എന്നും സമൃദ്ധിയിൽ ജീവിക്കാം

പരിശുദ്ധാത്മാവിന്റെ നിറവും അഭിഷേകത്തിന്റെ ശക്തിയും
സ്വന്തമാക്കാൻ കഴിയാത്തതിന്റെ യഥാർത്ഥകാരണം എന്താണ്?

ഫിലിപ്പ് ലോപ്പസിന്റെ പ്രധാന ഹോബി സാഹസിക കൃത്യങ്ങൾ ഏറ്റെടുക്കുകയാണ്. സ്‌പെയ്ൻകാരനായ ഇദ്ദേഹത്തിന്, പ്രാചീന കഥകളിലേതുപോലെ വനാതിർത്തിയിലെ ഗുഹയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നിധിശേഖരമുണ്ടെന്ന അറിവുകിട്ടി. പിന്നെ നിധിതേടി യാത്രയായി. ഗുഹ കണ്ടുപിടിച്ചെങ്കിലും വെള്ളപ്പൊക്കത്തിൽ ഗുഹയുടെ സിംഹഭാഗവും തകർന്നൊലിച്ചുപോയതായി കണ്ടു. തുടരന്വേഷണം എത്തിച്ചേരുന്നത് പഴയ രാജകൊട്ടാരത്തിന്റെ നിലവറയിലാണ്.
ഏറെസമയം അവിടെ നഷ്ടമായില്ല. യുദ്ധത്തിൽ ശത്രുരാജ്യം നിധി തട്ടിയെടുത്തെന്നറിഞ്ഞ ഫിലിപ്പ് നേരെ അവിടേക്ക് നീങ്ങി. തകർന്നടിഞ്ഞ്, ചെറുവനമായിത്തീർന്ന പഴകിയ കൊട്ടാരവളപ്പ്. ആ ഇരുട്ടുകാട്ടിൽ നിന്നും ഒരറിവും ഫിലിപ്പിന് ലഭിച്ചില്ല. പ്രതീക്ഷയറ്റെങ്കിലും മുമ്പോട്ടു നടന്നു. കുറ്റിച്ചെടികൾ തിങ്ങിയ ഭീകര ഗർത്തം. ഹോ! ഇത് അസാധ്യം, ഇതിലിറങ്ങുക- ഇവിടെ നിധിയുണ്ടെന്ന് എന്തുറപ്പ്? അല്ല, ഇവിടെയാണെങ്കിലോ? ഉടൻ ജോലിക്കാരെകൂട്ടി ആ പൊട്ടക്കിണറ്റിലിറങ്ങി, മണ്ണുമാന്തി.
ജോലിക്കാർക്ക് ആവേശം പകർന്ന് അയാൾ കൂടെക്കൂടെ പറഞ്ഞുകൊണ്ടിരുന്നു-‘ഇന്നുതന്നെ കണ്ടെത്തും’- മാസങ്ങളുടെ അധ്വാനം. ഒടുവിൽ വിദഗ്ധമായി ഉറപ്പിക്കപ്പെട്ട ഇരുമ്പു പാളികൾക്കടിയിൽ വലിയ ലോഹപേടകം നിറയെ വെള്ളിയാഭരണങ്ങൾ! ജോലിക്കാർ ആനന്ദത്താൽ ആർപ്പിട്ടെങ്കിലും ഫിലിപ്പിന് സന്തോഷമേയില്ല, ഇതാണോ നിധി? വർഷത്തോളം അന്വേഷിച്ചിട്ട് കുറേ വെള്ളിയിൽ തൃപ്തനാകാൻ അയാൾ തയ്യാറായില്ല.

‘ഇന്നുതന്നെ’ എന്നാവർത്തിച്ച് ആഴത്തിൽ കുഴിക്കാൻ നിർദേശിച്ചു. അതാ കിട്ടി സ്വർണക്കട്ടികൾ കുത്തിനിറച്ച പേടകം. ഇതാ നിധി! ഇതുതന്നെ! ആശ്വാസത്തിൽ എല്ലാവരും പണി നിർത്തി. എന്നാൽ ആഴങ്ങളിലേക്കു പോകാൻ ഫിലിപ്പ് നിർബന്ധിച്ചു. വിലമതിക്കാനാകാത്ത നിധിശേഖരം ലഭിച്ചിട്ടും മതിവരാതെ മുന്നോട്ടു നീങ്ങിയ ഫിലിപ്പ് എത്തിച്ചേർന്നത് അമൂല്യ രത്‌നങ്ങളുടെ കലവറയിൽ!!

വിസ്മയിപ്പിക്കുന്ന ചുവടുകൾ
സ്‌പെയ്‌നിലെ ഫിലിപ്പ് ലോപ്പസിനു സമനായൊരാൾ വിശുദ്ധ ലിഖിതങ്ങളിലുണ്ട്. ഓരോ ചുവടുകളിലും വിസ്മയനീയമായ നിധിശേഖരം സ്വന്തമാക്കുന്നയാൾ. കയ്യിൽ ചരടുമായി അവൻ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. എന്നിട്ട് വെള്ളത്തിലൂടെ എന്നെ നയിച്ചു. അവിടെ കണങ്കാൽവരെ വെള്ളമുണ്ടായിരുന്നു. പിന്നെയും അവൻ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ മുട്ടോളം വെള്ളം ഉണ്ടായിരുന്നു. വീണ്ടും ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ അരയ്‌ക്കൊപ്പം വെള്ളമുണ്ടായിരുന്നു. പിന്നെയും ആയിരം മുഴം അളന്നു. കടന്നുപോകാൻ പറ്റാത്ത ഒരു നദിയായിരുന്നു അത്…. നടന്ന് അക്കരയ്‌ക്കെത്താൻ പറ്റാത്ത നദി. നീന്താൻ മാത്രം വെള്ളം ഉയർന്നിരുന്നു (എസെക്കിയേൽ 47:3-5).

ദേവാലയത്തിൽനിന്നും ഉത്ഭവിച്ച്, ബലിപീഠത്തിനടിയിലൂടെ പ്രവഹിക്കുന്ന ജീവനദിയുടെ (ഞശ്‌ലൃ ീള ഘശളല) സമൃദ്ധി പ്രവാചകൻ സ്വന്തമാക്കുന്നത്, ആയിരം മുഴംവീതം മുമ്പോട്ടു നീങ്ങുന്നതനുസരിച്ചാണ്. വെള്ളിയും സ്വർണവും ലഭിച്ചിട്ടും തൃപ്തനാകാതെ സ്‌പെയ്‌നിലെ ഫിലിപ്പ് ആഴങ്ങളിലേക്ക് നീങ്ങിയതുകൊണ്ടാണ് അതുവരെ ലഭിച്ചവയൊക്കെ ഒന്നുമല്ലാതാക്കുന്ന രത്‌നശേഖരം സ്വന്തമാക്കാനായത്. ജീവജലനദി കണങ്കാലുകളെ മൂടിയപ്പോൾ ലഭിച്ച ദൈവാനുഭവ ലഹരിയിൽ എസെക്കിയേൽ പ്രവാചകനും അവിടെത്തന്നെ നിന്നില്ല. മുന്നോട്ടു മുന്നോട്ടു നടന്നുകൊണ്ടിരുന്നു. മുട്ടുമൂടിയിട്ടും മതിയാക്കാതെ അരയോളമായിട്ടും തൃപ്തിയില്ലാതെ മുന്നേറിയതിനാലാണ് ശിരസുകവിഞ്ഞൊഴുകുന്ന ജീവന്റെ ജലസമൃദ്ധിയിൽ അദ്ദേഹത്തിന് നീന്തിത്തുടിക്കാൻ കഴിഞ്ഞത്.

