താരമാക്കുന്ന തീരുമാനങ്ങൾ

‘ചാരിയട്ട്‌സ് ഓഫ് ഫയർ’ (അഗ്നിരഥങ്ങൾ) 1981-ൽ നിർമിക്കപ്പെട്ടതും അനേക അവാർഡുകൾ കരസ്ഥമാക്കിയതുമായ ഒരു ചരിത്രസിനിമയാണ്. അഗ്നിരഥങ്ങൾ എന്നതിന്റെ സൂചന വിശുദ്ധ ബൈബിളിലുണ്ട്. പഴയനിയമത്തിൽ രാജാക്കന്മാരുടെ പുസ്തകത്തിലാണത്. ആദ്യത്തെ പരാമർശം ഏലിയാ പ്രവാചകൻ അഗ്നിരഥങ്ങളിൽ സ്വർഗത്തിലേക്ക് സംവഹിക്കപ്പെടുന്നതാണ്.

ദൈവത്തിനുവേണ്ടി എല്ലാം ഉപേക്ഷിച്ച് കഷ്ടപ്പാടുകളും അപമാനങ്ങളും സഹിച്ച പ്രവാചകനെ ദൈവം മഹത്വപ്പെടുത്തുന്നു. ഇത് ഈ സിനിമയുടെ തീമുമായി ചേർന്നുപോകുന്നതാണ്. ദൈവം ഒരിക്കലും ആരുടെയും കടക്കാരനാകുന്നില്ല. ദൈവത്തിന് കൊടുക്കുന്നതിന്റെ എത്രയോ ഇരട്ടിയായി ദൈവം എല്ലാ കാലത്തും തിരിച്ചു നല്കും, നല്കിക്കൊണ്ടിരിക്കുന്നു.

അഗ്നിരഥങ്ങളെക്കുറിച്ചുള്ള രണ്ടാമത്തെ പരാമർശം ഏലീഷാ പ്രവാചകന്റെ ജീവിതത്തിൽനിന്നാണ്. സിറിയാ രാജാവ് ഏലീഷാ പ്രവാചകനെ പിടികൂടുവാൻ വലിയൊരു സൈന്യത്തെ അയക്കുകയാണ്. കാരണം, ഇസ്രായേലിനെതിരായുള്ള സിറിയാരാജാവിന്റെ നീക്കങ്ങളെല്ലാം തക്കസമയത്ത് ഏലീഷാ പ്രവാചകൻ മനസിലാക്കി, ഇസ്രായേൽ രാജാവിന് വെളിപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിൽ കുപിതനായ രാജാവ് പ്രവാചകനെ ബന്ധനസ്ഥനാക്കുവാൻ അയച്ചതാണ് ഈ വലിയ സൈന്യത്തെ.

കണ്ണുകൾ തുറക്കണമേ!
പ്രവാചകന്റെ വേലക്കാരൻ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ രഥങ്ങളും കുതിരകളുമായി സൈന്യം വളഞ്ഞിരിക്കുന്നതാണ് കണ്ടത്. അവൻ ഭയപ്പെട്ട് നിലവിളിച്ചു: ”അയ്യോ, യജമാനനേ നാം എന്താണ് ചെയ്യുക?” പക്ഷേ, പ്രവാചകന് ഒരു കുലുക്കവുമില്ല. ദൈവത്തിനുവേണ്ടി ജീവിക്കുന്നയാളെ സംരക്ഷിക്കേണ്ട ചുമതല ദൈവത്തിന്റേതുതന്നെയാണെന്നും അവിടുന്ന് അത് വളരെ ഭംഗിയായി ചെയ്യുമെന്നും ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. ആ സമയത്ത് ദൈവം തന്റെ രക്ഷയ്ക്കുവേണ്ടി അയച്ച സൈന്യവ്യൂഹത്തെ കാണുകയായിരുന്നു പ്രവാചകൻ.

