മഹത്വത്തിന്റെ സൗന്ദര്യം അണിയുന്നവർ

‘ലവിംഗ് യൂ’ എന്ന എൽവിസ് പ്രിസ്റ്റ്‌ലി സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവരികയും മറ്റനേകം ചലച്ചിത്രങ്ങളിൽ പ്രശസ്ത നടന്മാരോടൊപ്പം അഭിനയിച്ച് വിശ്വപ്രസിദ്ധയാവുകയും ചെയ്ത ഡോളറസ് ഹാർട്ട് എന്ന യുവതി ഒരു ദിവസം പറഞ്ഞു: ‘ജീസസ് അയാം ലവിംഗ് യൂ…’ എന്താണ് വ്യക്തിജീവിതം ധന്യവും സന്തുഷ്ടവുമാക്കുന്നത്, അമൂല്യമാക്കുന്നത് എന്ന തിരിച്ചറിവിൽനിന്നായിരുന്നു അത്.

എന്തായിരുന്നു ഈ വേഗത്തിലുള്ള മനംമാറ്റത്തിന് കാരണം? അവൾ ഫ്രാൻസിസ് അസീസി എന്ന സിനിമയിൽ വിശുദ്ധ ക്ലാരയുടെ റോൾ അഭിനയിക്കുകയായിരുന്നു. ജോൺ 23-ാമൻ പാപ്പയുടെ കാലമായിരുന്നു അത്. ഷൂട്ടിംഗിനിടയിൽ അവൾ പാപ്പായെ പോയി കണ്ടു. അവൾ പറഞ്ഞു: ”പാപ്പാ, ഞാനാണാ പെൺകുട്ടി, ഫ്രാൻസിസ് അസീസി എന്ന ചലച്ചിത്രത്തിൽ വിശുദ്ധ ക്ലാരയുടെ വേഷമിടുന്ന പെൺകുട്ടി.”

പാപ്പാ മറുപടിയായി പറഞ്ഞതിത്രമാത്രം: ”മോളേ, വേഷമിടുകയല്ല, നീയാണ് യഥാർത്ഥ വിശുദ്ധ ക്ലാര!”
പ്രസിദ്ധിയും മെയ്യഴകിന്റെ മകുടവും കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞപ്പോൾ പലരും പറഞ്ഞു, ഒരു വൈദികൻപോലും: ”നിനക്ക് വട്ടാണ്.” അവൾ കൂട്ടാക്കിയില്ല. അവൾ പറഞ്ഞു: ”എനിക്ക് ഈശോ മതി.”

ഒലാല
സിനിമാനടിയും മോഡലുമായി ജനഹൃദയങ്ങളിൽ ചേക്കേറിയ മറ്റൊരു യുവതിയുടെ കഥ പറയാം. സ്‌പെയിൻകാരി ഒലാല ഒലിവ്‌റോസ്. ഒരിക്കൽ അവൾക്കൊരാഗ്രഹം, ഫാത്തിമ ഒന്നു സന്ദർശിക്കണം. മാതാവ് മൂന്ന് കുഞ്ഞുങ്ങൾക്കുമുൻപിൽ പ്രത്യക്ഷപ്പെട്ട ആ പരിപാവനമായ മണ്ണിൽ കാൽ ചവുട്ടി നിന്നപ്പോൾ അവൾ സ്വയമൊരു കന്യാസ്ത്രീയുടെ വസ്ത്രം ധരിച്ച് മൂടുപടമണിഞ്ഞു നില്ക്കുന്ന ഒരു രംഗം വെറുതെ മനസിൽ ധ്യാനിച്ചു. അവൾതന്നെ അത് സ്വയം പരിഹസിച്ചു തള്ളുകയും ചെയ്തു. പക്ഷേ, ഈശോയ്ക്ക് തെറ്റിയില്ല. അവൻ വിളിച്ചു ”മകളേ, നിന്നെ എനിക്കു വേണം.” അവൾക്ക് നിരസിക്കാനായില്ല. അതാണ് ഈശോയുടെ വിളി. ഭാരിച്ച മുതൽമുടക്കി ചലച്ചിത്രം നിർമ്മിക്കുന്ന നിർമ്മാതാക്കളെയൊക്കെ അവൾ ആട്ടിയോടിച്ചു. ”സാധ്യമല്ല, എന്നെ അവൻ വിളിച്ചിരിക്കുന്നു.” അങ്ങനെ അവൾ കന്യാസ്ത്രീയായി. ജീൻസ് തയ്ക്കാനുപയോഗിക്കുന്ന ഡെന്നിം തുണിയുടെ ‘ഹാബിറ്റാറ്റ്’ (സന്യാസവസ്ത്രം) ധരിക്കുന്ന ഒരു കന്യാസ്ത്രീമഠത്തിൽ. ‘സിസ്റ്റേഴ്‌സ് ഇൻ ജീൻസ്’ എന്ന് ഈ മഠംകാരെ വിളിക്കാറുണ്ട്.

സ്വന്തം ജീവിതത്തിന്റെ മൂല്യം തിട്ടപ്പെടുത്തിക്കഴിഞ്ഞ ഓരോ വനിതയും ആത്മവിശ്വാസത്തിന്റെ സ്യൂട്ട്‌കെയ്‌സ് പാക്കു ചെയ്ത് ‘സ്വാതന്ത്ര്യം’ എന്നുപേരുള്ള വിമാനം കയറും. അത് മാറ്റങ്ങളുടെ താഴ്‌വരയിലാണ് ഇറങ്ങുക. ഷാനോൺ ആഡ്‌ലറുടെ ഈ വാക്കുകൾ ഒലാലയുടെ കാര്യത്തിൽ അന്വർത്ഥമായി. അവൾ യേശുവിന്റെ താഴ്‌വരയിലെത്തി.

സ്ത്രീ കുലീനയായിരിക്കണം. അന്തസും കുലീനതയുമാണ് അവളുടെ യഥാർത്ഥ സൗന്ദര്യം. അതിനെ വാണിജ്യവല്ക്കരിക്കാൻ പാടില്ല. വലിയ സമ്പന്നന്മാർ, കോടികൾ എറിയുന്നവർ തുടങ്ങിയ വലിയ തിമിംഗലങ്ങൾ വിഴുങ്ങാൻ നില്ക്കും. പണമെറിഞ്ഞ് നിരന്തരം വാങ്ങുകയും വില്ക്കുകയും ആ തൊഴിലിൽ ശാശ്വതമായി വിരാജിക്കുകയും ചെയ്യുന്നവരെ അവൾ ധാരാളം കണ്ടു. ഒടുവിൽ എല്ലാം മതിയാക്കി യേശുവിലേക്ക് തിരിഞ്ഞു.

അമ്ഡ റോസ് പെരേസ്
കുറെ വർഷങ്ങൾക്കുമുൻപാണീ സംഭവം. കൊളമ്പിയായിലെ സൗന്ദര്യറാണികളുടെ താരനിരയിൽ നിന്നൊരു നക്ഷത്രം നിലംപതിച്ചു. ഫാളിംഗ് സ്റ്റാർ. അപ്രത്യക്ഷയായ അവൾ പിന്നെ പൊന്തിയപ്പോൾ അതെല്ലാവരെയും വല്ലാതെ അമ്പരപ്പിച്ചുകളഞ്ഞു. അവൾ ഒരു മരിയൻ ഭക്തികൂട്ടായ്മയിൽ ചേർന്നു കഴിഞ്ഞിരുന്നു.
സ്വന്തം കരിയർ കൊടുമുടിയിൽ എത്തിനില്ക്കുമ്പോൾ എന്താണിങ്ങനെ ഒരു മനംമാറ്റത്തിന് കാരണമെന്നറിയാൻ ജനങ്ങൾക്ക് ആകാംക്ഷയായി. റോസിന്റെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടത് അവിചാരിതമായിട്ടായിരുന്നു. അവൾ മൂകയായി. നൈരാശ്യം അവളെ വല്ലാതെ ബാധിച്ചു. ദിശാബോധം നഷ്ടപ്പെട്ടതുപോലെ. അപ്പോഴാണ് പരിശുദ്ധ മാതാവ് ഒരു വഴി കാണിച്ചുകൊടുത്തത്.

