വർഷങ്ങൾക്കുമുൻപുള്ള ഒരു സംഭവമാണിത്. ഞാൻ പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന കാലം. യോഗ്യതയും താല്പര്യവുമുള്ള മതാധ്യാപകർ ഇടവകയിൽ കുറവായിരുന്നതിനാൽ ‘കോറം’ തികയ്ക്കാൻ ഇടവക വികാരി എന്നെയും ഒരു മതാധ്യാപകനാക്കി. പ്രായത്തിലും അറിവിലും ഒരു വേദപാഠാധ്യാപകനാവാനുള്ള യോഗ്യതയൊന്നും എനിക്കുണ്ടായിരുന്നില്ല. എങ്കിലും ഇടവകയിൽ അറിയപ്പെടാനുള്ള മോഹത്താൽ കിട്ടിയ അവസരം ഞാൻ നിഷേധിച്ചില്ല.
അങ്ങനെയിരിക്കെ ആ വർഷത്തെ സൺഡേ സ്കൂൾ വാർഷികം സമാഗതമായി. അധ്യാപകരും കുട്ടികളും കലാപരിപാടികൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇടവകയിൽ അറിയപ്പെടാനുള്ള അഭിവാഞ്ച എന്നിൽ മുന്നിട്ടിരുന്നതിനാൽ ആ അവസരം ഞാനും ഉപയോഗിച്ചു. കുട്ടികൾക്ക് അവതരിപ്പിക്കാനുള്ള ലഘുനാടകം എഴുതാനുള്ള ഉത്തരവാദിത്വം ഞാൻ സ്വയം ഏറ്റെടുത്തു. കവിതകളും ചെറുകഥകളും എഴുതിയിട്ടുള്ളതിനാൽ എഴുതാനുള്ള വാസന ഉണ്ടെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. അതിന്റെ പിൻബലത്തിൽ ലഘുനാടകവും എഴുതി ആളാകാമെന്നായിരുന്നു എന്റെ ചിന്ത.
ഏതായാലും വാർഷികത്തിന് ഒന്നരമാസം മുമ്പ് ഏറ്റെടുത്ത ഉത്തരവാദിത്വം പരിപാടിക്ക് ഒരാഴ്ചമാത്രം ബാക്കിയുള്ളപ്പോഴും നിറവേറ്റാൻ എനിക്കായില്ല. കിട്ടിയ അവസരങ്ങൾ എല്ലാം ഉപയോഗിച്ച് ആറാഴ്ചയോളം കഴിഞ്ഞിട്ടും തൃപ്തികരമായി ഒന്നും എഴുതുവാൻ എനിക്ക് സാധിച്ചില്ല. അത്യാവശ്യം എഴുതാനറിയാവുന്ന സുഹൃത്തിന്റെ സഹായം തേടിയെങ്കിലും അതും വിജയിച്ചില്ല.
ഒടുവിൽ വാർഷികത്തിന്റെ തലേ ശനിയാഴ്ച രാത്രിയിൽ എല്ലാവരും കിടന്ന് കഴിഞ്ഞപ്പോൾ അവസാന ശ്രമമെന്നപോലെ എഴുതാനാരംഭിച്ചു. പിറ്റേദിവസം നാടകം കുട്ടികൾക്ക് കൊടുത്തില്ലെങ്കിൽ നാടകം കാൻസൽ. വാക്ക് പാലിക്കാൻ സാധിച്ചില്ല എന്നതിലുപരി നാടകകൃത്ത് എന്ന പേര് നഷ്ടപ്പെടുകയും പരിഹാസ്യനാകുകയും ചെയ്യും എന്നത് എന്നെ ഒരുപാട് അസ്വസ്ഥതപ്പെടുത്തി.
