട്ടികൊണ്ട് അടിച്ചതിനുശേഷം ”പടയാളികൾ യേശുവിനെ കൊട്ടാരത്തിനുള്ളിൽ പ്രത്തോറിയത്തിനുള്ളിലേക്ക് കൊണ്ടുപോയി. അവർ സൈന്യവിഭാഗത്തെ മുഴുവൻ അണിനിരത്തി. അവർ അവനെ ചെമപ്പുവസ്ത്രം ധരിപ്പിക്കുകയും ഒരു മുൾക്കിരീടം മെടഞ്ഞ് അണിയിക്കുകയും ചെയ്തു. യഹൂദരുടെ രാജാവേ, സ്വസ്തി! എന്ന് അവർ അവനെ അഭിവാദനം ചെയ്യാൻ തുടങ്ങി.
പിന്നീട് ഞാങ്ങണകൊണ്ട് അവന്റെ ശിരസിൽ അടിക്കുകയും അവന്റെമേൽ തുപ്പുകയും മുട്ടുകുത്തി അവനെ പ്രണമിക്കുകയും ചെയ്തു. അവനെ പരിഹസിച്ചശേഷം ചെമപ്പുവസ്ത്രം അഴിച്ചുമാറ്റി അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ചു” (മർക്കോ. 15:16-20). ”അവർ അവന്റെ കണ്ണുകൾ മൂടിക്കൊണ്ട് നിന്നെ അടിച്ചവൻ ആരെന്ന് പ്രവചിക്കുക” (ലൂക്കാ 22:64) എന്ന് പറഞ്ഞു. അവന്റെ അപമാനം വർധിപ്പിക്കാൻ അവനോടുകൂടി രണ്ട് കവർച്ചക്കാരെക്കൂടി കുരിശിൽ തറച്ചു. ഒരുവനെ വലതും അപരനെ ഇടതും ഭാഗങ്ങളിലായി നാട്ടിനിർത്തി. അതിലെ കടന്നുപോയവർ പുച്ഛഭാവത്തിൽ തലകുലുക്കിക്കൊണ്ട് അവനെ നിന്ദിച്ച് ഇങ്ങനെ പറഞ്ഞു: ”ദേവാലയം നശിപ്പിച്ച് മൂന്നുദിവസംകൊണ്ട് അതു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക. നീ ദൈവപുത്രനാണെങ്കിൽ കുരിശിൽനിന്നും ഇറങ്ങിവരുക.”

അപ്രകാരം തന്നെ പ്രധാന പുരോഹിതന്മാർ നിയമജ്ഞരോടും പ്രമാണികളോടുമൊത്ത് അവനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു: ”ഇവൻ മറ്റുള്ളവരെ രക്ഷിച്ചു. തന്നെതന്നെ രക്ഷിക്കാൻ ഇവന് സാധിക്കുന്നില്ല. ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ. കുരിശിൽ നിന്നിറങ്ങിവരട്ടെ. ഞങ്ങൾ ഇവനിൽ വിശ്വസിക്കാം” (മത്താ. 27:42). കുരിശിൽ തറക്കപ്പെട്ടിരുന്ന കുറ്റവാളികളിൽ ഒരുവൻ അവനെ നിന്ദിച്ച് പറഞ്ഞു: ”നീ ക്രിസ്തുവല്ലേ നിന്നെയും ഞങ്ങളെയും രക്ഷിക്കുക” (ലൂക്കാ 23:39). ശരീരത്തിൽ അവിടുന്ന് ഏറ്റുവാങ്ങിക്കൊണ്ടിരുന്ന അതിക്രൂരമായ മർദനങ്ങളോടൊപ്പമാണ് അത്യധികം വേദനാജനകമായ ഈ നിന്ദനങ്ങൾ മുറുമുറുപ്പു കൂടാതെ അവിടുന്ന് സ്വീകരിച്ചത്. ആ നിന്ദനങ്ങൾ അവിടെത്തന്നെ അവസാനിക്കാനുള്ളതായിരുന്നില്ല. മൂന്നാം ദിവസം അവൻ ഉയിർപ്പിക്കപ്പെട്ടപ്പോൾ അവന്റെമേൽ നിപതിച്ച നിന്ദനങ്ങൾ മഹിമയ്ക്കുമേൽ മഹിമയായി അവനോടുകൂടി ചേർക്കപ്പെട്ടു. ”ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി എല്ലാ നാമങ്ങൾക്കും ഉപരിയായ നാമം നല്കുകയും ചെയ്തു” (ഫിലി. 2:9).

