സമ്മാനം നഷ്ടപ്പെടാതിരിക്കാൻ

മാതാപിതാക്കളുടെ സമ്മതത്തോടെ ഞാൻ സെമിനാരിജീവിതത്തിന്റെ ആദ്യപടവുകൾ കയറി. എന്നാൽ പെട്ടെന്നായിരുന്നു എന്റെ ആഗ്രഹങ്ങൾക്ക് എതിരായി അപ്പെൻഡിസൈറ്റിസ് എന്ന അസുഖം ബാധിച്ചത്. അങ്ങനെ ഡോക്ടറിന്റെ നിർദേശത്തോടെ ഞാൻ ഓപ്പറേഷന് വിധേയനായി. ഓപ്പറേഷൻ കഴിഞ്ഞപ്പോൾ എന്റെ റെക്ടറച്ചൻ എനിക്ക് മൂന്നുമാസത്തെ അവധി തന്നു. ഞാൻ വീട്ടിലേക്ക് പോയി. ആ സമയത്ത് എന്റെ മനസിന് താങ്ങുവാൻ കഴിയാത്ത വിഷമമായിരുന്നു.
വിശുദ്ധനായ വൈദികനാകണമെന്ന ആഗ്രഹം എന്റെ ബാല്യകാലത്തിൽത്തന്നെ ഉടലെടുത്തതാണ്. സ്‌കൂൾ ജീവിതകാലത്ത് ഓരോ വർഷം കഴിയുമ്പോഴും സെമിനാരി മനസിൽ കണ്ടാണ് ഞാൻ പഠിച്ചത്. എങ്ങനെയെങ്കിലും പത്താംക്ലാസ് കഴിഞ്ഞ് സെമിനാരിയിൽ ചേർന്ന് വിശുദ്ധ വൈദികനാകണം. അങ്ങനെ പത്താംക്ലാസ് കഴിഞ്ഞ് സന്തോഷത്തോടെ ആയിരിക്കുന്ന അവസരം.

കാൽവരിക്രൂശിൽ മരിച്ച ഈശോയുടെ തിരുശരീരം സ്പർശിക്കണമെന്ന ആഗ്രഹം എന്നിൽ കൂടിക്കൂടി വന്നു. ഒരു ചിത്രശലഭം പൂവിനെ സമീപിച്ച് അതിന്റെ തേൻ കുടിക്കുന്നതുപോലെയായിരുന്നു അത്. അങ്ങനെ മാതാപിതാക്കളുടെ സമ്മതത്തോടെ ഞാൻ സെമിനാരിജീവിതത്തിൽ പ്രവേശിച്ചതാണ്. കാരണം, ഒരു വൈദികനാകണമെന്ന ആഗ്രഹം എന്റെ ഹൃദയത്തെയും സന്ധിബന്ധങ്ങളെയും മുഴുവനായും വിഴുങ്ങിക്കളഞ്ഞിരുന്നു. ആ അവസ്ഥയിലാണ് അസുഖം ബാധിക്കുന്നതും അവധിയെടുക്കേണ്ടി വന്നതും. എങ്കിലും മൂന്നുമാസത്തിനുശേഷം ഞാൻ സെമിനാരിയിൽ തിരിച്ചെത്തി.

അപ്രതീക്ഷിതവഴികൾ
ഈ സമയം എന്റെ കൂടെ പഠിച്ച ഒന്നാം വർഷ വൈദികവിദ്യാർത്ഥികളുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെട്ടു. ആ ദിവസങ്ങളിൽ എനിക്ക് കൂട്ട് എന്റെ ദിവ്യകാരുണ്യ ഈശോയും പരിശുദ്ധ കന്യകാമറിയവും ആയിരുന്നു. കുറച്ചു നാളുകൾക്കുശേഷം എന്റെ ജീവിതത്തെ മുഴുവനായും കാർന്നു തിന്ന വലിയ ദുരന്തമുണ്ടായി.

