അന്ധകാരത്തിലെ കാത്തിരിപ്പ്

ബൽജിയത്ത് ജബെക്കെയിലെ കർഷക തൊഴിലാളിയായിരുന്നു പിയേരെ ഡി റഡ്ഡെർ. 1867-ൽ ഒരപകടത്തിൽപ്പെട്ട് അയാളുടെ ഇടതുകാൽ പൂർണമായും തകർന്ന്; അസ്ഥി രണ്ടായി ഒടിഞ്ഞ് വിട്ടുപോയി. ഒടിഞ്ഞ അസ്ഥികളുടെ ഇരു അറ്റവും തമ്മിൽ ഒരിഞ്ച് അകലമുണ്ട്; ആഴത്തിൽ തുറന്നിരുന്ന മുറിവിലൂടെ അത് വ്യക്തമായി കാണാമായിരുന്നു. സുഖപ്പെടുക തീർത്തും അസാധ്യം; ഡോക്‌ടേഴ്‌സ് വിധിച്ചു. കാൽ എങ്ങോട്ടും ഏതുവിധേനയും തിരിക്കാനും മടക്കാനും സാധിക്കുന്ന അവസ്ഥ. ബാന്റേജ് കുതിർന്ന് രക്തം പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. മുറിവ് ഉണങ്ങാതെ പഴുപ്പു നിറഞ്ഞതിനാൽ ദുർഗന്ധം അസഹ്യമായി. കാൽ മുറിച്ചുനീക്കാമെന്നായി ഡോക്‌ടേഴ്‌സ്. ഓരോ ചലനത്തിലും വേദന കഠിനമായിരുന്നെങ്കിലും കാൽ മുറിക്കാൻ പിയേരെ സമ്മതിച്ചില്ല. അതേ അവസ്ഥയിൽ നീണ്ട എട്ടു വർഷങ്ങൾ കടന്നുപോയി. ഇതിനിടയിൽ ഒട്ടനവധിപ്പേർ അയാളെ ഈ ദാരുണാവസ്ഥയിൽ കാണുകയും ചെയ്തു.

ബൽജിയത്തെ ഗെന്റിനടുത്ത് ഒബ്സ്റ്റക്കറിലുള്ള ലൂർദ്മാതാവിന്റെ ദൈവാലയത്തിലേക്ക് 1875-ൽ പിയേരെ തീർത്ഥയാത്ര നടത്തി. അവിടെ ഗ്രോട്ടോയുടെ മുൻപിൽ പ്രാർത്ഥിക്കുമ്പോൾ പിയേരെയ്ക്ക് അസാധാരണമായതെന്തോ സംഭവിക്കുന്നതുപോലെ തോന്നുകയും അയാൾ അസ്വസ്ഥനാകുകയും ചെയ്തു. പെട്ടെന്ന് പിയേരെ ഇരുകാലുകളിൽ എഴുന്നേറ്റു നിന്നു. അപ്പോൾതന്നെ പൂർണസൗഖ്യം സംഭവിക്കുകയായിരുന്നു. ഡോക്‌ടേഴ്‌സ് അയാളെ പരിശോധിച്ച് അത്ഭുതകരമായ സൗഖ്യം രേഖപ്പെടുത്തി. മാത്രമല്ല, അസ്ഥികൾ ഒരിഞ്ച് വിടവുപോലുമില്ലാതെ യോജിച്ചതായി സാക്ഷ്യപ്പെടുത്തുകയും ചെയ്തു. സൂക്ഷ്മമായൊരു പാടുപോലുമില്ലാതെ പരിപൂർണ സൗഖ്യമാണ് പിയേരെയ്ക്ക് പരിശുദ്ധ അമ്മയിലൂടെ ലഭിച്ചത്. തകർന്ന കാലും പഴുത്ത്, ദുർഗന്ധം വമിക്കുന്ന വ്രണവുമായി എട്ടുവർഷങ്ങൾക്കിടയിൽ പിയേരെയെ കണ്ടിട്ടുള്ളവരെല്ലാം, യാതൊന്നും സംഭവിക്കാത്തവിധം പൂർണ ആരോഗ്യവാനായി നടന്നു നീങ്ങുന്ന അദ്ദേഹത്തെ കണ്ട് അത്ഭുതപ്പെട്ടു. അവർ നേരിട്ടു ചോദിച്ചു, ഈ ആൾ തന്നെയോ ആ ആൾ? പരിശുദ്ധ അമ്മ തനിക്കായി പ്രവർത്തിച്ച അത്ഭുതത്തെക്കുറിച്ച് പിയേരെ സകലരോടും വിവരിച്ചു, ദൈവത്തിന്റെയും അമ്മയുടെയും നാമം മഹത്വപ്പെടുത്തി.