എന്നാൽ, ഇത് കാണുവാൻ വേലക്കാരന് സാധിക്കുന്നില്ല. അതിനാൽ പ്രവാചകൻ ഇപ്രകാരം പ്രാർത്ഥിച്ചു: ”കർത്താവേ, ഇവന്റെ കണ്ണുകളെ തുറക്കണമേ! ഇവൻ കാണട്ടെ.” കർത്താവ് അവന്റെ കണ്ണുകൾ തുറന്നു. എന്താണ് അവൻ കണ്ടത്? പ്രവാചകന്റെ ഭവനത്തിന് ചുറ്റും ദൈവം അഗ്നിരഥങ്ങളും കുതിരകളും വിന്യസിപ്പിച്ചിരിക്കുന്നതാണ്. പ്രവാചകന്റെ പ്രാർത്ഥന പ്രതിസന്ധികൾ കണ്ട് ഭയപ്പെടുമ്പോൾ നമ്മൾ സ്വയം ചൊല്ലുന്നത് നല്ലതാണ്.
ഭയമാണ് അനേക മനുഷ്യരെ നിർവീര്യരാക്കുന്നതും നിരാശയിലേക്ക് നയിക്കുന്നതും. ആ സാഹചര്യത്തിൽ സർവശക്തനായ ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാൻ സാധിച്ചാൽ, ദൈവം നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് കാണുവാൻ സാധിച്ചാൽ നാം ശക്തരാകും. അതിനാൽ ഇപ്രകാരം പ്രാർത്ഥിക്കുക: ”ദൈവമേ, എന്റെ കണ്ണുകളെ തുറക്കണമേ! ഞാൻ കാണട്ടെ.”

എറിക് ലിഡലിന്റെ കഥ
‘ചാരിയട്ട്‌സ് ഓഫ് ഫയർ’ ഒരു ചരിത്രസിനിമയാണെന്ന് പറഞ്ഞുവല്ലോ. 1924-ലെ ഒളിമ്പിക്‌സ് മത്സരങ്ങളിൽ 400 മീറ്ററിൽ സ്വർണമെഡൽ നേടിയ എറിക് ലിഡൽ എന്ന ഓട്ടക്കാരൻ ഇതിൽ ഒരു പ്രധാന കഥാപാത്രമാണ്. അദ്ദേഹം വളരെ ഭക്തനായ ക്രിസ്ത്യാനിയായിരുന്നു. സ്‌കോട്ട്‌ലന്റ്കാരായ മാതാപിതാക്കൾക്ക് ജനിച്ച ഒരു കുട്ടിയാണ് ലിഡൽ. അവർ ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി സ്വദേശം വിട്ട് ചൈനയിൽ മിഷനറിവേല ചെയ്യുകയാണ്. അവിടെവച്ചാണ് ലിഡൽ ജനിച്ചത്.
അവന് മാതാപിതാക്കളെപ്പോലെ ഒരു മിഷനറിയായിത്തീരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അതിന് മുൻപ് ദൈവത്തിന്റെ മഹത്വം തന്റെ ജീവിതത്തിൽ പ്രകടമാകണമെന്ന് അവൻ ആഗ്രഹിച്ചു. എത്ര ഉത്കൃഷ്ടമായ ആഗ്രഹം! പൊതുവെ മനുഷ്യർ ആഗ്രഹിക്കുന്നത് സ്വന്തം മഹത്വമാണ്. പക്ഷേ, അവൻ സ്വയം മഹത്വപ്പെടണമെന്ന് ഒട്ടും ആഗ്രഹിച്ചില്ല. മറിച്ച് ദൈവത്തിന്റെ മഹത്വം മറ്റുള്ളവർ ദർശിക്കുന്നതിന് തന്റെ ജീവിതം ഒരു കാരണമാകണമെന്ന് അവൻ ആഗ്രഹിച്ചു, പ്രാർത്ഥിച്ചു. ദൈവം അവന്റെ നിസ്വാർത്ഥമായ പ്രാർത്ഥന കേൾക്കാതിരിക്കുമോ?

ദൈവത്തെക്കുറിച്ച് വളരെ ശ്രേഷ്ഠമായ ഒരു കാഴ്ചപ്പാടാണ് ലിഡലിനുണ്ടായിരുന്നത്. ദൈവം എന്റെ പിതാവാണ്. ഏത് പിതാവാണ് മക്കൾ ഉന്നത നേട്ടങ്ങൾ നേടണമെന്ന് ആഗ്രഹിക്കാത്തത്? അതുപോലെ തന്റെ മകൻ കഠിനമായി അധ്വാനിക്കണമെന്നും അവന് ലഭിച്ചിട്ടുള്ള കഴിവുകൾ പരമാവധി വളർത്തിയെടുക്കണമെന്നും ഒരു പിതാവ് ആഗ്രഹിക്കുന്നുണ്ട്. ലിഡൽ ഇപ്രകാരമാണ് ചിന്തിച്ചത് ‘എനിക്ക് ഓടുവാനുള്ള കഴിവ് നല്കിയത് എന്റെ പിതാവായ ദൈവമാണ്. ഞാൻ വളരെ നന്നായി ഓടുമ്പോൾ എന്റെ പിതാവ് സന്തോഷിക്കുന്നുണ്ട്. എനിക്ക് ആ സന്തോഷം അനുഭവിക്കുവാൻ സാധിക്കും’ (ക ളലലഹ ഒശ െുഹലമൗെൃല) എന്നാണ് ലിഡൽ പറഞ്ഞത്.