‘ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നും പുറപ്പെടുന്ന’ (വെളിപാട് 22:1) പരിശുദ്ധാത്മാവാകുന്ന ഈ ജീവനദിയിൽ നാമെല്ലാം നീന്തിത്തുടിക്കണമെന്നല്ലേ എസെക്കിയേൽ 47-ലൂടെ ദൈവം നമ്മോടാവശ്യപ്പെടുന്നത്? മാമോദീസയിലൂടെയും മറ്റു കൂദാശകളിലൂടെയും നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നുണ്ട്. എന്നാൽ ഏറെപ്പേരും ആദ്യം ലഭിച്ച ആ അഭിഷേകത്തിൽ തൃപ്തിയടഞ്ഞ്, അതുമതി എന്നു വച്ചിരിക്കുകയാണ്. ഫിലിപ്പിന്റെ ജോലിക്കാരെപ്പോലെ, ആദ്യം കണ്ടെത്തിയ വെള്ളി മതി-അതാണ് എല്ലാം എന്നുകരുതി തൃപ്തിയടയുന്നു. കാൽപാദം മാത്രം മൂടുന്ന അഭിഷേകം മതി. മുന്നോട്ടു പോകേണ്ടതില്ല എന്നുകരുതി നിൽക്കുന്നിടത്തു നില്ക്കുന്നവർ. പിന്നോട്ടുപോയാലും മുന്നോട്ടില്ല, ഉയർച്ചയില്ല, വളർച്ചയില്ല. ആത്മാവില്ലാതെ യാന്ത്രികമായി എല്ലാം ചെയ്യുന്നു. അത്യാവശ്യം കുടുംബപ്രാർത്ഥന, ഞായറാഴ്ച ദിവ്യബലിയർപ്പണം; ചിലപ്പോൾ ശനിയാഴ്ചയും. വല്ലപ്പോഴും കുമ്പസാരിക്കും. ഇതൊന്നും ഇല്ലാത്തവരുമുണ്ട്.

സൂത്രവും സൂത്രവാക്യവും
ചെറിയവയിൽ മനസുടക്കിപ്പോയവർക്ക് ഉന്നതമായവ തേടാനോ സ്വന്തമാക്കാനോ സാധിക്കില്ല. മൂന്നാം സ്വർഗംവരെ ഉയർത്തപ്പെട്ട പൗലോസ്ശ്ലീഹാപോലും പറയുന്നു: ‘…ഞാൻതന്നെ ഇനിയും ഇതു സ്വന്തമാക്കിയെന്നു കരുതുന്നില്ല. … എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുൻപിലുള്ളവയെ ലക്ഷ്യമാക്കി ഞാൻ മുന്നേറുന്നു’ (ഫിലി. 3:13). ഇപ്രകാരം മുന്നേറുന്നവർക്കുള്ളതാണ് നിധിശേഖരങ്ങൾ. സ്‌നേഹത്തിലും പ്രാർത്ഥനയിലും വിശുദ്ധിയിലും വളരാനുള്ള സൂത്രവാക്യമാണിത്. മുന്നോട്ടുള്ള കുതിപ്പുമാത്രമേ ഏതൊരു മേഖലയിലും അമൂല്യമായവ നേടിത്തരൂ, അതുല്യരാക്കൂ.

ചിലർ ധ്യാനങ്ങളിലൊക്കെ പങ്കെടുത്തു അല്പംകൂടി മുൻപോട്ടു നീങ്ങി, മുട്ടോളം വെള്ളത്തിലെത്തുന്നുണ്ട്. നിധിയിലെ സ്വർണശേഖരം സ്വന്തമാക്കുന്നവർ. അവർ തുടക്കക്കാരെക്കാൾ മെച്ചം; പ്രശ്‌നങ്ങളും തകർച്ചകളും വരുമ്പോൾ ‘എന്തുകൊണ്ട് ദൈവമേ?’ എന്നു ചോദിക്കുമെന്നാലും അവിടുത്തെ വിളിച്ചപേക്ഷിക്കുന്ന ‘സൂത്രം’ അവർക്കുണ്ട്. എങ്കിലും അത്രയൊക്കെ മതി എന്ന് ചിന്തിക്കുന്നവരാണ് അവരിലധികവും.

അർദ്ധ വിശ്വാസി
പ്രാർത്ഥനയിൽ ആഴപ്പെട്ടും ദൈവസ്‌നേഹം മറ്റുള്ളവരിൽ പകർന്നും സുവിശേഷം പ്രചരിപ്പിച്ചും ജീവനദിയിൽ അരയോളം മുങ്ങിനില്ക്കുന്നവരേറെ. അവർക്ക് മുൻപോട്ടു നീങ്ങണമെന്നുണ്ട്, ശ്രമിക്കുന്നുമുണ്ട്. എന്നാൽ തീവ്ര ആഗ്രഹവും കഠിന പരിശ്രമവുമില്ലാത്തതിനാലും അലസതയും അശ്രദ്ധയും മികച്ചുനില്ക്കുന്നതിനാലും അധികം മുന്നോട്ടെത്തുന്നില്ല; ചിലപ്പോഴെങ്കിലും പിന്നോട്ടൊഴുകിപ്പോകാറുമുണ്ട്. പുണ്യത്തിൽ-സ്‌നേഹത്തിൽ വളരാൻ ആഗ്രഹിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുന്നതിനേക്കാൾ പാപത്തിൽ വീഴാതിരിക്കാനാണിവർ ശ്രദ്ധിക്കുക. അതായത് മുൻപോട്ടു നീങ്ങുന്നതിനു പകരം നില്ക്കുന്നിടത്തുതന്നെ വീഴാതെ, പുറകോട്ടുപോകാതെ പിടിച്ചുനില്ക്കാൻ ശ്രമിക്കുന്നു.

കൂടെക്കൂടെ കുമ്പസാരിക്കുമെങ്കിലും ‘സാരമില്ലെന്ന’ ചിന്തയോടെ ഏറെ ലാഘവത്തോടെ തുടരെത്തുടരെ ദൈവസ്‌നേഹത്തിനെതിരെ പ്രവർത്തിക്കും (അതാണല്ലോ പാപം). അത് വളരെപ്പെട്ടെന്ന് അവരിലെ പരിശുദ്ധാത്മാവിനെ ചോർത്തിക്കളയും. അവർ അത് അറിയുകയേ ഇല്ല. വിശുദ്ധരാകണമെന്ന് വലിയ ആഗ്രഹമാണ്. എന്നാൽ പൂർണ ശ്രദ്ധയോടെ പരിശ്രമിക്കായ്കമൂലം ‘എനിക്കിത്രയൊക്കെയേ പറ്റൂ, ബാക്കി വേണമെങ്കിൽ കർത്താവ് ചെയ്‌തോട്ടെ’ എന്ന അലസതയിൽ മുഖംപൂഴ്ത്തും. പിന്നെങ്ങനെ വിശുദ്ധിതന്നെയായ പരിശുദ്ധാത്മാവിൽ ആഴത്തിൽ മുങ്ങിക്കുളിക്കും? ദൈവാത്മാവിന് സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ പൂർണമായി വിട്ടുകൊടുക്കാതെ പകുതിമാത്രം സമർപ്പിച്ചവർ.

രാത്രിയില്ലാത്തവർ
സ്വയം കൈവിട്ട്, ദൈവത്തെപ്രതി സകലവും നിസാരമാക്കി, അവിടുത്തെ ആത്മാവിന്റെ നിയന്ത്രണത്തിന് വിട്ടുകൊടുത്ത് ജീവനദിയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നവരാണ് രത്‌നശേഖരം സ്വന്തമാക്കിയവർ. അവരെ നയിക്കുന്നത് അവരല്ല, ജീവനദിയായ ദൈവാത്മാവുതന്നെയാണ്; നദിയിൽ മുങ്ങിയവനെ നയിക്കുന്നത് നദിതന്നെയാണല്ലോ. അവർക്ക് ഒറ്റലക്ഷ്യമേ ഉള്ളൂ- ദൈവത്തിന്റെയും കുഞ്ഞാടായ യേശുവിന്റെയും മഹത്വത്തിന്റെ സിംഹാസനത്തിൽനിന്നും പ്രവഹിക്കുന്ന പരിശുദ്ധാത്മാവാകുന്ന ജീവനദിയിൽ നീന്തിത്തുടിക്കണം. അതിലെ അമൂല്യ രത്‌നങ്ങളും നിധിശേഖരങ്ങളും സ്വന്തമാക്കണം.

കാരണം ”…നദിയുടെ ഇരു ഭാഗങ്ങളിലുമായി പന്ത്രണ്ടുതരം ഫലങ്ങൾ കായ്ക്കുന്ന ജീവന്റെ വൃക്ഷം നിൽക്കുന്നു. അതു മാസംതോറും ഫലംതരുന്നു. ആ വൃക്ഷത്തിന്റെ ഇലകൾ ജനതകളുടെ രോഗശാന്തിക്കു വേണ്ടിയുള്ളവയാണ്. … അവർ അവിടുത്തെ മുഖം ദർശിക്കും. അവിടുത്തെ നാമം അവരുടെ നെറ്റിത്തടത്തിൽ ഉണ്ടായിരിക്കും. ഇനിയൊരിക്കലും രാത്രിയുണ്ടാവുകയില്ല. ദീപത്തിന്റെ വെളിച്ചമോ സൂര്യന്റെ പ്രകാശമോ അവർക്ക് ആവശ്യമില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നു. അവർ എന്നേക്കും വാഴും” (വെളിപാട് 22:2-5).

