പ്രകാശിക്കുന്ന ജീവിതത്തിന്

ജെന്നി എന്ന് നാമധേയമുള്ള പതിനൊന്നു വയസുകാരി അമേരിക്കൻ പെൺകുട്ടി, ന്യൂമെക്‌സിക്കോയിലുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. അവൾക്ക് ഈശോയെ വളരെയേറെ ഇഷ്ടമായിരുന്നു. പോകുന്നിടത്തെല്ലാം അവൾ ദൈവസ്തുതിയുടെ പുസ്തക(Book of Hymns‑‑)വും ബൈബിളും കൂടെ കൊണ്ടുപോകുമായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴും അവ രണ്ടും അവളുടെ കൈയിലുണ്ടായിരുന്നു.

വാതപ്പനി അഥവാ റുമാറ്റിക്ക് ഫീവർ ബാധിച്ചാണ് അവൾ ആശുപത്രിയിലെത്തിയത്. ശാരീരികമായി തീർത്തും ബലഹീനമായിരുന്നെങ്കിലും എപ്പോഴും പുഞ്ചിരിക്കുന്ന അവളുടെ പ്രസന്നമുഖഭാവം ഏവരെയും ആകർഷിക്കുന്നതായിരുന്നു. ആശുപത്രിയിലെ ഹെഡ്‌നേഴ്‌സ് അവളെക്കുറിച്ച് പറഞ്ഞിരുന്നത്, തിന്മ നിറഞ്ഞ ഈ ലോകത്തിന് ഒട്ടും ഉൾക്കൊള്ളാൻ പറ്റാത്തവിധത്തിൽ അത്രയ്ക്ക് മധുരിക്കുന്ന വ്യക്തിത്വമാണ് ജെന്നിയുടേതെന്നാണ്. രോഗംമൂലം അവളുടെ ശരീരം കൂടുതൽ കൂടുതൽ ക്ഷീണിതവും ദുർബലവുമായിക്കൊണ്ടിരുന്നു.

കഠിനമായ ടോൺസിലൈറ്റിസ് അവളെ കൂടുതൽ ദുർബലയാക്കി. ജെന്നിയുടെ രോഗാവസ്ഥയിൽ ഒരു ശസ്ത്രക്രിയ നടത്തുക അപകടകരമായിരുന്നു. എങ്കിലും അവളെ സുഖപ്പെടുത്തുവാൻ മറ്റു മാർഗങ്ങളൊന്നുമില്ലാതിരുന്നതുകൊണ്ട് ശസ്ത്രക്രിയ നടത്തുവാൻ ഡോക്ടർ തീരുമാനിച്ചു. ശസ്ത്രക്രിയക്ക് വിധേയയാകുന്നതിൽ ജെന്നിക്ക് ഒരു ഭയവുമില്ലായിരുന്നു. കാത്തുരക്ഷിക്കുന്ന ഈശോയ്ക്ക് അവൾ സ്വയം പൂർണമായി അർപ്പിച്ചു. ശസ്ത്രക്രിയക്കു മുന്നോടിയായി ബോധംകെടുത്തുന്നതിനുള്ള കുത്തിവയ്പ് നടത്തി.

ഹൃദയത്തിൽനിന്നുള്ള പ്രാർത്ഥന
ബോധം മറയുന്നതിനുമുൻപ് അവൾ ഈശോയോട് മന്ത്രിച്ചു: സ്‌നേഹം നിറഞ്ഞ ഈശോയേ, എന്നെ കാത്തുകൊള്ളണമേ. അത് അവളുടെ ജീവിതത്തിലെ അവസാന വാക്കുകളായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ബോധം വീണ്ടുകിട്ടുന്നതിനുമുൻപ് അവളുടെ ശ്വാസോച്ഛ്വാസം നിലച്ചു. അവൾ ലോകത്തോട് വിടവാങ്ങി. ഈശോ അവളുടെ ആത്മാവിനെ സ്വർഗത്തിലേക്ക് കൊണ്ടുപോയി.

സംസ്‌കാരശുശ്രൂഷകൾക്കിടയിൽ അവളുടെ കൊച്ചുകൂട്ടുകാരികൾ പാടിയതുപോലെ ‘ഈശോയുടെ കരങ്ങളിൽ സുരക്ഷിതമായി’ നിത്യമഹത്വത്തിലേക്ക് അവളുടെ ആത്മാവിനെ സ്വീകരിച്ചുകൊണ്ട്, ‘പ്രിയം നിറഞ്ഞ ഈശോയേ, എന്നെ കാത്തുകൊള്ളണമേ’ എന്ന അവളുടെ പ്രാർത്ഥന ഈശോ അത്ഭുതകരമായ രീതിയിൽ ഫലവത്താക്കി. വിശ്വാസം, ജീവിതമാകുന്ന കപ്പൽയാത്രയെ സുരക്ഷിതമാക്കുന്നു. സ്വർഗീയകാറ്റ് കപ്പൽപ്പായയെ നിയന്ത്രിക്കുന്നു. ആ കൊച്ചുകുട്ടിയുടെ വിശ്വാസവും അർപ്പണവും ഏവർക്കും ഉണർവേകുന്നു എന്നു പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

ഈശോ ശിഷ്യരോട് പറഞ്ഞു: ”മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട്, സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുൻപിൽ പ്രകാശിക്കട്ടെ” (മത്താ.5:16). ക്രിസ്തുശിഷ്യർ ലോകത്തിന്റെ പ്രകാശമാണ്. രക്ഷയുടെ പ്രകാശം ലോകത്തിന്റെ അതിർത്തികൾവരെ പരത്തേണ്ടവർ, രക്ഷകകൃപയിൽ മറ്റുള്ളവരെ പങ്കുകാരാക്കേണ്ടവർ (മത്താ. 28:19-20).

