കരുണയുടെ കരത്തിൻ കീഴിൽ

ദൈവം എന്നോട് കരുണ കാണിക്കാനായി ഇതാ കാത്തിരിക്കുന്നു. ഇനിയും എന്തിന് നിരാശയിലും ഭീതിയിലും പാപബന്ധനത്തിലും ജീവിക്കണം? കരുണാവർഷത്തിലെ ചില ധ്യാനചിന്തകൾ.

അന്ന് ആദ്യമായി ഭൂമിയിൽ കൊലപാതകം നടന്നു. ജ്യേഷ്ഠൻ അനുജനെ കൊന്നു! ആബേലിന്റെ നിഷ്‌കളങ്കരക്തം കായേന്റെ വയലിലെ നനഞ്ഞ മണ്ണിൽനിന്നും ദൈവത്തെ വിളിച്ചു കരഞ്ഞു. നിലവിളി കേട്ട തമ്പുരാൻ കായേന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. അവിടുന്ന് ശാസനാരൂപത്തിൽ കായേനോട് ചോദിച്ചു: ‘നിന്റെ സഹോരൻ ആബേൽ എവിടെ?’ ഒട്ടും മടിച്ചില്ല, കായേൻ ദൈവത്തോട് തിരിച്ചടിച്ചു: ‘എനിക്കറിഞ്ഞുകൂടാ. സഹോദരന്റെ കാവല്ക്കാരനാണോ ഞാൻ?’
അതുകേട്ട കർത്താവ് കായേനോട് പറഞ്ഞു. ”നീയെന്താണ് ചെയ്തത്? നിന്റെ സഹോദരന്റെ രക്തം മണ്ണിൽനിന്ന് എന്നെ വിളിച്ച് കരയുന്നു. നിന്റെ കൈയിൽനിന്നു നിന്റെ സഹോദരന്റെ രക്തം കുടിക്കാൻ വാ പിളർന്ന ഭൂമിയിൽ നീ ശപിക്കപ്പെട്ടവനായിരിക്കും. കൃഷി ചെയ്യുമ്പോൾ മണ്ണ് നിനക്ക് ഫലം തരുകയില്ല. നീ ഭൂമിയിൽ അലഞ്ഞു തിരിയുന്നവനായിരിക്കും” (ഉല്പ. 4:10-12). കായേൻ കർത്താവിന്റെ കരുണയ്ക്കായി യാചിച്ചു: ”കായേൻ കർത്താവിനോട് പറഞ്ഞു. എനിക്ക് വഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ. ഇന്ന് അവിടുന്ന് എന്നെ ഈ സ്ഥലത്തുനിന്ന് ആട്ടിപ്പായിച്ചിരിക്കുന്നു. അവിടുത്തെ സന്നിധിയിൽനിന്നും ഞാൻ ഒളിച്ചുനടക്കണം. ഞാൻ ഭൂമിയിൽ ഉഴലുന്നവനായിരിക്കും. കാണുന്നവരെല്ലാം എന്നെ കൊല്ലാൻ നോക്കും” (ഉല്പ. 4:13-14).

കൊലപാതകിയായ കായേന്റെ കരുണയ്ക്കുള്ള യാചന ദൈവം തള്ളിക്കളഞ്ഞില്ല. ദൈവം കൊലപ്പുള്ളിയുടെ യാചനയും കേട്ടു. കർത്താവ് പറഞ്ഞു. ഒരിക്കലുമില്ല. കായേനെ കൊല്ലുന്നവന്റെമേൽ ഏഴിരട്ടി ഞാൻ പ്രതികാരം ചെയ്യും. ആരും കായേനെ കൊല്ലാതിരിക്കുവാൻ കർത്താവ് അവന്റെ നെറ്റിയിൽ ഒരു അടയാളം പതിച്ചു. കായേൻ കർത്താവിന്റെ സന്നിധിവിട്ട് ഓടിപ്പോയി. അവൻ ഏദനു കിഴക്ക് നോദു ദേശത്ത് വാസമുറപ്പിച്ചു.

