അവർക്ക് ഓർക്കുവാൻ ചിലതുണ്ടാവണം…

ആ കലാലയത്തിൽ പലപ്പോഴും ഉണ്ടാവാറുള്ളതുപോലെ ഒരു ചടങ്ങായിരുന്നു അത്, പ്രൊഫസറുടെ യാത്രയയപ്പ്. പ്രകാശമുള്ള വിടർന്ന മുഖവുമായി വിരമിക്കുന്ന അധ്യാപിക വേദിയിൽ ഇരിക്കുന്നു. അതിഥികളും സഹപ്രവർത്തകരായ അധ്യാപകരുമെല്ലാം അവരെക്കുറിച്ച് ഭംഗിയായി പറഞ്ഞു. അവരുടെ സവിശേഷസ്‌നേഹം അനുഭവിച്ചിട്ടുള്ള സഹപ്രവർത്തകർക്ക് അവർ വളരെ പ്രിയംകരിയായിരുന്നു.

അവരുടെയെല്ലാം ഊഴം കഴിഞ്ഞ് ഒരു സുഹൃത്ത് ആശംസകൾ നേരാനെത്തി, ഉദ്യോഗശ്രേണിയിൽ അല്പം താഴെയുള്ള ഒരു സ്ത്രീ. അവരിൽനിന്ന് ഘനമുള്ള വാക്കുകളൊന്നും ആരും പ്രതീക്ഷിച്ചതുമില്ല. പക്ഷേ, അവരിങ്ങനെ പറഞ്ഞു: ”എന്റെ പേര് ഇത്രയും നന്നായി വേറെയാരും വിളിക്കാറില്ല… ടീച്ചർ വിളിക്കുന്നതു കേൾക്കുമ്പോഴാണ് അതിനിത്രയും ഭംഗിയുണ്ടെന്നു തോന്നിയിട്ടുള്ളത്” അല്പം ഗദ്ഗദം നിറഞ്ഞ സ്വരത്തിലായിരുന്നു ആ വികാരപ്രകടനം. ഹൃദയത്തിൽനിന്നുള്ള ആ വാക്കുകൾ കേട്ടിരുന്നവരുടെ കാതുകളെക്കാൾ ഹൃദയത്തിൽത്തന്നെ ആഴ്ന്നിറങ്ങി.

നമ്മെക്കുറിച്ചും മറ്റുള്ളവർക്ക് ഓർക്കുവാൻ ഇങ്ങനെ ചിലതുണ്ടാവണ്ടേ?
”യേശു പറഞ്ഞു…. ഞാൻ പുതിയൊരു കല്പന നിങ്ങൾക്കു നല്കുന്നു. നിങ്ങൾ പരസ്പരം സ്‌നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ” (യോഹന്നാൻ 13: 34)

Leave a Reply

Your email address will not be published. Required fields are marked *