അരുതേ നിന്ദിക്കരുതേ
നാമെല്ലാവരും ഒത്തിരിയേറെ കുറവുള്ളവരും കുറവുകളും അപൂർണതകളും ഉള്ളവരുടെ മധ്യേ ജീവിക്കുന്നവരുമാണ്. നമുക്കെല്ലാവർക്കുംകൂടി ഒരു പിതാവേയുള്ളൂ – സ്വർഗസ്ഥനായ നമ്മുടെ ഏകപിതാവ്. തന്റെ മക്കൾ തമ്മിൽത്തമ്മിൽ നിന്ദിക്കുന്നവരായി കാണാൻ അവിടുന്ന് ഇഷ്ടപ്പെടുന്നില്ല. നമ്മുടെ പരസ്പരമുള്ള നിന്ദനങ്ങൾ അവിടുത്തെ മുഖത്താണ് പതിക്കുക. കർത്താവായ യേശു അതിനെക്കുറിച്ച് ഇപ്രകാരം നമുക്ക് മുന്നറിയിപ്പ് തരുന്നു ”ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു” (മത്താ. 18:10-11).

നമ്മളിലാർക്കെങ്കിലും അല്പം മന്ദബുദ്ധിയായ ഒരു മകനോ/മകളോ ഉണ്ടെന്നിരിക്കട്ടെ. ക്ലാസിൽ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ അവന്/അവൾക്ക് കഴിവില്ലായിരിക്കാം. ക്ലാസ്ടീച്ചറോ മറ്റേതെങ്കിലും ടീച്ചറോ അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഈ കുട്ടി ഉയരുന്നില്ല എന്ന കാരണത്താൽ അവനെ/അവളെ നിന്ദിച്ചുകൊണ്ട് എന്തെങ്കിലും പറഞ്ഞു എന്നിരിക്കട്ടെ. അതറിയുന്ന മാതാപിതാക്കളായ നമ്മളാരെങ്കിലും വെറുതെയിരിക്കുമോ? പിറ്റേദിവസം തന്നെ ആ ടീച്ചറിനെതിരെയുള്ള പരാതിയുമായി നാം പ്രധാനാധ്യാപകനെ കാണാതിരിക്കുമോ? ഇതുപോലെതന്നെയാണ് സ്വർഗസ്ഥനായ നമ്മുടെ പിതാവും. ”നമ്മൾ പറയുന്ന ഓരോ വ്യർത്ഥവാക്കിനും വിധി ദിവസത്തിൽ കണക്ക് കൊടുക്കേണ്ടിവരും” (മത്താ. 12:36). യേശു വീണ്ടും പറഞ്ഞു ”സഹോദരനെ ഭോഷാ എന്ന് വിളിക്കുന്നവൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്‌ക്കേണ്ടിവരും. വിഡ്ഢി എന്ന് വിളിക്കുന്നവനാകട്ടെ നരകാഗ്നിക്ക് ഇരയായിത്തീരും” (മത്താ. 5:22).

നമ്മൾ പലരും നമ്മുടെ കുടുംബത്തിന്റെയും ഭാര്യാഭർതൃബന്ധത്തിന്റെയും ഒക്കെ ബന്ധനങ്ങൾ അഴിയാൻവേണ്ടി പ്രാർത്ഥിക്കുന്നവരാണ്. പക്ഷേ, നമ്മുടെ രക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്ന നമ്മൾ പരസ്പരമോ മറ്റാരെയെങ്കിലുമോ നിന്ദിക്കുന്നവരാണെങ്കിൽ നമ്മുടെ ബന്ധനങ്ങൾ അഴിയുകയില്ല എന്നു മാത്രമല്ല, ഉള്ള ബന്ധനങ്ങൾ കഠിനമായിത്തീരുകയും ചെയ്യും. ”അതിനാൽ നിങ്ങൾ നിന്ദിക്കരുത്. നിന്ദിച്ചാൽ നിങ്ങളുടെ ബന്ധനങ്ങൾ കഠിനമാകും” (ഏശ. 28:22).