വീണ്ടും കരുതുന്ന ദൈവം
മുകളിൽ കാണുന്ന കർത്താവിന്റെ വചനങ്ങൾ വായിക്കുമ്പോൾ നമുക്കാദ്യം തോന്നുന്നത് ദൈവം കായേനെ ശിക്ഷിക്കുകയാണ് ചെയ്തത് എന്നാണ്. എന്നാൽ ദൈവം അവനെ രക്ഷിക്കുകയാണ് ചെയ്തത്. മനഃപൂർവം കൊലപാതകം ചെയ്ത ഒരുവൻ അർഹിക്കുന്നത് വധശിക്ഷയാണ്. എന്നാൽ ദൈവം അതിൽനിന്നും അവനെ രക്ഷപ്പെടുത്തി, ആരും അവനെ കൊല്ലാതിരിക്കുവാൻ വേണ്ടി നെറ്റിയിൽ അടയാളവും കൊടുത്ത് ഒട്ടും സുരക്ഷിതമല്ലാത്ത ആബേലിന്റെ രക്തം വീണ മണ്ണിൽനിന്നും അവനെ വേറൊരു ദേശത്തേക്ക് അയക്കുകയാണ് ചെയ്തത്!

അതിനുശേഷവും ദൈവം കായേനെ കൈവിടുന്നില്ല. അവന് ഭാര്യയെ നല്കുന്നു, മക്കളെ നല്കുന്നു, നഗരം പണിയാൻ കൃപ നല്കുന്നു. അങ്ങനെ പാപം ചെയ്തതിനുശേഷവും ദൈവം കായേനെ കരുതുന്നു. ഇതാണ് കർത്താവിന്റെ അളവറ്റ കാരുണ്യം. കൊലപാതകിയായ അവനെയും അവന്റെ തലമുറകളെയും ദൈവം കരുതുന്നു.

കർത്താവിന്റെ ഈ കരുണ നിറഞ്ഞ മനോഭാവത്തെക്കുറിച്ച് ഏശയ്യാ ഇപ്രകാരം പ്രവചിച്ചിരിക്കുന്നു: ”ഗർഭത്തിലും ജനിച്ചതിനുശേഷവും ഞാൻ വഹിച്ച യാക്കോബുഭവനമേ, ഇസ്രായേൽ ഭവനത്തിൽ അവശേഷിക്കുന്നവരേ, എന്റെ വാക്കു കേൾക്കുവിൻ. നിങ്ങളുടെ വാർധക്യംവരെയും ഞാൻ അങ്ങനെതന്നെ ആയിരിക്കും. നിങ്ങൾ നര ബാധിക്കുമ്പോഴും ഞാൻ നിങ്ങളെ വഹിക്കും. ഞാൻ നിങ്ങളെ സൃഷ്ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും” (ഏശ. 46:3-4). എത്രയോ നിസീമമായ കാരുണ്യമാണ് വഴിതെറ്റിപ്പോയ തന്റെ ജനത്തോട് ദൈവം കാണിക്കുന്നത്!

ഇതാ ജറെമിയാ പ്രവാചകന്റെ പ്രവചനത്തിലൂടെ ദൈവം തന്റെ പിതൃഹൃദയത്തിന്റെ തുടിപ്പുകളും നോവുകളും വഴിതെറ്റിപ്പോയ തന്റെ ജനത്തെ അറിയിക്കുന്നു. ”എന്റെ മക്കളുടെ കൂടെ നിന്നെ പാർപ്പിക്കുവാനും സകല ജനതകളുടേതിലുംവച്ച് ഏറ്റവും ചേതോഹരമായ അവകാശം നിനക്ക് നല്കുവാനും ഞാൻ എത്രയോ ആഗ്രഹിച്ചു. എന്റെ പിതാവേ എന്ന് നീ വിളിക്കുമെന്നും എന്റെ മാർഗം നീ ഉപേക്ഷിക്കുകയില്ലെന്നും ഞാൻ പ്രതീക്ഷിച്ചു” (ജറെ. 3:19).

ആദ്യമായി തങ്ങൾക്ക് പിറന്ന കൺമണി, ആദ്യമായി തന്നെ അപ്പാ, അമ്മേ എന്ന് വിളിക്കുന്നത് കേൾക്കാൻ ഹൃദയദാഹത്തോടെ കാത്തിരിക്കാത്ത മാതാപിതാക്കൾ ആരെങ്കിലുമുണ്ടോ? ഇതാ ഒരു പിതാവ് വഴിതെറ്റിപ്പോയ തന്റെ മക്കളുടെ തിരിച്ചുവരവിനുവേണ്ടിയും അവരുടെ വായിൽനിന്നും ‘അപ്പാ’ എന്നുള്ള വിളി കേൾക്കുന്നതിനുവേണ്ടിയും ഹൃദയദാഹത്തോടെ കാത്തിരിക്കുന്നു.

