ഒരു പുതിയ ഐഡിയ

അടുത്തയാഴ്ച നടക്കാനിരിക്കുന്ന ആന്റിയുടെ കല്യാണാഘോഷത്തെക്കുറിച്ച് ഓർമ്മവരുമ്പോഴൊക്കെ ഏഴാം ക്ലാസുകാരൻ ഇവാന്റെ മനസ് തുടികൊട്ടിക്കൊണ്ടിരുന്നു. ബന്ധുക്കളും കൂട്ടുകാരുമൊക്കെയായി കുറേപ്പേർ കാണുമെന്നാണ് പപ്പ പറഞ്ഞിരിക്കുന്നത്. പുതിയ പാന്റ്‌സും ഷർട്ടുമെല്ലാം വാങ്ങാൻ നാളെ കൊണ്ടുപോകാമെന്നും പറഞ്ഞിട്ടുണ്ട്. വൈകുന്നേരത്തെ കളിക്കായി മൈതാനത്തേക്ക് നടക്കുന്നതിനിടയിലാണ് ഇതെല്ലാം ആലോചിച്ചുകൊണ്ടിരുന്നത്.
ഇടക്ക് അവന്റെ ശ്രദ്ധ വഴിയരികിൽ നില്ക്കുന്ന നായ്ക്കുട്ടിയിലായി. പെട്ടെന്നാണ് അതിലേ പാഞ്ഞുപോയ ഒരു കാറിൽനിന്ന് ഒരു കവർ പുറത്തേക്ക് വീണത്. സത്യത്തിൽ വീണതല്ല, എന്തോ വേയ്സ്റ്റ് എറിഞ്ഞുകളഞ്ഞതാണ്. നായ്ക്കുട്ടി ഓടി അതിനടുത്തെത്തി. സ്വന്തം വീടുമാത്രം വൃത്തിയായിരുന്നാൽമതിയെന്നു ചിന്തിക്കുന്ന ആരോ ചെയ്ത പണി. പക്ഷേ നായ്ക്കുട്ടിക്ക് അതിനകത്തുനിന്ന് എന്തൊക്കെയോ തിന്നാൻ കിട്ടി. അതിന് സന്തോഷമായി. അപ്പോഴതാ അതിന്റെ ഉടമസ്ഥനായ കുട്ടി വരുന്നു. നായ്ക്കുട്ടിയെ അവനൊന്നു തൊട്ടുതലോടി.

അത് വാലാട്ടിക്കൊണ്ടു നിന്നു. പിന്നെ അവരൊരുമിച്ച് അവിടെ കണ്ട ഇടവഴിയിലൂടെ നടന്നു. പെട്ടെന്നുണ്ടായ ഒരു തോന്നലിന് ഇവാനും അവരുടെ പിന്നാലെ പോയി. അവർ അവിടെയുള്ള ഒരു ചെറിയ വീട്ടിലേക്കാണ് കയറിയത്. അതിനെ വീടെന്നു വിളിക്കാനാവില്ല, ഒരു കുടിൽ. ഇവാനും അവരുടെ പിന്നാലെ ആ കുടിലിലേക്കു കയറിച്ചെന്നു. ആ ആൺകുട്ടിയെ പരിചയപ്പെട്ടു.

അവിടെ അടുത്തുള്ള സ്‌കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു. പേര് ആനന്ദ്. അച്ഛൻ അവിടത്തെയൊരു ഫാക്ടറിയിൽ തൊഴിലാളിയാണ്. ഇപ്പോൾ കുറച്ചു നാളായിട്ട് പണിയില്ലത്രേ. അമ്മ പണിക്കു പോവുന്നുണ്ട്. അവൻമാത്രമേയുള്ളൂ അവരുടെ മകനായിട്ട്. അവന് പ്രിയപ്പെട്ട കൂട്ടുകാരൻ കുട്ടു എന്ന ആ നായ്ക്കുട്ടിയാണ്. കുറച്ചുനേരത്തിനുള്ളിൽ ഇവാനും ആനന്ദും കൂട്ടുകാരായി.

***** *****
പിറ്റേന്ന് പാന്റ്‌സും ഷർട്ടും വാങ്ങാൻ കടയിലെത്തിയ പപ്പക്ക് അത്ഭുതം. അവന് വില കുറഞ്ഞ പാന്റ്‌സും ഷർട്ടും മതിയത്രേ. അല്ലെങ്കിൽ എപ്പോഴും ഏറ്റവും വിലകൂടിയത് വേണമെന്നു പറയുന്ന ആളാണ്. പക്ഷേ ഇത്തവണ വേറൊരാവശ്യമാണുള്ളത്. നല്ലൊരു പാന്റ്‌സും ഷർട്ടും വേറെ എടുക്കണം. അത് എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും കൊടുക്കണം. അതേക്കുറിച്ച് പിന്നെ ചോദിക്കരുത്. പപ്പ എല്ലാം സമ്മതിച്ചു.

***** *****
അന്നു വൈകുന്നേരം മമ്മി പോലുമറിയാതെ നല്ല പാന്റ്‌സും ഷർട്ടുമെടുത്ത് ആനന്ദിന്റെ വീട്ടിലേക്കു നടക്കുമ്പോൾ ഇവാന് വളരെ സന്തോഷം തോന്നി. കഴിഞ്ഞ വർഷം ആദ്യകുർബാനസ്വീകരണത്തിനായി ഒരുക്കിയപ്പോൾ സിസ്റ്റർ പഠിപ്പിച്ച ആശയടക്കം എന്ന പുണ്യം ഇപ്പോൾ താൻ ശരിക്കും ചെയ്തിരിക്കുന്നു. മാത്രമല്ല, അതുകൊണ്ട് ആനന്ദിനെ സഹായിക്കാനും പറ്റി. ”ഈശോക്ക് ഇത് ഇഷ്ടപ്പെടും, തീർച്ച” അവൻ സ്വയം പറഞ്ഞു. ന്മ

1 Comment

  1. Diana Thomas says:

    Good article reiterating the “Joy of Giving”

Leave a Reply

Your email address will not be published. Required fields are marked *