അനുകരിക്കാവുന്ന ചിന്ത
പിതാവിനെ സന്തോഷിപ്പിക്കുവാൻ ഓടുന്ന ആ മകനെ ഒന്ന് ഭാവന കണ്ടുനോക്കൂ! അവന്റെ ഓട്ടം എത്ര രസകരമായിരിക്കും! എത്ര ആയാസരഹിതമായിരിക്കും! നമുക്ക് അനുകരിക്കാവുന്ന ഒരു ചിന്തയാണിത്. നാം ഏത് മേഖലയിൽ ജോലി ചെയ്യുന്നുവെന്നത് പ്രശ്‌നമല്ല. തൂപ്പുകാരനായിരിക്കാം, കൃഷിക്കാരനായിരിക്കാം, വീട്ടമ്മയായിരിക്കാം, ബിസിനസ്സുകാരനായിരിക്കാം, ഓഫിസ് ജീവനക്കാരനായിരിക്കാം, അധ്യാപകനായിരിക്കാം, ഡോക്ടറായിരിക്കാം, സുവിശേഷ പ്രവർത്തകനായിരിക്കാം – ഏത് മേഖലയിലായിക്കൊള്ളട്ടെ പിതാവായ ദൈവത്തെ സന്തോഷിപ്പിക്കുവാൻ ഞാൻ അധ്വാനിക്കും എന്ന് ചിന്തിക്കുക. നാം ആ ജോലി ഏറ്റവും നന്നായി ചെയ്യും, ഒട്ടും ഉഴപ്പുകയില്ല. അത് എനിക്ക് വലിയ സന്തോഷം നല്കും.

കാരണം, ലിഡൽ പറയുന്നതുപോലെ എന്റെ ജോലി കാണുന്ന പിതാവിനുണ്ടാകുന്ന സന്തോഷം ഞാനും അനുഭവിക്കുന്നു. ഈ കാഴ്ചപ്പാടോടുകൂടെ ജോലി ചെയ്യുമ്പോൾ അത് പിതാവിന്റെ ജോലി ആയിത്തീരും. അതിനാൽത്തന്നെ അത് ഏറ്റവും ശ്രേഷ്ഠമായി ചെയ്യുവാനുള്ള എല്ലാ കൃപാവരങ്ങളും പിതാവ് നമുക്ക് നല്കും. നമ്മിലൂടെ ദൈവം മഹത്വപ്പെടുവാൻ ഇടയാവുകയും ചെയ്യും. അപ്പോൾ എന്തു ചെയ്യുന്നുവെന്നതല്ല പ്രധാനം, എങ്ങനെ ചെയ്യുന്നുവെന്നതാണ്. മാറേണ്ടത് മനോഭാവമാണ്. പ്രവൃത്തിക്ക് പ്രേരകമായ കാഴ്ചപ്പാടാണ് പരമ പ്രധാനമായത്. പിതാവ് പുത്രനിൽ മഹത്വപ്പെടണം എന്നുള്ളത് യേശുക്രിസ്തുവിന്റെതന്നെ ആഗ്രഹമാണ്. ഈ വചനം ശ്രദ്ധിക്കുക: ”നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും, പിതാവ് പുത്രനിൽ മഹത്വപ്പെടാൻവേണ്ടി ഞാൻ പ്രവർത്തിക്കും” (യോഹ. 14:13). അതുപോലെ നാം നമുക്ക് ഏല്പ്പിക്കപ്പെട്ട ജോലികൾ യേശുവിന്റെ മഹത്വത്തിനുവേണ്ടി ചെയ്യുമ്പോൾ യേശുക്രിസ്തു നമ്മിൽ മഹത്വപ്പെടുന്നു. അവിടുത്തെ വാക്ക് ശ്രദ്ധിക്കുക: ”ഞാൻ അവരിൽ മഹത്വപ്പെട്ടിരിക്കുന്നു” (യോഹ. 17:10).

ദൈവത്തെ ജീവിതത്തിൽ ഉടനീളം മഹത്വപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ ദൈവം നല്കിയ കല്പനകൾക്ക്, ദൈവത്തിന്റെ ഹിതത്തിന് ഒന്നാം സ്ഥാനം നല്കും, പരമപ്രാധാന്യം നല്കും. അവ അനുഷ്ഠിക്കുമ്പോൾ വരുന്ന വ്യക്തിപരമായ, താല്ക്കാലിക നഷ്ടങ്ങൾ അവർ പരിഗണിക്കുകയില്ല. കാരണം, പിതാവിനെ സന്തോഷിപ്പിക്കുക എന്നതാണല്ലോ അവരുടെ ലക്ഷ്യം.