ഒരു ആത്മശോധന
നമ്മളും ഈ ജനങ്ങളിൽപ്പെടുന്നുണ്ടോ എന്ന് നമ്മെത്തന്നെ പരിശോധിച്ചു നോക്കുന്നത് ഏറെ നല്ലതായിരിക്കും. ആബേലിനെ കൊന്നതുവഴി, നിഷ്‌കളങ്കരക്തം ചിന്തിയതുവഴി കായേന്റെ ജീവിതം അവന്റെ ചെയ്തികളാലേതന്നെ ദുരിതപൂർണമായി. പക്ഷേ, കായേൻ പറയുന്നത് തനിക്കുവന്ന ദുരിതങ്ങളെല്ലാം ദൈവം തന്റെമേൽ വരുത്തിവച്ചതാണ് എന്നാണ്. എന്നാൽ, ദൈവം പറയുന്നു – സഹോദരന്റെ രക്തം ചിന്തിയതുവഴി കായേൻതന്നെ ആ ദുരിതങ്ങൾ അവന്റെമേൽ വരുത്തിവച്ചതാണ് എന്ന്.

എന്നിട്ടും തന്റെ തെറ്റിനെക്കുറിച്ച് അനുതപിക്കുവാനോ മാപ്പു ചോദിക്കുവാനോ കായേന് കഴിയുന്നില്ല. പകരം തന്റെമേൽ വന്നു ചേർന്ന വിനകൾക്ക് ദൈവമാണ് ഉത്തരവാദിയെന്നു പറഞ്ഞ് ദൈവത്തെ പഴിചാരുകയാണ് കായേൻ. ഈ കായേൻ നമ്മളിലുമില്ലേ? നമ്മുടെ കഠിന പാപങ്ങൾനിമിത്തം ന്യായമായും നാം വഹിക്കേണ്ടിവരുന്ന കഠിനശിക്ഷകളിൽനിന്നും നമ്മെ രക്ഷപ്പെടുത്താൻ യഥാർത്ഥമായ അനുതാപത്തിലേക്ക് നമ്മൾ കടന്നുവരുന്നതുവരെ നമ്മെ സംരക്ഷിക്കാൻ ദൈവം നമ്മുടെ നെറ്റിയിൽ വരച്ചിരിക്കുന്ന കുരിശടയാളത്തിന്റെ പിൻബലത്തിലായിരിക്കാം നമ്മളിൽ പലരും ഇന്ന് ശിക്ഷിക്കപ്പെടാതെ ജീവിക്കുന്നത്. ദൈവത്തെ മറന്നുകൊണ്ടുള്ള പാപപങ്കിലമായ നമ്മുടെ ജീവിതം വഴി നാം സ്വയം വരുത്തിവച്ച വിനകളായിരിക്കാം നമ്മുടെ ഇപ്പോഴുള്ള ജീവിതത്തെ ഭാരപ്പെടുത്തുന്നത്.
യാഥാർത്ഥ്യബോധമില്ലാത്ത നമ്മൾ കായേനെപ്പോലെ ദൈവം തന്ന ശിക്ഷയാണ് ഇപ്പോഴുള്ള നമ്മുടെ സഹനങ്ങൾക്ക് കാരണമെന്ന് വിശ്വസിക്കുകയും പറയുകയും ചെയ്യുന്നു. എന്നാൽ ഇവയാകട്ടെ തെറ്റായ നമ്മുടെ വാക്കും പ്രവൃത്തിയും നിമിത്തം നാംതന്നെ വരുത്തിവയ്ക്കുന്നതാണ്. ദൈവത്തിന്റെ കാരുണ്യം ഏതൊരവസ്ഥയിലും നമ്മെ തേടിവരികയും അനുതാപപൂർണമായ ഒരു ഹൃദയം നല്കി നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. നിങ്ങൾ പാപങ്ങൾ ഏറ്റുപറഞ്ഞാൽ അവൻ വിശ്വസ്തനും നീതിമാനുമാകയാൽ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതിയിലുംനിന്ന് നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. (1 യോഹ. 1:9).

