ഇറ്റലിയിലെ കാസേർത്താ എന്ന സ്ഥലത്ത് 1897 മാർച്ച് 14-ന് മരിയ വാൾത്തോർത്ത ജനിച്ചു. പിതാവ് ജോസഫ്, ഒരു പട്ടാള ഉദ്യോഗസ്ഥനും അമ്മ ഇസീദെ ഒരു ഫ്രഞ്ച് അധ്യാപികയുമായിരുന്നു. ജനനസമയത്തുതന്നെ മരണത്തോട് മല്ലിടേണ്ടിവന്ന മരിയ അവരുടെ ഏകപുത്രിയായിരുന്നു. മിലാനിൽ ഉർസുലൈൻ സിസ്റ്റേഴ്‌സ് നടത്തിയിരുന്ന കിന്റർ ഗാർട്ടൻ സ്‌കൂളിൽ മരിയയെ ചേർത്തു. നാലര വയസുള്ളപ്പോൾത്തന്നെ ഈശോയെപ്പോലെ സഹിച്ച്, ഈശോയെ സ്‌നേഹിച്ച് ആശ്വസിപ്പിക്കാൻ അവൾ ആഗ്രഹിച്ചു.
സ്‌നേഹത്തിനും സ്‌നേഹരാഹിത്യത്തിനുമിടയിൽ
അപ്പൻ ദൈവഭക്തിയും സ്‌നേഹവുമുള്ള വ്യക്തിയായിരുന്നുവെങ്കിലും അമ്മ ആരെയും സ്‌നേഹിക്കാനറിയാത്ത ഒരു പരുക്കൻ സ്വഭാവക്കാരിയായിരുന്നു. പിതാവിന്റെ അടിക്കടിയുള്ള സ്ഥലംമാറ്റം കാരണം അമ്മയുടെ കാർക്കശ്യത്തിൽനിന്ന് രക്ഷിക്കുവാൻ 12 വയസായപ്പോൾ മരിയയെ ഉണ്ണിമേരിയുടെ ഉപവിസഹോദരികൾ നടത്തുന്ന ബോർഡിങ്ങ് സ്‌കൂളിൽ ചേർത്തു. പഠിത്തത്തിലുള്ള താല്പര്യം, ക്രമം, വിധേയത്വം എല്ലാം അവളെ മാതൃകാവിദ്യാർത്ഥിനിയാക്കി. സന്യാസിനികൾ അവളെ വളരെയധികം സ്‌നേഹിച്ചു.
അമ്മയുടെ ആഗ്രഹം മകൾ ശാസ്ത്ര സാങ്കേതിക പഠനങ്ങൾ നടത്തി, ആ രംഗത്ത് വലിയ ആളാകണമെന്നായിരുന്നു. മരിയയ്ക്ക് ഈ വിഷയങ്ങളിൽ ഒട്ടും താല്പര്യമില്ലായിരുന്നെങ്കിലും വളരെയധികം മനസുചെലുത്തി പഠിച്ച് ആ വിഷയങ്ങളിൽ ബിരുദം നേടി. കോളജുപഠനകാലവും അവൾക്ക് വളരെ സന്തോഷപ്രദമായിരുന്നുവെങ്കിലും തിരിച്ച് വീട്ടിലേക്കു പോകുന്നതോർത്ത് അവൾക്ക് ഭയമായിരുന്നു. കോളജിൽ അവസാനമായി നടത്തപ്പെട്ട ഒരു ധ്യാനത്തിൽ അവളുടെ ഭാവിജീവിതത്തെ ഫലപ്രദമാക്കിത്തീർക്കുവാൻ വേണ്ട കൃപാവരത്തിനായി അവൾ തീക്ഷ്ണതയോടെ പ്രാർത്ഥിച്ചു.
കർത്താവ് അവളുടെ പ്രാർത്ഥന സ്വീകരിച്ചു. ദൈവം അവളിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്നും ദൈവത്തിലുള്ള ജീവിതത്തിന്റെ അർത്ഥമെന്തെന്നും അവൾക്ക് മനസിലായി. വീട്ടിലും വിദ്യാഭ്യാസകാലത്തും കിട്ടിയ ശിക്ഷണത്തിൽത്തന്നെ അവൾ തുടർന്നു. അപ്പൻ അവൾക്ക് പ്രോത്സാഹനം നൽകിയെങ്കിലും അമ്മയ്ക്ക് ആത്മീയകാര്യങ്ങളിൽ ഒരു താല്പര്യവുമില്ലായിരുന്നു. ഷോപ്പിംഗിന് പോകുമ്പോൾ അമ്മ അറിയാതെയാണ് അവൾ ദിവ്യകാരുണ്യദർശനം നടത്തിയിരുന്നത്.