ക്രിസ്മസിന്റെ അവധി കഴിഞ്ഞ് വീട്ടിൽനിന്ന് സെമിനാരിയിലേക്ക് തിരിച്ചുവരുകയായിരുന്നു. ആ സമയത്ത് സഞ്ചരിച്ചിരുന്ന ട്രെയിൻ അപകടത്തിൽപ്പെട്ടു. എനിക്ക് തലയുടെ പിൻഭാഗത്ത് വലിയ ആഴത്തിൽ മുറിവുണ്ടായി. അതിനാൽ എനിക്ക് പഠനത്തിന് ഇടവേള നല്കി വീട്ടിലേക്ക് വിടുകയാണ് ചെയ്തത്. ആ ദിനങ്ങളിലെല്ലാം പലപ്പോഴും എന്നെത്തന്നെ ഞാൻ ശപിച്ചുപോയിട്ടുണ്ട്. എന്റെ ദൈവവിളിയെ ഞാൻ സംശയിച്ചു. ഞാൻ വിചാരിച്ചത് സെമിനാരിയിലേക്ക് തിരിച്ചുപോകാൻ സാധിക്കുകയില്ലെന്നാണ്.

കുറെ നാളുകളുടെ പ്രാർത്ഥനകൾക്കിടയിൽ എന്റെ മുറിവുണങ്ങി. വീണ്ടും സെമിനാരിയിലെത്തിയപ്പോൾ വൈദികർ എന്നോട് ഒരു വർഷംകൂടി ആദ്യവർഷക്കാരോടൊപ്പം ഇരുന്ന് പഠിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ മേലധികാരികളുടെ വാക്കുകൾ അംഗീകരിച്ച് എന്റെ പുതിയ സെമിനാരി ജീവിതം ആരംഭിച്ചു. ഇപ്പോൾ ഞാൻ രണ്ടാം വർഷ വൈദികവിദ്യാർത്ഥിയാണ്. എന്റെ വേദനകളുടെ സമയങ്ങളിലെല്ലാം എനിക്ക് ഉറപ്പുണ്ടായിരുന്നു എന്നെ വിളിച്ചവൻ വിശ്വസ്തനാണെന്ന്. ”നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരമായ ബീജത്തിൽ നിന്നല്ല. അനശ്വരമായ ബീജത്തിൽനിന്നാണ്” (പത്രോ. 1:23). ഈ വചനം എന്നിൽ ഇപ്പോഴും നിലകൊള്ളുന്നു.

വിചിത്രമായ വിളികൾ
ബൈബിളിൽ പല ഘട്ടത്തിലും പല തരത്തിലുള്ള ദൈവവിളികൾ കാണുവാൻ സാധിക്കും. പഴയനിയമത്തിലൂടെ കണ്ണോടിക്കുമ്പോൾ ദൈവം അബ്രാഹമിനെ വിളിക്കുന്നത് കാണുവാൻ സാധിക്കും. ”കർത്താവ് കല്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു” (ഉല്പ. 12:4). അബ്രാഹം ദൈവത്തിന്റെ വിളിക്ക് പെട്ടെന്ന് ഉത്തരം നല്കി. അതുപോലെതന്നെ ദൈവം മോശയെ വിളിക്കുന്നത് ബൈബിളിൽ വ്യക്തമായി കാണാം. ”മോശ കർത്താവിനോട് പറഞ്ഞു: കർത്താവേ ഞാൻ ഒരിക്കലും വാക്ചാതുരിയുള്ളവനായിരുന്നില്ല” (പുറ. 4:10). മോശയ്ക്ക് ദൈവത്തിന്റെ വിളിക്ക് പെട്ടെന്ന് പ്രത്യുത്തരം നൽകാൻ സാധിക്കാതിരുന്നപ്പോൾ ദൈവം അവന്റെ തടസം മാറ്റിക്കൊടുത്തു. ”ആകയാൽ നീ പുറപ്പെടുക, സംസാരിക്കാൻ ഞാൻ നിന്നെ സഹായിക്കും” (പുറ. 4:12).

ഇതുതന്നെയാണ് സാമുവേലിനെ ദൈവം വിളിച്ചപ്പോഴും സംഭവിച്ചത്. ദൈവം മൂന്നു പ്രാവശ്യം സാമുവേലിനെ വിളിച്ചു. എന്നാൽ സാമുവലിന് അത് തിരിച്ചറിയാനായില്ല. എന്നാൽ ഏലിയുടെ സഹായത്താൽ നാലാമത്തെ പ്രാവശ്യം സാമുവേലിന് ദൈവവിളി തിരിച്ചറിയാൻ സാധിച്ചു. ”അപ്പോൾ കർത്താവ് വന്നുനിന്നു മുൻപിലത്തെപ്പോലെ സാമുവേൽ! സാമുവേൽ! എന്ന് വിളിച്ചു. സാമുവേൽ പ്രതിവചിച്ചു: അരുളിച്ചെയ്താലും അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു” (1 സാമു. 3:10).