തിളങ്ങുന്ന മാതൃക
ഇവിടെ എറിക് ലിഡൽ തിളങ്ങുന്ന ഒരു മാതൃക നല്കുന്നുണ്ട്. ഏറെ പരിശീലനങ്ങൾക്കുശേഷം ഒളിമ്പിക്‌സിൽ ബ്രിട്ടനെ പ്രതിനിധീകരിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടു. നൂറു മീറ്ററാണ് അദ്ദേഹത്തിന്റെ ഇനം. പക്ഷേ, വലിയൊരു പ്രതിസന്ധി ലിഡലിന്റെ ജീവിതത്തിൽ വന്നു. ഹീറ്റ്‌സ് മത്സരങ്ങൾ ക്രമീകരിച്ചത് ഒരു ഞായറാഴ്ചയാണ്. ഞായറാഴ്ച കർത്താവിന്റെ ദിവസമാണ്. അത് പരിശുദ്ധമായി ആചരിക്കണമെന്ന ദൈവകല്പന ലിഡൽ ഓർത്തു.

പിതാവിന് സന്തോഷം നല്കണം എന്നാണല്ലോ അദ്ദേഹത്തിന്റെ ജീവിതപ്രമാണം. പിതാവിനെ വേദനിപ്പിച്ചുകൊണ്ടുള്ള ഒരു നേട്ടം തനിക്ക് വേണ്ടായെന്ന് ഒരു ഉറച്ച തീരുമാനം അദ്ദേഹം എടുത്തു. ഒളിമ്പിക്‌സിൽ നൂറു മീറ്ററിൽ സ്വർണമെഡൽ കിട്ടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഒരു താരമാണ് ഈ തീരുമാനം എടുക്കുന്നതെന്ന് ഓർക്കണം. അദ്ദേഹം ഹീറ്റ്‌സിൽ പങ്കെടുത്തില്ല. അധികാരികൾ വലിയ സമ്മർദം ചെലുത്തിയിട്ടും ലിഡൽ വഴങ്ങിയില്ല. അദ്ദേഹത്തിന്റെ ഈ വലിയ തീരുമാനം ലോകശ്രദ്ധയാകർഷിച്ചു. മാധ്യമങ്ങൾ ഈ വാർത്ത വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ദൈവമഹത്വത്തിനായി സ്വന്തം നേട്ടം ബലി കഴിക്കുവാൻ തയാറായ ഒരു വ്യക്തിയിലൂടെ ദൈവപിതാവ് വീണ്ടും മഹത്വപ്പെട്ടു. ദൈവത്തിന് എത്ര സന്തോഷം തോന്നിക്കാണണം!

ആ തീരുമാനം എടുത്തശേഷം ലിഡലിന് വലിയൊരു ആനന്ദം അനുഭവപ്പെട്ടു. ദൈവമഹത്വത്തിനായി ഈ വലിയ തീരുമാനമെടുത്ത തന്നെ ദൈവം കൈവിടുകയില്ലായെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതിനുശേഷം ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഉജ്വലമായ ഒരു പ്രസംഗം നടത്തി. ഇതാണ് ശ്രദ്ധേയമായ ആ വാക്കുകൾ: ”എന്നാൽ, ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാൽ തളരുകയുമില്ല” (ഏശ. 40:31). എത്രയോ അർത്ഥപൂർണമായ വാക്കുകൾ. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവം ഇന്നും തന്നിൽ പൂർണമായും ആശ്രയിക്കുന്നവരെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു!

പ്രകാശഗോപുരമാകുന്നവർ
ആധുനികലോകത്തിന് ലിഡൽ ഒരു പ്രകാശഗോപുരമാണ്. കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കുവാൻ ഇന്നും പലർക്കും ശ്രദ്ധയില്ല. ഇന്ന് അതൊരു ഒഴിവുസമയമായി മാറിയിരിക്കുന്നു. പലവിധ പരിപാടികൾ, മീറ്റിംഗുകൾ, ഔട്ടിംഗുകൾ ഇവയെല്ലാം ഞായറാഴ്ചയാണ് ക്രമീകരിക്കുന്നത്. കാരണം, അന്ന് ഒഴിവ് ദിവസമാണ്. ഞായറാഴ്ച കൂടുതൽ കച്ചവടം ലഭിക്കുമെന്നതിനാൽ ‘ഓപ്പൺ ഓൺ സൺഡേസ്’ എന്ന ബോർഡുവച്ച് വ്യാപാരം നടത്തുവാൻ മനഃസാക്ഷിക്കുത്ത് പലർക്കുമില്ല. ദൈവത്തിന്റെ കല്പനയെ യാതൊരു ലജ്ജയുമില്ലാതെ ലംഘിക്കുന്ന ഈ കാലഘട്ടത്തിൽ ലിഡൽ അസാമാന്യ വെല്ലുവിളിയാണ് ഉയർത്തുന്നത്. തന്റെ സാധ്യതകളെല്ലാം ദൈവസ്‌നേഹത്തെപ്രതി വേണ്ടെന്ന് വയ്ക്കുക.