ഇവരാണ് വിശുദ്ധിയിൽ ജീവിക്കുന്നവർ. പാപം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുന്നതിനെക്കാൾ പുണ്യത്തിലും സ്‌നേഹത്തിലും വളരാൻ അത്യധ്വാനിക്കുന്നവർ. ദൈവസ്‌നേഹത്തിനും സഹോദരസ്‌നേഹത്തിനുമെതിരെ നിസാരമെന്നു തോന്നുന്നവയോടുപോലും യോജിക്കാത്തവർ, മാത്രമല്ല സ്‌നേഹത്തിൽ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുന്നവർ. അശുദ്ധിയോടും അധാർമികതയോടും ദൈവത്തിന് അഹിതമായ യാതൊന്നിനോടും യാതൊരുവിധ ഒത്തുതീർപ്പുമില്ലെന്നല്ല വിശുദ്ധിയിലും ദൈവത്തിന്റെ എല്ലാ ഇഷ്ടങ്ങളിലും നിരന്തരം ജീവിക്കുകയും മുന്നേറുകയും ചെയ്യുന്നവർ. എന്തെന്നാൽ അവർ പരിശുദ്ധാത്മാവിന്റെ ജീവനദിയിൽ കുതിച്ചുയരുകയും മുങ്ങിപ്പൊങ്ങുകയും ചെയ്യുന്നു. അവിടുത്തെ വരദാന ഫലങ്ങൾ എല്ലാക്കാലവും പുറപ്പെടുവിക്കുന്ന ജീവവൃക്ഷങ്ങളാണവർ. അവരുടെ ഇലകൾ – സാമീപ്യം, വസ്ത്രം, നിഴൽപോലും- ജനത്തിന് രോഗശമനമേകുന്നു.

അത് ഇന്നുതന്നെ
പാദങ്ങളോളമോ മുട്ടോളമോ അരയോളമോ ഉള്ള അഭിഷേകത്തിനു വേണ്ടിയല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്, ശിരസിനുമേലേ കവിഞ്ഞൊഴുകുന്ന പരിശുദ്ധാത്മ നദിയിൽ മുങ്ങിത്തുടിച്ച് മാസംതോറും പുതിയ ഫലങ്ങൾ പുറപ്പെടുവിക്കുന്ന സമൃദ്ധിയുടെ ജീവവൃക്ഷങ്ങളാകാനാണ് ഓരോ ക്രൈസ്തവനും ദൈവത്താൽ നിയോഗിക്കപ്പെട്ടിരിക്കുന്നത്. അതാണ് അവിടുത്തേക്ക് തന്റെ മക്കളെക്കുറിച്ചുള്ള പദ്ധതി. അവിടുത്തെ ആത്മാവിൽ നിറഞ്ഞുകവിഞ്ഞ്, പുത്രനായ യേശുവിനെപ്പോലെ ആകുക. യേശുവിന് അനുരൂപരാകാൻ ഏകമാർഗം അവിടുത്തെ ആത്മാവാൽ നിറയപ്പെടുക എന്നതുമാത്രവും. ദൈവാത്മാവ് നിറഞ്ഞു കഴിയുമ്പോൾ ബാക്കിയെല്ലാം പൂർണമായിക്കൊള്ളും.

പരിശുദ്ധാത്മാവിന്റെ കുറവാണ് നമ്മിലെ പ്രധാന കുറവും മറ്റെല്ലാ കുറവുകൾക്കും കാരണവും. അവിടുന്നു പൂർണമായി നിറഞ്ഞാൽ മറ്റെല്ലാ കുറവുകളും അപ്രത്യക്ഷമാകും.

”ഈ വെള്ളം കിഴക്കൻ പ്രദേശങ്ങളിലേക്ക് ഒഴുകി അരാബായിൽ ചേരുമ്പോൾ കെട്ടിക്കിടക്കുന്ന കടലിൽ ചെന്ന് അതിനെ ശുദ്ധജലമാക്കുന്നു. നദി ഒഴുകുന്നിടത്തെല്ലാം ജീവജാലങ്ങൾ പറ്റംചേർന്ന് ജീവിക്കും…. കടലിലെ വെള്ളം ശുദ്ധീകരിക്കുന്നതിനാണ് നദി അങ്ങോട്ട് ഒഴുകുന്നത്. അങ്ങനെ നദി ഒഴുകുന്നിടത്തെല്ലാം ജീവൻ നിറഞ്ഞുനിൽക്കും… അവിടെ മഹാസമുദ്രത്തിലെപ്പോലെ വിവിധതരം മത്സ്യങ്ങളുണ്ടായിരിക്കും” (എസെക്കിയേൽ 47: 8,9,10).