പിയേരെയുടെ മരണശേഷം നടന്ന വൈദ്യപരിശോധനയിൽ, കാലിലെ എല്ലിൽനിന്നും പൊട്ടിപ്പോയ ഒരിഞ്ച് എല്ലിനു പകരം പുതിയ ഒരിഞ്ച് എല്ല് അവിടെ അത്ഭുതകരമായി വന്നുചേർന്നതായി കാണപ്പെട്ടു. അങ്ങനെയാണ് ഒടിഞ്ഞ എല്ലിന്റെ ഇരുഭാഗങ്ങളും തമ്മിൽ ഏറ്റക്കുറച്ചിലില്ലാതെ യോജിപ്പിച്ചിരിക്കുന്നതെന്നും തെളിഞ്ഞു. പ്രകൃത്യാതീതമായ ആ സംഭവം- പുതിയ ഒരിഞ്ച് അസ്ഥി അത്ഭുതകരമായി വന്നുചേർന്ന്, വേർപെട്ടുപോയ അസ്ഥികൾ യോജിച്ചത് 1875-ഏപ്രിൽ 7-ന് പിയേരെ ലൂർദ്മാതാവിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചപ്പോഴാണെന്ന് ഡോക്‌ടേഴ്‌സിന് ബോധ്യപ്പെടുകയും അവർ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പിയേരെയുടെ പിൻഗാമി
പിയേരെയെപ്പോലെ സൗഖ്യത്തിനായി നീണ്ട വർഷങ്ങൾ കാത്തിരിക്കുന്നവർ നിരവധി. രോഗം- അതിന്റെ ഉച്ചിയിലെത്തിയിരിക്കുന്നു. വേദന തിന്നുതിന്നും മരുന്നുകഴിച്ചും മടുത്തു. ഞാൻമൂലം മറ്റുള്ളവരും എത്ര ക്ലേശിക്കുന്നു? എത്രനാളായി പ്രാർത്ഥിക്കുന്നു? ‘തീരാരോഗി’ എന്ന ‘ഡിഗ്രി’ വേറെ. എന്റെ കർത്താവേ, എന്നാണ് നീ എന്റെ പ്രാർത്ഥന കേൾക്കുക??..

വിവാഹം കഴിഞ്ഞിട്ട് വർഷങ്ങളേറെയായി. ഒരു കുഞ്ഞിനായി നേരാത്ത നേർച്ചകളില്ല. പരിഹാസവും കുത്തുവാക്കുകളും ഉള്ളം നീറ്റിക്കുന്നു. എന്റെ ദൈവത്തിനായി എത്രനാൾ കാത്തിരിക്കണം?

സാമ്പത്തിക തകർച്ചയും പ്രാരാബ്ധങ്ങളും കടഭാരവും വായ്പക്കാരുടെ ഭീഷണിയും സമൂഹത്തിലെ ഒറ്റപ്പെടലും അപമാനവും – മുൻപോട്ടെങ്ങനെ പോകും? എങ്ങനെ പുറത്തിറങ്ങും? എങ്ങനെ അകത്തിരിക്കും? നില്ക്കുന്നിടംതന്നെ ബാങ്ക് വലിച്ചെടുക്കുന്നതെപ്പഴെന്നറിയില്ല!