ദൈവസ്‌നേഹത്തെപ്രതി ഒരു ത്യാഗം ചെയ്യുന്ന വ്യക്തിയെ ദൈവം ഒരിക്കലും കൈവിടുകയില്ല. അതാണ് ലിഡലിന്റെ കാര്യത്തിലും സംഭവിച്ചത്. ഒരു വാതിൽ അടഞ്ഞപ്പോൾ, ദൈവം മറ്റൊരു വാതിൽ തുറന്നു. അധികാരികൾക്ക് ലിഡലിനോട് കരുണ തോന്നുവാൻ ദൈവം ഇടയാക്കി. അദ്ദേഹത്തിന് 400 മീറ്ററിൽ മത്സരിക്കുവാൻ അവസരം നല്കി. അതിൽ മെഡൽ നേടുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ലിഡൽ തന്റെ പ്രസംഗത്തിൽ വാഴ്ത്തിയ ദൈവം അവന് ശക്തി കൊടുത്തു. കഴുകനെപ്പോലെ ചിറകടിച്ചുയരുവാൻ കൃപ നല്കി. 400 മീറ്ററിൽ സ്വർണമെഡൽ ജേതാവായി ലിഡൽ.

അതെ, ദൈവം എന്നും വാഗ്ദാനത്തിൽ വിശ്വസ്തനാണ്. മാത്രവുമല്ല, അനേക വർഷങ്ങൾക്കുശേഷവും അദ്ദേഹം സ്മരിക്കപ്പെടുവാൻ ദൈവം ഇടയാക്കി. പ്രഭാഷകന്റെ പുസ്തകത്തിൽ ദൈവമനുഷ്യരെക്കുറിച്ച് ഇപ്രകാരം പറയുന്നു: ”അവരുടെ പേര് തലമുറകൾതോറും നിലനില്ക്കും” (പ്രഭാ. 44:14). ദൈവത്തിൽ പ്രത്യാശയർപ്പിച്ച്, ദൈവമഹത്വത്തിനായി ജീവിച്ച് അനശ്വരരായിത്തീർന്നവരുടെ നിരയിൽ ചേരുവാൻ നമുക്കും കൃപ ലഭിക്കുവാൻ പ്രാർത്ഥിക്കാം:
ഓ, സർവശക്തനായ ദൈവമേ, അങ്ങയെ സന്തോഷിപ്പിക്കുന്ന വിധത്തിൽ ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. അങ്ങയെ പ്രീതിപ്പെടുത്തി ജീവിക്കുന്നവരെക്കുറിച്ച് അവിടുന്ന് ഇപ്രകാരം പറഞ്ഞിട്ടുണ്ടല്ലോ: ”അവരുടെ സത്പ്രവൃത്തികൾ വിസ്മരിക്കപ്പെട്ടിട്ടില്ല. അവരുടെ ഐശ്വര്യം അവരുടെ പിൻഗാമികളിലും അവരുടെ അവകാശം മക്കളുടെ മക്കളിലും നിലനില്ക്കും” (പ്രഭാ. 44:10-11) പിതാവേ, അങ്ങയെ മഹത്വപ്പെടുത്തുവാൻ എന്റെ ജീവിതത്തെ അങ്ങ് അനുഗ്രഹിക്കണമേ. അങ്ങയെപ്രതി ഉറച്ച തീരുമാനങ്ങൾ എടുക്കുവാൻ എന്നെ എപ്പോഴും അനുഗ്രഹിച്ചാലും! എന്നും ഞാൻ അങ്ങയുടെ വഴിയിൽമാത്രം ചരിക്കട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തിന് സന്തോഷം നല്കുന്ന രീതിയിൽ എന്റെ ജീവിതത്തെ ക്രമീകരിക്കുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.
കെ.ജെ. മാത്യു

b-2

Leave a Reply

Your email address will not be published. Required fields are marked *