കുത്തും കോളും വച്ചാൽ
ചിലരുണ്ട് അവർ ധൈര്യസമേതം പറയും, ഞാനാരെയും നിന്ദിക്കാറില്ല എന്ന്. പക്ഷേ, അവർ തിരിച്ചറിയുന്നില്ല കുത്തും കോളും വച്ചുള്ള സംസാരം ഒരു വിധത്തിലുള്ള നിന്ദനവും അപരനെക്കൊണ്ട് തെറ്റു ചെയ്യിക്കാൻപോന്ന പ്രകോപനപരമായ പാരയുമാണെന്ന്. ഭാര്യാഭർതൃബന്ധത്തിലാകട്ടെ, മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തിലാകട്ടെ, ഓഫിസിലോ മറ്റു തൊഴിൽരംഗത്തോ ആകട്ടെ കുത്തും കോളും വച്ചുള്ള സംസാരം സമാധാനത്തെ തകർക്കും. അത് നിന്ദനംതന്നെയാണ്. അത് മറ്റുള്ളവരെ പ്രകോപിപ്പിക്കുകയും തിരിച്ച് അതേ തെറ്റുതന്നെ നമ്മളോട് ചെയ്യാൻ പ്രേരണ നല്കുകയും ചെയ്യും. കർത്താവ് പറഞ്ഞു: ”നിങ്ങളുടെ വാക്ക് അതേ അതേ എന്നോ, അല്ല അല്ല എന്നോ ആയിരിക്കട്ടെ. അതിനപ്പുറമുള്ളത് ദുഷ്ടനിൽനിന്നും വരുന്നു” (മത്താ. 5:37).

റോസിക്ക് ഇഷ്ടമുള്ള റോസ് നിറത്തിലുള്ള സിൽക്ക് സാരിതന്നെയാണ് ഇത്തവണ കറിയാച്ചൻ ബർത്ത്‌ഡേ സമ്മാനമായി നല്കിയത്. റോസിക്കത് നന്നായി ഇഷ്ടപ്പെട്ടു. അവൾ തിരിച്ചും മറിച്ചും നോക്കി. ദേഹത്തിട്ട് കണ്ണാടിയുടെ മുമ്പിൽ നിന്നുനോക്കി. അവൾ പറഞ്ഞു: ”അച്ചായാ നന്നായിരിക്കുന്നു. എനിക്ക് വലിയ ഇഷ്ടമായി. എന്റെ അച്ചായൻ എന്റെ മനസറിഞ്ഞ് സെലക്ട് ചെയ്യാൻ പഠിച്ചല്ലോ?”

അപ്പോഴതാ കറിയാച്ചൻ ഇപ്രകാരം പറയുന്നു ”നിനക്കല്ലേലും അങ്ങനെയാ. നിനക്കിഷ്ടമുള്ളതുപോലൊക്കെ ഞാൻ പ്രവർത്തിച്ചാൽ ഞാൻ നല്ല കെട്ടിയവൻ. അല്ലെങ്കിൽ ഞാൻ ചീത്ത. നിനക്കല്ലേലും ഇതിന്റെയൊന്നും വിലയറിയില്ല. നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇത്രനാളായി. എന്നെങ്കിലും ഞാൻ ബർത്ത്‌ഡേയ്ക്ക് ഒരു സാരി മുടക്കിയിട്ടുണ്ടോ? കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടാ ഞാനിതൊക്കെ മേടിച്ചുതരുന്നത്. പക്ഷേ, അതിന്റെയൊന്നും നന്ദി നിനക്ക് ഒരിക്കലും എന്നോടില്ല. ഞാനെപ്പോഴും നിന്റെ ഇഷ്ടാനുവർത്തി ആയിരിക്കണം. അതല്ലേ നീ പറഞ്ഞതിന്റെയർത്ഥം?”

