രക്തകിരീടം നേടാൻ മനോഹരഗാനവുമായ്…

വിശുദ്ധ അഗസ്റ്റിന്റെ വാഴ്ത്തപ്പെട്ട തെരേസയും സഹസന്യാസിനികളും
കർമലീത്ത സന്യാസിനികളായ 16 പേർ ഗില്ലറ്റിൻ എന്ന കുപ്രസിദ്ധിയാർജ്ജിച്ച ‘ശിരച്ഛേദന യന്ത്രത്തിന്’ മുമ്പിലേക്ക് ആനയിക്കപ്പെടുകയാണ്. വിശുദ്ധ അഗസ്റ്റിന്റെ തെരേസയാ യിരുന്നു അവരുടെ സുപ്പീരിയർ(പ്രയറസ്). ഫ്രഞ്ച് വിപ്ലവം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമായ 1794 ജൂലൈ 17-നാണ് പ്രസ്തുതസംഭവം നടക്കുന്നത്. ക്രൈസ്തവ സന്യാസ ജീവിതം നയിച്ചു എന്നതായിരുന്നു അവരുടെ പേരിൽ ചാർത്തപ്പെട്ട ‘കുറ്റം’. രാജ്യത്തിനും സഭയ്ക്കുമായി തങ്ങളുടെ ജീവിതം സമർപ്പിക്കാമെന്ന ആശയം സഹസന്യാസിനികൾക്കു മുൻപിൽ അവതരിപ്പിച്ചത് സിസ്റ്റർ തെരേസ തന്നെയാണ്.

ഗാനങ്ങളോടെ…
മഠത്തിനുള്ളിൽ നടക്കുന്ന ഏതോ പ്രദക്ഷിണത്തിൽ പങ്കുകൊള്ളുന്ന ശാന്തതയോടെ ‘വെസ്പര’ ഗാനങ്ങളാലപിച്ചായിരുന്നു രക്തസാക്ഷിത്വത്തിലേക്കുള്ള അവരുടെ യാത്ര. ആലാപനം പൂർത്തിയാക്കാൻ ആരാച്ചാർ സമയം അനുവദിക്കത്തക്ക വിധത്തിൽ അത്ര മനോഹരമായിരുന്നു അത്. മരിക്കേണ്ട ക്രമം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ആരാച്ചാർ സുപ്പീരിയറായ സിസ്റ്റർ തെരേസയ്ക്ക് നൽകി.

സന്യാസജീവിതത്തിന് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് സഭാവസ്ത്രം സ്വീകരിക്കാൻ സാധിക്കാതെ പോയ സന്യാസാർത്ഥിനിയായ സിസ്റ്റർ കോൺസ്റ്റൻസിനാണ് സ്വർഗീയവസ്ത്രം ആദ്യം സ്വീകരിക്കാനുള്ള അനുവാദം ലഭിച്ചത്. മഠത്തിലെ രീതികളനുസരിച്ച് സിസ്റ്റർ തെരേസിന്റെ മുമ്പിൽ മുട്ടുകുത്തി കയ്യിലുണ്ടായിരുന്ന ഉണ്ണിയേശുവിന്റെയും മാതാവിന്റെയും പ്രതിമയും ചുംബിച്ച് സിസ്റ്റർ കോൺസ്റ്റൻസ് യാത്ര പറഞ്ഞു. മരിക്കാൻ ഒരിക്കൽക്കൂടി അനുവാദം ചോദിച്ച സിസ്റ്റർ കോൺസ്റ്റൻസിനോട് ‘എന്റെ മകളേ, പോവുക’ എന്ന് പറഞ്ഞ് സിസ്റ്റർ തെരേസ യാത്രയാക്കി.

സമൂഹത്തിലെ ഒരോ അംഗത്തെയും ധീരമായ സ്‌നേഹവായ്‌പോടെ സിസ്റ്റർ തെരേസ രക്തസാക്ഷിത്വത്തിനായി ഒരുക്കി. ദൈവസ്തുതികൾ ആലപിച്ചുകൊണ്ടാണ് അവർ ഒരോരുത്തരും മരണത്തെ പുൽകിയത്. അവസാനം സിസ്റ്റർ തെരേസയുടെ ഊഴമെത്തി. സഭയ്ക്കും രാജ്യത്തിനും വേണ്ടി നടത്തിയ ആ സമർപ്പണം പൂർത്തീകരിക്കുന്നതിന് മുൻപായി തന്റെ കൈയിലിരുന്ന ഉണ്ണിയേശുവിന്റെയും മാതാവിന്റെയും രൂപം അവസാനമായി ചുംബിച്ച് സിസ്റ്റർ കുരിശുവരച്ചു. ഒരു നിമിഷം രൂപം എന്ത് ചെയ്യണമെന്ന് ശങ്കിച്ച സിസ്റ്ററിന്റെ പക്കലേക്ക് ജനക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ മുൻപോട്ട് വന്ന് അത് സ്വീകരിച്ചു. കൊമ്പേനിയിലെ കാർമൽ മഠത്തിൽ ഇന്നും ആ രൂപം ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.

