2015 ഡിസംബർ 11-ന് ആസ്‌ട്രേലിയായിലെ സിഡ്‌നിയിൽ നൈറ്റ് വിജിൽ ശുശ്രൂഷയുണ്ടായിരുന്നു. അവിടെയുള്ള ഒരു ദേവാലയത്തിൽവച്ചാണ് രാത്രി ജാഗരണ പ്രാർത്ഥന നടത്തിയത്. വചനശുശ്രൂഷയ്ക്കായി ദേവാലയത്തിലിരുന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. പെട്ടെന്നാണ് ഒരു പുതിയ ഉൾക്കാഴ്ച ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്കിയത്. ഏകദേശം അമ്പത്തിയാറ് വർഷങ്ങളായി പല പ്രാവശ്യം ആവർത്തിച്ച് ഉപയോഗിച്ചിരുന്ന ഒരു വാക്കിന്റെ ഉൾപ്പൊരുൾ അന്നാണ് ശരിക്കും എനിക്ക് മനസിലായത്. ഞാനോർത്തു, എല്ലാം ദൈവത്തിന്റെ ദാനമാണല്ലോ. ദൈവം ബുദ്ധിയെ പ്രകാശിപ്പിച്ചില്ലെങ്കിൽ നിസാരമായ ഒരു വാക്കുപോലും നമുക്ക് അപ്രാപ്യമായിത്തീരാം!
എന്തുകൊണ്ട് ക്രിസ്തുമസ് അല്ലെങ്കിൽ ഉച്ചാരണ സൗകര്യത്തിനായി ഉപയോഗിക്കുന്ന ക്രിസ്മസ്? യേശുവിന്റെ ജനനത്തെ സൂചിപ്പിക്കുന്ന ദിവസത്തെ ശരിക്കും യേശുമസ് എന്നല്ലേ വിളിക്കേണ്ടത്? ക്രിസ്തുമസ് എന്ന വാക്കിന് സവിശേഷമായ ഒരു അർത്ഥവ്യാപ്തി ഉണ്ടെന്ന് പരിശുദ്ധാത്മാവ് പറഞ്ഞുതന്നു. അത് യേശുവിന്റെ അനന്യമായ സ്ഥാനത്തെ സൂചിപ്പിക്കുന്ന ഒന്നാണ്.
അതുല്യനായവൻ
രണ്ടായിരത്തിൽപരം വർഷങ്ങൾക്ക് മുൻപ് ബേത്‌ലഹെമിൽ പിറന്ന യേശു ആകാശത്തിലും ഭൂമിയിലും അതുല്യമായ സ്ഥാനമുള്ള ഒരു വ്യക്തിയാണ്. കാരണം യേശുവാണ് ക്രിസ്തു. ക്രിസ്തു എന്ന ഗ്രീക്ക് വാക്കിനും അതിന് തത്തുല്യമായ ഹീബ്രുവാക്കായ മിശിഹാ എന്നതിനും ഒരേ അർത്ഥമാണ് ഉള്ളത്, അഭിഷിക്തൻ. അതായത് യേശു മാത്രമാണ് പിതാവായ ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവൻ. ഈ ലോകത്തിൽ പല പ്രവാചകന്മാരും ദൈവപിതാവിൽനിന്ന് സന്ദേശങ്ങളുമായി വന്നിട്ടുണ്ട്. പക്ഷേ, അവരാരും യേശുവിനെപ്പോലെ അഭിഷേകം സ്വീകരിച്ചവരല്ല. യേശു അതുല്യനാണ്. യേശുവിനെപ്പോലെ മറ്റാരുമില്ല. യേശുവിനെപ്പോലെ യേശുമാത്രം!
പിതാവായ ദൈവം, യേശുവിന്റെ ജനനസമയത്ത് ദൂതനിലൂടെ ലോകത്തിന് വെളിപ്പെടുത്തിയത് ആ സത്യമാണെന്ന് നാം തിരിച്ചറിയുന്നു. ദൂതന്റെ ജനനപ്രഖ്യാപനത്തിൽ യേശു എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. പ്രത്യുത, ക്രിസ്തു എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ദൂതൻ ഇപ്രകാരം പറഞ്ഞു: ”ഭയപ്പെടേണ്ടാ. ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2:10-11).