പെട്ടെന്നു കോപിക്കുന്ന, കുറ്റപ്പെടുത്തുന്ന ശീലംമൂലം കൂടെയുള്ളവരെല്ലാം ദിനവും സഹിക്കുകയാണ്. മക്കൾ സങ്കടപ്പെടുന്നു, ജീവിതപങ്കാളി സഹികെട്ടു, മാതാപിതാക്കളും സഹോദരങ്ങളും മടുത്തു, സഹപ്രവർത്തകർ എഴുതിത്തളളി. എന്തുമാത്രം പ്രാർത്ഥിച്ചു, എത്ര നോമ്പും ഉപവാസവും… എടുത്ത തീരുമാനങ്ങൾക്കും എണ്ണമില്ല.

മദ്യപാനവും മറ്റുചില ദുശ്ശീലങ്ങളും എന്നെയും കുടുംബത്തെയും തകർത്തുകൊണ്ടിരിക്കുന്നു. മാറണമെന്നാഗ്രഹമുണ്ട്, പറ്റുന്നില്ല. പോകാത്ത ധ്യാനകേന്ദ്രങ്ങളില്ല, ‘ഇനി ഇല്ല’ എന്ന് കൊടുത്ത വാക്കുകേട്ടുകേട്ട് – ദൈവംപോലും ചിരിക്കുന്നുണ്ടാകുമോ?

ദൈവം പ്രാർത്ഥന കേൾക്കുന്നില്ല, സങ്കടം കാണുന്നില്ല, ഉള്ളിലെ നീറ്റൽ അറിയുന്നില്ല… തോന്നുന്നുണ്ടോ അങ്ങനെ? അല്ല, നമ്മുടെ വേദനകളിൽ നമ്മെക്കാൾ വേദനിക്കുന്നത് അവിടുന്നുതന്നെയാണ്. എന്നിട്ടും എന്തുകൊണ്ട് വീണ്ടും വീണ്ടും വീണുപോകുന്നു? പ്രാർത്ഥനകൾ സ്വീകരിക്കപ്പെടാത്തപോലെ? പ്രശ്‌നങ്ങളൊന്നും പരിഹരിക്കപ്പെടുന്നില്ല?

കുറ്റപ്പെടുത്തലിന് കാക്കുന്നവൻ
ഉറ്റസ്‌നേഹിതൻ ലാസർ രോഗിയാണെന്നറിഞ്ഞിട്ടും ഈശോ ഒന്നു കാണാനോ ആശ്വസിപ്പിക്കാനോ പോകാതിരുന്നതെന്ത്? പോയില്ലെങ്കിലും മനസുവച്ചാൽ ദൂരെയിരുന്നുതന്നെ അദ്ദേഹത്തെ സൗഖ്യമാക്കാൻ ഈശോയ്ക്കു കഴിയുമായിരുന്നല്ലോ. ഒന്നും ചെയ്തില്ല. ലാസറും സഹോദരിമാരും മാത്രമല്ല, നാട്ടുകാരും പ്രതീക്ഷിച്ചു, ഈശോ വന്ന് ലാസറിനെ സുഖമാക്കുമെന്ന്. മൃതസംസ്‌കാരത്തിനെങ്കിലും എത്തുമെന്നുറപ്പായിരുന്നു. ഒന്നും ഉണ്ടായില്ല. എന്നിട്ട്, മരിച്ചടക്കും കഴിഞ്ഞ് നാലു ദിവസങ്ങൾക്കും ശേഷം, അഴുകി ദുർഗന്ധം വമിച്ചുതുടങ്ങിയപ്പോൾ വന്നിരിക്കുന്നു. എന്തിനാണാവോ? രോഗവും മരണവുമൊന്നും ഇല്ലാതിരുന്നപ്പോൾ കൂടെക്കൂടെ ഇവിടെയെത്തുമായിരുന്നല്ലോ. ഒരാവശ്യംവന്നപ്പോൾ സ്‌നേഹമൊക്കെ എവിടെപ്പോയോ? ഉറക്കെപ്പറഞ്ഞില്ലെങ്കിലും മനസിലെങ്കിലും പലരും പറഞ്ഞു.
ഒരുപാട് സ്‌നേഹിച്ചയാൾ രോഗിയായപ്പോൾ ഒന്നുകാണാൻ, ആശ്വസിപ്പിക്കാൻ ഈശോ ഏറെ കൊതിച്ചിരുന്നു. (സർവത്തിന്റെയും അതിനാഥനായ അവിടുന്നറിയാതെയല്ലല്ലോ ലാസർ രോഗിയായത്.) എങ്കിലും പോയില്ല. സകലരും തന്നെ കുറ്റപ്പെടുത്തുംവരെ കാത്തിരുന്നു. മർത്തായുടെയും മറിയത്തിന്റെയും ‘നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ’ എന്ന വാക്കുകളിൽ ആ കുറ്റപ്പെടുത്തലിന്റെ ലാഞ്ചനയില്ലേ? എന്നിട്ടും എന്തേ ഇത്ര വൈകി?
മറ്റൊന്നുമല്ല, ദൈവത്തിന്റെ ശക്തിയും മഹത്വവും വെളിപ്പെടുത്തപ്പെടാൻതന്നെ.