അനുതാപം ഒരു അനിവാര്യത
പക്ഷേ, അനുതാപം നിറഞ്ഞ ഏറ്റുപറച്ചിൽ ഈ വിധത്തിലുള്ള രക്ഷയ്ക്ക് ഒരു അനിവാര്യതയാണ്. അവിടുന്ന് പറയുന്നു ”ഇതൊക്കെ ആയിട്ടും ഞാൻ കുറ്റമൊന്നും ചെയ്തിട്ടില്ല. അവിടുത്തേക്ക് എന്നോട് യാതൊരു കോപവുമില്ല എന്ന് നീ പറയുന്നു. പാപം ചെയ്തിട്ടില്ല എന്ന് നീ പറഞ്ഞതുകൊണ്ട് നിന്നെ ഞാൻ കുറ്റം വിധിക്കും” (ജറെ. 2:35). പ്രിയപ്പെട്ടവരേ, നമുക്കുതന്നെ നമ്മെക്കുറിച്ചോർക്കുമ്പോൾ ദുർഗന്ധം വമിക്കുന്ന പലതും നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കാം. ഒരു പ്രത്യേക നിമിഷത്തിൽ നാം ചെയ്തുപോയ ക്രൂരതയെ ഓർത്ത്, അല്ലെങ്കിൽ നാം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ജഡികപാപങ്ങളോർത്ത് കുറ്റബോധം നിറഞ്ഞ മനസുമായി സ്വയം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നവരുമായിരിക്കാം നമ്മൾ.

എന്നാൽ, കരുണാമയനായ ദൈവം തന്റെ പ്രവാചകനിലൂടെ പറയുന്നത് കേൾക്കൂ: ”അവിശ്വസ്തയായ (അവിശ്വസ്തനായ) ഇസ്രായേലേ, തിരിച്ചുവരിക. ഞാൻ നിന്നോട് കോപിക്കുകയില്ല. ഞാൻ കാരുണ്യവാനാണ്. ഞാൻ എന്നേക്കും കോപിക്കുകയില്ല- കർത്താവ് അരുളിച്ചെയ്യുന്നു. നിന്റെ ദൈവമായ കർത്താവിനോട് നീ മറുതലിച്ചു. പച്ചമരങ്ങളുടെ കീഴിൽ അന്യദേവന്മാർക്ക് നിന്നെത്തന്നെ കാഴ്ചവച്ചു. നീ എന്നെ അനുസരിച്ചില്ല. ഈ കുറ്റങ്ങൾ നീ ഏറ്റുപറഞ്ഞാൽ മതി” (ജറെ. 3:12-13). എന്നാൽ ആരിൽനിന്നും തന്നെ ആശ്വാസകരമായ ഒരു പ്രതികരണം കിട്ടായ്കയാൽ പിതാവായ ദൈവം വിലപിക്കുന്നു.

വീണവൻ എഴുന്നേല്ക്കുകയില്ലേ? വഴിതെറ്റിയവൻ മടങ്ങിവരാതിരിക്കുമോ? എന്തുകൊണ്ടാണ് ഈ ജനം ഒടുങ്ങാത്ത മാത്സര്യത്തോടെ മറുതലിക്കുന്നത്? വഞ്ചനയിലാണ് അവർക്ക് ആസക്തി. തിരിച്ചുവരാൻ അവർക്ക് മനസില്ല. അവൻ പറയുന്നത് ഞാൻ ശ്രദ്ധിച്ചുകേട്ടു. അവർ സത്യമല്ല പറഞ്ഞത്. എന്താണ് ഞാൻ ഈ ചെയ്തത് എന്നുപറഞ്ഞ് ഒരുത്തനും തന്റെ ദുഷ്ടതയെക്കുറിച്ച് അനുതപിക്കുന്നില്ല. പടക്കളത്തിലേക്ക് പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവനവന്റെ വഴിക്ക് പോകുന്നു. ആകാശത്തിൽ പറക്കുന്ന ഞാറപ്പക്ഷിക്കുപോലും അതിന്റെ കാലമറിയാം. മാടപ്രാവും മീവൽപക്ഷിയും കൊക്കും തിരിച്ചുവരാനുള്ള സമയം പാലിക്കുന്നു. എന്റെ ജനത്തിനാകട്ടെ തിരിച്ചുവരാനുള്ള കല്പന അറിഞ്ഞുകൂടാ (ജറെ. 8:4-7).

തിരിച്ചുവരുവാനുള്ള കല്പനയും തന്ന് കരുണയുടെ വത്സരവും പ്രഖ്യാപിച്ച് ദൈവമിതാ നമുക്കായി കാത്തിരിക്കുന്നു. ഇനിയെങ്കിലും മടങ്ങിവരുവാനുള്ള മനസുകാട്ടേണ്ടേ നമുക്ക്? കരുണയുടെ കവാടങ്ങൾ അടഞ്ഞു കഴിഞ്ഞാൽ പിന്നെ പുറത്തുനിന്ന് മുട്ടിയാൽ തുറന്നു കിട്ടിയെന്നു വരികയില്ല ചിലപ്പോൾ. പത്തു കന്യകമാരുടെ ഉപമ നമ്മെ പഠിപ്പിക്കുന്നതും ഇതുതന്നെയല്ലേ?

സ്വീകരിച്ചാൽ പോരാ കൊടുക്കണം
ഈ കരുണയുടെ വർഷത്തിൽ കരുണ കർത്താവിൽനിന്നും സ്വീകരിച്ചാൽ മാത്രം പോരാ. കരുണ കൊടുക്കുന്നവരായി നാം രൂപാന്തരപ്പെടണം. ‘കരുണ തോന്നണേ നാഥാ, അലിവു തോന്നണേ’ എന്ന് ഇമ്പമായി പാടാനും കർത്താവിന്റെ കരുണ ലഭിക്കാൻവേണ്ടി ഏതു മലയും കയറാനും നമ്മളിൽ പലരും സന്നദ്ധരാണ്. എന്നാൽ നമുക്കു ചുറ്റും നില്ക്കുന്ന സഹജീവികളോട് ക്ഷമിക്കുവാനും അവർക്ക് കരുണ നല്കാനും പലരും ഒരുക്കമല്ല. കർത്താവ് നമ്മോടാവശ്യപ്പെടുന്നത് എന്തെന്ന് നമുക്ക് നോക്കാം. ”ശത്രുവിന് വിശക്കുമ്പോൾ ആഹാരവും ദാഹത്തിന് ജലവും കൊടുക്കുക. അത് അവന്റെ തലയിൽ പശ്ചാത്താപത്തിന്റെ തീക്കനൽ കൂട്ടും; കർത്താവ് നിനക്ക് പ്രതിഫലം നല്കുകയും ചെയ്യും” (സുഭാ. 25:21).

നമ്മുടെ ചുറ്റും നില്ക്കുന്ന നിസഹായരും ദരിദ്രരുമായ സഹോദരങ്ങളുടെ ജീവിതാവശ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാത്ത കരുണ കരുണയല്ല. ”ദരിദ്രന്റെ നിലവിളിക്ക് ചെവി കൊടുക്കാത്തവന് വിലപിക്കേണ്ടിവരും; അത് ആരും കേൾക്കുകയുമില്ല” (സുഭാ. 21:13). എന്നാൽ, ദരിദ്രരെ സഹായിക്കുന്നവരെ കർത്താവ് വർധിച്ച കാരുണ്യത്തോടെ സഹായിക്കുന്നു. ”ദരിദ്രരോട് ദയ കാണിക്കുന്നവൻ കർത്താവിനാണ് കടം കൊടുക്കുന്നത്. അവിടുന്ന് ആ കടം വീട്ടും” (സുഭാ. 19:17). അനാഥരോടും വിധവകളോടും അതിനു തുല്യമായ വ്യഥ അനുഭവിക്കുന്ന മറ്റുള്ളവരോടും കാണിക്കുന്ന കാരുണ്യം നമ്മെ ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരും ആക്കി മാറ്റുന്നു. ”അനാഥർക്കു പിതാവും അവരുടെ അമ്മയ്ക്ക് ഭർതൃതുല്യനും ആയിരിക്കുക; അപ്പോൾ അത്യുന്നതൻ നിന്നെ പുത്രനെന്നു വിളിക്കുകയും അമ്മയുടേതിനേക്കാൾ വലിയ സ്‌നേഹം അവിടുന്ന് നിന്നോടു കാണിക്കുകയും ചെയ്യും” (പ്രഭാ. 4:10).

സ്വഭവനത്തെ മറക്കരുത്
ചിലപ്പോൾ നമ്മൾ പുറത്തുള്ളവരോട് കരുണ കാണിക്കുകയും സ്വന്തം ഭവനാംഗങ്ങളോടും സ്വന്തം ബന്ധുജനങ്ങളോടും അവഗണന കാണിക്കുകയും ചെയ്യുന്നു. അവരെക്കുറിച്ച് കർത്താവിന്റെ ആത്മാവ് പറയുന്നതെന്താണെന്ന് നമുക്ക് നോക്കാം. ”ഒരുവൻ തന്റെ സ്വന്തക്കാരുടെയും പ്രത്യേകിച്ച്, തന്റെ കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ അവൻ വിശ്വാസം ത്യജിച്ചവനും അവിശ്വാസിയെക്കാൾ ഹീനനുമാണ്” (1 തിമോ. 5:8). സ്വന്തം കുടുംബാംഗങ്ങളോട് ക്ഷമിക്കുവാനും കരുണ കാണിക്കാനും തയാറാകാത്തവന്റെ പുറമെയുള്ള കാരുണ്യപ്രവൃത്തികൾ കർത്താവിന്റെ മുൻപിൽ സ്വീകാര്യമാവുകയില്ല.