യേശു അതുല്യനാണ്, സംശയമില്ല. കാരണം പിതാവിൽനിന്ന് ഇപ്രകാരമുള്ള അംഗീകാരമുദ്ര ലഭിച്ചത് യേശുവിന് മാത്രമാണ്. ”നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” (മർക്കോ. 1:11). മറ്റാരെക്കുറിച്ചാണ് പിതാവ് ഇപ്രകാരം പറഞ്ഞിട്ടുള്ളത്? മറ്റാരിലാണ് പിതാവ് ഇത്രയധികം പ്രസാദിച്ചിട്ടുള്ളത്? യേശുവിന്റെ ജനനത്തിന് അനേക നൂറ്റാണ്ടുകൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ ബി.സി എട്ടാം നൂറ്റാണ്ടിൽ രണ്ടാം പകുതിയിൽ പ്രവാചകദൗത്യം നിറവേറ്റിയ ഏശയ്യാ പ്രവാചകനിലൂടെ പിതാവായ ദൈവം ഇതേ ആശയംതന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് ഓർക്കുക. ഏശയ്യാ ഇപ്രകാരം പറഞ്ഞു: ”ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ, ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാൻ എന്റെ ആത്മാവിനെ അവന് നല്കി; അവൻ ജനതകൾക്ക് നീതി പ്രദാനം ചെയ്യും” (ഏശ. 42:1).
യേശുവിനെക്കുറിച്ചുള്ള ഈ അറിവ് സുപ്രധാനമാണ്. അതിനാലത്രേ പിതാവ് ഈ സത്യം അപ്പസ്‌തോല പ്രമുഖന്മാരായ വിശുദ്ധ പത്രോസിനും വിശുദ്ധ പൗലോസിനും വെളിപ്പെടുത്തിയത്. മനുഷ്യപുത്രൻ ആരെന്നാണ് നിങ്ങൾ പറയുന്നത് എന്ന ചോദ്യത്തിന് വിശുദ്ധ പത്രോസ് ഇപ്രകാരമാണല്ലോ മറുപടി നല്കിയത്: ”നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” (മത്താ. 16:16). ഇത് പത്രോസിനുണ്ടായ ഒരു മാനുഷിക അറിവല്ല, പ്രത്യുത പിതാവിൽനിന്ന് ലഭിച്ച പ്രകാശമാണെന്ന് യേശുതന്നെ തുടർന്നുള്ള അഭിനന്ദന വാക്കുകളിൽ പറയുന്നുണ്ട്: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാൻ! മാംസരക്തങ്ങളല്ല, സ്വർഗസ്ഥനായ എന്റെ പിതാവാണ് നിനക്കിത് വെളിപ്പെടുത്തിത്തന്നത്” (മത്താ. 16:17).
ഭാഗ്യശാലികളാകുന്നവർ
ഒരു മനുഷ്യൻ യഥാർത്ഥത്തിൽ ഭാഗ്യവാനായിത്തീരുന്നത് എപ്പോഴാണ്? ഈ ലോകത്തിൽ ഏറ്റവും ഉന്നതമായ ജോലി കരസ്ഥമാക്കുമ്പോഴോ ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആകുമ്പോഴോ അല്ല. നമ്മൾ പലപ്പോഴും ഭഗ്യവാന്മാരെ കണ്ടെത്തുന്നത് ഇത്തരത്തിലാണ്. എന്നാൽ യഥാർത്ഥ ഭാഗ്യവാൻ യേശുവിനെക്കുറിച്ചുള്ള ഈ രക്ഷാകരമായ അറിവ് സ്വന്തമാക്കുന്നവനാണ്. യേശുവാണ് ദൈവപുത്രൻ എന്നും അവിടുന്നാണ് ക്രിസ്തു എന്നും തിരിച്ചറിഞ്ഞ് ജീവിതത്തെ യേശുവിനായി പൂർണമായി വിട്ടുകൊടുക്കുന്നവനാണ് യഥാർത്ഥ ഭാഗ്യവാൻ. അവനാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം – ആത്മരക്ഷ – ഉറപ്പാക്കുന്നത്. അല്ലാത്തവർ നശ്വരമായ ലോകം മുഴുവൻ നേടുന്നു, എന്നാൽ അനശ്വരമായ ആത്മാവിനെ നഷ്ടപ്പെടുത്തുന്നു.
