തീ കത്തിക്കാൻ വിറകുണ്ടോ?

2016 മാർച്ച് 13 ഞായറാഴ്ച. ഇന്ത്യൻ സമയം പുലർച്ചെ 5.30-ന് ഞാൻ കാത്തിരുന്നു ശാലോം വേൾഡ് ടി.വിയിൽ തുടക്കം കുറിക്കുന്ന ‘വോയ്‌സ് ഓഫ് വത്തിക്കാൻ’ എന്ന പ്രോഗ്രാമിന്റെ ആദ്യത്തെ സംപ്രേഷണം കാണുന്നതിനായി. ശാലോമിന്റെ വത്തിക്കാൻ സ്റ്റുഡിയോയിൽനിന്നും നേരിട്ട് നടത്തുന്ന ഈ വാർത്താപരിപാടിയിൽ ഫ്രാൻസിസ് പാപ്പയുടെ സന്ദേശങ്ങൾക്കും ഇതര പരിപാടികൾക്കും പുറമേ സഭാനേതൃത്വത്തിലുള്ള വിവിധ വ്യക്തികളുമായുള്ള അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യത്തെ എപ്പിസോഡിൽ അവതാരകയായ ആഷ്‌ലി നൊറോണ ഇന്റർവ്യൂ നടത്തിയത് നൈജീരിയാക്കാരനായ കർദിനാൾ ഫ്രാൻസിസ് അരിൻസെയെ ആയിരുന്നു.

കർദിനാളിന്റെ ദൈവവിളിയെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞ വാക്കുകൾ എന്നെ വളരെയേറെ ചിന്തിപ്പിച്ചു. ”ഞാൻ ഒൻപതാമത്തെ വയസിലാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. എനിക്ക് ജ്ഞാനസ്‌നാനം നല്കിയ വൈദികൻ ദൈവസ്‌നേഹംകൊണ്ട് കത്തിജ്വലിക്കുന്ന ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനങ്ങളുമാണ് എന്നെ ക്രിസ്തുവിനുവേണ്ടി സമർപ്പിക്കുവാൻ പ്രേരിപ്പിച്ചത്. തീയുടെ അടുത്തിരിക്കുന്ന ആർക്കും അധികസമയം തണുത്ത് മരവിച്ചിരിക്കാൻ കഴിയില്ല. ക്രമേണ ആ വ്യക്തിയിലെ തണുപ്പ് ഇല്ലാതാകുകയും ശരീരം ചൂടു പിടിക്കുകയും ചെയ്യും (ഥീൗ രമിിീ േയല ിലമൃ വേല ള ശൃല മിറ ൃലാമശി രീീഹ ളീൃ മ ഹീിഴ ശോല). ഇതായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ സാരം.

നമ്മുടെ തണുപ്പ് വിട്ടുമാറാത്തതിന്റെ കാരണങ്ങളിലൊന്ന് തീയുടെ അടുത്തിരിക്കാത്തതാണ്. ആത്മീയകാര്യങ്ങളിൽ വ്യാപൃതരാകുമ്പോൾപോലും ആത്മാവിന്റെ ചൂടില്ലാത്ത അവസ്ഥ. വലിയ തീരുമാനങ്ങളും സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കാനുള്ള ശക്തിഹീനത. ഉണർവും ഉന്മേഷവും കെട്ടുപോയ, യാന്ത്രിക ജീവിതത്തിന്റെ ശൂന്യത. ഇതിനെല്ലാം പരിഹാരം തീയുടെ അടുത്തിരിക്കുക എന്നതാണ്. ബൈബിളിൽ ദൈവത്തെ ദഹിപ്പിക്കുന്ന അഗ്നിയായി അവതരിപ്പിക്കുന്നുണ്ട്. ദൈവം മോശയ്ക്ക് പ്രത്യക്ഷപ്പെട്ടത് കത്തുന്ന മുൾപ്പടർപ്പിന്റെ രൂപത്തിലാണ്. പരിശുദ്ധാത്മാവ് – അഗ്നിനാവിന്റെ രൂപത്തിൽ ശിഷ്യരുടെമേൽ വന്നിറങ്ങി. ദൈവത്തിന്റെ വചനം അഗ്നിയാണെന്ന് ജറെമിയ 5:14-ൽ പറയുന്നു. ആ അഗ്നി നമ്മിൽ കത്താൻ തുടങ്ങുമ്പോഴാണ് നമുക്ക് ചുറ്റുമുള്ളവരും ചൂടുപിടിക്കാനാരംഭിക്കുന്നത്. ദൈവസ്‌നേഹത്തിൽ കത്തിജ്വലിക്കുന്ന മനുഷ്യരുടെ കുറവാണ് സഭയിലും സമൂഹത്തിലും വ്യാപിക്കുന്ന ആത്മീയ ശൈത്യത്തിന്റെ കാരണങ്ങളിലൊന്ന്. ജ്വലിക്കാത്ത മനുഷ്യർക്ക് എങ്ങനെയാണ് മറ്റ് മനുഷ്യരെ ജ്വലിപ്പിക്കുവാൻ സാധിക്കുക? പക്ഷേ, എങ്ങനെയാണ് നമുക്കിനിയും ആളിക്കത്താനാകുക. ഏറ്റവും പ്രധാനം ദൈവത്തോടൊത്ത് കൂടുതൽ സമയം ചെലവഴിക്കുക എന്നതാണ്. ദൈവസാന്നിധ്യത്തിന്റെ അഗ്നി നമ്മുടെ ഹൃദയത്തെ ചൂടുപിടിപ്പിക്കും. ദൈവവചനത്തിന്റെ അഗ്നി നമ്മളെ ശുദ്ധീകരിക്കും, പരിശുദ്ധാത്മാവിന്റെ അഗ്നി നമ്മെ ശക്തിപ്പെടുത്തും.