രോഗസൗഖ്യം നല്കിയാൽ മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തെ എങ്ങനെ കാണാനാകും? മറ്റനേകം രോഗസൗഖ്യങ്ങളിലൊന്നുമാത്രമായിത്തീരുകയല്ലേ ഉള്ളൂ അതും? സുഹൃത്തിന്റെ ശരീരം പഴകിദ്രവിക്കാൻ അവിടുന്നു കാത്തിരുന്നതും മറ്റൊന്നുംകൊണ്ടല്ല. ദിവസങ്ങൾ പഴക്കമുള്ള, അഴുകി വേർപെട്ടുതുടങ്ങിയ, ദുർഗന്ധം വമിക്കുന്ന മൃതശരീരത്തിനുപോലും പുതുജീവൻ നല്കാൻ ശക്തനാണ് ദൈവമെന്ന് നാം അറിയണം.

എന്തിനെന്നോ? നിന്റെ രോഗം, വ്രണം, മുറിവുകൾ- എത്ര പഴക്കമേറിയതാണെങ്കിലും വർഷങ്ങൾ പിന്നിട്ടവയെങ്കിലും പഴകി, അഴുകി, ദ്രവിച്ച്, അറപ്പുളവാകത്തക്കവിധം വികൃതമാണെങ്കിലും നിന്റെ ദൈവം നിന്നെ സുഖമാക്കുമെന്ന് നീ മനസിലാക്കാൻ. കാരണം അവിടുന്നു നിന്നെ സ്‌നേഹിക്കുന്നു. അവിടുത്തേക്ക് അതിന് ശക്തിയുണ്ട്. ആർക്കും പരിഹരിക്കാൻ സാധിക്കാത്തവിധം തകർന്നുടഞ്ഞ ജീവിതമാണോ നിന്റേത്, നിന്റെ ദൈവം നിന്നെ പടുത്തുയർത്തും. സകലരും കൈവിട്ട പ്രശ്‌നങ്ങളിൽപ്പെട്ടുഴലുകയാണോ? നിന്റെ ദൈവത്തിനടുക്കൽ പരിഹാരമുണ്ട്.