പരാജയത്തിൽ സഹായവുമായ്…
കുറെനേരം എഴുതി. ഒന്നും തൃപ്തികരമായില്ല. ഒടുവിൽ പരാജയത്തിന്റെ ദുഃഖവും വേദനയുമെല്ലാംകൊണ്ട് മനസും ശരീരവും തളർന്ന് കട്ടിലിൽ കമിഴ്ന്ന് കിടന്ന് കരഞ്ഞു. കരച്ചിലിന്റെ ശബ്ദം ആരും കേൾക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും കണ്ണീര് നിയന്ത്രിക്കാനായില്ല. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതിന്റെ കഠിനവേദനയിൽ നിസ്സഹായനായി വിങ്ങിപ്പൊട്ടുമ്പോൾ പരിശുദ്ധാത്മാവിനെ വിളിച്ച് പ്രാർത്ഥിക്കാൻ മനസിൽ പ്രേരണയുണ്ടായി.
പരിശുദ്ധാത്മാവിനെക്കുറിച്ച് കാര്യമായ ഒരറിവും അന്നെനിക്ക് ഉണ്ടായിരുന്നില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിതൈ്വക ദൈവത്തിന്റെ മൂന്നാമത്തെ ആളാണ് പരിശുദ്ധാത്മാവ് എന്ന് വേദപാഠക്ലാസിൽ പഠിച്ചതിന്റെ ഓർമമാത്രം. എങ്കിലും ‘പരിശുദ്ധാത്മാവേ എന്നെ സഹായിക്കണേ’ എന്ന് ഉരുവിടാൻ തുടങ്ങി. അതൊരു നെടുവീർപ്പായിരുന്നു. ഒരുപക്ഷേ, പക്വത പ്രാപിക്കാത്ത ഒരു കൗമാരക്കാരന്റെ ജീവൻമരണ പോരാട്ടമായിരുന്നിരിക്കാം അത്.
അങ്ങനെ പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ മനസിലും ശരീരത്തിലും വളരെ ശാന്തനായി. കരച്ചിൽ നിന്നു. മനസിൽ ഉന്മേഷം നിറഞ്ഞു. ശരീരത്തിന്റെ തളർച്ച മാറി. അതുവരെ എഴുതിയ പേപ്പർ എല്ലാം ചുരുട്ടിക്കൂട്ടി, പുതിയ പേപ്പർ എടുത്ത് എഴുതാനാരംഭിച്ചു. ഏകദേശം ഒരു മണിക്കൂറോളം എഴുതി. മൂന്ന് രംഗങ്ങൾ ഉള്ള ലഘുനാടകം പൂർത്തിയായി. എഴുതിയത് വായിച്ചു, പരിപൂർണ സംതൃപ്തി. നല്ല ആശയവും ചിരിപ്പിക്കുന്ന തമാശകളും. ഞാൻ വളരെ ആത്മീയ സന്തോഷത്തോടെ എഴുതിയത് എടുത്തുവച്ച് സുഖമായി ഉറങ്ങി.
ഞായറാഴ്ച നാടകം കുട്ടികൾക്ക് കൊടുത്തു. അവർ അഞ്ച് ദിവസംകൊണ്ട് അത് പഠിച്ച് സ്റ്റേജിൽ അവതരിപ്പിച്ചു. പ്രേക്ഷകർ നാടകം ഇഷ്ടപ്പെട്ട് പൊട്ടിച്ചിരിക്കുന്നതിന് ഞാനും സാക്ഷിയായിരുന്നു. പിറ്റേദിവസം പലരും എന്നെ പ്രശംസിച്ചു. എന്നാൽ പലരുടെയും സംശയം ഞാൻതന്നെയായിരുന്നോ അത് എഴുതിയത് എന്നായിരുന്നു. അതുതന്നെയായിരുന്നു എന്റെയും ചിന്ത. എനിക്കത് എങ്ങനെ എഴുതാൻ സാധിച്ചു! ഈ സംഭവത്തിനുശേഷം വർഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി പരിശുദ്ധാത്മാവിന്റെ ഇടപെടലായിരുന്നു അതെന്ന്.
സഹായം എങ്ങനെ ലഭിക്കും?
യേശുവിന്റെ ജനനത്തെക്കുറിച്ച് ദൂതൻ അറിയിച്ചപ്പോൾ ആദ്യം അത് മറിയത്തിന് മനസിലായില്ല. വിവാഹനിശ്ചയംമാത്രം നടത്തിയ കന്യക പുരുഷസഹവാസമില്ലാതെ എങ്ങനെ ഗർഭവതിയാകും? ”ദൂതൻ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. ആകയാൽ ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്ന് വിളിക്കപ്പെടും” (ലൂക്കാ 1:35).
മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവും മനുഷ്യശക്തിക്ക് അസാധ്യവുമായ ചെറുതും വലുതുമായ ദൈവികനന്മയിലുള്ള എല്ലാ അനുഗ്രഹവും മനുഷ്യനിൽ സാധ്യമാക്കുന്നത് ദൈവത്തിന്റെ അത്യുന്നത ശക്തി പരിശുദ്ധാത്മാവിന്റെ ഇടപെടലിലൂടെയാണ്. പരിശുദ്ധാത്മാവിന്റെ ഇടപെടലിനായി നാം നമ്മെ സജ്ജരാക്കുമ്പോഴാണ് ദൈവത്തിന്റെ കൃപ പരിശുദ്ധാത്മാവുവഴി നമ്മിൽ ആവസിച്ച്, അനുഗ്രഹത്തിന്റെ പാതയിൽ നിലനിർത്തി നമ്മെ അനുഗൃഹീതരാക്കുന്നത്.
ദൈവം പരിശുദ്ധാത്മാവുവഴി നമ്മെ അനുഗ്രഹിക്കാൻ സദാ സന്നദ്ധനാണ്. ”ഇതാ, ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നുതന്നാൽ ഞാൻ അവന്റെ അടുത്തേക്ക് വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും” (വെളി. 3:19-20). അതിനാൽ അനുഗ്രഹങ്ങൾ തേടിയലയുകയല്ല, അനുഗ്രഹത്തിന്റെ കേന്ദ്രമായ പരിശുദ്ധാത്മാവിന്റെ ആവാസത്തിനായി അർഹത നേടുകയാണ് അനുഗ്രഹജീവിതത്തിന്റെ അടിസ്ഥാനം.
അനുഗ്രഹങ്ങളുടെ സമൃദ്ധിയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ (ഉല്പ. 1:28) അനുഗ്രഹങ്ങൾ തേടി അലയുവാനോ കഷ്ടതകളുടെ കയ്പുനീർ കുടിച്ച് തളരുവാനോ അവിടുന്ന് ആഗ്രഹിക്കുന്നില്ല. അനുഗ്രഹങ്ങൾ അവകാശമായി നല്കിയതിനുശേഷം ആ അനുഗ്രഹങ്ങൾ സ്വന്തമാക്കി അനുഗ്രഹിക്കപ്പെടുവാനാണ് അവിടുന്ന് നമ്മെ വിളിച്ചിരിക്കുന്നത്. ”നിന്റെ ദൈവമായ കർത്താവിന്റെ വാക്കുകേട്ട് ഇന്ന് ഞാൻ നിനക്ക് നല്കുന്ന കല്പനകൾ എല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കിൽ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാൾ ഉന്നതനാക്കും. അവിടുത്തെ വചനം ശ്രവിച്ചാൽ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെമേൽ ചൊരിയും… സകല പ്രവൃത്തികളിലും നീ അനുഗൃഹീതനായിരിക്കും” (നിയമാ. 28:1-6).
പരിശുദ്ധാത്മാവ് ദൈവിക ദാനമാകയാൽ, ദാനം – അത് സ്വീകരിക്കാൻ തയാറുള്ളവന് അത് നല്കാൻ കെല്പ്പുള്ളവൻ നല്കുന്ന സൗജന്യമാണ്- ”ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും വിദൂരസ്ഥർക്കും നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുക്കലേക്ക് വിളിക്കുന്ന എല്ലാവർക്കുമുള്ളതാണ്” (അപ്പ.പ്രവ. 2:39). അതിനാൽ ”മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല ദൈവത്തിന്റെ ദയയാണ് എല്ലാത്തിന്റെയും അടിസ്ഥാനം” (റോമാ 9:16). ദൈവത്തിന്റെ ദയയ്ക്ക് പാത്രമാകുകയാണ് അനുഗ്രഹത്തിന്റെ അർഹത. നാം ദൈവത്തെ അറിഞ്ഞ്, ദൈവിക ജ്ഞാനത്തിൽ നിലനില്ക്കുമ്പോഴാണ് ദൈവത്തിന്റെ സംപ്രീതിക്ക് അർഹരാകുന്നത്.