നിർദയനായ ഭൃത്യൻ
വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനെട്ടാം അധ്യായത്തിൽ കാരുണ്യവാനായ ഒരു രാജാവിനെയും നിർദയനായ ഒരു ഭൃത്യനെയുംകുറിച്ച് യേശു ഒരു ഉപമ പറഞ്ഞു. ഒരുവൻ രാജാവിനോട് പതിനായിരം താലന്ത് കടപ്പെട്ടിരുന്നു. കണക്ക് തീർക്കേണ്ട സമയമായപ്പോൾ അവന് അതു വീട്ടാൻ നിവൃത്തിയില്ലാത്തതുകൊണ്ട് അവനെയും ഭാര്യയെയും മക്കളെയും അവന്റെ സമസ്ത വസ്തുക്കളും വിറ്റ് കടം വീട്ടാൻ യജമാനൻ കല്പിച്ചു.
അപ്പോൾ ആ ഭൃത്യൻ യജമാനന്റെ കാല്ക്കൽ വീണ് കരഞ്ഞുകൊണ്ട് പറഞ്ഞു: യജമാനനേ, കരുണ തോന്നണമേ. എന്റെ കടങ്ങൾ ക്ഷമിക്കണമേ. എല്ലാം ഞാൻ തന്നു വീട്ടിക്കൊള്ളാം. ആ ഭൃത്യന്റെ യജമാനൻ മനസലിഞ്ഞ് അവനെ വിട്ടയയ്ക്കുകയും കടം ഇളച്ചുകൊടുക്കുകയും ചെയ്തു. അവനാകട്ടെ, പുറത്തേക്കിറങ്ങിയപ്പോൾ തനിക്ക് നൂറു ദനാറ നല്കാനുണ്ടായിരുന്ന തന്റെ സഹസേവകരിലൊരുവനെ കണ്ടുമുട്ടി. അവന്റെ കഴുത്തുപിടിച്ച് ഞെരിച്ചുകൊണ്ട് പറഞ്ഞു: എനിക്ക് തരാനുള്ളത് തന്നു തീർക്കുക.

അപ്പോൾ ആ ഭൃത്യൻ അവനോട് യാചിച്ചു. എന്നാൽ കഠിനഹൃദയനായ ആദ്യത്തെ ഭൃത്യൻ സമ്മതിച്ചില്ല. കടം വീട്ടുന്നതുവരെ അയാൾ തന്റെ സഹഭൃത്യനെ കാരാഗൃഹത്തിലടച്ചു. രാജാവ് ഈ വിവരം മറ്റു ഭൃത്യന്മാർ പറഞ്ഞ് അറിഞ്ഞു. യജമാനൻ അവനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: ദുഷ്ടനായ ഭൃത്യാ നീ എന്നോട് കേണപേക്ഷിച്ചതുകൊണ്ട് നിന്റെ കടമെല്ലാം ഞാൻ ഇളച്ചുതന്നു. ഞാൻ നിന്നോട് കാണിച്ച കരുണ നീയും നിന്റെ സഹഭൃത്യനോട് കാണിക്കേണ്ടതായിരുന്നു. എന്നാൽ, നീയതു ചെയ്തില്ല. ഇതാ നിന്റെ കടം മുഴുവൻ വീട്ടുന്നതുവരെ നിന്നെ ഞാൻ കാരാഗൃഹാധികൃതർക്ക് ഏല്പിച്ചുകൊടുക്കുന്നു.
ഈ ഉപമ പറഞ്ഞതിനുശേഷം യേശു തന്നെ ശ്രവിച്ചുകൊണ്ടിരുന്നവരോട് ഇപ്രകാരം പറഞ്ഞു ‘നിങ്ങൾ സഹോദരനോട് ഹൃദയപൂർവം ക്ഷമിക്കുന്നില്ലെങ്കിൽ എന്റെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ഇതുപോലെതന്നെ പ്രവർത്തിക്കും.’ ഈ ഉപമ വായിക്കുമ്പോൾ കാരുണ്യവർഷത്തിൽ നമ്മൾ എവിടെ എത്തിനില്ക്കുന്നുവെന്ന് പരിശോധിക്കുന്നത് അനിവാര്യമായ കാര്യമാണ്.

സഹജീവികളോട് കരുണയില്ലാത്ത ഒരു ഹൃദയവുമായിട്ടാണ് നാം അവിടുത്തെ കരുണയുടെ വാതില്ക്കൽ മുട്ടിക്കൊണ്ടിരിക്കുന്നതെങ്കിൽ തിരുവചനങ്ങൾ നമ്മെ അനുസ്മരിപ്പിക്കുന്നു: ”അയല്ക്കാരനോട് പക വച്ചുപുലർത്തുന്നവന് കർത്താവിൽനിന്നും കരുണ പ്രതീക്ഷിക്കാമോ? തന്നെപ്പോലെയുള്ളവനോട് കരുണ കാണിക്കാത്തവൻ പാപമോചനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതെങ്ങനെ? മർത്യൻ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കിൽ അവന്റെ പാപങ്ങൾക്ക് ആർ പരിഹാരം ചെയ്യും?” (പ്രഭാ. 28:3-5). ”കാരുണ്യം കാണിക്കാത്തവന്റെമേൽ കാരുണ്യരഹിതമായ വിധിയുണ്ടാകും” (യാക്കോ. 2:13). യേശു തന്റെ മലയിലെ പ്രസംഗത്തിലും ഇപ്രകാരം പറയുന്നുണ്ട്: ”കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്ക് കരുണ ലഭിക്കും” എന്ന്.

യോനാ കണ്ട നിനവേ
ഒരിക്കൽ കർത്താവ് യോനായോട് പറഞ്ഞു. മഹാനഗരമായ നിനവെയിൽ ചെന്ന് അവരോട്, അവരുടെ അകൃത്യങ്ങളെക്കുറിച്ച് വിളിച്ചുപറയുക. അകൃത്യങ്ങൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ നിനവെ നശിപ്പിക്കപ്പെടുമെന്നും അവരെ അറിയിക്കുക. പക്ഷേ, നിനവേയിലേക്ക് പോകേണ്ട യോനാ താർഷീഷിലേക്ക് കപ്പൽ കയറി. യോനാ സഞ്ചരിച്ചിരുന്ന കപ്പൽ കൊടുങ്കാറ്റിൽ ഉലയാൻ ദൈവം ഇടവരുത്തി. ദൈവമായ കർത്താവിനെ ധിക്കരിച്ച് നിനവേയിലേക്ക് പോകേണ്ടവൻ താർഷീഷിലേക്ക് കപ്പൽ കയറിയതാണ് കൊടുങ്കാറ്റിന് കാരണമെന്ന് അറിഞ്ഞ മറ്റു കപ്പൽയാത്രക്കാർ യോനായെ എടുത്ത് കടലിലെറിഞ്ഞു. കടൽ ശാന്തമായി.
ദൈവം യോനായെ വിഴുങ്ങാൻ ഒരു വലിയ മത്സ്യത്തെ ഏർപ്പെടുത്തി. മത്സ്യത്തിന്റെ വയറ്റിൽ കിടന്ന് യോനാ തെറ്റ് ഏറ്റുപറഞ്ഞ് കർത്താവിന്റെ കരുണ യാചിച്ചു. മൂന്നാം ദിവസം മത്സ്യം യോനായെ കരയിലേക്ക് ഛർദിച്ചു. അവൻ നിനവേയിലെത്തി വിളിച്ചു പറഞ്ഞു. നാല്പതു ദിവസം കഴിയുമ്പോൾ നിനവേ നശിപ്പിക്കപ്പെടും. നിനവേ നിവാസികൾ ദൈവത്തിന്റെ വാക്കുകൾ വിശ്വസിച്ചു. അവർ രാജാവും പ്രഭുക്കന്മാരും ജനങ്ങളും ഒന്നിച്ച് ഉപവാസം പ്രഖ്യാപിച്ചു. ചാക്കുടുത്ത് ചാരത്തിലിരുന്നു. അകൃത്യങ്ങളിൽനിന്ന് പിന്തിരിഞ്ഞു. ദൈവത്തിന്റെ മനസലിഞ്ഞു. അവരുടെമേൽ വരുത്തുമെന്ന് പറഞ്ഞ ശിക്ഷ വരുത്തിയില്ല.
ഇതുകണ്ട യോനാ ദൈവത്തോട് കോപിച്ചു. ഇത്തവണയും ദൈവം തന്നെ പറ്റിച്ചു. ദൈവം മഹാകാരുണികനാണെന്നും പ്രവചനം കേട്ട് ജനം മാനസാന്തരപ്പെട്ടാൽ ദൈവം ശിക്ഷ പിൻവലിക്കുമെന്നും പ്രവചനം നടത്തിയ താൻ ലജ്ജിതനാകുമെന്നും യോനായ്ക്കറിയാമായിരുന്നു. അതുകൊണ്ടാണ് അവൻ ദൈവത്തിൽനിന്ന് ഒളിച്ചോടി താർഷീഷിലേക്ക് കപ്പൽ കയറിയത്. നിനവേയുടെ നാശം കാണാൻ കാത്തിരുന്ന യോനാ വെയിലിന്റെ ചൂടിൽ ഉരുകിപ്പോകാതിരിക്കാൻ ദൈവമായ കർത്താവ് അവന്റെ കൂടാരത്തിന് പിന്നിൽ ഒരു ചെടി മുളപ്പിച്ചു. അതുകണ്ട് യോനാ സന്തോഷിച്ചു. പക്ഷേ, പിറ്റേദിവസം ദൈവം ഒരു പുഴുവിനെ അയച്ച് ആ ചെടിയെ ആക്രമിച്ച് നശിപ്പിച്ചു.

യോനായ്ക്ക് വീണ്ടും ദൈവത്തോട് കോപമായി. അപ്പോൾ ദൈവം ചോദിച്ചു: ആ ചെടിയെച്ചൊല്ലി കോപിക്കാൻ നിനക്കെന്തു കാര്യം? അവൻ പ്രത്യുത്തരിച്ചു. എനിക്ക് കാര്യമുണ്ട്. മരണംവരെ ഞാൻ കോപിക്കും. അപ്പോൾ ദൈവം യോനായോടു പറഞ്ഞു. ഈ ചെടി ഒരു രാത്രികൊണ്ട് വളരുകയും അടുത്ത രാത്രി നശിക്കുകയും ചെയ്തു. നീ അതിന്റെ വളർച്ചക്കുവേണ്ടി അധ്വാനിച്ചില്ല. എന്നിട്ടും നിനക്കതിനോട് അനുകമ്പ തോന്നുന്നു. എങ്കിൽ ഇടംവലം തിരിച്ചറിയാൻ കഴിയാത്ത ഒരു ലക്ഷത്തിയിരുപതിനായിരത്തിൽപരം ആളുകളും അസംഖ്യം മൃഗങ്ങളും വസിക്കുന്ന മഹാനഗരമായ നിനവെയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?
യോനായ്ക്ക് ഉത്തരം മുട്ടിയിരിക്കണം. യോനായ്ക്ക് മാത്രമല്ല, രക്ഷ യഹൂദർക്കുമാത്രം എന്ന് വിശ്വസിച്ചിരുന്ന സകല ഇസ്രായേല്യർക്കും ഉത്തരം മുട്ടിയിട്ടുണ്ടാകണം. ഇന്ന് പരമകാരുണികനായ ദൈവം ആ ചോദ്യം പുതിയ ഇസ്രായേലായ സമസ്ത ക്രൈസ്തവരോടും ചോദിച്ചാൽ എന്തായിരിക്കും നമ്മുടെ പ്രതികരണം? വിജാതീയരുടെ അപ്പസ്‌തോലനായ പൗലോസ് ശ്ലീഹായിലൂടെ ദൈവം നമ്മോട് ചോദിക്കുന്നു ”ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതെ, അവിടുന്ന് വിജാതീയരുടെയും ദൈവമാണ്. എന്തെന്നാൽ, ദൈവം ഏകനാണ്” (റോമാ 3:29).

മാർപ്പാപ്പ പ്രഖ്യാപിച്ച ഈ കരുണാവർഷം കത്തോലിക്കർക്കുമാത്രമുള്ളതല്ല. മറിച്ച് സമസ്തലോകത്തിനുംവേണ്ടിയുള്ളതാണ്. ദൈവത്തിന്റെ മഹാകരുണയെക്കുറിച്ച്, അതു നല്കുന്ന നിത്യജീവനെക്കുറിച്ച്, സകലരെയും അറിയിക്കുവാൻ നമുക്ക് ചുമതലയുണ്ട്. ദൈവത്തിന്റെ കരുണ സ്വീകരിക്കുവാൻ എല്ലാ സൃഷ്ടികൾക്കും അവകാശമുണ്ട്. ആ കരുണയെ മറച്ചുവയ്ക്കുന്നത് എത്രയോ വലിയ തെറ്റാണ്. അതിനാൽ കുറ്റബോധത്തിലും നിരാശയിലും ഭയത്തിലും പാപത്തിന്റെ ബന്ധനങ്ങളിലും കഴിയുന്ന സകലരോടും ദൈവത്തിന്റെ കരുണയും രക്ഷയും പ്രഘോഷിക്കാൻ കരുണയുടെ വർഷത്തിൽ നമുക്കൊരുങ്ങാം.

സ്റ്റെല്ല ബെന്നി

Leave a Reply

Your email address will not be published. Required fields are marked *