പ്രകാശിതരാകുക
കാനഡായിൽ പ്രശസ്തമായ രീതിയിൽ ബിസിനസ് നടത്തിയിരുന്ന ഒരാൾ, ദീർഘനാൾ കഴിഞ്ഞ് ഒരു ശനിയാഴ്ച വൈകുന്നേരം, അമേരിക്കയിലുള്ള നാമമാത്രക്രിസ്ത്യാനികളായ സ്വന്തം മാതാപിതാക്കളെ കാണാനെത്തി. പിറ്റേദിവസം പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ മാതാപിതാക്കളോടൊപ്പം അദ്ദേഹം ദൈവാലയത്തിൽ പോയി.

കുർബാനമധ്യേ സുവിശേഷപ്രകാശം ലോകമെമ്പാടും പരത്തേണ്ട വലിയ കടമയെക്കുറിച്ചാണ് കാർമികനായ വൈദികൻ പ്രസംഗിച്ചത്. അതിനുവേണ്ടി തുടർന്നു വരുന്ന ഞായറാഴ്ച പണം സമാഹരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം നിർദേശം നൽകി. ആളും അർത്ഥവുംകൊണ്ട് ഈ സംരംഭത്തെ വിജയത്തിലെത്തിക്കാൻ അദ്ദേഹം ഇടവകജനത്തെ ആഹ്വാനം ചെയ്തു.

വിശുദ്ധ കുർബാന കഴിഞ്ഞ് വീട്ടിലേക്കു പോകുവാൻ മേൽപറഞ്ഞ ആൾ മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും കൂട്ടത്തിലെത്തി. അയാളുടെ പിശുക്കനായ അപ്പൻ മകനോട് പറഞ്ഞു: ഇപ്രകാരമൊരു പ്രസംഗം കേൾക്കാൻ നിനക്കിടയായതിൽ എനിക്ക് ഖേദമുണ്ട്. സുവിശേഷപ്രചരണത്തിനുവേണ്ടി ആളും അർത്ഥവും വ്യയം ചെയ്യുക നിരർത്ഥകമാണ്. അത്, ഈ കാലഘട്ടത്തിന് ഒട്ടും ചേർന്നതല്ല!

വീട്ടിൽ ചെന്നുകഴിഞ്ഞപ്പോൾ നമ്മുടെ കഥാനായകൻ മാതാപിതാക്കളോടും സ്വന്തപ്പെട്ടവരോടുമായി ഒരാഖ്യാനം നടത്തി: ”ഒരിക്കൽ ഒരു പതിനെട്ടുകാരൻ ഭാഗ്യോദയം തേടി കാനഡായിലെത്തി. ചീത്ത കൂട്ടുകെട്ടിൽ അകപ്പെട്ട് അവൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. ഒരു സായംകാലത്ത് അവൻ ലഹരി പിടിച്ച് ബോധം നഷ്ടപ്പെട്ട് വഴിയിൽ വീണു. കൂടെ ഉണ്ടായിരുന്ന ലഹരി പിടിച്ച കൂട്ടുകാരെല്ലാം വേഗം സ്ഥലംവിട്ടു! എന്നാൽ ആത്മാക്കളുടെ രക്ഷയിൽ അതീവ തീക്ഷ്ണതയുണ്ടായിരുന്ന ഒരു അല്മായ പ്രേഷിതൻ അവന്റെ അടുത്തെത്തി.

അവനെ വാഹനത്തിൽ കയറ്റി സ്വന്തം വീട്ടിൽ കൊണ്ടുപോയി പരിചരിച്ചു. ബോധം വീണ്ടുകിട്ടിയ അവന് നല്ല ഭക്ഷണം കൊടുത്ത് ഉന്മേഷവാനാക്കി. അതിനുശേഷം അവന്റെ നാശോന്മുഖമായ ജീവിതത്തെക്കുറിച്ചും അതുളവാക്കുന്ന ദുരന്തത്തെക്കുറിച്ചും നിത്യരക്ഷയെക്കുറിച്ചുമെല്ലാം അവനോട് സൗമ്യമായി സംസാരിച്ച്, അവനെ ആഴമായ പശ്ചാത്താപത്തിലേക്കും മാനസാന്തരത്തിലേക്കും നയിച്ചു. ഈശോയുടെ ക്ഷമിക്കുന്ന സ്‌നേഹത്തെക്കുറിച്ച് പറഞ്ഞ് അവനെ ക്രിസ്തുവിലേക്ക് നയിച്ചു.”
നിശബ്ദതയുടെ ഏതാനും നിമിഷങ്ങൾ കടന്നുപോയി. അയാൾ തുടർന്ന് പറഞ്ഞു: ”ഭാഗ്യോദയം തേടി കാനഡയിലെത്തി, ചീത്ത കൂട്ടുകെട്ടിൽപ്പെട്ട് നശിച്ചുപോകാമായിരുന്ന ആ പതിനെട്ടുകാരൻ ഞാൻതന്നെയാണ്. സുവിശേഷപ്രകാശം പരത്തി ജീവിക്കുന്ന ആ അല്മായ പ്രേഷിതൻ എന്നെ കണ്ടെത്തിയില്ലായിരുന്നെങ്കിൽ എന്റെ സ്ഥിതി എന്താകുമായിരുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുവാൻപോലും എനിക്ക് ഭയമാണ്.”

