ഒരു ഒന്നാം ക്ലാസ് ചോദ്യം

ഛത്തീസ്ഗഢിലുള്ള ഒരു ഹോസ്റ്റലിൽ 2014-ൽ നടന്ന സംഭവമാണ്. അവിടെയുള്ള 150 കുട്ടികളിൽ ഒരാൾ മാത്രമാണ് കത്തോലിക്കയായിട്ടുള്ളത്. നാലഞ്ചുപേർ മറ്റു ക്രൈസ്തവ വിഭാഗത്തിൽ പെട്ടവരുണ്ട്. ബാക്കി എല്ലാവരും അക്രൈസ്തവരാണ്. എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികളുണ്ട്.

അക്രൈസ്തവരെങ്കിലും കുട്ടികൾക്ക്, പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്ക്, ഈശോയെയും മാതാവിനെയുംകുറിച്ച് കേൾക്കാനും പ്രാർത്ഥിക്കാനും നല്ല താല്പര്യമാണ്. പ്രതിബന്ധങ്ങളുണ്ടായിരുന്നെങ്കിലും കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാൻ അവരോട് ബൈബിൾ കഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു. എന്താവശ്യത്തിനും അവർ ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന ചൊല്ലുമായിരുന്നു. ആ പ്രാർത്ഥനയുടെ മാസ്മര ശക്തി അവർക്ക് അനുഭവവേദ്യമായിക്കൊണ്ടിരുന്നു.

ഒരു ദിവസം ഒന്നാം ക്ലാസിൽ പഠിക്കുന്ന അക്രൈസ്തവനായ ഒരു കുട്ടി എന്നോട് ചോദിച്ചു: ‘സിസ്റ്റർ ഈശോയെ കാണാറുണ്ടോ?’ ഞാൻ പറഞ്ഞു: ‘ഉവ്വ് മോനേ. എല്ലാ ദിവസവും ഈശോ വിശുദ്ധ കുർബാനയുടെ രൂപത്തിൽ എന്റെ അടുത്തുവരാറുണ്ട്.’ കുട്ടി പറഞ്ഞു: ‘എനിക്കും ഈശോയെ കാണണം.’ ഞാൻ ഉത്തരം കൊടുത്തു: ”അതിനെന്താ മോനേ, നീ എന്നും ആഗ്രഹത്തോടെ ഈശോയോട് പറയുക – എന്റെ ഈശോയേ എനിക്കങ്ങയെ കാണണം. കണ്ടേ പറ്റൂ. ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും, മുട്ടുവിൻ തുറന്നുകിട്ടും എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ടല്ലോ.”

അവൻ അന്നുമുതൽ ശാഠ്യം പിടിച്ച് പ്രാർത്ഥിച്ചുതുടങ്ങി. ഞാൻ പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരുന്നു. അവൻ സ്വതസിദ്ധമായ ഭാഷയിൽ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: ‘ഈശോയേ എനിക്കങ്ങയെ കാണണം. മാതാവേ എനിക്ക് ഈശോയെ കാണിച്ചുതരുക. ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു.’ ഏതാണ്ട് ഒരു മാസമായിക്കാണും. ഒരു ദിവസം രാവിലെ അവൻ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കാരണവും കൂടാതെ അപ്രതീക്ഷിതമായി രണ്ടു കാലുകൾക്കും വേദന തുടങ്ങി. നടക്കാൻ പറ്റുന്നില്ല. ഞങ്ങൾ അവന്റെ വീട്ടിൽ വിവരമറിയിച്ചു.

അവന് മാതാപിതാക്കളില്ല. ബന്ധുക്കളാണ് വളർത്തുന്നത്. ഞാൻ അവന്റെ തലയിൽ കൈവച്ച് വിശുദ്ധജലം തളിച്ച് പ്രാർത്ഥിച്ചു. ഹോസ്റ്റലിന്റെ ഡയറക്ടറച്ചനെ വിളിച്ചു. അദ്ദേഹം വന്ന് വീണ്ടും അവനുവേണ്ടി പ്രാർത്ഥിച്ചു. എന്നിട്ട് പറഞ്ഞു: ”മോനേ ഈശോ നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു. എഴുന്നേല്ക്കുക.” അവൻ പതിയെ എഴുന്നേറ്റുനിന്നു. പിന്നെ നടന്നു… ഓടി…! ദൈവമേ സ്തുതി. ദൈവമേ നന്ദി. വീട്ടിൽനിന്ന് ആൾ വന്നപ്പോഴേക്കും അവൻ പൂർണസൗഖ്യം പ്രാപിച്ചിരുന്നു.
അല്പം കഴിഞ്ഞ് അവൻ എന്റെ അടുത്തുവന്ന് പറഞ്ഞു: ”സിസ്റ്റർ, ഞാൻ ഈശോയെ കണ്ടു. അച്ചൻ എനിക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ഈശോ എന്റെ അടുത്ത് വന്നുനില്ക്കുന്നത് ഞാൻ കണ്ടു. അതാ ആ ചിത്രത്തിലെ അതേ ഈശോ. അവിടുന്ന് എന്നെ അനുഗ്രഹിച്ചിട്ട് മറഞ്ഞുപോയി. അപ്പോഴാണ് എന്റെ കാലുവേദന മാറിയത്. എനിക്കൊത്തിരി സന്തോഷമായി സിസ്റ്റർ. ഈശോ എന്റെ പ്രാർത്ഥന കേട്ടു.” അവന്റെ സന്തോഷത്തിനതിരില്ലായിരുന്നു.

ഞാൻ പറഞ്ഞുകൊടുത്തു: ‘അതേ മോനേ, ഈശോ സകല മർത്യരുടെയും ദൈവമാണ്, രക്ഷകനാണ്. ക്രൈസ്തവരുടെ മാത്രം ദൈവമല്ല. അന്വേഷിക്കുന്നവൻ കണ്ടെത്തും. മുട്ടുന്നവന് തുറന്നുകിട്ടും.’ അവന് പൂർണവിശ്വാസമായി. എനിക്കും സന്തോഷമായി. അതിലേറെ കൃതാർത്ഥതയും.

”തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്, ഹൃദയപരമാർത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവർക്ക്, കർത്താവ് സമീപസ്ഥനാണ്” (സങ്കീർത്തനങ്ങൾ 145:18).

സിസ്റ്റർ നോയൽ തെരേസ് സി.എം.സി

Leave a Reply

Your email address will not be published. Required fields are marked *