ഒരു വ്യക്തിയും അവന്റെ കുടുംബവും രക്ഷ പ്രാപിക്കണമെങ്കിൽ അവൻ യേശുവിൽ വിശ്വസിക്കണം. വിശുദ്ധ പൗലോസ് ശ്ലീഹാ ഇക്കാര്യം പറയുന്നത് ശ്രദ്ധിക്കുക: ”കർത്താവായ യേശുവിൽ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും” (അപ്പ. പ്രവ. 16:31). പൗലോസ് ഇത് പറയുന്നത് ഒരു ക്രിസ്ത്യാനിയോടല്ല, ഒരു അക്രൈസ്തവനോടാണ്, വിജാതീയനോടാണ്. ഇതിലൂടെ നല്കപ്പെടുന്ന സന്ദേശം വളരെ വ്യക്തമാണ്. യേശു ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം രക്ഷകനല്ല. സകല മനുഷ്യർക്കും വേണ്ടിയുള്ള രക്ഷകനാണ്.
എന്തുകൊണ്ടാണ് യേശുവിന്റെ ജനനം സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്തയാണെന്ന് ദൂതൻ പ്രഖ്യാപിക്കുന്നത്? യേശു മാത്രമാണ് എല്ലാ മനുഷ്യരുടെയും രക്ഷകൻ, എല്ലാവർക്കുംവേണ്ടി അയക്കപ്പെട്ട ക്രിസ്തു. അതിനാൽ, യേശുവിനെ അറിയുവാൻ ലോകത്തിലെ സകല മനുഷ്യർക്കും അവകാശമുണ്ട്. അവർക്ക് ആ അവകാശം നിഷേധിക്കുന്നതാണ് വലിയ അനീതി. അതിനാൽ ഈ സദ്വാർത്ത അറിയിക്കുന്നത് യേശുവിനെ അറിഞ്ഞ എല്ലാവരുടെയും കടമതന്നെയാണ്. അതാണ് നീതി. യേശുവിനെ നല്കുന്നവരാണ് നീതിമാന്മാർ. യേശുവിനെ അറിയിക്കാത്ത പ്രവർത്തനങ്ങൾ – അവ ലോകത്തിന്റെ ദൃഷ്ടിയിൽ എത്ര ആകർഷകമാണെങ്കിലും – അനീതി നിറഞ്ഞ പ്രവർത്തനങ്ങളാണ്. ”അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ” (മത്താ. 7:23) എന്ന യേശുവിന്റെ വാക്കുകൾ നാം കേൾക്കാതിരിക്കണമെങ്കിൽ ഈ സുവിശേഷം നാം നല്കിയേ മതിയാവൂ.
നിത്യരക്ഷയും ക്രിസ്തുവും
നാം ഉറ്റുനോക്കുന്ന, സുപ്രധാനമായ, നടക്കുമെന്ന് ഉറപ്പുള്ള ഒരു സംഭവമാണ് അന്ത്യവിധി. ലോകത്തിലെ സകല ജനതകളും വിധിയാളനായ ക്രിസ്തുവിന്റെ മുൻപിൽ ഹാജരാക്കപ്പെടും. ഓരോരുത്തരും അവർ ജീവിതത്തിൽ ചെയ്ത നന്മതിന്മകൾക്ക് ഉചിതമായ പ്രതിഫലം സ്വീകരിക്കും. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിൽ ഇരുപത്തിയഞ്ചാമത്തെ അധ്യായത്തിൽ അതിനെക്കുറിച്ചുള്ള ഒരു വിവരണം ലഭിക്കുന്നുണ്ട്. അവിടെ ക്രിസ്തുവിന്റെ പ്രശംസനേടി, നിത്യജീവനിലേക്ക് പ്രവേശിക്കുന്നവരെ വിളിക്കുവാൻ ഉപയോഗിക്കുന്ന പദം നീതിമാന്മാർ (മത്താ. 25:46) ആണെന്നത് നാം മേല്പ്പറഞ്ഞ ആശയവുമായി കൂട്ടിവായിക്കണം. എന്നുപറഞ്ഞാൽ ഒരാളുടെ നിത്യരക്ഷ യേശുവിനെ ക്രിസ്തുവായി അറിയിക്കുന്ന ദൗത്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണല്ലോ.
ഈ ഉൾക്കാഴ്ച വിശുദ്ധ പൗലോസിന് സവിശേഷമായ രീതിയിൽ ലഭിച്ചിരുന്നു എന്നാണ് നാം മനസിലാക്കേണ്ടത്. അതുകൊണ്ടാണല്ലോ അദ്ദേഹം ഇപ്രകാരം പറഞ്ഞത്: ”ഞാൻ സുവിശേഷം പ്രസംഗിക്കുന്നെങ്കിൽ അതിൽ എനിക്ക് അഹംഭാവത്തിന് വകയില്ല. അത് എന്റെ കടമയാണ്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ദുരിതം” (1 കോറി. 9:16).
കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാൽ ഒരു കാര്യം വളരെ വ്യക്തമാണ്. യേശുവാണ് ക്രിസ്തുവെന്ന് ഏറ്റുപറയുകയും പ്രഘോഷിക്കുകയും ചെയ്യുന്ന വ്യക്തികളെയും ശുശ്രൂഷകളെയും സന്യാസ സമൂഹങ്ങളെയും രാജ്യങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ട്. അവിടെ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നു. അങ്ങനെ ചെയ്യുന്ന സന്യാസസമൂഹങ്ങൾക്ക് വരൾച്ചയുടെ ഈ കാലഘട്ടത്തിലും ദൈവവിളികൾ കുറയുന്നില്ല. ദൈവപിതാവ് ഏല്പിച്ച ഈ ഏറ്റവും പ്രധാനപ്പെട്ട ദൗത്യത്തിൽ അശ്രദ്ധ കാണിക്കുന്ന, വീഴ്ച വരുത്തുന്ന വ്യക്തികളും സമൂഹങ്ങളും തളരുകയും പതറുകയും ചെയ്യും. അവർ മുരടിച്ചുപോയില്ലെങ്കിലേ അതിശയമുള്ളൂ. അതിനാൽ യേശുവിനെക്കുറിച്ച് പയുന്നതിൽ നമുക്ക് ലജ്ജിക്കാതിരിക്കാം. അതിൽ വലിയ അഭിമാനമുള്ളവരായി ജീവിച്ച് പിതാവിനെ മഹത്വപ്പെടുത്താം.
യേശുവിന്റെ ഏറ്റവും വലിയ സവിശേഷത അവിടുന്ന് പാപവിമോചകനും പാപപരിഹാരകനും ആണെന്നതാണ്. ആധുനിക ലോകത്തിന്റെ തകർച്ചയ്ക്ക് ഒരു കാരണമേയുള്ളൂ – ലോകത്തിൽ പാപം പല വിധത്തിൽ പെരുകിക്കൊണ്ടിരിക്കുന്നു. അത് ഭയാനകമാംവിധം വർധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഉപോല്പന്നങ്ങളാണ് വർധിച്ചുവരുന്ന അസമാധാനം, സാമ്പത്തിക അസ്ഥിരത, പ്രകൃതിയിലെ അസന്തുലിതാവസ്ഥ തുടങ്ങിയവയൊക്കെ.
ഇതിന് ശാശ്വതമായ ഒരു പരിഹാരമേയുള്ളൂ. രക്ഷയുടെ ഉറവിടത്തിലേക്ക് ലോകമൊന്നാകെ മടങ്ങുക. മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരം ചെയ്യുവാൻ മനുഷ്യന് സാധിക്കുകയില്ല. അതിനാൽ പിതാവ് തന്റെ ഏകജാതനായ യേശുവിനെ ലോകത്തിലേക്ക് അയച്ചു. അവിടുന്ന് തന്റെ നിത്യമായ കുരിശിലെ മഹാബലികൊണ്ട് എല്ലാക്കാലത്തുമുള്ള മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരം ചെയ്തുകഴിഞ്ഞു. അതൊരു നി ക്ഷേപമായി സൂക്ഷിക്കപ്പെട്ടിരിക്കുകയാണ്. ബാങ്കിൽനിന്ന് ആവശ്യമുള്ളപ്പോൾ നിക്ഷേപം പിൻവലിക്കുന്നതുപോലെ ഏത് ജാതിയിൽപ്പെട്ട മനുഷ്യനും എപ്പോൾ വേണമെങ്കിലും ആ നിധി പണമാക്കി മാറ്റാം.
അതിന് മറ്റൊരു വ്യവസ്ഥയുമില്ല. യേശുവിനെ നാഥനും രക്ഷകനുമായി ഏറ്റുപറഞ്ഞ് സ്വീകരിക്കുക. മനുഷ്യൻ ഇന്ന് അടിമത്തത്തിലാണ് എന്ന് തിരിച്ചറിയുകയാണ് ആദ്യപടി. വിമോചകൻ വിളിപ്പാടകലെ കാത്തുനില്പ്പുണ്ട്. യഥാർത്ഥ സ്വാതന്ത്ര്യമാണ് യേശു നല്കുന്നത്. ”അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും” (യോഹ. 8:36).
അധികാരമുള്ളവൻ
ശാലോം ടെലിവിഷൻ സംപ്രേഷണം ചെയ്യുന്ന ഒരു പ്രോഗ്രാമുണ്ട്, ‘കൽഭരണികൾ.’ മദ്യത്തിന്റെ അടിമത്തത്തിൽനിന്ന് മോചിതരായവരും മദ്യവ്യവസായം നിർത്തിയവരും അവരുടെ മോചനത്തിന്റെ കഥ പറയുകയാണ് ഇവിടെ. അതിൽ ശ്രദ്ധേയനായ ഒരു വ്യക്തിയുണ്ട്. കർണാടകത്തിലെ നാഗവള്ളിയിൽ ചാരായഷാപ്പ് നടത്തിയിരുന്ന ചാക്കോച്ചേട്ടൻ. അദ്ദേഹം ‘വെള്ളത്തിൽ മുങ്ങി’ യാണ് ജീവിച്ചിരുന്നത്.
നാട്ടിലുള്ളവർക്കൊക്കെ പേടിസ്വപ്നമായിരുന്ന ഒരു വ്യക്തി. അദ്ദേഹവും കുടുംബവും തകർച്ചയിൽനിന്ന് തകർച്ചയിലേക്ക് നീങ്ങുകയായിരുന്നു. ഒരുനാൾ അദ്ദേഹം ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ചെന്നു. അവിടെവച്ച് ജീവിക്കുന്ന യേശു അദ്ദേഹത്തെ തൊട്ടു. ആ അടിമത്തത്തിൽനിന്ന് ഇന്ന് പൂർണമായും അദ്ദേഹം വിമോചിതനായി ജീവിക്കുന്നു. അദ്ദേഹം ഇന്ന് യേശുവിനെ പ്രഘോഷിക്കുന്നു. കുടുംബം വലിയ സമാധാനം അനുഭവിക്കുന്ന അവസ്ഥയിലാണ്. യേശുവിനല്ലാതെ മറ്റാർക്കാണ് ഇത് ചെയ്യുവാൻ സാധിക്കുന്നത്?
യേശുവിന് രോഗങ്ങളുടെമേൽ അധികാരമുണ്ട്. വൈദ്യശാസ്ത്രം പരാജയപ്പെടുന്ന ഇടങ്ങളിലും കടന്നുവരാൻ യേശുവിന് സാധിക്കും. കാരണം, അവിടുന്നാണ് അധികാരമുള്ള ക്രിസ്തു. സിഡ്‌നിയിൽ ശാലോം നടത്തിയ ധ്യാനത്തിൽ സംബന്ധിച്ച ഒരു വ്യക്തിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാൽമുട്ടുകളിൽ ഫ്‌ളൂയിഡ് നിറയുന്ന അസുഖമാണ്.
ഡോക്ടർമാരെ കാണിച്ചു. അവർ അത് വലിച്ചെടുത്ത് മരുന്ന് നല്കും. പക്ഷേ, വീണ്ടും ഫ്‌ളൂയിഡ് നിറയും. കാൽമുട്ട് മടക്കുവാൻ പറ്റാതെ അദ്ദേഹം വിഷമിക്കുകയായിരുന്നു. ധ്യാനത്തിൽവച്ച് യേശുക്രിസ്തു അദ്ദേഹത്തെ സ്പർശിച്ചു. അദ്ദേഹത്തിന് മുട്ട് മടക്കുവാൻ സാധിച്ചു. ഈ സൗഖ്യം ധ്യാനത്തിൽ സംബന്ധിക്കാതിരിക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ആകർഷിക്കുന്ന ഒന്നായിരുന്നു. അതെ, യേശു അധികാരമുള്ളവനാണ്.
ഏതു മേഖലയിലും
മനുഷ്യന്റെ മനസിന്റെ മേഖലയിലും യേശുവിന് കടന്നുവരുവാൻ സാധിക്കും. നമുക്കൊക്കെ പല തരത്തിലുള്ള ഭയവും ഉത്ക്കണ്ഠയും ആധിയും ഒക്കെയുണ്ട്. ഇതിനാൽ പലരും ഡിപ്രഷന് വിധേയരാകുന്നുണ്ട്. മേല്പ്പറഞ്ഞ ധ്യാനത്തിൽ സംബന്ധിച്ച ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. അവൻ വലിയ മനോവിഷമത്തിലായിരുന്നു. ആസ്‌ട്രേലിയായിൽ സ്ഥിരജോലി ലഭിക്കണമെങ്കിൽ അവിടെയുള്ള ഇംഗ്ലീഷ് പരീക്ഷ പാസാകണം. ആ യുവാവ് പല പ്രാവശ്യം പരീക്ഷ എഴുതി. പക്ഷേ പരാജയപ്പെട്ടു. ഒരു പ്രാവശ്യംകൂടി പരീക്ഷ എഴുതിയ ശേഷമാണ് അവൻ ധ്യാനത്തിന് വന്നത്.
ഒരു പരാജയഭീതി അവനുണ്ടായിരുന്നു. ഇതൊരിക്കലും ശരിയാവുകയില്ല എന്ന് അവൻ ഭയപ്പെട്ടു. ഭാര്യയും രണ്ട് പിഞ്ചുകുട്ടികളുമുണ്ട്. കുടുംബത്തിന്റെ ഭാവിയെക്കുറിച്ച് അവൻ ഉത്ക്കണ്ഠാകുലനായിരുന്നു. എന്നാൽ, ധ്യാനത്തിൽ ഒരു സന്ദേശം നല്കി: ‘ഇംഗ്ലീഷ് പരീക്ഷ പാസാകുവാൻ ബുദ്ധിമുട്ടുന്ന ഒരാളെ യേശു അനുഗ്രഹിക്കുന്നു.’ ഏതാനും ദിവസങ്ങൾക്കുശേഷം അവനെ കണ്ടപ്പോൾ അവന്റെ മുഖഭാവം തന്നെ മാറിയിരുന്നു. അടുത്തുവന്ന് വളരെ സന്തോഷത്തോടെ അവൻ പറഞ്ഞു: ഞാൻ പരീക്ഷയിൽ പാസായി. അതെ, വഴിമുട്ടിയ അവന്റെ ജീവിതത്തിൽ ഇന്നും ജീവിക്കുന്ന യേശു ഇടപെട്ടു.
നമ്മുടെ അവസ്ഥ എന്താണെങ്കിലും അത് യേശു അറിയുന്നുണ്ട്. ഹൃദയവിചാരങ്ങൾപോലും അറിയുന്നവനാണ് യേശു. അതിനാൽ ഇപ്പോൾത്തന്നെ നമുക്ക് പ്രാർത്ഥിക്കാം:
യേശുവേ, ദൈവപിതാവ് എനിക്കുവേണ്ടി അയച്ച ക്രിസ്തുവാണ് അങ്ങ് എന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. സമഗ്രവിമോചകനായ യേശുവേ ഞാൻ അങ്ങയെ ആരാധിക്കുന്നു. എന്റെ ജീവിതത്തിലേക്ക് അങ്ങയെ ഞാൻ ക്ഷണിച്ച് പ്രാർത്ഥിക്കുന്നു. കടന്നുവരാൻ തിരുമനസാകണമേ. അങ്ങ് മനസാകുന്നുവെങ്കിൽ എന്നെ സുഖപ്പെടുത്തുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കുടുംബത്തെ ഏറ്റെടുക്കണമേ. സമാധാനത്താൽ നിറയ്ക്കണമേ. ഞാൻ എന്നും അങ്ങയോടുകൂടെ വസിക്കട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ എന്നും യേശുവിനെ ക്രിസ്തുവായി സ്വീകരിച്ചുകൊണ്ട് അവിടുത്തോടൊപ്പം ജീവിക്കുവാൻ എനിക്കായി പ്രാർത്ഥിക്കണമേ – ആമ്മേൻ.
കെ.ജെ. മാത്യു