എന്നും പ്രാതലിനുമുൻപ് ആ സന്യാസിനികൾ പ്രാർത്ഥിക്കും. ആ പ്രാർത്ഥന ഏതാണ്ട് ഇങ്ങനെയായിരുന്നു.
”കർത്താവേ, ഉദാരമതിയാകുവാൻ എന്നെ പഠിപ്പിക്കുക. അങ്ങ് അർഹിക്കുന്നതുപോലെ അങ്ങയെ സേവിക്കുവാൻ, വില നോക്കാതെ നല്കാൻ, മുറിവുകൾ പരിഗണിക്കാതെ പോരാടുവാൻ, പിന്നീടെന്താണെന്നു ചിന്തിക്കാതെ അധ്വാനിക്കുവാൻ, പ്രതിഫലം ചോദിക്കാതെ ജോലി ചെയ്യുവാൻ എന്നെ പഠിപ്പിക്കുക.”
അന്നും അവരങ്ങനെ പ്രാർത്ഥിച്ചു. അല്പസമയത്തിനകം കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. തീവ്രവാദികളുടെ മിന്നലാക്രമണം! നാലുപേർ അപ്പോൾത്തന്നെ വധിക്കപ്പെട്ടു. ആ നാലുപേരുടെ അവസാനത്തെ പ്രാർത്ഥനയായിരുന്നിരിക്കണം അന്നു പ്രഭാതത്തിലേത്. ആവശ്യത്തിലായിരിക്കുന്നവരെ സേവിക്കാനായി സ്വന്തം നാടും വീടും സുഖങ്ങളും ഉപേക്ഷിച്ച് സുരക്ഷിതത്വമില്ലാത്ത ആ നാട്ടിൽ, യമനിൽ, ജീവിക്കാൻ തയാറായ സന്യാസിനികൾ. എന്നാൽ വെറുപ്പിനാൽ അന്ധരായ തീവ്രവാദികൾ ആ ‘ഉപവിയുടെ മിഷനറിസഹോദരികളെ’ വധിച്ചു. എന്നാൽ നേട്ടം സ്വന്തമാക്കിയത് ആരാണ്? രക്തസാക്ഷിത്വത്തിന്റെ തിളക്കമുള്ള കിരീടം നേടിയ ആ സന്യാസിനികൾതന്നെയല്ലേ.
”നീതിക്കുവേണ്ടി പീഡനം ഏല്ക്കുന്നവർ ഭാഗ്യവാൻമാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്” (മത്തായി 5:10)