ഇപ്പോൾ അവൾ എന്നും കൊന്ത ചൊല്ലും, വിശുദ്ധ കുർബാനയിൽ സംബന്ധിക്കും. പിരിമുറുക്കങ്ങളും മനോസമ്മർദ്ദങ്ങളും എവിടെയോ ഓടിയൊളിച്ചു. ‘എനിക്കിന്ന് തികഞ്ഞ സമാധാനമുണ്ട്. ഈശോ തരുന്ന നിമിഷങ്ങളത്രയും എത്രയോ ആനന്ദകരം.’ ഞാൻ ഒരു മോഡലായിരുന്നപ്പോൾ എന്നെ ഉറ്റുനോക്കുകയും അനുകരിക്കുകയും ചെയ്യാൻ ഏറെപ്പേരുണ്ടായിരുന്നു. എന്റെ ഗുണങ്ങൾ എങ്ങനെ സ്വന്തമാക്കാം എന്നവർ നോക്കി. പുറംപൂച്ചിന്റെ ഈ കുപ്പായം ഞാൻ വലിച്ചെറിഞ്ഞു. എല്ലാവരും കണ്ണയയ്ക്കുന്ന, സ്വയം പകർത്താൻ കൊതിക്കുന്ന, ഒരു അസത്യവ്യക്തിത്വമായിരുന്നു ഞാൻ. എന്റെ വിശ്വാസങ്ങൾപോലും പകർത്താൻ പറ്റിയതെന്ന് ചിലർക്കു തോന്നി. പക്ഷേ, കൃത്രിമത്വത്തിന്റെ പരിവേഷമുള്ള ഉപരിപ്ലവമായ സൗന്ദര്യവും ബഹിർമാത്ര സ്പർശിയായ ലാവണ്യവും മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. എന്റെ ലോകത്തെ നുണക്കഥകളും ബാഹ്യചാപല്യങ്ങളും ആത്മവഞ്ചനയും പൊയ്മുഖങ്ങളും വഞ്ചിക്കുന്ന സമീപനങ്ങളും എന്നെ തളർത്തിയിരുന്നു.
ഞാൻ പ്രതിനിധീകരിക്കുന്ന ലോകം ദൈവത്തിൽ നിന്നേറെ അകലെ എന്നുതോന്നി. അവിടെ ക്രൂരകൃത്യങ്ങൾ, വ്യഭിചാരം, ദുർനടപ്പ്, ലഹരിയും മയക്കുമരുന്നും, കുടിപ്പക -ഒക്കെയാണ് അടക്കി ഭരിക്കുക. ഭാരമുള്ള മടിശീലക്കാരെ വാനോളം പൊക്കിപ്പിടിക്കും. ലൗകികസുഖങ്ങളുടെ ആറാട്ടിന്റെയും ലൈംഗിക അരാജകത്വത്തിന്റെയും ചതിയന്മാരുടെയും ലോകം വിട്ട് ഞാനീ ശീതളഛായയിലേക്ക് പോന്നു. യേശുവിന്റെ പക്കലേക്ക്.

അമ്ഡ റോസ് പറയുന്നത് നമുക്ക് ശ്രദ്ധിക്കാനുണ്ട്. ‘ഒരു സ്ത്രീയുടെ പരമാർത്ഥമായ അന്തസ് പോഷിപ്പിക്കുന്ന ഒരു മോഡലാകണം എനിക്ക്. ശരീരത്തെ വാണിജ്യവിഭവമാക്കാത്ത ഒരു മോഡൽ.’

”ശുദ്ധജലവും ഓക്‌സിജനും പോലെതന്നെ മനുഷ്യന് അനുപേക്ഷണീയമാണ് അന്തസും. മർക്കടമുഷ്ടിയോടെ, അതീവമായ സമ്മർദങ്ങൾക്കിടയിൽപോലും ശരീരം തോറ്റുപോകുന്ന അവസ്ഥയുണ്ടായിട്ടും അത് സംരക്ഷിക്കുവാനും മുറുകെ പിടിക്കാനും നാം ശ്രമിക്കും.” തകരാത്ത പുനർജീവനം, വീണ്ടെടുപ്പ് എന്ന പുസ്തകത്തിൽ ലോറ ഹിലെൻ ബ്രാൻഡിന്റെ ഈ വാക്കുകൾ ഇവിടെ അർത്ഥവത്താണ്. നമ്മുടെ അന്തസിനെ ഹനിക്കാനും പ്രഹരമേല്പിക്കുവാനും ശ്രമങ്ങൾ ഉണ്ടാവാം. അതിക്രൂരമായി നാം അവഹേളിക്കപ്പെടാം. പക്ഷേ, നമ്മുടെ അന്തസ് നാം സ്വയം അടിയറവ് പറയാത്തിടത്തോളം കാലം ആർക്കും അത് ഇല്ലായ്മ ചെയ്യാനാവില്ല.

മരിസാലീ ബർടേറ്റ
മറ്റൊരു മനംമാറ്റത്തിന്റെ കഥകൂടി പറയാം. ആൺകുട്ടികളോടൊപ്പം ആൺകുട്ടിയെപ്പോലെ ഓടിച്ചാടി നടന്ന മരിസാ ഒരു അൾത്താരബാലികയായിരുന്നു. അവൾ മണികൾ മുഴക്കിയിരുന്നത് ആകർഷകമായ സ്വന്തം ശൈലിയിലായിരുന്നു. അമ്മത്രേസ്യയുടെ ജീവിതത്തിൽ ആകൃഷ്ടയായി അവൾ ഒരു കന്യാസ്ത്രീയാകാൻ തീരുമാനിച്ചു. പക്ഷേ, തടസങ്ങൾ ഏറെയായിരുന്നു. 17 വയസുള്ള അവളിൽ രണ്ടു മോഡലിംഗ് കഴുകന്മാരുടെ കണ്ണുകൾ പതിഞ്ഞു. ഒരു സാൻഫ്രാൻസിസ്‌കൻ കഫേയിൽനിന്ന് തുടങ്ങി യാത്ര. വത്തിക്കാൻ ഒക്കെ കാണാമല്ലോ എന്ന് സമാധാനിച്ച് ബിക്കിനിയും ബൈബിളും ഒക്കത്താക്കി അവൾ യാത്ര തിരിച്ചു.st-ju-04
അവൾ മോഡലിംഗിൽ തിളങ്ങി. ഒരിക്കലും വത്തിക്കാൻ കാണാൻ യോഗമുണ്ടായില്ല. മനസ് ഒരിടത്തും തങ്ങുന്നുണ്ടായിരുന്നില്ല. ഒടുവിൽ ഹവായി ബീച്ചിൽ ഒരു സർഫിംഗ് സ്‌കൂൾ തുടങ്ങി. സമുദ്രപരപ്പിൽ തിരകൾ മുറിച്ചു പറക്കുന്ന ആദ്യത്തെ കന്യാസ്ത്രീ താനാകണം എന്നവൾ കൊതിച്ചു. പക്ഷേ, വീണ്ടും സ്വപ്നങ്ങൾ വഴിമാറിപ്പോയി.

പക്ഷേ, ഒടുവിൽ അവൾ എല്ലാറ്റിനെയും അതിജീവിച്ച് എളിമയുടെയും അനുസരണയുടെയും വ്രതമെടുത്ത് ആത്മീയ ജീവിതത്തിലേക്ക് നടന്നു. ”ഒരു മർക്കടമുഷ്ടിയും ശാഠ്യവും എനിക്കുണ്ട്. ഒരിക്കലും മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്ക് ഭയപ്പെടുത്താനാവാത്ത ഒരു വലിയ ധൈര്യം. ഓരോ ഭീഷണിയെ നേരിടുമ്പോഴും ഈ ധൈര്യം വർധിച്ചുകൊണ്ടേയിരുന്നു.” ജെയിൻ ഓസ്റ്റിന്റെ പ്രൈഡ് ആന്റ് പ്രിജുഡിസ് എന്ന നോവലിൽ എലിസബത്ത് പറയുന്ന വാക്കുകൾ ഇവിടെ പ്രസക്തമാണ്.

സ്ത്രീയുടെ അന്തസ്
സ്ത്രീയുടെ അന്തസിന് സഭ മഹനീയസ്ഥാനം കല്പിക്കുന്നുണ്ട്. ‘അമ്മ’, ‘കന്യക’ എന്നീ അഭിസംബോധനകൾ വിജയമുദ്രയും കീർത്തീസ്തംഭവുമായാണ് സഭയിതിനെ കാണുന്നതെന്നതിന് തെളിവാണല്ലോ. സ്വാതന്ത്ര്യത്തിന്റെ പേരും പറഞ്ഞ് സ്വയം ലൈംഗിക അരാജകത്വത്തിലേക്ക് വലിച്ചെറിയുന്ന ഇക്കാലത്ത് അന്തസിനെക്കുറിച്ച് ചിന്തിക്കുന്നത് ഉചിതമായിരിക്കും.