ദൈവത്തെ അറിയുമ്പോൾ ആവിർഭവിക്കുന്ന ദൈവികപുണ്യമാണ് ദൈവവിശ്വാസം. ദൈവവിശ്വാസത്തിൽനിന്ന് ദൈവികസ്വഭാവവും ദൈവാശ്രയബോധ്യവും ദൈവിക നന്മയുടെ പ്രവൃത്തികളും രൂപപ്പെടുന്നു. അതുവഴി ദൈവാനുഗ്രഹം നമ്മിൽ ചൊരിയപ്പെടുന്നു.
അർഹത നേടുക
അനുഗ്രഹം അവകാശമാക്കാനുള്ള അർഹത ദൈവിക ജ്ഞാനത്തിൽനിന്നുള്ള വിശ്വാസത്തെ ഉപവിയുടെ പ്രവൃത്തികൾകൊണ്ട് പ്രകടിപ്പിക്കലാണ്. ഉപവി ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും പ്രവൃത്തിയായതിനാൽ സ്വയം ശൂന്യവല്ക്കരണത്തിന്റെ എളിമകൊണ്ടേ അത് പ്രവൃത്തിപഥത്തിൽ എത്തിക്കാനാകുകയുള്ളൂ. എളിമ സകല പുണ്യങ്ങളുടെയും കേന്ദ്രമായ ദൈവസ്നേഹപ്രവൃത്തികളുടെ ദർശനാത്മക പ്രതിബിംബമാണ്. ”നിങ്ങളുടെ ഗുരുവും കർത്താവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകണം” (യോഹ. 13:14).
അപ്രകാരം സ്വയത്തിൽ ദൈവത്തെപ്രതി എളിമയുള്ളവരിലാണ് പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഉണ്ടാകുന്നത്. മറിയം ദൈവികജ്ഞാനത്തിൽ നിന്നുള്ള ദൈവാശ്രയത്തിന്റെ എളിമയുള്ളവളായിരുന്നതുകൊണ്ടാണ് പരിശുദ്ധാത്മാവിന്റെ ഇടപെടലിന് അർഹയായി ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട് തലമുറകളിൽ ഭാഗ്യവതിയായി തീർന്നത് (ലൂക്കാ 1:48).
മാമോദീസാവഴി ദേവാലയത്തിൽ ദൈവത്തിന് സമർപ്പിക്കപ്പെട്ടവരും ദൈവവചനശ്രവണത്തിന് പിന്നോക്കമല്ലാത്തവരുമാണ് നാം. എന്നാൽ, അനുഗ്രഹങ്ങൾ തേടിയലഞ്ഞ് ക്ലേശത്തിന്റെ കയ്പുനീർ കുടിച്ച് വിലപിച്ച് കാത്തിരിക്കുന്നുണ്ടോ?
അനുഗ്രഹിക്കപ്പെടാത്തതെന്തുകൊണ്ട്?
അനുഗ്രഹിക്കപ്പെടാതിരിക്കുന്നുണ്ടെങ്കിൽ നാം ഇരിക്കുന്ന സ്ഥലം തിരിച്ചറിയുക. ദൈവിക അജ്ഞതയുടെ ‘കുതിരപ്പുറത്താ’യിരിക്കാം നാം. ദൈവത്തെക്കുറിച്ചുള്ള തീക്ഷ്ണതയിൽ ക്രിസ്ത്യാനികളെ വധിക്കുവാനുള്ള അധികാരപത്രവുമായി ദമാസ്ക്കസിലേക്കുള്ള യാത്രയിൽ മിന്നലൊളിയേറ്റ് കുതിരപ്പുറത്തുനിന്ന് നിലത്തു വീണതിനുശേഷമാണ് സാവൂൾ പൗലോസായി മാറി ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടത് (അപ്പ. പ്രവ. 9).