അക്കാലത്ത് അവൾക്കുണ്ടായ രണ്ട് വിവാഹാലോചനകളും അമ്മ തകർത്തു. എന്നാൽ മാനുഷിക സ്‌നേഹവാത്സല്യങ്ങൾ എത്ര നിസാരമാണെന്ന് മനസിലാക്കി ദൈവത്തിലേക്ക് പൂർണമായി തിരിയുന്നതിനുവേണ്ടിയാണ് ഈ അനുഭവങ്ങളെല്ലാം അവൾക്കുണ്ടായത്. രണ്ടാം ലോകമഹായുദ്ധകാലത്ത് 1917-ൽ നഴ്‌സിംഗിൽ ചേരേണ്ടിവന്നു. അവിടെ മുറിവേറ്റ ഭടന്മാരെ ശുശ്രൂഷിച്ചുകൊണ്ട് ദൈവത്തോട് കൂടുതൽ അടുക്കുന്നതിനുള്ള ആന്തരികപ്രചോദനം അവൾക്ക് ലഭിച്ചു.
ബലിജീവിതം
1920-ൽ അവളുടെ ബലിജീവിതം ആരംഭിക്കുകയായിരുന്നു. അമ്മയുമൊത്ത് വഴിയിലൂടെ നടന്നുപോയപ്പോൾ ബുദ്ധിഭ്രംശമുള്ള ഒരു ചെറുപ്പക്കാരൻ ഒരു കാരണവുമില്ലാതെ ഒരു ഇരുമ്പുവടികൊണ്ട് പുറകിൽനിന്നും ആഞ്ഞടിച്ചു. തന്നിമിത്തം മൂന്നുമാസം കിടക്കയിൽ കഴിച്ചുകൂട്ടേണ്ടിവന്നു. അത് ഭാവിയിലെ വലിയ രോഗത്തിന്റെ മുന്നോടിയായിരുന്നു. ആ കാലത്ത് വിശുദ്ധ കൊച്ചുത്രേസ്യയുടെ സ്വയംകൃത ചരിത്രം ഒറ്റയിരിപ്പിൽ വായിച്ചുതീർത്ത അവൾ ആ വിശുദ്ധയെ അനുകരിച്ച് കർത്താവിന്റെ കരുണാമയ സ്‌നേഹത്തിന്റെ ബലിവസ്തുവായി 1925-ൽ സ്വയം സമർപ്പിച്ചു.
ഈ സമർപ്പണം തുടർന്ന് എല്ലാ ദിവസവും അവൾ നവീകരിച്ചിരുന്നു. അപ്പോൾ മുതൽ അസാധാരണമായ ദൈവസ്‌നേഹത്തിൽ അവൾ വളർന്നു. വാക്കിലും പ്രവൃത്തിയിലും ഈശോയുടെ സാന്നിധ്യം അവൾക്കനുഭവപ്പെട്ടു. സ്വയം ബലിവസ്തുവാകാനാഗ്രഹിച്ച് പരിശുദ്ധവും ത്യാഗപൂർണവുമായ ജീവിതംവഴി അതിനൊരുങ്ങി കന്യാത്വവും ദാരിദ്ര്യവും അനുസരണയും വ്രതമായി സ്വീകരിച്ച് ജീവിച്ചു.
1934-ൽ പൂർണ രോഗിണിയായി. കിടക്കയിൽനിന്നെഴുന്നേല്ക്കുവാൻ അതിൽപ്പിന്നെ കഴിഞ്ഞിട്ടില്ല. വേദന ഒന്നിനൊന്നു കൂടിക്കൊണ്ടിരുന്നു. 1935 മെയ്മാസത്തിൽ മാർത്ത ഡിച്ചോട്ടി എന്ന വനിതയെ സ്‌നേഹിതയും ശുശ്രൂഷകയുമായി ലഭിച്ചു. അവൾ മരിയയെ മരണംവരെ സ്‌നേഹിച്ച്, ശുശ്രൂഷിച്ചു. ഒരു മാസത്തിനുശേഷം പിതാവ് മരിച്ചു. പിതാവിന്റെ അഭാവത്തിൽ അമ്മ കൂടുതൽ ക്രൂരമായി പെരുമാറി. 1943-ൽ അമ്മയും മരിച്ചു.
അക്കാലത്തുതന്നെ അവൾക്ക് കർത്താവിന്റെ ദർശനങ്ങൾ കിട്ടാൻ തുടങ്ങി. കർത്താവ് ഒരിക്കൽ അവളോട് പറഞ്ഞു ”നിന്റെ സഹനങ്ങളെല്ലാം എന്നോടുള്ള സ്‌നേഹത്തെപ്രതിയും ആത്മാക്കൾക്കുവേണ്ടിയും കാഴ്ചവച്ചതിനാൽ ഞാൻ നിനക്ക് ഒരു സമ്മാനം തരാം. അതു നിനക്കുവേണ്ടി മാത്രമല്ല, ലോകത്തിനു മുഴുവൻവേണ്ടിയുമാണ്.”