സാത്താൻ ഒരിക്കൽ ഹവ്വയെ പറഞ്ഞു പറ്റിച്ചെങ്കിലും പിന്നീട് മറ്റൊരു സ്ത്രീതന്നെയാണ് അവനോട് വലിയ യുദ്ധം പ്രഖ്യാപിച്ചത്. എതിരാളി പ്രബലയായപ്പോൾ വിജയത്തിന് ഇമ്പമേറി. വിജയമകുടത്തിന് തിളക്കം വർധിച്ചു എന്നാണ് സഭ പഠിപ്പിക്കുന്നത്. അജയ്യയും ധൈര്യശാലിയുമായ ഒരു സ്ത്രീയാണ് ചെകുത്താനെ വെട്ടിവീഴ്ത്താൻ നില്ക്കുന്നത്.

പരിശുദ്ധ അമ്മയുടെ മുഖത്തേക്ക് നോക്കിയാൽ മതി ഏതൊരു സ്ത്രീക്കും എങ്ങനെ ജീവിക്കാം എന്ന് പഠിക്കാൻ, എങ്ങനെ സ്ത്രീത്വം പരിപാലിക്കാം എന്ന് പഠിക്കാൻ. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വാക്കുകൾ ഇങ്ങനെയാണ്: ”അതിശ്രേഷ്ഠമായ സൗന്ദര്യത്തിന്റെ, ഉദാത്തമായ ലോലവിചാരങ്ങളുടെ, തിളങ്ങുന്ന പ്രതിഫലനവും ശോഭയുമാണ് നാം അമ്മയുടെ മുഖത്ത് കാണുക. സ്വയം പൂർണമായും നമുക്കായി തരുന്ന സ്‌നേഹവായ്പും നമ്മുടെ അസഹനീയ ദുഃഖങ്ങൾ ഏറ്റുവാങ്ങുവാനുമുള്ള കരുത്തുമാണവിടെ കാണുക. എന്നും നമുക്ക് താങ്ങും തണലും ധൈര്യവും തരുന്നവളാണവൾ. അതിരുകളില്ലാത്ത വിശ്വസ്തതയോടെ നമ്മെ കാക്കുന്നവൾ.”
രംഗമഞ്ചം വിട്ട് സ്ത്രീത്വത്തിന്റെ മഹത്വം അറിഞ്ഞ് ക്രിസ്തീയാന്തസിലേക്ക് കടന്നുവന്ന ചില ജീവിതങ്ങളെ നാം കണ്ടു. വലിയ പ്രചോദനമാകട്ടെ അവരുടെ ഉദാഹരണങ്ങൾ. വിശുദ്ധ ജോൺപോൾ രണ്ടാമൻ പറയുന്ന വാക്കുകൾകൂടി അതോടൊപ്പം ശ്രദ്ധിക്കാം: ”മനുഷ്യകുലത്തിന്റെയും രാഷ്ട്രങ്ങളുടെയും ചരിത്രങ്ങളിൽ പ്രത്യക്ഷമാകുന്ന സ്ത്രീയുടെ ഉത്കൃഷ്ടബുദ്ധിക്കും പ്രതിഭയ്ക്കും സഭ നന്ദി പറയുന്നു. ദൈവമക്കളുടെ വിശ്വാസചരിത്രത്തിൽ പരിശുദ്ധാത്മാവ് അവരിൽ നിറയെ ചൊരിഞ്ഞ കൃപാവരത്തിനും വിജയമഹത്വത്തിനും അചഞ്ചല വിശ്വാസത്തിനും പ്രത്യാശയ്ക്കും കാരുണ്യാതിരേകത്തിനും അവരുടെ ഫലമണിഞ്ഞ വിശുദ്ധിക്കും സഭ നന്ദി പറയുന്നു.”

ജോസ് വഴുതനപ്പിള്ളി

Leave a Reply

Your email address will not be published. Required fields are marked *