മരണമില്ലാത്ത രാജാവിനായി… വിശുദ്ധ ബാബിലാസ്

‘രാജാവേ അങ്ങേയ്ക്ക് രാജകീയ അധികാരം എത്ര ഇഷ്ടമാണോ അത്രത്തോളം ക്രിസ്തുവിന് വേണ്ടിയുള്ള സഹനം എനിക്ക് ഇഷ്ടമാണ്. അങ്ങേയ്ക്ക് ജീവൻ എത്രത്തോളം പ്രിയപ്പെട്ടതാണോ, മരണമില്ലാത്ത രാജാവിന് വേണ്ടി മരിക്കുക എനിക്ക് അതിലും പ്രിയപ്പെട്ടതാണ്. എന്നെ വരിഞ്ഞ് മുറുക്കിയിരിക്കുന്ന ചങ്ങലകളെ അങ്ങ് രാജകീയ കിരീടത്തെ സ്‌നേഹിക്കുന്നതിലധികമായി ഞാൻ സ്‌നേഹിക്കുന്നു.’ ചങ്ങലകളാൽ ബന്ധിച്ച് നഗരത്തിലൂടെ നടത്തി അപമാനിക്കാൻ ഉത്തരവിട്ട രാജാവിനോട് അന്ത്യോക്യയിലെ ബിഷപ്പായിരുന്ന ബാബിലാസ് പറഞ്ഞ വാക്കുകളാണിത്.

വിജാതീയ ദേവൻമാർക്ക് ആരാധന അർപ്പിച്ചിരുന്ന രാജാവ് ദൈവത്തോടുള്ള ഭയഭക്തിബഹുമാനമില്ലാതെ ദൈവാലയത്തിൽ കടക്കാനെത്തിയപ്പോൾ തടഞ്ഞ ധീരനായ ബിഷപ്പായിരുന്നു ബാബിലാസ്. ഭയലേശമില്ലാതെ തന്റെ കടമ നിർവഹിച്ച ബിഷപ്പിനെ രാജാവ് തടവിലാക്കി. തന്നെ അപമാനിച്ചതിന് പരിഹാരമായി വിജാതീയ ദേവൻമാരെ ആരാധിക്കാൻ രാജാവ് ബിഷപ് ബാബിലാസിനോട് ഉത്തരവിട്ടു. ബിഷപ്പിനെ അദ്ദേഹത്തിന്റെ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിക്കുകയില്ലെന്ന് ഉറപ്പായപ്പോഴാണ് അദ്ദേഹത്തെ ചങ്ങലകളാൽ ബന്ധിച്ച് അപമാനിക്കാൻ രാജാവ് ഉത്തരവിട്ടത്.

ബിഷപ് ബാബിലാസിനൊപ്പം താമസിച്ചിരുന്ന മൂന്ന് ചെറുപ്പക്കാരെയും അവരുടെ അമ്മയെയും രാജകിങ്കരൻമാർ അറസ്റ്റ് ചെയ്ത് രാജാവിന്റെ മുമ്പിൽ ഹാജരാക്കി. അവരുടെ ദൈവവിശ്വാസത്തിന്റെ ആഴത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരുന്ന ബിഷപ് രാജാവിനോട് അവരുടെ ക്രൈസ്തവ വിശ്വാസത്തെ പരീക്ഷിക്കുവാൻ വെല്ലുവിളിച്ചു. രാജാവിന്റെ എല്ലാ പ്രലോഭന തന്ത്രങ്ങളെയും അതിജീവിച്ച അവരും ബാബിലാസിനൊപ്പം ക്രൂരമായ പീഡനത്തിന് ഇരകളായി. അവസാനംവരെ സഹിച്ച ആ കുടുംബവും ബിഷപ് ബാബിലാസിനൊപ്പം തടവറയിൽ രക്തസാക്ഷിത്വം വരിച്ചു.

എഡി 237 മുതൽ 253 വരെ അന്ത്യോക്യയിലെ ബിഷപ്പായിരുന്ന വിശുദ്ധ ബാബിലാസിന്റെ തിരുനാൾ ജനുവരി 24-നാണ് സഭ ആചരിക്കുന്നത്.

രഞ്ജിത് ലോറൻസ്

Leave a Reply

Your email address will not be published. Required fields are marked *