പുതിയ നിയമത്തിലൂടെ യാത്ര ചെയ്യുമ്പോൾ മറിയത്തെ ദൈവം രക്ഷാകര വഴിയൊരുക്കാൻ വിളിക്കുന്നു. ”മറിയം പറഞ്ഞു: ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!” (ലൂക്കാ 1:38). പരിശുദ്ധ അമ്മ ദൈവത്തിന്റെ വിളിയിൽ പൂർണമായി ഉത്തരം നല്കി. ”യേശു അവിടെനിന്ന് നടന്നുനീങ്ങവേ മത്തായി എന്നൊരാൾ ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ടു. യേശു അവനോട് പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു” (മത്താ. 9:9).
ഇങ്ങനെ പല വ്യക്തികളെയും ദൈവംതന്നെ പല സാഹചര്യത്തിലും പല സമയങ്ങളിലും തിരഞ്ഞെടുക്കുന്നുണ്ട്. ദൈവത്തിന്റെ വിളിക്ക് പെട്ടെന്ന് പ്രത്യുത്തരം കൊടുക്കണം. പിന്നീട് എന്നുവച്ചാൽ അത് നഷ്ടപ്പെട്ടെന്നുവരാം. ഈശോ പലരോടും പറഞ്ഞു ”എന്നെ അനുഗമിക്കുക.” വേഗത്തിൽ ഉത്തരം കൊടുത്തവരുടെ ചരിത്രമേ എഴുതപ്പെടാൻതക്കതായി മാറിയുള്ളൂ.

വിവിധ വഴികളിലൂടെ…
നാലു വിവിധ ജീവിതാന്തസുകളിലേക്കുള്ള ദൈവവിളികൾ സാധാരണയായി നമുക്ക് കാണാൻ സാധിക്കും. ഒന്ന്, കുടുംബജീവിതം. രണ്ട്, സന്യാസജീവിതം. മൂന്ന്, ബ്രഹ്മചര്യം. നാല്, പൗരോഹിത്യജീവിതം. ഓരോ വിളിയോടും നമ്മൾ ആത്മാർത്ഥത പാലിക്കേണ്ടിയിരിക്കുന്നു. എന്നെപ്പോലുള്ളവരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വിളിയാണ് പൗരോഹിത്യ ദൈവവിളി.

വിശുദ്ധ ഫ്രാൻസിസ് അസീസി പറയുന്നു: ”ഒരു വൈദികനെയും ഒരു മാലാഖയെയും കാണുകയാണെങ്കിൽ ആദ്യം ഞാൻ ബഹുമാനിക്കുന്നത് വൈദികനെയായിരിക്കും.” വിശുദ്ധ ജോൺ മരിയ വിയാനി പറഞ്ഞുവയ്ക്കുന്നു: എപ്പോഴെല്ലാം ഞാൻ പുരോഹിതനെ കാണുന്നുവോ അപ്പോഴെല്ലാം ഞാൻ ഈശോയെപ്പറ്റി ചിന്തിക്കുന്നു. പല വിശുദ്ധരും ദൈവവിളിക്ക് ഉത്തരം കൊടുത്തത് ഈശോയോടുള്ള സ്‌നേഹത്താലാണ്.

എന്നാൽ ക്രൈസ്തവരായ മാതാപിതാക്കൾ പലപ്പോഴും ഈ ദൈവവിളിയെ പ്രോത്സാഹിപ്പിക്കാറില്ല. പക്ഷേ, സ്വാർത്ഥത നിറഞ്ഞ ഈ ലോകത്തിൽ പൗലോസ് ശ്ലീഹാ ആഗ്രഹിക്കുന്നതുപോലെ ”യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാൻ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു” (ഫിലി. 3:14)എന്ന് പറയാൻ സാധിക്കണം. നമുക്ക് ആഗ്രഹിക്കാം – ദൈവത്തിന്റെ വിളിക്ക് പൂർണ പിന്തുണ നൽകാം. യേശുക്രിസ്തുവിലൂടെ അതിനായി പ്രയാണം ചെയ്യാം. അങ്ങനെ അവന്റെ ഹിതം ഭൂമിയിൽ നിറവേറ്റാൻ നമുക്ക് പരിശ്രമിക്കാം.

ബ്രദർ അമൽ ഇരുമ്പനത്ത് എം.എസ്.റ്റി

Leave a Reply

Your email address will not be published. Required fields are marked *