കെട്ടിക്കിടക്കുന്ന കടൽ മൃതമാണ്. അതായത് ചാവുകടൽ- പാപത്തിന്റെ ഫലമായ മരണത്തിന്റെ അവശിഷ്ടം. പരിശുദ്ധാത്മാവാകുന്ന ജീവനദിക്ക് ചാവുകടലിനെയും ശുദ്ധീകരിക്കാനാകും. അഥവാ ജീവൻ നഷ്ടമായവയ്ക്ക് ജീവൻ നല്കാൻ, ആത്മീയമായും ശാരീരികമായും മരിച്ചവരെ ഉയിർപ്പിക്കാൻ പരിശുദ്ധാത്മാവിനേ കഴിയൂ; ആ ആത്മാവ് നിറഞ്ഞവർക്കും. അവരിൽ ജീവന്റെ സമൃദ്ധിയുണ്ടായിരിക്കും. അവർ യേശു ചെയ്തവയും അവയെക്കാൾ വലിയവയും പ്രവർത്തിക്കും (യോഹന്നാൻ 14:12). എന്തെന്നാൽ അവരിലുള്ളത് അവിടുത്തെ ആത്മാവുതന്നെ.

”നദിയുടെ ഇരുകരകളിലും എല്ലാത്തരം ഫലവൃക്ഷങ്ങളും വളരും. അവയുടെ ഇലകൾ വാടിക്കൊഴിയുകയോ അവ ഫലം നൽകാതിരിക്കുകയോ ഇല്ല. അവയ്ക്കുവേണ്ട ജലം വിശുദ്ധസ്ഥലത്തുനിന്ന് ഒഴുകുന്നതുകൊണ്ട് മാസംതോറും പുത്തൻ ഫലം പുറപ്പെടുവിക്കും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകൾ രോഗശമനത്തിനും ഉപകരിക്കുന്നു” (എസെക്കിയേൽ 47:12).

ഈ പെന്തക്കുസ്താ നാളിൽ ഏറ്റം അമൂല്യ നിധിയായ പരിശുദ്ധാത്മാവിനാൽ ശിരസുകവിയുവോളം നിറഞ്ഞൊഴുകാൻ ആഗ്രഹിക്കാം, ഒരുങ്ങാം, പ്രാർത്ഥിക്കാം, പരിശ്രമിക്കാം. നിർജീവമായ – ജീവനറ്റുപോയ സമസ്ത മേഖലകളിലേക്കും അവിടുത്തെ ക്ഷണിക്കാം. ആ ജീവനദി സ്പർശിക്കുന്നതെല്ലാം പുതുതാക്കപ്പെടും, ഉയിർത്തെഴുന്നേല്ക്കും, രൂപാന്തരം പ്രാപിക്കും. ഫിലിപ്പു പറഞ്ഞതുപോലെ ‘ആ ദിനം ഇന്നുതന്നെ.’ നമ്മിലേക്ക്, പ്രാർത്ഥനാകൂട്ടായ്മകളിലേക്ക്, ഇടവകകളിലേക്ക്, ധ്യാനകേന്ദ്രങ്ങളിലേക്ക് സാർവത്രികസഭയിലേക്കും ലോകം മുഴുവനിലേക്കും ആ ജീവനദി സമൃദ്ധമായൊഴുകട്ടെ. സകലരും ദൈവാത്മാവിൽ മുങ്ങി പുതിയൊരു പെന്തക്കുസ്ത എത്രയും വേഗം സംജാതമാകട്ടെ. അതിനായി, ആദ്യപെന്തക്കുസ്തായിൽ മാധ്യസ്ഥ്യം പ്രാർത്ഥിച്ച പരിശുദ്ധ അമ്മ നമ്മെ സഹായിക്കും. അതെ, ‘അത് ഇന്നുതന്നെ.’

ആൻസിമോൾ ജോസഫ്‌

2 Comments

  1. dhannya joseph says:

    very good article..

  2. Merrin says:

    This article teach us about the
    Holyspirit.thank God

Leave a Reply to dhannya joseph Cancel reply

Your email address will not be published. Required fields are marked *