മിഷനറിയുടെ പാന്റ്‌സും ഷർട്ടും

വിദൂരതയിൽ ഉള്ള ഒരു ദ്വീപ് സമൂഹത്തിൽ സുവിശേഷം പ്രസംഗിക്കുവാൻ മാർപാപ്പ ഒരു മിഷനറിയെ അയച്ചു. മിഷനറി സന്തോഷത്തോടെ ദൗത്യം ഏറ്റെടുത്തു. അദ്ദേഹം മൂന്ന് വർഷക്കാലം ആ സമൂഹത്തിൽ സുവിശേഷം പ്രസംഗിച്ചും വിവിധ ശുശ്രൂഷകൾ ചെയ്തും യേശുവിനുവേണ്ടി, ദൈവരാജ്യത്തിനുവേണ്ടി അധ്വാനിച്ചു. ഒടുവിൽ മൂന്നാം വർഷമായപ്പോൾ മിഷനറിക്ക് മനസിലായി തന്റെ മൂന്നു വർഷത്തെ അധ്വാനംകൊണ്ട് ആ സമൂഹത്തിൽ കാര്യമായ ഒരുമാറ്റവും സംഭവിച്ചിട്ടില്ല. അവരിൽ ആരുംതന്നെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയോ അവിടുത്തെ ആരാധിക്കുകയോ യഥാർത്ഥ വിശ്വാസജീവിതത്തിലേക്ക് കടന്നുവരുകയോ ചെയ്തിട്ടില്ല. നിരാശനായ മിഷനറി മാർപാപ്പയ്ക്ക് ഇപ്രകാരം കത്തെഴുതി. ‘പ്രിയ പാപ്പാ, ഞാൻ ഇവിടെനിന്നും മടങ്ങുകയാണ്. കാരണം ഇത്രയുംനാൾ ഇവിടെ അധ്വാനിച്ചിട്ട് ആരും തന്നെ യഥാർത്ഥ വിശ്വാസത്തിലേക്ക് വരുകയോ യേശുവിനെ സ്വന്തമാക്കുകയോ ചെയ്തിട്ടില്ല.’ കത്ത് വായിച്ച പാപ്പ മിഷനറിക്ക് മറുപടി അയച്ചു. നാളുകൾക്കുശേഷം മിഷനറിയെ തേടി ആ കത്ത് വന്നു. സന്തോഷത്തോടെ മിഷനറി കത്ത് പൊട്ടിച്ച് വായിച്ചു. ‘പ്രിയ സഹോദരാ, താങ്കൾ അയച്ച കത്ത് കിട്ടി. കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് ഞാൻ മനസിലാക്കുന്നു. ഒരു കാര്യം ചെയ്യുക – താങ്കളുടെ ഒരു പാന്റ്‌സും ഷർട്ടും എനിക്ക് അയച്ചുതരിക.’ കത്ത് വായിച്ച മിഷനറി അത്ഭുതപ്പെട്ടു. എന്തായാലും പാപ്പയുടെ അഭ്യർത്ഥന പ്രകാരം മിഷനറി തന്റെ ഒരു പാന്റ്‌സും ഷർട്ടും പാപ്പായ്ക്ക് അയച്ചുകൊടുത്തു. മാസങ്ങൾക്കുശേഷം മിഷനറിക്ക് പാപ്പായുടെ കത്ത് വന്നു. ആർത്തിയോടെ മിഷനറി ആ കത്ത് പൊട്ടിച്ച് വായിക്കാൻ തുടങ്ങി. ‘പ്രിയ സഹോദരാ, താങ്കൾ അയച്ച കത്ത് കിട്ടി. ഒപ്പമുണ്ടായിരുന്ന പാന്റ്‌സും ഷർട്ടും ഞാൻ കണ്ടു. ഒരു കാര്യം മനസിലായി, താങ്കൾ കഴിഞ്ഞ മൂന്നു വർഷക്കാലം ആ ദ്വീപിൽ സുവിശേഷം പ്രസംഗിച്ചിട്ടും ആ ജനത്തിനുവേണ്ടി മുട്ടിന്മേൽ നില്ക്കുകയോ സാഷ്ടാംഗം വീണ് പ്രാർത്ഥിക്കുകയോ ചെയ്തിട്ടില്ല. ചെയ്തിരുന്നുവെങ്കിൽ താങ്കളുടെ പാന്റ്‌സിന്റെ കാൽമുട്ടുകളും ഷർട്ടിന്റെ കൈമുട്ടുകളും തേഞ്ഞ് കീറൽ സംഭവിക്കുമായിരുന്നു. ഇത് രണ്ടും സംഭവിക്കാത്തതിനാൽ ഒരു കാര്യം ചെയ്യുക, മൂന്നു വർഷംകൂടി താങ്കൾ ആ സമൂഹത്തിൽ ശുശ്രൂഷ ചെയ്യുക.’