പ്രിയപ്പെട്ടവരേ, കറിയാച്ചന്റെ ഈ വാക്കുകൾ കേൾക്കുന്ന റോസിക്ക് കറിയാച്ചനോട് നന്ദിയും സന്തോഷവുമാണോ തോന്നുക, നിന്ദിക്കപ്പെട്ടതിന്റെയും കുത്തുവാക്ക് കേട്ടതിന്റെയും സങ്കടമാണോ തോന്നുക? ‘ജ്ഞാനം വീടു പറയുന്നു. ഭോഷത്തം അത് ഇടിച്ചുകളയുന്നു’ എന്ന വചനം ഇവിടെ അർത്ഥവത്താണ്. റോസി കുത്തും കോളും വച്ച് ഒരു താങ്ങ് അങ്ങോട്ടും കൊടുത്താൽ ഒരു കുടുംബകലഹവും കണ്ണീരും റെഡി. പിന്നെ ബർത്ത്‌ഡേ കേക്ക് മുറിക്കേണ്ടി വരികയില്ല.

ഇതാ കർത്താവിന്റെ ആത്മാവ് തന്റെ വചനത്തിലൂടെ നമ്മോട് സംസാരിക്കുന്നു: ”മകനേ, നിന്റെ സത്പ്രവൃത്തികളിൽ നിന്ദ കലർത്തരുത്; സമ്മാനം നല്കുമ്പോൾ വേദനാജനകമായി സംസാരിക്കരുത്. മഞ്ഞ് കഠിനമായ ചൂടു കുറയ്ക്കുന്നില്ലേ. നല്ല വാക്ക് ദാനത്തെക്കാൾ വിശിഷ്ടമാണ്. നല്ലവാക്ക് വിലയുറ്റ സമ്മാനത്തെ അതിശയിക്കുകയില്ലേ? കാരുണ്യവാനിൽ ഇതു രണ്ടും കാണപ്പെടുന്നു. ഭോഷൻ കാരുണ്യരഹിതനും നിന്ദകനുമാണ്” (പ്രഭാ. 18:15-18).
”വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത് ”

മുകളിൽ കണ്ട പഴമൊഴി ഇത്തവണ നമ്മളെ പഠിപ്പിക്കുന്നത് പഴമക്കാരാരുമല്ല. മുഖ്യദൂതനായ വിശുദ്ധ മിഖായേൽ തന്നെയാണ്. സ്വർഗീയസേനകളുടെ സൈന്യാധിപൻതന്നെയാണ് വിശുദ്ധ മിഖായേൽ. എത്ര വലിയ മഹത്വത്തിന്റെയും അധികാരത്തിന്റെയും സമ്പന്നതയിൽ വസിക്കുന്നവൻ! മത്സരിക്കുന്നത് സാത്താനോടുതന്നെ. ആ വാക്കുതർക്കത്തിൽ സ്വർഗത്തിന്റെ മഹത്വവും സ്വർഗീയരുടെ കുലീനതയും നിറഞ്ഞുനില്ക്കുന്നത് തിരുവചനങ്ങളിൽ നമുക്ക് കാണാൻ കഴിയും.