ദൈവത്തെക്കുറിച്ചുള്ള ശരിയായ ജ്ഞാനം ഇല്ലെങ്കിൽ മാനുഷിക യുക്തിചിന്തകളുടെ വിജ്ഞാനം നമ്മിൽ രൂപപ്പെടുകയും ആ വിശ്വാസത്തിന്റെ തീക്ഷ്ണതയുള്ളവരാകുകയും ചെയ്യുന്നു. അത്തരത്തിലുള്ള വിശ്വാസപ്രവൃത്തികളിൽ ദൈവം പ്രസാദിക്കുകയില്ല. എഴുതാനുള്ള വാസനയാൽ ലഘുനാടകവും എഴുതാൻ കഴിയുമെന്ന് ഞാൻ ചിന്തിച്ചത് സ്വാഭാവികം. എന്നാൽ, ആ ചിന്തയിലെ മനോഭാവങ്ങളായിരുന്നു എനിക്ക് വിനയായി ഭവിച്ചത്. എഴുതാനുള്ള എന്നിലെ കഴിവ് ദൈവികദാനമായിരുന്നതിനാൽ നന്ദി പറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി ദൈവത്തിൽ ആശ്രയിക്കുകയായിരുന്നു വേണ്ടത്. എന്നാൽ, ദൈവികജ്ഞാനത്തിൽനിന്നുള്ള ദൈവാശ്രയത്തിന്റെ എളിമ എനിക്കില്ലാതെപോയി.
ഒടുവിൽ പരാജയം സമ്മതിച്ച് കട്ടിലിൽ കമിഴ്ന്ന് കിടന്ന് കരഞ്ഞെന്നു പറഞ്ഞല്ലോ. സ്വയത്തിന്റെ ഭാവത്തിൽനിന്ന് എന്റെ മനസ് വിമുക്തമായപ്പോൾ ശരീരത്തിൽ അത് പ്രകടമായതാണ് കരച്ചിൽ. അപ്പോഴാണ് എന്നിലെ ആത്മാവ് പരിശുദ്ധാത്മാവിന്റെ സഹായം തേടാൻ മനസിനെ പ്രേരിപ്പിച്ചത്. അപ്പോൾ ദൈവത്തിന്റെ കൃപാകടാക്ഷത്തിന് ഞാൻ അർഹനായി. മനുഷ്യനിലെ ആത്മാവ് ദൈവത്തിൽനിന്നുള്ളതിനാൽ എപ്പോഴും ദൈവാശ്രയത്തിന്റെ എളിമയിൽ നിലനില്ക്കുന്നു. എന്നാൽ, മനസും (ഭാവം) മനസിനാൽ ശരീരവും (പ്രവൃത്തി) ആത്മാവിന് എതിരാകുന്നതാണ് ആത്മാവിന്റെ തടസം. ദൈവവചനത്താൽ രൂപാന്തരപ്പെടുന്ന വ്യക്തിയുടെ ആത്മാവും ശരീരവും മനസും ഒന്നായിരിക്കും. ചിന്തയും വാക്കും പ്രവൃത്തിയും നിഷ്കപടമായിരിക്കും എന്ന് സാരം.
യേശുവേ, ദൈവിക അജ്ഞതയുടെ അഹംഭാവമാണ് എന്റെ എല്ലാ അനുഗ്രഹങ്ങളുടെയും തടവറ എന്ന് തിരിച്ചറിഞ്ഞ് ഞാൻ മാപ്പ് ചോദിക്കുന്നു. ദൈവിക ജ്ഞാനത്തിൽനിന്നുള്ള ദൈവാശ്രയത്തിന്റെ എളിമയാണ് എന്നിലെ എല്ലാ ദൈവാനുഗ്രഹങ്ങളുടെയും വിളനിലം എന്ന് ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു. ആകയാൽ യേശുവേ, എന്നോട് കരുണ തോന്നി എന്നെ ജ്ഞാനിയാക്കണമേ, ആമ്മേൻ.
വിൻസെന്റ് കൂട്ടുങ്കൽ