ഈശോയുടെ ശിഷ്യരിലൊരാളായ യാക്കോബിന് ബൈബിൾ പണ്ഡിതർ നല്കിയിരിക്കുന്ന ഒരു വിളിപ്പേരുണ്ട് – ‘ക്യാമൽ നീൽ.’ ഒട്ടകത്തിന്റെ മുട്ടുകളോടുകൂടിയവൻ എന്നർത്ഥം. ഒട്ടകം അതിന്റെ മുട്ടുകളിൽ കുത്തിയാണ് മണലാരണ്യത്തിൽ കിടക്കുകയും എഴുന്നേല്ക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ അതിന്റെ കൈകളിലും കാലുകളിലും വലിയ തഴമ്പുകൾ രൂപപ്പെട്ടിട്ടുണ്ട്. യാക്കോബിന്റെ കാൽമുട്ടുകളിലും ഇപ്രകാരം കനംകൂടിയ തഴമ്പുണ്ടായിരുന്നു. കാരണം, യാക്കോബ് മുട്ടിന്മേൽനിന്ന് പ്രാർത്ഥിക്കുന്ന മനുഷ്യനായിരുന്നു. തന്റെ ഗുരുവിനോടൊത്തുള്ള ജീവിതം പ്രാർത്ഥനയുടെ ജീവിതമാക്കി മാറ്റാൻ മണിക്കൂറുകളോളം മുട്ടിന്മേൽനിന്ന,് കരങ്ങൾ പിതാവിന്റെ പക്കലേക്കുയർത്തി അദ്ദേഹം പ്രാർത്ഥിച്ചിരുന്നു.

വിശുദ്ധ ബൈബിളിൽ മത്തായിയുടെ സുവിശേഷം 17-ാം അധ്യായം ആരംഭിക്കുന്നത് ഇപ്രകാരമാണ്: ”യേശു ആറുദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്ക് പോയി” (മത്തായി 17:1). എന്തുകൊണ്ട് യേശു ഈ മൂന്നുപേരെ മാത്രം കൂട്ടിക്കൊണ്ടുപോയി? ഈശോയുടെ പരസ്യജീവിതകാലത്തെ പ്രധാന സംഭവങ്ങളിലെല്ലാം അവിടുന്ന് ഈ മൂന്നു ശിഷ്യരെമാത്രം തന്നോടൊപ്പം കൂട്ടുന്നതായി തിരുവചനം സാക്ഷിക്കുന്നു. യേശുവിനുണ്ടായിരുന്നത് പന്ത്രണ്ട് ശിഷ്യന്മാരാണല്ലോ. അവർക്കിടയിൽനിന്നും ഈ മൂന്നുപേരെ വേറിട്ടുനിർത്തണമെങ്കിൽ അവരിൽ തീർച്ചയായും വേറിട്ട ചില മേന്മകൾ കർത്താവ് കണ്ടിരിക്കണം. മേലുദ്ധരിച്ചതുപോലെ, യാക്കോബിലെ പ്രാർത്ഥനാ തീക്ഷണതതന്നെയായിരിക്കണം അദ്ദേഹത്തെ ഈശോ സദാ ഒപ്പം കൂട്ടാൻ പ്രധാനകാരണം. വെറുതെ പ്രാർത്ഥിക്കുകയല്ല, സഹനമേറ്റെടുത്തുള്ള പ്രാർത്ഥന.

പത്രോസാണ് ഈശോയുടെ സന്തത സഹചാരിയായിരുന്നവരിൽ പ്രധാനി. പത്രോസ് – അദ്ദേഹം പാറയാണ്. ഈ പാറയിലാണ് കർത്താവ് തന്റെ സഭയ്ക്കടിസ്ഥാനമിട്ടത്. ശിഷ്യരിൽ മൂപ്പനും പത്രോസ്തന്നെ. യേശുവിന്റെ സുവിശേഷയാത്രയിൽ കാര്യങ്ങളെല്ലാം ക്രമീകരിച്ചിരുന്നത് അദ്ദേഹമാണ്. എവിടെ താമസിക്കണം? എവിടുന്നാണ് ഭക്ഷണം? ഇത്തരം കാര്യങ്ങളെല്ലാം പത്രോസാണ് നോക്കി നടത്തുന്നത്. എല്ലാക്കാര്യങ്ങളിലും മുൻകയ്യെടുത്ത് ധീരതയോടെ പ്രവർത്തിക്കാനുള്ള നേതൃപാടവം. ചില ദൗർബല്യങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും പത്രോസും യേശുവും തമ്മിൽ ആഴമായ സ്‌നേഹബന്ധത്തിലാണ്. തന്റെ ഗുരുവിനെക്കുറിച്ച് പറയുമ്പോൾ അവന്റെ രക്തം തിളയ്ക്കും. ഗുരുവിനുവേണ്ടി മരിക്കാൻപോലും പത്രോസ് തയാറാണ്. ഒരിക്കൽ ആരോ കടലിനുമീതെ നടന്നു വള്ളത്തിനരികിലേക്ക് വരുന്നത് കണ്ട് ഭയപ്പെട്ടെങ്കിലും അതു തന്റെ ഗുരുവാണെന്നറിഞ്ഞപ്പോൾ അവിടുത്തെയടുക്കലെത്താൻ നടുക്കടലിലേക്ക് എടുത്ത് ചാടിയവനാണ് പത്രോസ്. പത്രോസിന്റെയുള്ളിൽ ഗുരുവിനോടുള്ള അദമ്യമായ സ്‌നേഹമുണ്ട്.