പക്ഷേ, കത്തണമെങ്കിൽ ഇന്ധനം വേണം. വിറകു കത്തിയാലേ തീയുണ്ടാകൂ, മെഴുകുതിരിയിലെ മെഴുക് ഉരുകിത്തീരുമ്പോഴേ വെളിച്ചം കിട്ടുകയുള്ളൂ. അതായത് നഷ്ടപ്പെടാനും കഷ്ടപ്പെടാനും തയാറല്ലാത്ത ജീവിതങ്ങൾക്ക് ആളിക്കത്താൻ കഴിയില്ല. ത്യാഗത്തിനുള്ള മനസില്ലായ്മ, സ്വയംകേന്ദ്രീകൃതമായ ജീവിതം – അങ്ങനെയുള്ളവരിൽ ആത്മാവിന് കത്തിജ്വലിക്കാൻ ആവില്ല. സഭയിലും സമൂഹത്തിലും ആളിക്കത്തിയവരൊക്കെ അവർക്കുവേണ്ടിമാത്രം ജീവിച്ചവരല്ല. അതുപോലെ ദൈവത്തിനുവേണ്ടി ജീവിക്കാൻ മനസൊരുങ്ങുമ്പോഴേ ഉള്ളിൽ കിടക്കുന്ന തീ ആളിക്കത്തുന്ന അനുഭവം ഉണ്ടാവുകയുള്ളൂ. സമയം, സന്തോഷം, സമ്പത്ത്, ആരോഗ്യം, കഴിവുകൾ എല്ലാം കർത്താവിനോടുള്ള സ്‌നേഹത്തെപ്രതി നഷ്ടപ്പെടുത്താൻ തയാറാണോ? എങ്കിൽ ജ്വലിക്കാനാകും.

കുടുംബത്തിനും സമൂഹത്തിനുംവേണ്ടി ഉരുകാനുള്ള മനസ്, സഭയ്ക്കുവേണ്ടി സഹിക്കാനുള്ള സന്നദ്ധത ഇതെല്ലാം നമ്മിൽ രൂപപ്പെടാനായി നാം പ്രാർത്ഥിക്കണം. ”പരിശുദ്ധാത്മാവേ… ഞങ്ങളിൽ കത്തിപ്പടരണമേ…” എന്ന് പാടുമ്പോൾ ഓർക്കണം – കത്തിക്കഴിയുമ്പോൾ നാം ചാരവും ചാമ്പലുമായിത്തീരാം. ”ഞാൻ” ബലിയർപ്പിക്കപ്പെടുന്നതിനനുസരിച്ച് ”അവൻ” ആളിക്കത്തും.

പ്രാർത്ഥന
കർത്താവേ, എന്റെ ആത്മാവും മനസും അങ്ങയുടെ സാന്നിധ്യംവഴി ഒരിക്കൽക്കൂടി ചൂടുപിടിക്കട്ടെ. അവിടുത്തെ പരിശുദ്ധാത്മാവിന്റെ ജ്വലനത്തെ കെടുത്തുന്ന സ്വാർത്ഥതയും സുഖാസക്തികളും തിരിച്ചറിയാനും ഉപേക്ഷിക്കാനും എന്നെ ശക്തിപ്പെടുത്തേണമേ – ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *