ചോദ്യങ്ങൾ ചോദിക്കുന്നതും ഉത്തരം കണ്ടെത്തുന്നതും മനുഷ്യസഹജമാണ്. ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഉണ്ടാവില്ല. അത്തരത്തിലുള്ള ഒരു ചോദ്യം ഇന്നും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. എന്റെ തിരുപ്പട്ടം കഴിഞ്ഞ് അധികനാളുകളാകുംമുൻപാണ് ഈ ചോദ്യം നേരിടേണ്ടി വന്നത്.
ആ നാളുകളിൽ ഒരു ദേവാലയത്തിൽ കുറച്ചു ദിവസങ്ങൾ സഹായിക്കുവാനായി പോവുകയുണ്ടായി. ആ ഇടവക ദേവാലയത്തിനടുത്ത് സിസ്റ്റേഴ്‌സ് നടത്തുന്ന അനാഥാലയമുണ്ട്. അവിടെ പല രോഗാവസ്ഥകളിലുമുള്ള കുട്ടികൾ താമസിച്ചിരുന്നു. അവർ എന്നും രാവിലെ വിശുദ്ധകുർബാനയ്ക്കായി ദേവാലയത്തിൽ വരും. അതിൽ ജാതിമത വ്യത്യാസമൊന്നുമില്ല.
രാമുവിന്റെ ചോദ്യത്തിലേക്ക്
ആ കൂട്ടത്തിൽ ഹൈന്ദവമതത്തിൽപ്പെട്ട രാമുവെന്ന ബാലൻ എന്നെ ആകർഷിച്ചു. അവന്റെ പ്രാർത്ഥനകൾ വളരെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലാണ്. രാമുവിന് കണ്ണിന് കാഴ്ചയില്ല എന്നായിരുന്നു ഞാനറിഞ്ഞത്. എന്നാൽ മുഖത്തെ കറുത്ത കണ്ണടയും കൈയിൽ പിടിച്ച വടിയും അവന് വലിയ കുറവായി ആരും കരുതിയില്ല. അവന്റെ വടി അവന്റെ സന്തത സഹചാരിയും ജീവിതത്തിൽ പ്രതീക്ഷയും ദിശാബോധവും നൽകുന്നതുമാണെന്നും ഞാൻ തിരിച്ചറിഞ്ഞു.
രാമുവിനെക്കുറിച്ച് കൂടുതലറിഞ്ഞപ്പോൾ ആ അറിവ് അല്പം വേദനാജനകമായിരുന്നു. ഭിക്ഷാടക സംഘത്തിൽനിന്നും പോലിസ് രക്ഷപ്പെടുത്തിയ ബാലൻ. അവന്റെ രണ്ടു കണ്ണുകളും ഭിക്ഷക്കാർ ചൂഴ്‌ന്നെടുത്തതാണ്. എന്നാൽ, ആ കറുത്ത കണ്ണട ഭീകരതയ്ക്കു പകരം ഒരു സഹതാപമായിരുന്നു ആ കൊച്ചുമുഖത്തിന് നല്കിയത്. അൾത്താരയിൽ വിശുദ്ധ കുർബാന കഴിഞ്ഞ് ഞാനും രാമുവിനോടൊപ്പം കുറച്ചുസമയം ചെലവിടാൻ തുടങ്ങി. അവനും എനിക്കും അത് വളരെ ആസ്വാദ്യമായി അനുഭവപ്പെട്ടു.
ഒരു ദിവസം ദേവാലയത്തിലിരിക്കേ പെട്ടെന്ന് വലിയ ഒരു ശബ്ദം കേട്ട് ഞാൻ നോക്കി. അതാ രാമു താഴെ വീണു കിടക്കുന്നു! നിസ്സഹായതയിൽ കരയുകയാണ് അവൻ. എഴുന്നേൽക്കാൻ പരിശ്രമിച്ചിട്ടും കഴിയുന്നില്ല. ദിശാബോധം നല്കിയ വടി എവിടേക്കോ തെറിച്ചുവീണു. കറുത്ത കണ്ണട പൊട്ടിച്ചിതറിയപ്പോൾ മുഖത്തെ വൈരൂപ്യം ഞാൻ കണ്ടു. എന്റെ മനസ് പിടഞ്ഞു… ഓടിയെത്തി ആ കുഞ്ഞിന്റെ കൈയിൽ പിടിച്ചു. അവന്റെ കരച്ചിൽ നിന്നു… അവൻ എന്നോട് ചോദിച്ചു ‘നിങ്ങൾ ക്രിസ്തുവാണോ?’