ജീവിതപങ്കാളിയുടെ, മക്കളുടെ, പ്രിയപ്പെട്ടവരുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു തളർന്നുവോ? നിന്റെ പ്രാർത്ഥനകളൊന്നും വൃഥാവിലായിട്ടില്ല. വർഷങ്ങൾ പന്ത്രണ്ടോ മുപ്പത്തെട്ടോ അതിലധികമോ ആയിക്കൊള്ളട്ടെ, യേശു വരും, സുഖമാക്കാൻ. ദൈവത്തിന്റെ മഹത്വം നിന്നിൽ വെളിപ്പെടുകയും ചെയ്യും. കാലവും വർഷവും ഏറുന്നതിനനുസരിച്ച് അത്ഭുതത്തിന്റെ മഹത്വവും വർധിക്കുന്നില്ലേ? കുഞ്ഞിനെ കിട്ടാൻ 100 വയസുവരെ കാത്തവർ മുമ്പിലുണ്ടല്ലോ; അദ്ദേഹത്തിന്റെ ദൈവമാണെന്നാണല്ലോ ദൈവം സ്വയം അഭിമാനത്തോടെ വെളിപ്പെടുത്തുന്നത്.

എത്ര ശ്രമിച്ചിട്ടും തോറ്റുപോകുന്ന ദു:സ്വഭാവം മനസിടിച്ചുകളയുന്നുവോ? മറ്റുള്ളവർക്കു സഹിക്കാൻ കഴിയാതെ ഒറ്റപ്പെടുത്തിയോ? ഇനി രക്ഷപ്പെടില്ലെന്നു ഭാരപ്പെട്ട്, സ്വയം ഒതുങ്ങിക്കൂടി, കല്ലറയ്ക്കുള്ളിൽ അടക്കം ചെയ്തുവോ? ചീഞ്ഞഴുകിത്തുടങ്ങിയോ? ശുശ്രൂഷാ വേദികളിൽ ദൈവം ശക്തമായി ഉപയോഗിക്കുമ്പോഴും വ്യക്തിജീവിതത്തിലെ കുറവുകളെപ്രതി എല്ലാവരും കുറ്റപ്പെടുത്തത്തക്കവിധം ദുർഗന്ധമേറിയോ? ഇതു മാറാതെ ഇനി ശുശ്രൂഷയില്ലെന്നു തീരുമാനിക്കരുതേ. എല്ലാമറിയുന്നവൻ എല്ലാം അറിഞ്ഞുകൊണ്ടല്ലേ വിളിക്കുന്നതും ഉപയോഗിക്കുന്നതും. നിന്റെ പ്രാർത്ഥനയും പരിശ്രമവുമുണ്ടെങ്കിൽ കൃത്യസമയത്ത് അവിടുന്നു നിന്നെ വിടുവിക്കും. അന്ന് നീ ദൈവത്തിന്റെ മഹത്വമായി ഉയർത്തപ്പെടും. കാലം നീണ്ടുപോകുന്നതിൽ പരിഭ്രമിക്കരുതേ. എത്രപേരുടെ മുമ്പിൽ പരാജയപ്പെടുന്നുവോ അത്രയധികമായി ദൈവം നിന്നെ മഹത്വപ്പെടുത്തും; ബൽജിയത്തിലെ പിയേരെയെപ്പോലെ.
വെല്ലുവിളിക്കുന്ന ദൈവം
ദൈവത്തിന്റെ നിർദേശപ്രകാരം അവിടുത്തേക്ക് ബലിയൊരുക്കി കാത്തിരിക്കുന്ന അബ്രാമിനെ ഉൽപത്തി 15-ൽ 10 മുതൽ വാക്യങ്ങളിൽ കാണാം. ദൈവം നിർദേശിച്ചപ്രകാരമാണ് അബ്രാം ചെയ്തതെങ്കിലും സൂര്യൻ അസ്തമിക്കുവോളം ഒന്നും സംഭവിക്കാതെ അദ്ദേഹം ബലിവസ്തുക്കൾക്കു മുമ്പിൽ കാവലിരിക്കുകയാണ്. പിണം കണ്ട് കഴുകന്മാരെത്തിയിട്ടും അബ്രാം മടുത്ത്, ദൈവം ഇനി വരില്ലായിരിക്കും എന്നു കരുതി എഴുന്നേറ്റുപോയില്ല. ദൈവത്തെ കാത്തു കാത്തു, അവിടെയിരുന്നു ഉറങ്ങിപ്പോയിട്ടും ദൈവം വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന അബ്രാം.

