ഹിൽസിയുടെ വീടുകൾ

ഹിൽസി ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ഒരു ആശുപത്രിയിലെ തൂപ്പുകാരിയായിരുന്നു. സെന്റ് ജോൺ ഓഫ് ഗോഡ് ബ്രദേഴ്‌സ് നടത്തുന്ന ഒരു ആശുപത്രിയായിരുന്നു അത്. ഒരുനാൾ അവിടെയെത്തിയ ബ്രദർ ഫോർത്തൂനാത്തൂസ് അവളോട് സംസാരിക്കവേ ഇന്ത്യയിൽ വീടില്ലാതെ കഷ്ടപ്പെടുന്നവരെക്കുറിച്ച് യാദൃച്ഛികമായി പങ്കുവച്ചു. കേരളത്തിൽ ഇടുക്കി പ്രദേശത്ത് മിഷനറിയായി സേവനം ചെയ്യുകയായിരുന്നു ബ്രദർ ഫോർത്തൂനാത്തൂസ്. അദ്ദേഹത്തിന്റെ വിവരണങ്ങൾ കേട്ട ഹിൽസിയുടെ നെഞ്ചിൽ അതൊരു നൊമ്പരമായി നിറഞ്ഞു.

”തനിക്ക് അവർക്കായി എന്തു ചെയ്യാനാകും” അതായിരുന്നു അവളെ നോവിച്ച ചോദ്യം. ഉത്തരവും അവൾതന്നെ കണ്ടെത്തി. അങ്ങനെ സ്വന്തം ആവശ്യങ്ങൾ പലതും മാറ്റിവച്ച അവൾ ആ വർഷം 600 ജർമ്മൻ മാർക്ക് സമ്പാദിച്ചു. സ്‌നേഹത്തിന്റെയും കരുണയുടെയും അടയാളമായ ആ തുക ബ്രദർ ഫോർത്തുനാത്തൂസിന് അയച്ചു. ബ്രദറാകട്ടെ ഈ ത്യാഗത്തെക്കുറിച്ച് ജർമ്മനിയിലെ കത്തോലിക്കാ മാസികയിൽ എഴുതി. എല്ലാവരും ഹിൽസിയെപ്പോലെ ചിന്തിച്ചിരുന്നെങ്കിൽ എന്നുപറഞ്ഞായിരുന്നു അത് അവസാനിപ്പിച്ചത്. അതു വായിച്ച് അനേകർ സഹായിക്കാൻ മുന്നോട്ടുവന്നു. അയ്യായിരം കുടുംബങ്ങൾക്കാണ് അതുവഴി സ്വന്തം വീടുണ്ടായത്. ആ വീടുകളെല്ലാം യേശുവിനായി നല്കിയ ‘ഹിൽസിയുടെ വീടുകള’ല്ലേ?

”എന്റെ ഏറ്റവും എളിയ ഈ സഹോദരൻമാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ, എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25: 40)

Leave a Reply

Your email address will not be published. Required fields are marked *