വീരനായിക
മേരി മദലീൻ ക്ലോഡിൻ ലിദോയിൻ – അതായിരുന്നു തെരേസയുടെ മുഴുവൻ പേര്. മാതാപിതാക്കളുടെ ഏക മകളായിരുന്ന തെരേസയ്ക്ക് മികച്ച വിദ്യാഭ്യാസമാണ് ലഭിച്ചത്. കൊമ്പേനിയിലെ കാർമൽ മഠത്തിൽ ചേരുന്ന സമയത്താണ് വിശുദ്ധ അഗസ്റ്റിന്റെ സിസ്റ്റർ തെരേസ എന്ന നാമം സ്വീകരിക്കുന്നത്. 1786-ലും 1789-ലും സിസ്റ്റർ തെരേസയെ പ്രയറസായി തിരഞ്ഞെടുത്തു. ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭകാലഘട്ടമായിരുന്നു അത്.

ഫ്രാൻസിലെ സഭ ഭീകരമായ വെല്ലുവിളി നേരിട്ട ആ സമയത്തെല്ലാം തനിക്ക് ഭരമേൽപ്പിക്കപ്പെട്ടിരുന്നവരെ വിശ്വാസത്തിൽ ഉറപ്പിച്ചു നിറുത്താൻ ആ സന്യാസിനി പരിശ്രമിച്ചു. 1792-ൽ സന്യാസവേഷം ധരിക്കുന്നത് നിരോധിക്കുകയും എല്ലാവരും സന്യാസഭവനം വിട്ടുപോകണമെന്ന് വിപ്ലവനേതാക്കൾ ഉത്തരവിറക്കുകയും ചെയ്തു. ഈ സമയത്തും അടുത്തടുത്തുള്ള കെട്ടിടങ്ങളിൽ താമസിച്ചുകൊണ്ട് സിസ്റ്റർ തെരേസയുടെ നേതൃത്വത്തിലുള്ള സന്യാസിനികൾ തങ്ങളുടെ സന്യാസജീവിതം തുടർന്നു. ഫ്രാൻസിനെയും ഫ്രഞ്ച് സഭയെയും പുനരുദ്ധരിക്കുന്നതിനായി തങ്ങളെത്തന്നെ ബലിയായി സമർപ്പിക്കാമെന്നൊരു നിർദേശം ഈ സാഹചര്യത്തിലാണ് സിസ്റ്റർ തെരേസ സഹസന്യാസിനി കൾക്ക് മുൻപിൽ വച്ചത്.

സ്‌നേഹം എപ്പോഴും വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന സിസ്റ്റർ തെരേസയുടെ ഭാഗത്ത് നിന്നുണ്ടായ സ്‌നേഹസമർപ്പണമായിരുന്നു അത്. സന്യാസജീവിതം തുടർന്നതിന് അറസ്റ്റിലായ സന്യാസിനികളെ പാരീസിലെ റെവല്യൂഷണറി ട്രൈബ്ര്യൂണലിന് മുമ്പാകെ വിസ്തരിച്ചു. വിസ്താരത്തിന് മുൻപേ അവരുടെ വിധി നിശ്ചയിക്കപ്പെട്ടിരുന്നു. 16 കർമലീത്താ സന്യാസിനികൾ ഉൾപ്പെടെ അന്ന് വിസ്തരിക്കപ്പെട്ട 30 പേരെ മരണശിക്ഷയ്ക്ക് വിധിച്ചു.

വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് തങ്ങളുടെ വ്രതവാഗ്ദാനം പുതുക്കിക്കൊണ്ട് ഈ കർമലകുസുമങ്ങൾ നടത്തിയ സ്‌നേഹസമർപ്പണം പാഴായില്ല. ഇവർ രക്തസാക്ഷികിരീടം ചൂടി 10 ദിവസത്തിനകം ഭീകരതയ്ക്ക് നേതൃത്വം നൽകിയിരുന്ന റോബസ് പിയറെ വധിക്കപ്പെട്ടു. രണ്ട് മാസത്തിനുള്ളിൽ ഫ്രാൻസിനെ ഭീതിയിലാഴ്ത്തിയ ഭീകരവാദികളുടെ ഭരണത്തിന് അവസാനമായി.

1906 മെയ് 27ന് സിസ്റ്റർ തെരേസ ഉൾപ്പെടെയുളള കൊമ്പേനി രക്തസാക്ഷികളെ പയസ് പത്താമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. •

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *