ഉദ്വേഗജനകമായ ഒരു ഓട്ടമത്സരത്തിന്റെ അവസാനമിനിറ്റുകൾ. സ്റ്റേഡിയത്തിലെ മുഴുവൻ ആളുകളുടെയും ശ്രദ്ധ ഒന്നാമതായി ഓടിക്കൊണ്ടിരിക്കുന്ന കെനിയക്കാരനായ എയ്ബൽ മുത്തായിലാണ്. ഒളിമ്പിക് മെഡൽവരെ കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതം. കാരണം ഫിനിഷിങ്ങ് പോയിന്റിലെത്താൻ ഇനി അദ്ദേഹം ഓടേണ്ടത് വെറും പത്തു മീറ്റർ. പെട്ടെന്നാണ് അത് സംഭവിച്ചത്. അദ്ദേഹം ഓട്ടം നിർത്തി പതിയെ ട്രാക്കിൽനിന്നും മാറുകയാണ്. എന്തോ തെറ്റിദ്ധാരണയിൽ താൻ ഒന്നാമതായി മത്സരം പൂർത്തിയാക്കിയെന്നായിരുന്നു അദ്ദേഹം കരുതിയതെന്നു തീർച്ച. തൊട്ടു പിറകിലായി ഓടിക്കൊണ്ടിരുന്ന സ്പെയിനിന്റെ ഇവാൻ ഫെർണാണ്ടസ് അനായയ്ക്ക് ഒന്നാമനാകാൻ ഇത് ഒരു സുവർണ്ണാവസരംതന്നെ. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അനായ അദ്ദേഹത്തിനടുത്തുകൂടി ചെന്ന് ആംഗ്യത്തിലൂടെയും മറ്റും തെറ്റു ബോധ്യപ്പെടുത്തി ട്രാക്കിലേക്കു നയിച്ചു.
അനർഹമായ നേട്ടം സ്വന്തമാക്കാതിരിക്കാനും മത്സരത്തിലെ എതിരാളിക്കുപോലും അർഹതപ്പെട്ടത് നല്കാനും അനായ കാണിച്ച സൻമനസ് എത്രയോ വലിയ മാതൃകയാണ് നമുക്ക് തരുന്നത്. ഇങ്ങനെ നന്മ ചെയ്യാനുള്ള സുവർണാവസരങ്ങൾ നമുക്കും ലഭിക്കാറില്ലേ?
”നന്മ നിരൂപിക്കുന്നവർ സന്തോഷമനുഭവിക്കുന്നു” (സുഭാഷിതങ്ങൾ 12: 20)