അത്ഭുതത്തിന്റെ പശ്ചാത്തലം

കൂട്ടുതടവുകാരനായ ഒരു ചെറുപ്പക്കാരന്റെ കഴുത്തിൽ കിടന്ന മാതാവിന്റെ രൂപം കണ്ട് വളരെ ആശ്ചര്യത്തോടെ ക്ലൗഡ് ചോദിച്ചു, ”ഇതാരാണ്?” പക്ഷേ ചോദ്യം ആ യുവാവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അതിനാൽ ചോദ്യത്തിന് മറുപടിയായി കഴുത്തിലെ ചരട് പൊട്ടിച്ച് മാതാവിന്റെ കാശുരൂപം ക്ലൗഡിന്റെ കാൽക്കലേക്ക് എറിഞ്ഞുകൊടുത്തു. ആരുടെ രൂപമാണതിലെന്നുപോലും അറിയാത്ത ക്ലൗഡ് ആ രൂപത്തോടുള്ള ഒരു പ്രത്യേക ആകർഷണത്താൽ അതെടുത്ത് സ്വന്തം കഴുത്തിലണിഞ്ഞു.

കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു പതിനേഴുകാരനായ ക്ലൗഡ് ന്യൂമാൻ. ആഫ്രിക്കൻ വംശജനായ അവൻ 1923 ഡിസംബർ 31-ന് അമേരിക്കയിലെ മിസിസിപ്പിയിലെ ഒരു ഗ്രാമത്തിലാണ് ജനിച്ചത്. വിവാഹമോചിതരായ മാതാപിതാക്കളിൽനിന്നും മാറി വല്യമ്മയുടെ കൂടെ താമസിച്ച ക്ലൗഡിന് അക്ഷരാഭ്യാസം ഉണ്ടായിരുന്നില്ല. ചിട്ടയുള്ള ഒരു ജീവിതവും അവന് അന്യമായിരുന്നു. അങ്ങനെയാണ് ജയിലിലെത്താനിടയായതും. ഓർമ്മിച്ചുവയ്ക്കാൻതക്ക സന്തോഷങ്ങൾ ലഭിച്ചിട്ടില്ലാത്ത ഒരു ജീവിതം എന്നുപറയാം.

മറക്കാനാവാത്ത രാത്രി
കാശുരൂപം കഴുത്തിലണിഞ്ഞ ദിവസം അവിസ്മരണീയമായ ഒരു അനുഭവം ഉണ്ടായി. ആ രാത്രിയിൽ തന്റെ കൈത്തണ്ടയിൽ ആരോ സ്പർശിച്ചപോലെ തോന്നി കണ്ണു തുറന്ന് നോക്കിയപ്പോൾ കണ്ടത് അതിമനോഹരമായ ഒരു രൂപം. അതേക്കുറിച്ച് ക്ലൗഡ് പറയുന്നതിങ്ങനെയാണ്: ”ദൈവം സൃഷ്ടിച്ചതിലുംവച്ച് ഏറ്റവും മനോഹരിയും തിളങ്ങുന്ന രൂപത്തോടുകൂടിയവളുമായ സ്ത്രീ! ഞാൻ നിനക്ക് അമ്മയും നീ എനിക്ക് മകനും ആകണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ ഒരു വൈദികന്റെ അടുത്തുചെന്ന് ദൈവത്തെ അറിയുക എന്നും പറഞ്ഞ് ആ രൂപം അപ്രത്യക്ഷയായി.”

തനിക്കൊരു വൈദികനെ കാണണമെന്നു പറഞ്ഞ് ബഹളംവച്ച ക്ലൗഡിന്റെ അടുക്കലേക്ക് ഫാ. റോബർട്ട് ഒ. ലിയറി എസ്.വി.ഡി എന്ന വൈദികൻ കടന്നുചെന്നു. ക്ലൗഡിനും കൂടെ ജയിൽമുറിയിലുണ്ടായിരുന്ന നാലുപേർക്കും സുവിശേഷം കേൾക്കണമെന്ന താൽപര്യംകേട്ട് പിറ്റേദിവസംതന്നെ വിശ്വാസജീവിതത്തെക്കുറിച്ച് പഠിപ്പിച്ചുതുടങ്ങി. തീർത്തും അക്ഷരാഭ്യാസമില്ലാതിരുന്ന ക്ലൗഡിന് ഇതു വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും കൂട്ടുകാരുടെ സഹായത്താൽ അവൻ കത്തോലിക്ക വിശ്വാസത്തെക്കുറിച്ച് പഠിച്ചുതുടങ്ങി.

കുമ്പസാരത്തെക്കുറിച്ച് മനസ്സിലാക്കിയ ക്ലൗഡ് പറഞ്ഞ വാക്കുകൾ വളരെ ആകർഷകവും അർത്ഥപൂർണവുമായിരുന്നു: ”കുമ്പസാരം ഒരു ടെലഫോൺ സംഭാഷണംപോലെയാണ്. നാം വൈദികൻവഴി ദൈവത്തോടും ദൈവം വൈദികൻവഴി നമ്മോടും സംസാരിക്കുന്ന കൂദാശയാണത്. അതുകൊണ്ട് കുമ്പസാരിക്കാൻ പേടിക്കേണ്ട. നമ്മുടെ പാപങ്ങൾ നാം ദൈവത്തോടാണ് പറയുന്നത്. വൈദികന്റെ സാന്നിധ്യത്തിലാണെന്നുമാത്രം. ശരിയായി പശ്ചാത്തപിച്ച് പാപങ്ങൾ ഏറ്റുപറയുവാൻ വൈദികന്റെ മുൻപിൽ മുട്ടുകുത്തുമ്പോൾ യഥാർത്ഥത്തിൽ ക്രൂശിതനായ ഈശോയുടെ മുൻപിലാണ് നാം മുട്ടുകുത്തുന്നത്. ഹൃദയം നൊന്ത് പാപങ്ങൾ ഏറ്റുപറയുമ്പോൾ ഈശോ തന്റെ തിരുരക്തം നമ്മിലേക്കൊഴുക്കി നമ്മളെ പാപത്തിന്റെ മാലിന്യത്തിൽനിന്നും ശുദ്ധീകരിക്കുന്നു.” ഇതെല്ലാം പരിശുദ്ധ അമ്മ പറഞ്ഞതാണെന്നും ക്ലൗഡ് പറഞ്ഞു.

പിന്നീട് വിശുദ്ധ കുർബാന സ്വീകരണത്തെക്കുറിച്ച് ക്ലാസ് എടുക്കാൻ വന്ന വൈദികനോട് പരിശുദ്ധ അമ്മ പഠിപ്പിച്ച കാര്യങ്ങൾ പങ്കുവച്ചു. അതിപ്രകാരമാണ്: തിരുവോസ്തിയിൽ നമുക്ക് അപ്പത്തിന്റെ രൂപം മാത്രമേ നമ്മുടെ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കുകയുള്ളൂ. എങ്കിലും അത് ഈശോയാണ്, ഈശോ അമ്മയോടുകൂടെ എപ്പോഴും ആയിരിക്കുന്നപോലെ നമ്മോടൊപ്പവും ആയിരിക്കാൻ ആഗ്രഹിക്കുന്നു. അമ്മ തന്റെ ഇഹലോക ജീവിതകാലം മുഴുവനും തന്റെ പുത്രനായ ഈശോയെ സ്‌നേഹിച്ചും ആരാധിച്ചും നന്ദി പറഞ്ഞും സ്തുതിച്ചും അനുഗ്രഹം യാചിച്ചും ജീവിച്ചതുപോലെ യാതൊരു ചിന്തകളും നമ്മെ ശല്യം ചെയ്യാതെ ആ കുറച്ചു നിമിഷങ്ങളെങ്കിലും ഈശോയെക്കുറിച്ച് മാത്രം ചിന്തിച്ച്, ആരാധിച്ച്, സ്‌നേഹിച്ച്, നന്ദിപറഞ്ഞ് ഈശോയോടുകൂടെയായിരിക്കണം.

മനോജ്ഞമായ യാത്ര
കുറച്ചു നാൾ കഴിഞ്ഞപ്പോൾ ക്ലൗഡും കൂടെയുണ്ടായിരുന്ന നാലുപേരും മാമോദീസ സ്വീകരിച്ച് കത്തോലിക്ക സഭയിൽ അംഗമായി. 1944 ജനുവരി 16-നായിരുന്നു അത്. 20-ന് അർദ്ധരാത്രി ക്ലൗഡ് വധശിക്ഷയ്ക്ക് വിധേയനാവേണ്ടിയിരുന്നു. എന്നാൽ ക്ലൗഡ് പ്രത്യാശാഭരിതനായിരുന്നു. അവന്റെ അന്ത്യാഭിലാഷം അതിന് അടയാളമായി. ‘ഞാൻ പരിശുദ്ധ അമ്മയോടുകൂടെ ഈശോയെ നിത്യമായി ആരാധിക്കാൻ പോകുകയാണ്. എന്റെ ഈ ശരീരത്തിന്റെ മരണത്തിനുമുൻപ് ഒരു ചെറിയ പാർട്ടി ഒരുക്കാമോ?’ അതായിരുന്നു അവൻ ചോദിച്ചത്.

പാർട്ടിക്കുശേഷം വൈദികന്റെകൂടെ ക്ലൗഡും കൂട്ടുകാരും ജപമാലയും കുരിശിന്റെ വഴിയും മറ്റു പ്രാർത്ഥനകളുമൊക്കെ ചൊല്ലി ആരാധനയിൽ സമയം ചെലവഴിച്ചു. അവസാനമായി വിശുദ്ധ കുർബാന സ്വീകരിക്കാൻ ഒരുങ്ങവേ, അവിടുത്തെ ഉദ്യോഗസ്ഥനായ വില്യംസൺ ഓടിക്കിതച്ച് വന്നു പറഞ്ഞു ‘ക്ലൗഡ്, നിന്റെ വധശിക്ഷ രണ്ട് ആഴ്ചത്തേക്ക് നീട്ടിവച്ചിരിക്കുന്നു.’

ഇതുകേട്ട് ക്ലൗഡ് പൊട്ടിക്കരഞ്ഞു. എന്നിട്ട് ചോദിച്ചു: ‘എന്തിനാണ് നിങ്ങൾ ഇങ്ങനെ ചെയ്തത്? ഈ ദിവസങ്ങളിൽ ഞാൻ എന്തു തെറ്റ് ചെയ്തിട്ടാണ് എന്നെ എന്റെ സ്വന്തം വീട്ടിൽ പോകാൻ ദൈവം അനുവദിക്കാത്തത്? നിങ്ങൾക്കതു മനസിലാകില്ല. പരിശുദ്ധ അമ്മയുടെ മുഖത്തേക്ക്, ആ കണ്ണുകളിലേക്ക് നോക്കിയാൽ പിന്നീട് ഒരു നിമിഷംപോലും ഈ ഭൂമിയിൽ ജീവിച്ചിരിക്കണമെന്ന് തോന്നില്ല. പരിശുദ്ധ അമ്മയോടൊത്ത് ഈശോയെ ആരാധിക്കാനുള്ള ആഗ്രഹം എനിക്ക് അത്രമേലാണ്.’
ഹൃദയം നുറുങ്ങിക്കരഞ്ഞ ക്ലൗഡിനോട് വൈദികൻ പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയാൽ ഇങ്ങനെ പറഞ്ഞു. ”ഈ രണ്ടാഴ്ച വേറൊരാളുടെ മാനസാന്തരത്തിനുവേണ്ടി കാഴ്ചവയ്ക്കാമല്ലോ.” ആ നിർദേശം ക്ലൗഡിന് സ്വീകാര്യമായി തോന്നി. ജയിംസ് ഹുങ്ങ് എന്ന കത്തോലിക്കനായ യുവാവ് കൊലപാതകക്കുറ്റത്തിന് വധശിക്ഷ കാത്ത് ജയിലിലുണ്ട്. ദുർമാർഗത്തിൽ മാത്രം ചരിച്ച് ദൈവത്തെയും സഭയെയും സന്യസ്തരെയും തള്ളിപ്പറഞ്ഞ് ചീത്തവാക്കുകൾ പുലമ്പുന്ന ജയിംസിനുവേണ്ടി തന്റെ ആ രണ്ടാഴ്ചയിലെ സഹനങ്ങളും പ്രാർത്ഥനകളും ക്ലൗഡ് സമർപ്പിച്ചു. അങ്ങനെ ഒന്നുകൂടി ഒരുങ്ങി 1944 ഫെബ്രുവരി നാലിന് വധശിക്ഷയ്ക്ക് വിധേയനായി. ‘വളരെയധികം സന്തോഷത്തോടെ ഇലക്ട്രിക് കസേരയിൽ ഇരിക്കുമ്പോൾ അവൻ തന്റെ പ്രിയവൈദികനോട് പറഞ്ഞു, ”ഫാദർ ഞാൻ എന്നും അങ്ങയെ ഓർക്കും. എന്ത് ആവശ്യം വന്നാലും എന്നോട് ചോദിക്കണം. ഞാൻ പരിശുദ്ധ അമ്മയോട് ചോദിക്കാം.’

ജയിംസിന്റെ മരണദിനത്തിൽ
മൂന്നുമാസം കഴിഞ്ഞ് മെയ് 19-ന് ജയിംസ് ഹുങ്ങിന്റെ വധശിക്ഷാദിനമെത്തി. ദൈവത്തെയും സഭയെയും തള്ളിപ്പറഞ്ഞ അവൻ വൈദികരും സന്യസ്തരും തന്റെ അടുത്തുവരാൻ അനുവദിച്ചില്ല. അവസാന പരിശോധനയ്ക്കായി ചെന്ന ഡോക്ടർ അവനോട് പറഞ്ഞു. ഒന്നു മുട്ടുകുത്തി ഒരു സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയെങ്കിലും ചൊല്ലാൻ. ഇതുകേട്ട് ചാടി എഴുന്നേറ്റ് അവൻ ഡോക്ടറിന്റെ മുഖത്ത് തുപ്പുകയാണുണ്ടായത്. വധശിക്ഷയ്ക്കായി ഇലക്ട്രിക് കസേരയിൽ ഇരുത്തി അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ ദൈവത്തെയും സഭയെയും ചീത്ത പറയുകയും ശപിക്കുകയും ചെയ്തു.
എന്നാൽ അതിനിടയ്ക്ക് പെട്ടെന്ന് ഒരു നിമിഷം അവൻ സംസാരം നിർത്തി ആ മുറിയുടെ ഒരു മൂലയിലേക്ക് കണ്ണുകൾ ചലിപ്പിക്കാതെ നോക്കിനിന്നു. മുഖം പേടിച്ചുവിറച്ചതുപോലെയായി. അവൻ ഉറക്കെക്കരഞ്ഞു. ഇതുകണ്ട് എല്ലാവരും സ്തബ്ധരായിരിക്കെ അവൻ അലറി, ”എനിക്ക് ഒരു വൈദികനെ കാണണം.” വൈദികരെ കണ്ടാൽ അവൻ ദൈവത്തെ ചീത്ത വിളിക്കുന്നതുകൊണ്ട് മുറിയിലുള്ള പത്രപ്രവർത്തകരുടെയും അധികാരികളുടെയും പിന്നിൽ ഒളിച്ചുനിൽക്കുകയായിരുന്നു ഫാ.ലിയറി. അദ്ദേഹത്തിന്റെ അടുത്ത് അവൻ കുമ്പസാരിച്ചു.

എന്തുകൊണ്ടാണ് നീ ഇത്രയും ശാന്തനായി കുമ്പസാരിച്ചത് എന്ന ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ജയിംസ് ഹുങ്ങ് പറഞ്ഞു ”മുറിയുടെ കോണിൽ ക്ലൗഡിനെയും അവന്റെ തോളിൽ കൈവച്ച് പിന്നിൽ നിൽക്കുന്ന പരിശുദ്ധ കന്യകാമറിയത്തെയും ഞാൻ കണ്ടു. ക്ലൗഡ് എന്നോട് പറഞ്ഞു, ഞാൻ എന്റെ മരണവും അതിനുമുൻപ് ഉണ്ടായ സഹനങ്ങളും ഈശോയുടെ കുരിശിനോട് ചേർത്തുവച്ചു, നിന്റെ മാനസാന്തരത്തിന് – നീ പശ്ചാത്തപിച്ചില്ലെങ്കിൽ നരകത്തിൽ നീ കിടക്കാനിരിക്കുന്ന സ്ഥലം നിന്നെ കാണിച്ചുതരാൻ പരിശുദ്ധ അമ്മ ദൈവത്തോട് അനുവാദം വാങ്ങിയിട്ടുണ്ട്. ഞാൻ നരകത്തിലുള്ള എന്റെ സ്ഥലം കണ്ടു. അതു കണ്ടാണ് ഞാൻ പേടിച്ചുകരഞ്ഞത്.”
അതിനുശേഷം ശാന്തമായി ജയിംസ് ഹുങ്ങ് വധശിക്ഷക്ക് വിധേയനായി. അങ്ങനെ ക്ലൗഡിന്റെ പ്രാർത്ഥനയും സഹനങ്ങളും ജയിംസ് ഹുങ്ങിന് മാനസാന്തര കാരണമായി. ആ അവസാനനിമിഷത്തിൽ അങ്ങനെയൊരു അത്ഭുതമില്ലാതെ അവന്റെ മാനസാന്തരം സംഭവിക്കില്ലായിരുന്നു. എന്നാൽ ക്ലൗഡിനെ ഈശോയിലേക്കടുപ്പിച്ച പരിശുദ്ധ മാതാവ് ക്ലൗഡിലൂടെ ജയിംസിനെ കർത്താവിലേക്കു നയിച്ചു. ആ അത്ഭുതത്തിനായി തന്റെ ജീവിതവും പ്രാർത്ഥനയുംകൊണ്ട് പശ്ചാത്തലമൊരുക്കാൻ ക്ലൗഡിന് കഴിഞ്ഞു എന്നത് എത്രയോ വലിയ കാര്യമാണ്. നാമെല്ലാവരും ഇങ്ങനെ സഹജീവികളുടെ ആത്മരക്ഷക്കായി പ്രവർത്തിക്കാൻ കടപ്പെട്ടിരിക്കുന്നു എന്ന് ഓർക്കാം.

നമുക്കും പരിശുദ്ധ അമ്മവഴി പ്രാർത്ഥിക്കാം. ജന്മപാപമില്ലാതെ ഉത്ഭവിച്ച പരിശുദ്ധ മറിയമേ, പാപികളുടെ സങ്കേതമേ, ഇതാ നിന്റെ സങ്കേതത്തിൽ ഞങ്ങൾ ഓടിവരുന്നു. ഞങ്ങളുടെമേൽ അലിവായിരുന്ന് ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ….

സോണിയ നോബിൾ

1 Comment

  1. Diana Thomas says:

    Very good article Soniya!May the Holy Spirit guide you and enlighten you to write more. This article made me realise the importance for praying for others.

Leave a Reply to Diana Thomas Cancel reply

Your email address will not be published. Required fields are marked *