ദൈവത്തെ കാത്തിരുന്ന തന്റെ സകല പ്രതീക്ഷയും തകർക്കത്തക്കവിധം ഭീകരമായ അന്ധകാരം ആവരണം ചെയ്തിട്ടും അബ്രാം പിന്മാറുന്നില്ല. ഒന്നും പ്രതീക്ഷിക്കാനില്ലാത്ത, പ്രത്യാശയുടെ സൂര്യൻ അസ്തമിച്ച്, അന്ധകാരം വ്യാപിച്ചപ്പോഴാണ് ദൈവം അദ്ദേഹത്തോട് സംസാരിക്കുന്നതും ബലിവസ്തുവിൽ സ്വർഗത്തിന്റെ അഗ്നി അയച്ച്, വാഗ്ദാനങ്ങൾ നല്കിയതും. പിന്മാറാതെ കാത്തിരിക്കുന്നവനുമാത്രമേ ദൈവിക വാഗ്ദാനങ്ങൾ സ്വീകരിക്കാനും അവിടുത്തെ മഹത്വത്തിന്റെ സ്തംഭങ്ങളാകാനും സാധിക്കൂ. ”കർത്താവിനെ കാത്തിരിക്കുക; അവിടുത്തെ മാർഗത്തിൽ ചരിക്കുക; ഭൂമി അവകാശമായിത്തന്ന് അവിടുന്നു നിന്നെ ആദരിക്കും” (സങ്കീ. 37:34) അബ്രഹാമിനെപ്പോലെ.

നിന്റെ ദൈവത്തിന്റെ മഹത്വമാകാൻ, സഹിക്കാനും മരിക്കാനും ഒടുവിൽ അഴുകാനും ദുർഗന്ധവാഹിയാകാൻ വരെ തയ്യാറാകുമോ? പരാതിയില്ലാതെ, പിറുപിറുപ്പില്ലാതെ, 1 തെസ. 5: 16-18 പ്രകാരം നിരന്തരം ദൈവത്തെ സ്തുതിച്ചു കാത്തിരിക്കുമെങ്കിൽ അവൻ വരും, കൃത്യസമയത്ത്. ഇതൊരു വെല്ലുവിളിയാണ്, ജോബിനെ നോക്കി ദൈവം നടത്തിയ വെല്ലുവിളിപോലെ നിന്നെ നോക്കി ദൈവം അഭിമാനത്തോടെ പറയുന്നു, ‘നോക്കൂ എന്റെ കുഞ്ഞിന് എന്നോടുള്ള സ്‌നേഹം. എന്തൊക്കെ സംഭവിച്ചാലും അതിൽ ഒരു കുറവും വരില്ല. എന്നെ തള്ളിപ്പറയുകയോ പരാതിപ്പെടുകയോ പിറുപിറുക്കുകയോ ഉപേക്ഷിച്ച് പോവുകയോ ഇല്ല.’ എന്നിൽ അഭിമാനിച്ച്, സാത്താനെതിരെ ദൈവം നടത്തുന്ന ഈ വെല്ലുവിളിയിൽ എന്റെ ദൈവം ദുഷ്ടന്റെ മുമ്പിൽ തോല്ക്കാൻ ഞാൻ സമ്മതിക്കരുത്. ”വിജയം വരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഞാൻ ഇരുത്തും” (വെളി.3:21).

ആൻസിമോൾ ജോസഫ്‌

2 Comments

  1. aniamma. says:

    yes our jesus is a living god.he lives tjrough you and me.so do good and be good surely he will hear you.he is near yoi.

  2. smitha rexon says:

    THANKS

Leave a Reply

Your email address will not be published. Required fields are marked *