വഴിതെറ്റിപ്പോയ പ്രസ്തുത പതിനെട്ടുകാരന്റെ ഈ വെളിപ്പെടുത്തൽ, പിശുക്കനായ അവന്റെ പിതാവിനും സുവിശേഷ പ്രകാശം പരത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വേണ്ടത്ര ബോധ്യമില്ലായിരുന്ന കുടുംബാംഗങ്ങൾക്കും കുറ്റബോധം ഉളവാക്കുന്ന ഒരു വെളിപാടായിരുന്നു. ഈശോ നമുക്ക് നല്കിയ രക്ഷയുടെ പ്രകാശം എങ്ങും പരത്തുവാൻ അവിടുത്തെ മക്കളായ നമ്മൾ ബാധ്യസ്ഥരാണ്. ആഗ്രഹത്തിന്റെ ഉദ്ദീപ്തി, പരിശ്രമങ്ങളുടെ ആഴങ്ങൾ താണ്ടുവാൻ നമ്മെ പ്രാപ്തരാക്കും.

പ്രകാശം പരത്തുക
യേശുവിനെ അറിഞ്ഞിട്ടുണ്ടെങ്കിൽ, തത്ഫലമായുള്ള ആഴമേറിയ ദൈവവിശ്വാസവും ദൈവാശ്രയബോധവും ഉണ്ടെങ്കിൽ നമ്മുടെ ജീവിതവും പ്രകാശിക്കും. ജെന്നിയെപ്പോലെ, സുവിശേഷത്തിനായി വ്യയം ചെയ്യാൻ മാതാപിതാക്കളെ പ്രേരിപ്പിച്ച യുവാവിനെപ്പോലെ, പ്രകാശം പരത്താനുമാകും. ജെന്നിയുടെ മാതൃക നോക്കുക. അവൾ ലോകദൃഷ്ടിയിൽ വലിയ കാര്യങ്ങളൊന്നും ചെയ്തില്ല. ചെറുപുഷ്പമെന്നറിയപ്പെടുന്ന വിശുദ്ധ കൊച്ചുത്രേസ്യായെപ്പോലെ ചെറിയ കാര്യങ്ങൾമാത്രമേ അവൾക്ക് ചെയ്യാനായുള്ളൂ. തന്റെ ദൈവികസ്പർശമുള്ള പുഞ്ചിരിയിലൂടെ, പ്രസന്നമായ മുഖഭാവത്തിലൂടെ, തന്റെയുള്ളിലുള്ള ദൈവസാന്നിധ്യത്തിന്റെ പ്രകാശം അവൾ ചുറ്റിലേക്കും പരത്തി.

രണ്ടാമത് പരാമർശിച്ച യുവാവാകട്ടെ തന്നെ രക്ഷയുടെ പാതയിലേക്കു നയിച്ച പ്രേഷിതനെക്കുറിച്ച് പറഞ്ഞുകൊണ്ട് സ്വന്തം ജീവിതസാക്ഷ്യം പങ്കുവച്ചു. അതിലൂടെ, നാമമാത്ര ക്രിസ്ത്യാനികളെന്ന നിലയിൽ സുവിശേഷപ്രചാരണത്തിനായി ഒന്നുംതന്നെ സമർപ്പിക്കാൻ താത്പര്യമില്ലാതിരുന്നവരെ പുതിയൊരു കാഴ്ചപ്പാടിലേക്ക് നയിച്ചു. അങ്ങനെ തന്റെ ജീവിതം പ്രകാശിതമാണെന്നും പ്രകാശിപ്പിക്കുന്നതാണെന്നും തെളിയിച്ചു.

ഓരോ ക്രൈസ്തവന്റെയും വിളി ഇതുതന്നെയാണ്, ക്രിസ്തുസാക്ഷിയാകുക. ജീവിതംകൊണ്ടും വാക്കുകൾകൊണ്ടും ആ ദൗത്യം നിറവേറ്റണം. കാരണം ക്രിസ്തു നല്കിയ ദൗത്യമാണത്. ”യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു” (യോഹ. 20: 21)

ഡോ. ഐസക്ക് ആലഞ്ചേരി

Leave a Reply

Your email address will not be published. Required fields are marked *