നിനവെയിൽനിന്നും നാം അത്രയേറെ അകലത്തൊന്നുമല്ല

പുരാതനമായ അസ്സീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നിനവെ. യോനാപ്രവാചകന്റെ കഥയിലൂടെ ബൈബിളിൽ നിറഞ്ഞു നില്ക്കുന്ന ഈ നഗരത്തെ ‘മഹാനഗരമായ നിനവെ’ എന്നാണ് വിശേഷിപ്പിക്കുന്നത്. മൂന്നു ദിവസത്തെ യാത്ര വേണമായിരുന്നു നഗരം കടക്കാൻ. നൂറ് അടിയോളം ഉയരമുള്ള കോട്ടയ്ക്കുമുകളിൽ മൂന്നു രഥങ്ങൾക്ക് ഒരേസമയം സഞ്ചരിക്കാമായിരുന്നുവത്രേ!

യോനാപ്രവാചകൻ വഴിയുള്ള മുന്നറിയിപ്പ് സ്വീകരിച്ച നഗരവാസികൾ തെറ്റുകളോർത്ത് പശ്ചാത്തപിച്ചതിന്റെ ഫലമായി ദൈവം നഗരത്തെ നശിപ്പിക്കാതെ കരുണ കാണിച്ച കഥയും നമുക്കറിയാം. ബി.സി എട്ടാം നൂറ്റാണ്ടിലാണ് യോനാപ്രവാചകൻ ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു. എന്നാൽ ബി.സി. ഏഴാം നൂറ്റാണ്ടിൽ നിനവെ പൂർണമായും നശിപ്പിക്കപ്പെട്ടു.

മൂന്നു വർഷം മുഴുവൻ മേദ്യയാ രാജ്യത്തിന്റെ സൈന്യാധിപൻ അർബേശു കോട്ട വളഞ്ഞ് ഉപരോധമേർപ്പെടുത്തിയിട്ടും ഒന്നും സംഭവിച്ചില്ല. എന്നാൽ കോട്ടയുടെ ഒരു വശത്തുകൂടി ഒഴുകിയിരുന്ന ടൈഗ്രീസ് നദിയിൽ വെള്ളപ്പൊക്കം ഉണ്ടായി. അത് കോട്ടമതിലിനെ തകർത്ത് നഗരത്തിലേക്ക് പ്രവഹിച്ചു. ആ വിടവിലൂടെ ശത്രുസൈന്യം അകത്തുകടന്നു. നഗരം കത്തിയെരിഞ്ഞ് ചാമ്പലായി.

‘ദുഷ്ടത നിറഞ്ഞ ആ ജനതയെ 40 ദിവസത്തിനകം നശിപ്പിക്കും’ എന്ന ദൈവത്തിന്റെ സന്ദേശം ലഭിച്ചപ്പോൾ അവർ അനുതപിച്ചു, മാനസാന്തരപ്പെട്ടു. ദൈവം നശിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുകയും ചെയ്തു. പക്ഷേ, വീണ്ടും ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോൾ ആ നഗരം പൂർണമായി നശിപ്പിക്കപ്പെട്ടു. അതിൽനിന്ന് നാം എന്താണ് മനസിലാക്കേണ്ടത്? നിനവെയുടെ മാനസാന്തരം അധികകാലം നിലനിന്നില്ല. വർഷങ്ങൾ പിന്നിട്ടപ്പോൾ ദൈവഭയം നഷ്ടപ്പെട്ടു. ജനങ്ങൾ വീണ്ടും പാപത്തിലേക്ക് പിൻതിരിഞ്ഞു. അതിന്റെ ഫലമായി ബി.സി. എട്ടാം നൂറ്റാണ്ടിൽ ദൈവം കരുണയോടെ പിൻവലിച്ച വിധി – നശിപ്പിക്കപ്പെടുക എന്നത്- വീണ്ടും ആ നഗരത്തിന്റെമേൽ നിപതിച്ചു.

നമ്മളും അനുതപിക്കാറുണ്ട്; മാനസാന്തരപ്പെടാറുണ്ട്. പലപ്പോഴും അത് നിനവെ നഗരത്തിന്റെ അല്പായുസായ മാനസാന്തരം പോലെയല്ലേ? നോമ്പുകാലത്ത് അനുതപിക്കുകയും പാപമാർഗങ്ങൾ വിട്ടുപേക്ഷിക്കുകയും ചെയ്യുന്ന പലരും നോമ്പ് കഴിയുമ്പോൾ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകുന്നു. ധ്യാനങ്ങളിലും കൺവെൻഷനുകളിലും പങ്കെടുക്കുമ്പോൾ തെറ്റുകളോർത്ത് മനസ്തപിക്കുകയും പുതിയ തീരുമാനങ്ങളെടുക്കുകയും ചെയ്യും. പക്ഷേ, കുറെ കഴിയുമ്പോൾ ദൈവതിരുമുൻപിലെടുത്ത തീരുമാനങ്ങൾ വിസ്മരിക്കുകയും ചെയ്യും.

ജീവിതത്തിൽ പ്രയാസങ്ങളും പ്രശ്‌നങ്ങളും നേരിടുമ്പോൾ അവയെ അതിജീവിക്കാനായി ദൈവതിരുമുൻപിൽ എളിമപ്പെട്ട് പ്രാർത്ഥിക്കുന്ന പലരും പ്രശ്‌നങ്ങൾ മാറിക്കഴിയുമ്പോൾ പിൻതിരിഞ്ഞുപോകുന്നു. പരീക്ഷയിൽ വിജയിക്കാനും വിവാഹം നടക്കാനും കടബാധ്യത മാറാനും രോഗം മാറാനും മാത്രമായുള്ള അനുതാപം…
ഇതിനെക്കുറിച്ചല്ലേ ഏശയ്യാ പ്രവാചകനിലൂടെ കർത്താവ് ചോദിക്കുന്നത് ”ഇത്തരം ഉപവാസമാണോ ഞാൻ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറി കിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങൾ ഉപവാസം എന്നും കർത്താവിന് സ്വീകാര്യമായ ദിവസം എന്നും വിളിക്കുക?” (ഏശ. 58:5). ഒരു കാറ്റു വീശുമ്പോൾ ഞാങ്ങണയുടെ അഗ്രം താഴും. പക്ഷേ, കാറ്റ് പോയിക്കഴിയുമ്പോൾ അത് മുൻപത്തെ അവസ്ഥയിലേക്ക് മടങ്ങിവരും.

ആത്മാർത്ഥതയില്ലാത്ത, ആഴമില്ലാത്ത അനുതാപം ക്രമേണ ഹൃദയത്തെ കഠിനമാക്കി മാറ്റും. തിന്മയെ ന്യായീകരിക്കുന്ന, അതിന്റെ ഗൗരവം ലഘൂകരിക്കുന്ന മാനസികാവസ്ഥ രൂപപ്പെടുത്തും. അനേക വർഷങ്ങൾ പിന്നിട്ടിട്ടും ആത്മീയജീവിതം വളരാത്തതിന്റെ കാരണങ്ങളിലൊന്ന് യഥാർത്ഥമായ ഹൃദയപരിവർത്തനത്തിന്റെ അഭാവമാണ്. ദൈവത്തിന്റെ ആത്മാവ് നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിച്ചെങ്കിൽ മാത്രമേ നമ്മുടെ ഹൃദയത്തിന്റെ യഥാർത്ഥ അവസ്ഥ നമുക്ക് മനസിലാവുകയുള്ളൂ. അതിനാൽ നമുക്ക് പ്രാർത്ഥിക്കാം:

പരിശുദ്ധാത്മാവേ…. ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുവാൻ എഴുന്നള്ളിവന്നാലും. ഞങ്ങളിലെ ശിലാഹൃദയം എടുത്തുമാറ്റി മാംസളമായ ഒരു ഹൃദയം നല്കണമേ. അങ്ങനെ യഥാർത്ഥമായും ദൈവത്തെ സ്‌നേഹിക്കുന്നവരും ദൈവകല്പന അനുസരിക്കുന്നവരുമായി ഞങ്ങളെ മാറ്റണമേ – ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

5 Comments

  1. Thomas says:

    I like this article I work inside deep sea here am alone this time I read shalom also I pry to loard

  2. I like the articles very much which is very touching, inspiring & above more spiritual.

  3. Babu Antony says:

    Praise God!!
    Always inspiring… Spirit filled editorials.
    Keep writing with the guidance of HS.
    Babu

  4. jose gregory says:

    The editorials and articles touched me a lot. I have felt the warmth of the living words. Lord thanks & Praise to Jesus Christ

    Jose Gregory

  5. santhosh says:

    I like the article.today onwads i decide to read shallom.
    thanks lord

Leave a Reply to santhosh Cancel reply

Your email address will not be published. Required fields are marked *