ചോദ്യത്തിനുത്തരമേകാൻ…
ഒറ്റയ്ക്കിരുന്ന് പ്രാർത്ഥിക്കുമ്പോൾ കണ്ണ് നിറഞ്ഞ് ഞാൻ എന്നോട് ചോദിക്കുന്ന ചോദ്യമാണത്… രാമുവെന്ന അക്രൈസ്തവ ബാലൻ എന്റെ മുൻപിലേക്കിട്ട ഉത്തരം ഇനിയും കിട്ടാത്ത ചോദ്യം. ദൈവവിളിയെന്ന ദാനം സ്വീകരിച്ചിട്ടും ക്രിസ്തുവിനെ കൈകൾകൊണ്ട് എന്നും എടുത്തുയർത്തിയിട്ടും ആ ക്രിസ്തുവിന്റെ മാംസവും രക്തവും എന്നും ഭക്ഷിച്ചിട്ടും പാനം ചെയ്തിട്ടും എനിക്ക് മറ്റൊരു ക്രിസ്തുവായി മാറുവാൻ കഴിയുന്നുണ്ടോ?
തിരിഞ്ഞുനോട്ടത്തിന്റെ, മാനസാന്തരത്തിന്റെ സമയങ്ങളാകണം ഓരോ ദിവസവും. യഥാർത്ഥ ക്രൈസ്തവനാകുവാൻ, മറ്റൊരു ക്രിസ്തുവായി ജീവിക്കുവാൻ. ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുവാൻ നാം പരാജയപ്പെട്ട സമയങ്ങളെയോർത്ത് പരിതപിച്ചുകൊണ്ട് ആ ക്രിസ്തുസ്‌നേഹത്തിലേക്ക് നടന്നടുക്കുവാൻ നമുക്ക് സാധിക്കുന്ന പുണ്യദിനങ്ങളാകട്ടെ ഓരോ പ്രഭാതവും സമ്മാനിക്കുന്നത്.
വിശുദ്ധ ഫ്രാൻസിസ് അസീസി രണ്ടാം ക്രിസ്തുവെന്നാണ് അറിയപ്പെടുക. പാവങ്ങളോടുള്ള കരുണയെപ്രതി പിതാവ് എതിർത്തപ്പോൾ ഉടുതുണിപോലും നല്കി നടന്നുപോയ അസീസി. കുഞ്ഞുകാര്യങ്ങൾപോലും ആത്മാക്കളുടെ മാനസാന്തരത്തിനായി കൊടുത്ത് വലിയ വിശുദ്ധയും വേദപാരംഗതയുമായി മാറിയ വിശുദ്ധ കൊച്ചുത്രേസ്യ. വിശുദ്ധ വ്യക്തിത്വങ്ങളൊക്കെയും നന്മയുടെ, ആർദ്രതയുടെ, മനുഷ്യത്വത്തിന്റെ മുഖങ്ങളായി, മറ്റൊരു ക്രിസ്തുവായി നമ്മുടെ ഇടയിൽ നടന്നുനീങ്ങിയവരാണ്…
അപ്പത്തിന്റെയും അധികാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ യേശുവിനെ പരീക്ഷിക്കാൻ വന്ന സാത്താനെ പ്രാർത്ഥനകൊണ്ടും പ്രായശ്ചിത്തംകൊണ്ടും ഉപവാസംകൊണ്ടുമാണ് യേശു അതിജീവിച്ചത്. ഇന്നും വിശപ്പിന്റെ പേരിലും അധികാരത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും മനുഷ്യനെ കീഴടക്കുന്ന സാത്താനെയാണ് സമൂഹത്തിൽ കണ്ടുമുട്ടുക. ഈ സാത്താന്റെ ശക്തികളെ തകർക്കുവാനും അവയ്ക്കുമുൻപിൽ
വിശ്വാസത്തോടെ, പ്രാർത്ഥനയോടെ ജീവിക്കുവാനും നാം കടപ്പെട്ടവരാണ്.
ചിരിക്കുന്ന ക്രിസ്തുവിനെയും ഫുട്‌ബോൾ കളിക്കാരനായ ക്രിസ്തുവിനെയും നടനായ ക്രിസ്തുവിനെയും ഉൾക്കൊള്ളാൻ ലോകത്തിനിഷ്ടമാണ്, സഹിക്കുന്ന ക്രിസ്തുവിനെ ഉൾക്കൊള്ളാൻ വിഷമവും. എന്നാൽ അവിടുന്ന് ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ പുത്രനാണെന്ന് ജീവിതംകൊണ്ട് ഏറ്റുപറയുവാനും ആ ക്രിസ്തുവിനെ ഏറെ അടുത്ത് അനുകരിച്ചുകൊണ്ട് മറ്റൊരു ക്രിസ്തുവായി മാറുവാനും നമുക്ക് കഴിയണം. അങ്ങനെ വിദ്വേഷമുള്ളിടത്ത് സ്‌നേഹവും സന്തോഷമില്ലാത്തിടത്ത് സന്തോഷവും കൊടുക്കുവാൻ, ജീവിതമാതൃക നല്കുവാൻ, നമുക്കാവട്ടെ.
ഫാ. കൂമ്പാറ ഒ. പ്രേം