അവിടുന്ന് തന്റെ അമ്മയുടെ ജനനം മുതൽ തന്റെ അവതാര രഹസ്യങ്ങൾ മുഴുവനും അവൾക്ക് ദർശനമായി നല്കി. 1943 മുതൽ 1947 വരെയാണ് അവൾക്ക് ആ ദർശനങ്ങൾ ലഭിച്ചത്. കിടക്കയിലിരുന്ന് കാൽമുട്ടുകളിൽ കാർഡ്‌ബോർഡ് വച്ച് അതു മേശയാക്കിയാണ് അവളെഴുതിയത്. ഏതു സമയത്തും അവൾക്കെഴുതാൻ കഴിഞ്ഞിരുന്നു. അവൾ കാണുന്ന ദർശനങ്ങളിൽ, ഈശോയുടെ ജീവചരിത്രം ഒരു തിരശീലയിലെന്നപോലെ വ്യക്തമായി കാണിച്ചുകൊടുക്കുകയും ഈശോയും അമ്മയും അതെക്കുറിച്ച് വിവരിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു.
സ്‌നേഹഗീതം
താൻ ദർശിച്ചതെല്ലാം സ്വതസിദ്ധമായ ഭാഷയിൽ മരിയ എഴുതിവച്ചു. അത് ഏഴായിരം പേജോളം വരുന്നതായിരുന്നു. ആ ദർശനങ്ങളുടെ ലിഖിതരൂപമാണ് ദൈവമനുഷ്യന്റെ സ്‌നേഹഗീത (ഠവല ുീലാ ീള വേല ങമിഏീറ) എന്ന പേരിൽ പില്ക്കാലത്ത്, അവളുടെ മരണശേഷം, പ്രശസ്തമായത്. അതിനുശേഷം ദൈവനിവേശിതമായി പല ലേഖനങ്ങളും അവളെഴുതി. അവളുടെ രചനകളൊന്നുംതന്നെ അവളുടെ കൃതിയായി അവൾ കരുതിയില്ല. അവളുടെ എല്ലാ കഴിവുകളും ദൈവത്തിന്റെയും മനുഷ്യരുടെയും സേവനത്തിനായി വീരാചിതമാംവിധം സമർപ്പിച്ചിരുന്നു.
1961-ൽ രോഗം വർധിച്ചപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ഉപകാരമുണ്ടായില്ല. അങ്ങനെ വീട്ടിലേക്കു തിരികെയെത്തിച്ചു. ഒക്‌ടോബർ 12-ന് രാവിലെ 10.30-ന് തന്റെ 65-ാമത്തെ വയസിലാണവൾ മരിച്ചത്. മരിച്ചു കഴിഞ്ഞും അവളുടെ വലതുകരം (വളരെയധികം വേദന സഹിച്ചുകൊണ്ടാണ് മരിയ എഴുതിയിരുന്നത്) പ്രകാശിക്കുന്നുണ്ടായിരുന്നു. അവളുടെ ആഗ്രഹപ്രകാരം വളരെ ലളിതമായ ഒരു ശവസംസ്‌കാരമായിരുന്നു. പത്തുവർഷത്തിനുശേഷം അവളുടെ ഭൗതികാവശിഷ്ടങ്ങൾ കുടുംബക്കല്ലറയിലേക്ക് മാറ്റി സ്ഥാപിച്ചു. രണ്ടു വർഷങ്ങൾക്കുശേഷം അത് ഫ്‌ളോറൻസിലേക്ക് കൊണ്ടുപോയി അനൻസിയേഷൻ ബസിലിക്കയുടെ മദ്ബഹായിൽ സ്ഥാപിച്ചു.
ഈശോ ‘കൊച്ചുജോൺ’ എന്നാണവളെ വിളിച്ചിരുന്നത്. തന്റെ പ്രിയശിഷ്യനായ യോഹന്നാൻ സുവിശേഷകനോട് അടുത്ത സ്ഥാനം മരിയയ്ക്ക് നല്കാൻ ആഗ്രഹിച്ചതുകൊണ്ടാണ് അവളെ അങ്ങനെ വിളിച്ചത്. അവളുടെ കൃതികൾ ലോകം മുഴുവനുമുള്ള പ്രധാന ഭാഷകളിൽ തർജിമ ചെയ്തിട്ടുണ്ട്. ഈശോയോടുള്ള സ്‌നേഹത്തെപ്രതിയും ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായും തന്റെ ജീവിതം വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ ഒരു സഹനബലിയായി അർപ്പിച്ച ഇറ്റാലിയൻ മിസ്റ്റിക്കായ ‘ഈശോയുടെ കൊച്ചുജോൺ’ ഇന്ന് തിരുസഭയിൽ ‘വാഴ്ത്തപ്പെട്ട മരിയ വാൾത്തോർത്ത’യാണ്. വിശുദ്ധപദത്തിലേക്കുള്ള അവളുടെ യാത്ര തുടരുന്നു.
(ദൈവമനുഷ്യന്റെ സ്‌നേഹഗീത 16 വാല്യങ്ങളുള്ള ഗ്രന്ഥമായി സിസ്റ്റർ മാർട്ടിൻ മേരി എസ്.എ.ബി.എസ്. വിവർത്തനം ചെയ്തിട്ടുണ്ട്. ലീലാ ഫിലിപ്പ് സംഗ്രഹിച്ച പതിപ്പ് -‘സോഫിയാ ബുക്‌സ്’ തയാറാക്കി.)
ലീലാ ഫിലിപ്പ്