ആ ഇടവകയിലെ പത്തുപേർ ആ വർഷം പത്താം ക്ലാസുകാരായിരുന്നു. എല്ലാവരും നല്ല മിടുക്കന്മാർ.
അന്ന്, പരീക്ഷയുടെ റിസൽറ്റ് അറിയുന്ന ദിവസമായിരുന്നതിനാൽ എല്ലാവരും നേരത്തെ ദേവാലയത്തിലെത്തി. ദിവ്യബലിയിൽ അവരുടെ ഗുരുനാഥനായ വൈദികൻ അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.
റിസൽറ്റ് വന്നു. പത്തുപേരും വിജയിച്ചിരിക്കുന്നു. പത്തുവീടുകളിലും ആഹ്ലാദം അലയടിക്കുന്നുണ്ടായിരുന്നു. മധുരം വിതരണം ചെയ്ത് പലരും സന്തോഷം ആഘോഷിച്ചു.
പിറ്റേന്ന് ദേവാലയത്തിൽ അവരുടെ ഗുരുനാഥന്റെ അരികിലവർ ഒത്തുകൂടി. അദ്ദേഹം അവരെ അഭിനന്ദിച്ചു. പിന്നെ ഓരോരുത്തരും അവർക്കു കിട്ടിയ സമ്മാനങ്ങൾ കൂട്ടുകാർക്ക് കാണിച്ചുകൊടുത്തു. വാച്ച്, മൊബൈൽ ഫോൺ, മോതിരം, കൈചെയിൻ… അങ്ങനെ വിലപിടിപ്പുള്ള സമ്മാനങ്ങൾ ഓരോരുത്തരുടെയും കൈയിലുണ്ടായിരുന്നു.
ഒടുവിൽ മനുവിന് എന്താണ് സമ്മാനം കിട്ടിയതെന്ന് ഗുരുനാഥൻ ചോദിച്ചു. സമ്മാനം കാണാൻ ആകാംക്ഷയോടെ നിന്ന കൂട്ടുകാരുടെ മുമ്പിൽ അഭിമാനത്തോടെ എഴുന്നേറ്റ് നിന്ന് മനു തന്റെ വലതുകവിൾ കാണിച്ചുകൊടുത്തു. എന്റെ പപ്പ എനിക്ക് നല്കിയ സമ്മാനം ഇതാണ് – പപ്പയുടെ സ്‌നേഹചുംബനം!
എല്ലാവരും ആശ്ചര്യപൂർവം അവനെ നോക്കി. ആ കണ്ണുകളിൽ ആനന്ദത്തിന്റെ മിഴിനീർപ്പൂക്കൾ വിരിഞ്ഞിരുന്നു.
ഗുരുനാഥൻ ഇങ്ങനെ പറഞ്ഞുവച്ചു: നിങ്ങൾക്കോ രോരുത്തർക്കും കിട്ടിയ സമ്മാനങ്ങൾ വിലപിടിപ്പുള്ളതും നല്ലതുമാണ്. എന്നാൽ കുറച്ചുനാൾ കഴിയുമ്പോൾ അവ പഴയതാകും. ചിലപ്പോൾ നഷ്ടപ്പെട്ടെന്നും വരാം. പക്ഷേ, മനുവിന് ലഭിച്ച സമ്മാനം അവന്റെ പപ്പ ഹൃദയത്തോടാണ് ചേർത്തുവച്ചത്. അത് ഒരു കാലത്തും നശിച്ചുപോകില്ല.
ജോയ് വടക്കേക്കാട്