തിരക്കുപിടിച്ച് ഒരുങ്ങുകയാണ് കുട്ടികൾ. സ്‌കൂൾ ജീവിതത്തിലെ പ്രധാനപ്പെട്ട പരീക്ഷക്കായി 10 മിനിറ്റിനകം ഹാളിൽ കയറണം. അതിനുള്ള ബെല്ലടിക്കാറായി. അവസാനവട്ട ഒരുക്കങ്ങൾക്കിടയിൽ ഇൻസ്ട്രുമെന്റ് ബോക്‌സ് തുറന്നു നോക്കിയ അവൻ അമ്പരന്നുപോയി, പെൻസിൽ എടുത്തിട്ടില്ല! ഒരിക്കലും അങ്ങനെ സംഭവിക്കാറുള്ളതല്ല, ക്ലാസിലെ ഒന്നാം സ്ഥാനക്കാരനാണവൻ.
കൂട്ടുകാരുടെ സഹായം ചോദിച്ചു. പക്ഷേ അവരാരും ഒന്നിൽക്കൂടുതൽ പെൻസിൽ കൈയിൽ കരുതിയിട്ടില്ലത്രേ. എല്ലാവരുടെയും ബാഗിൽക്കാണും, പക്ഷേ അവസാനനിമിഷത്തിൽ അതിനായി സമയം കളയാൻ ആരും തയാറായില്ല. പെട്ടെന്നാണ് അവൻ അതു ശ്രദ്ധിച്ചത്. തന്റെ നേരെ നീണ്ടുവരുന്ന ഒരു പെൻസിൽ! പെൻസിൽ നീട്ടിയയാളുടെ മുഖത്തേക്കവൻ നോക്കി. ക്ലാസിലെ ഉഴപ്പനായ ആൺകുട്ടി. ഒരിക്കലും താനവനെ പരിഗണിച്ചിട്ടില്ല, സഹായിച്ചിട്ടുമില്ല. നന്ദിപൂർവം അത് വാങ്ങിയ നിമിഷത്തിൽത്തന്നെ ബെല്ലടിച്ചു.
പരീക്ഷ എഴുതുന്നതിനിടക്ക് ചിത്രം വരയ്‌ക്കേണ്ടി വന്ന സമയത്താണ് പിന്നെ ആ സുഹൃത്തിനെ നോക്കിയത്. അവന്റെ കൈയിൽ വേറെ ഉണ്ടാവില്ലേ എന്നൊരു ഭയത്തോടെ. അപ്പോൾ ആ ‘വേറെ’ പെൻസിൽ കണ്ടു. സാധാരണ ആരും ഉപയോഗിക്കാത്തത്രയും ചെറുത്! തനിക്ക് നല്ല പെൻസിൽ തരാനായി ആ അവസാനനിമിഷങ്ങളിൽ ബാഗ് തപ്പി അവൻ കണ്ടെടുത്തതാണെന്നുറപ്പ്.
അന്നു പഠിച്ച കരുണയുടെ പാഠം ഒരിക്കലും ഒന്നാം സ്ഥാനക്കാരന് മറക്കാൻ സാധിക്കുന്നതായിരുന്നില്ല.
”നിങ്ങൾക്കു നന്മ ചെയ്യുന്നവർക്ക് നിങ്ങൾ നന്മ ചെയ്യുന്നതിൽ എന്തു മേന്മയാണുള്ളത്?” (ലൂക്കാ 6:33)