യൂദാശ്ലീഹ എഴുതിയ ലേഖനത്തിലാണ് മിഖായേലും സാത്താനും തമ്മിലുള്ള തർക്കത്തെക്കുറിച്ച് ഇപ്രകാരം വിവരിച്ചിരിക്കുന്നത്. ”പ്രധാന ദൂതനായ മിഖായേൽ മോശയുടെ ശരീരത്തെച്ചൊല്ലി, പിശാചിനോട് തർക്കിച്ചപ്പോൾ അവനെ കുറ്റപ്പെടുത്തി ഒരു നിന്ദാവചനംപോലും ഉച്ചരിക്കാൻ തുനിഞ്ഞില്ല; പിന്നെയോ, കർത്താവ് നിന്നെ ശാസിക്കട്ടെ എന്നുമാത്രം പറഞ്ഞു. ഈ മനുഷ്യരാകട്ടെ തങ്ങൾക്ക് മനസിലാകാത്ത എല്ലാ കാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ തങ്ങളുടെ ജന്മവാസനകൊണ്ട് മനസിലാക്കുന്ന കാര്യങ്ങൾവഴി അവർ മലിനരാവുകയും ചെയ്യുന്നു. അവർക്ക് ദുരിതം!” (യൂദാ. 1:9-10).
പിശാചിനെപ്പോലും നിന്ദിക്കാൻ തയാറാകാത്ത മുഖ്യദൂതനായ മിഖായേലിന്റെ മാതൃക നമുക്കും അനുകരിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ നമ്മുടെ കുടുംബബന്ധങ്ങളും സമൂഹജീവിതവും തൊഴിൽ ഇടങ്ങളും സഭാത്മക ജീവിതവുമെല്ലാം സ്വർഗസുന്ദരമായിത്തീർന്നേനെ. തന്നിൽ താഴെയുള്ളവരോടും താൻ ദ്വേഷിക്കുന്നവരോടും തന്റെ അധികാരത്തിൽ പെടുന്നവരോടും എങ്ങനെയും സംസാരിക്കാം, ഏതു നിന്ദാവചനവും ഉച്ചരിക്കാം എന്നുള്ള നമ്മുടെ മിഥ്യാബോധം സ്വർഗത്തിന്റെ പദ്ധതികൾക്ക് എതിരാണ്.

”നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാകുക; അപ്പോൾ കർത്താവിന്റെ കൃപയ്ക്ക് നീ പാത്രമാകും” (പ്രഭാ. 3:18) എന്ന തിരുവചനം നമുക്ക് ദിശാബോധം നല്കട്ടെ. ”തീച്ചൂളയിൽനിന്ന് നീരാവിയും പുകയും ജ്വാലയ്ക്ക് മുമ്പേ ബഹിർഗമിക്കുന്നതുപോലെ നിന്ദ രക്തച്ചൊരിച്ചിലിന്റെ മുന്നോടിയാണ്” (പ്രഭാ. 22:24). എത്രയോ ഭവനങ്ങളിലും രാഷ്ട്രീയ കക്ഷികൾ തമ്മിലുമാണ് പരസ്പരമുള്ള നിന്ദ വെട്ടും കുത്തും കൊലപാതകവുമായി കലാശിച്ചിട്ടുള്ളത്.

നമ്മുടെ കർത്താവ് സഹിച്ച പാടുപീഡകളെയും അപമാനങ്ങളെയും ഓർത്ത് ധ്യാനിച്ച് നിന്ദനം ശീലിച്ച നമ്മുടെ നാവിനെ പിഴുതുമാറ്റി വൻപു പറയാത്ത എളിമയുള്ള ഒരു നാവ് തരണമേയെന്ന് നമുക്ക് പ്രാർത്ഥിക്കാം. ”അവൻ നിന്ദിക്കപ്പെട്ടു. നാം അവനെ ബഹുമാനിച്ചതുമില്ല. നമ്മുടെ വേദനകളാണ് യഥാർത്ഥത്തിൽ അവൻ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവൻ ചുമന്നത്” എന്ന വചനം നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ. നിന്ദിക്കപ്പെടുമ്പോൾ തിരിച്ചു നിന്ദിക്കാതിരിക്കാനും സഹജീവികളെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കാണാനും മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കാനുമെല്ലാം ഈ വചനം കാരണമാകട്ടെ. അതിന് സഹായിക്കുന്ന ഒരു തിരുത്തൽ കുറിപ്പായി ഈ ലേഖനം തീർന്നിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സ്റ്റെല്ല ബെന്നി

1 Comment

  1. jasmine says:

    Contents enriching our minds…..it s a pool of god’words…..detailed explanation of biblical words…..lightens our minds….

Leave a Reply

Your email address will not be published. Required fields are marked *