മൂന്നാമതായി, യേശു തിരഞ്ഞെടുത്തത് യോഹന്നാനെയാണ്. കൂട്ടത്തിൽ പ്രായം കുറഞ്ഞവനും നിഷ്‌കളങ്കനും ചുറുചുറുക്കുള്ളവനും യേശു ഏറ്റവുമധികം സ്‌നേഹിച്ചിരുന്നവനുമാണ് യോഹന്നാൻ. എല്ലാ ശിഷ്യന്മാരും ഗുരുവിനെ തനിച്ചാക്കി ഓടിപ്പോയപ്പോഴും ഒരുവൻ ഗുരുവിനെ ‘ഞാനാ മനുഷ്യനെ അറിയുകയില്ല’ എന്ന് പറഞ്ഞ് തള്ളിപ്പറഞ്ഞപ്പോഴും സകല പ്രതിബന്ധങ്ങളെയും മറികടന്ന് തന്റെ ഗുരുവിനൊപ്പം കാരാഗൃഹത്തിനുള്ളിൽ പോലും കൂടെ നിന്നവനാണ് യോഹന്നാൻ. മാത്രമല്ല, കാൽവരി മലയുടെ മുകളിൽ തന്റെ ഗുരു പ്രാണൻ വെടിയുമ്പോഴും ആ കുരിശിനുതാഴെ അമ്മയുടെ കരവും പിടിച്ച് കണ്ണുനീരോടെ നിന്നവൻ യോഹന്നാൻ. തന്നെ വിളിച്ചവനോടുള്ള വിശ്വസ്തത മരണംവരെയും അവൻ കാത്തുസൂക്ഷിച്ചു.

ഒരു ക്രിസ്തീയ സമൂഹത്തിന്റെ, ക്രിസ്തുകേന്ദ്രീകൃത കുടുംബത്തിന്റെ പ്രതീകമാണ് യേശുവും മൂന്നു ശിഷ്യരുമടങ്ങിയ ഈ കൂട്ടായ്മ. യേശുവിനുവേണ്ടി അധ്വാനിക്കുന്ന, അവനെ ഹൃദയത്തിൽ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന, മുട്ടിന്മേൽനിന്ന് പ്രാർത്ഥിക്കുന്ന വ്യക്തികളോടുകൂടെ യേശു ഉണ്ടായിരിക്കും. അവരോടൊപ്പമായിരിക്കാനാണ് അവിടുത്തേക്ക് കൂടുതൽ ഇഷ്ടം; അത് കുടുംബമോ സമൂഹമോ സ്ഥാപനമോ ആയാലും. ”എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം പാലിക്കും. അപ്പോൾ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങൾ അവന്റെ അടുത്തു വന്ന് അവനിൽ വാസമുറപ്പിക്കുകയും ചെയ്യും” (യോഹന്നാൻ 14:23).
യേശുവിനുവേണ്ടി സമയവും കഴിവും സമ്പത്തുമെല്ലാം പങ്കുവയ്ക്കുന്ന, അവനുവേണ്ടി ആത്മാർത്ഥമായി അധ്വാനിക്കുന്ന ഒരു പത്രോസായി നാം മാറണം. കുടുംബത്തിനുവേണ്ടി, സമൂഹത്തിനുവേണ്ടി മണിക്കൂറുകളോളം മുട്ടിന്മേൽനിന്ന് പ്രാർത്ഥിക്കുന്ന യാക്കോബായിത്തീരണം. കുടുംബജീവിതക്കാരോ സമർപ്പിത ജീവിതം നയിക്കുന്നവരോ ആണെങ്കിലും വിളിച്ചവനോടുള്ള വിശ്വസ്തതയിൽ തനിക്ക് ലഭിച്ചിരിക്കുന്ന വിളിയിൽ മരണംവരെയും നിലനില്ക്കുന്ന, ഹൃദയത്തിൽ അവനെ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന ഒരു യോഹന്നാനായി നാം രൂപാന്തരപ്പെടണം. ചുരുക്കത്തിൽ നമ്മുടെ കുടുംബങ്ങളിൽ, സമൂഹങ്ങളിൽ, സ്ഥാപനത്തിൽ ഒരു പത്രോസ്, ഒരു യാക്കോബ്, ഒരു യോഹന്നാൻ ഉണ്ടാവണം. അവിടെ യേശുവും ഉണ്ടായിരിക്കും. അവ്വിധമുള്ള കുടുംബങ്ങളും സ്ഥാപനങ്ങളും സമൂഹവുമാണ് അനുഗ്രഹിക്കപ്പെടുക. ”ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല. എന്നിൽ വസിക്കാത്തവൻ മുറിച്ച ശാഖപോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം കമ്പുകൾ ശേഖരിച്ച് തീയിലിട്ടു കത്തിച്ചുകളയുന്നു” (യോഹന്നാൻ 15:5,6)

ഇന്ന് കുടുംബങ്ങളിലെയും സമൂഹങ്ങളിലെയും ബന്ധങ്ങൾ ശിഥിലമായ അവസ്ഥയിലൂടെയാണോ കടന്നുപോകുന്നത്? സ്ഥാപനങ്ങളെ വരൾച്ച ബാധിച്ചുവോ? എങ്കിൽ തിരിച്ചറിയാം, അവിടെ ദൈവമില്ല. യേശുവിനുവേണ്ടി അധ്വാനിക്കുന്ന, അവനെ ഹൃദയത്തിൽ ആത്മാർത്ഥമായി സ്‌നേഹിക്കുന്ന, മുട്ടിന്മേൽനിന്ന് പ്രാർത്ഥിക്കുന്ന വ്യക്തികൾ നമുക്കിടയിൽ അന്യംനിന്നിരിക്കുന്നു. ഈശോയ്ക്കുവേണ്ടി നിലകൊള്ളാത്തിടത്തും അവിടുത്തെ തേടാത്തിടത്തും അവിടുത്തേക്കെങ്ങനെ എത്താൻ കഴിയും?

ആത്യന്തികമായി പത്രോസ്-യാക്കോബ്-യോഹന്നാൻ എന്ന മൂന്നു വ്യക്തിത്വങ്ങൾ ഒരു ക്രൈസ്തവന്റെതന്നെ പ്രതിരൂപമാണ്. ഓരോ ക്രിസ്ത്യാനിയിലും പത്രോസ്-യാക്കോബ്-യോഹന്നാൻ ശ്ലീഹന്മാർ ഉണ്ടായിരിക്കണം. പത്രോസിനെപ്പോലെ യേശുവിനുവേണ്ടി എന്തുത്യാഗത്തിനും തയ്യാറാകുക, എത്രവേണമെങ്കിലും അധ്വാനിക്കുന്നവനാകുക, അവനെ ഹൃദയത്തിൽ ആത്മാർത്ഥമായി സ്‌നേഹിച്ച് മരണത്തോളം വിശ്വസ്തനായിരിക്കുക, മുട്ടിന്മേൽനിന്ന് സഹനങ്ങളും ത്യാഗങ്ങളും ഏറ്റെടുത്ത് സദാ പ്രാർത്ഥിക്കുന്നവനാകുക. അവരിൽ ഈശോ സംപ്രീതനായി വസിക്കും. അവർ സദാ ദൈവൈക്യത്തിലും സ്വർഗീയാനന്ദത്തിലും ജീവിക്കും. ജീവിതത്തിന്റെ ഏതവസ്ഥയിലും കർത്താവ് അവരോടൊപ്പമുണ്ടാകും, പ്രതിസന്ധിയിലും പ്രതികൂലങ്ങളിലും സഹായവും ബലവുമായി അവയ്ക്കുമുകളിലൂടെ നടത്തും. ഇത്തരത്തിൽ യേശുവിനുവേണ്ടി ജീവിക്കുകയും അവനെ അന്ത്യത്തോളം സ്‌നേഹിക്കുകയും അവനോടൊപ്പം പ്രാർത്ഥനയിൽ ആയിരിക്കുകയും ചെയ്യുന്നവർ ഒന്നിച്ചുവസിക്കുന്നിടങ്ങളായിത്തീരട്ടെ നമ്മുടെ കുടുംബങ്ങളും സമൂഹങ്ങളും സ്ഥാപനങ്ങളും. അപ്പോൾ യേശു അരുളിച്ചെയ്യും: ”ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു” (ലൂക്ക 19:9).

ജിനോബി ജോസ്

Leave a Reply

Your email address will not be published. Required fields are marked *