കർത്താവിന്റെ രുചി ചേർത്ത ചിക്കൻ ഫ്രൈ

നഴ്‌സിംഗ് പഠനത്തിനുശേഷം, 2010-ൽ നല്ല ജോലിക്കായി ശ്രമിക്കുന്ന നാളുകൾ. ഒരു വ്യക്തിയിലൂടെ സൗദി അറേബ്യയിലുള്ള സ്വകാര്യ ആശുപത്രിയിൽ ജോലിസാധ്യത ഉണ്ടെന്നറിഞ്ഞു. എത്രയും പെട്ടെന്ന് ഒരു ജോലി വേണം എന്ന ശാഠ്യത്തിൽ, ദൈവേഷ്ടം പോലും അന്വേഷിക്കാതെ ഞാൻ ഈ ജോലിക്കായി തയാറെടുത്തു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്‌നേഹപൂർവമായ നിരുത്സാഹപ്പെടുത്തലുകൾ വിവേകശൂന്യമായി ഞാൻ എതിർത്തു. സൗദി പോലൊരു രാജ്യത്ത് അതും സ്വകാര്യ ആശുപത്രിയിലേക്കുള്ള അവസരം; വിശ്വസിച്ച് പോകാനാവില്ല, സാഹചര്യങ്ങൾ നന്നായിരിക്കില്ല എന്നൊക്കെയായിരുന്നു പ്രിയപ്പെട്ടവരുടെ വാദങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ഒരു വൈദികന്റെ അടുത്ത് പ്രാർത്ഥനയ്ക്കായി ചെന്നപ്പോൾ അദ്ദേഹം പറഞ്ഞത് ‘മോനേ, നീ ഒരു മുറിയിൽ ഒറ്റയ്ക്കിരുന്ന് കരയുന്നു എന്ന് ദൈവം കാണിച്ചുതരുന്നു’ എന്നാണ്. എന്നാൽ ഈ ഉപദേശങ്ങൾ എല്ലാം എതിർത്ത്, എന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു.
ഈ ജോലിക്ക് അപേക്ഷിച്ച നാൾമുതൽ എന്റെ ജീവിതത്തിൽ അതുവരെ ഇല്ലാതിരുന്ന അസ്വസ്ഥതകൾ കടന്നുവരാൻ തുടങ്ങി. തൊടുന്നിടത്തെല്ലാം ദൈവാനുഗ്രഹക്കുറവ് എനിക്കുണ്ടായി. ജോലിക്ക് അപേക്ഷിച്ചിട്ട് മാസങ്ങൾ ആയിട്ടും വിസ ലഭിക്കാതെ വിഷമിച്ചു. ഏകദേശം ഒരു വർഷമാകാറായപ്പോഴാണ് വിസ ലഭിച്ചത്. എന്നാൽ സൗദിയിൽ ചെന്നിറങ്ങിയ സമയം മുതൽ എനിക്ക് ജോലി തരാമെന്നേറ്റ വ്യക്തികളുടെ വഞ്ചനയുടെ മുഖം കണ്ടുതുടങ്ങി. രണ്ടര ലക്ഷം രൂപ മുടക്കി, നഴ്‌സിംഗ് ജോലിക്കുള്ള വിസയിൽ പോയ എന്നെ പന്തുപോലെ അവർ അങ്ങോട്ടുമിങ്ങോട്ടും തട്ടാൻ തുടങ്ങി.

താമസിക്കാനുള്ള സ്ഥലം തയാറാക്കാൻപോലും അവർക്കായില്ല. ഓരോ ദിവസവും ഓരോരോ താമസസ്ഥലത്തേക്ക് എന്നെ അവർ പറിച്ചുനട്ടു. ദിവസങ്ങളോളം ജോലിയില്ലാതെ വെറുതെയിരുന്നു. എന്നെ ജോലിക്ക് അയക്കാൻ ഉദ്ദേശിക്കുന്ന ക്ലിനിക്കിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ എന്നു കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. വഞ്ചനയുടെയും കളവിന്റെയും കഥകൾ അവർ ഓരോ ദിവസവും മെനഞ്ഞുകൊണ്ടിരുന്നു. അവസാനം ഞാനവർക്കൊരു ഭാരമായി. അങ്ങനെ ബാച്ചിലേഴ്‌സായ ഏതാനും യുവാക്കളുടെ മുറിയിലേക്ക് എന്നെ മാറ്റി.

അതുവരെ ഞാൻ കേട്ടിട്ടുപോലുമില്ലാത്ത അശുദ്ധികളും കൊള്ളരുതായ്മകളും ഉണ്ടായിരുന്ന ഏഴോളം വ്യക്തികളായിരുന്നു മുറിയിലുണ്ടായിരുന്നത്. അവരുടെ നിന്ദനങ്ങൾ, അപമാനങ്ങൾ, അവരുടെകൂടെ കൂടാനുള്ള നിർബന്ധങ്ങൾ എന്നിവ എന്നെ വല്ലാതെ തളർത്തി. ഞാൻ എന്തു ചെയ്താലും എന്തു പറഞ്ഞാലും കുറ്റമാകുന്ന നാളുകൾ. എങ്ങനെയും പിടിച്ചുനില്ക്കാനുള്ള ശ്രമത്തിൽ എന്റെ എല്ലാ ആത്മാഭിമാനവും ഉപേക്ഷിച്ച് അവരെ എതിർക്കാതെ ഞാൻ അവിടെ കഴിഞ്ഞു. അപ്പോഴെല്ലാം ഉള്ളിന്റെയുള്ളിൽനിന്നുയരുന്ന പ്രാർത്ഥന മാത്രമായിരുന്നു ആശ്രയം. എന്റെ താമസവും ഭക്ഷണവുമെല്ലാം അവരുടെ കാരുണ്യത്തിലായിരുന്നു. എനിക്ക് ജോലി തരാമെന്നേറ്റവർ എന്റെ കാര്യത്തിൽ ഒട്ടും തീക്ഷ്ണത കാണിച്ചില്ല. എന്റെ താമസത്തിനും ഭക്ഷണത്തിനുമായി എന്റെ റൂമിലുള്ളവർക്ക് അവർ പണമൊന്നും കൊടുത്തിരുന്നുമില്ല. മുറിക്ക് പുറത്തിറങ്ങാൻ, സൗദിയിൽ വേണ്ടിയിരുന്ന ഇഖാമ കാർഡുപോലും അവർ എനിക്ക് ഉണ്ടാക്കിത്തന്നില്ല. അങ്ങനെ ആ ജീവിതവും സാഹചര്യവും എനിക്ക് കണ്ണുനീർ താഴ്‌വരയായി മാറി. ഓരോ ദിവസവും ഞാൻ മറ്റാരോ ആയിക്കൊണ്ടിരുന്നു. ജീവിതത്തിൽ ആദ്യമായി മനമുരുകി, ഇടറിയ ശബ്ദത്തോടെ ദൈവത്തെ വിളിക്കാൻ തുടങ്ങി. ഏറെ ജപമാല ചൊല്ലാനും യു-ടൂബിലൂടെ വചനപ്രഘോഷണങ്ങൾ കേൾക്കാനും തുടങ്ങി. പ്രാർത്ഥനയിൽ ആശ്രയിക്കുമ്പോഴും കൂടെയുണ്ടായിരുന്നവരുടെ പെരുമാറ്റവും ജോലി ശരിയാകാത്ത അവസ്ഥയും എന്നെ അനുദിനം തളർത്തിക്കൊണ്ടിരുന്നു. വിശന്നു വലഞ്ഞാൽപ്പോലും മുറിയിൽ ഉണ്ടായിരുന്നവരുടെ മദ്യപാനമൊക്കെ കഴിഞ്ഞ്, പാതിരാത്രിക്കുമാത്രം ഭക്ഷണം കഴിക്കേണ്ട അവസ്ഥ.st-ju-08

അങ്ങനെയിരിക്കെ, ഒരു ദിവസം സന്ധ്യയ്ക്ക് മുറിയിലുണ്ടായിരുന്നവർ പുറത്ത് പാർട്ടിക്ക് പോകാനൊരുങ്ങി. എന്നെയും ക്ഷണിച്ചെങ്കിലും ഞാൻ പോയില്ല. ഭക്ഷണം ഒന്നും ഉണ്ടാക്കേണ്ട, ഞങ്ങൾ വരുമ്പോൾ നിനക്കുള്ള ഭക്ഷണം കൊണ്ടുവരാം എന്ന് പറഞ്ഞ് അവർ പോയി. സമയം ഏറെ കടന്നുപോയി. എനിക്ക് വിശന്നിട്ട് കുടൽ മറിയുന്ന അവസ്ഥ. എന്തെങ്കിലും ഉണ്ടാക്കിക്കഴിച്ചാൽ, അവർ വരുമ്പോൾ വഴക്ക് കിട്ടുമെന്നതിനാൽ വിശന്നിരുന്നു. അങ്ങനെ ഏകദേശം 11.30 ആയപ്പോൾ വിശന്നു തളർന്ന് ഞാൻ കിടന്നുറങ്ങി. എന്നാൽ ഉറക്കത്തിലെപ്പോഴോ വിശപ്പിന്റെ ആധിക്യത്താൽ ഞാൻ ഉണർന്നു.

വിശപ്പിന്റെ ആ രാത്രിയിൽ
ജീവിതത്തിൽ ഇതുവരെ അത്തരത്തിലുള്ള വിശപ്പ് ഞാൻ അനുഭവിച്ചിട്ടില്ലായിരുന്നു. എന്റെ ശരീരത്തിലെ ഓരോ കോശങ്ങളും ഒരല്പം ഭക്ഷണത്തിനായി ആഗ്രഹിച്ചു. ഞാനാരാണെന്നും എവിടെയാണെന്നുമൊക്കെ മറന്ന് ഞാൻ അടുക്കളയിലേക്ക് ഓടി. ഒരു കോണിൽ കവറിൽ തൂക്കിയിട്ടിരുന്ന കുറെ കുബ്ബൂസ് എന്റെ കണ്ണിൽപ്പെട്ടു. അല്പം ആശ്വാസത്തോടെ, അത് ഭക്ഷിക്കാൻ തുടങ്ങി. എന്നാൽ തൊണ്ടയ്ക്ക് താഴോട്ട് ഇറക്കാനാവാത്തവിധം കല്ലുപോലെ കട്ടിയുള്ളതായിരുന്നു അത്. ഏകദേശം ഒന്നുരണ്ടാഴ്ച പഴക്കമുള്ളതായിരുന്നെങ്കിലും വിശപ്പുമൂലം കഴിക്കാതിരിക്കാൻ എനിക്കായില്ല. കൂടെ കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് വീണ്ടും തിരഞ്ഞു. ആ തിരച്ചിലിൽ എന്റെ കണ്ണ് ഉടക്കിയത് വേസ്റ്റ് ബക്കറ്റിൽ, ഒരു ചെറിയ പ്ലാസ്റ്റിക് കൂടിൽ കിടന്ന കടലക്കറിയിലായിരുന്നു. ഒരു ഭക്ഷണമര്യാദയും നോക്കാതെ, വിശപ്പുകൊണ്ട് പുളഞ്ഞ ഞാൻ ആ കറിയെടുത്ത് ഒരു കുബ്ബൂസ് കഴിച്ചു. പിന്നെ പോയി കിടന്നുറങ്ങി.

പിറ്റേദിവസം രാവിലെ എണീറ്റപ്പോൾ തലേരാത്രിയിൽ നടന്ന സംഭവങ്ങൾ എന്റെ ഹൃദയം പിളർത്തി. ഇതുപോലൊരു അവസ്ഥ ജീവിതത്തിലൊരിക്കലും ഇനി തരരുതേ എന്ന് പ്രാർത്ഥിച്ച്, നടന്ന സംഭവങ്ങൾ മറക്കാൻ ശ്രമിച്ചു. എന്നാൽ തലേദിവസത്തെപ്പോലെതന്നെ അന്നും റൂംമേറ്റ്‌സ് രാത്രിയിൽ പാർട്ടിക്ക് പോയി, നിനക്കുള്ള ഭക്ഷണവുമായി വരാം എന്ന വാഗ്ദാനത്തോടെ. രാത്രി ആയതോടെ എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസത്തെ അത്രയും വിശപ്പില്ലെങ്കിലും തലേ ദിവസത്തെപ്പോലെ, പാതിരാത്രിയിൽ വിശന്ന് എണീറ്റ് ഒരു മനോരോഗിയെപ്പോലെ പെരുമാറുമോ എന്നതായിരുന്നു എന്റെ ഭയം. ആ ഭയത്തിൽനിന്നുള്ള മോചനത്തിനെന്നോണം ഞാൻ ജപമാല ചൊല്ലാൻ തുടങ്ങി. ഏറെനേരം പ്രാർത്ഥനയിൽ ചിലവഴിച്ചു. ദൈവഹിതമന്വേഷിക്കാതെയും പ്രിയപ്പെട്ടവരുടെ വാക്കുകൾ അവഗണിച്ചും പോന്നതിന്റെ കുറ്റബോധം മനസിൽ തളംകെട്ടി നിന്നിരുന്നു. വിശപ്പും ക്ഷീണവും ശരീരത്തെ തളർത്തിയപ്പോൾ ഉറക്കം എന്റെ കൺപോളകളെ തഴുകിയെത്തി. എന്നാൽ, ഉറങ്ങുന്നതിന് മുൻപ് ദൈവവചനം തുറന്നൊന്നു വായിക്കാം എന്ന് മനസ്സിൽ തോന്നി. ലഭിച്ച വചനം ദാനിയേൽ പ്രവാചകന്റെ പുസ്തകത്തിൽനിന്നായിരുന്നു. ദാനിയേൽ 14:33-39. ബാബിലോണിൽ സിംഹക്കുഴിയിൽ കിടന്ന ദാനിയേലിന് ഹബക്കുക്ക് പ്രവാചകനിലൂടെ ദൈവം ആഹാരം എത്തിക്കുന്നതായിരുന്നു വചനഭാഗം. യൂദായിൽനിന്ന് ഹബക്കുക്ക് പ്രവാചകനെ, ദൈവദൂതൻ ഭക്ഷണത്തോടുകൂടെ ബാബിലോണിലെ സിംഹക്കുഴിയിൽ കിടന്ന ദാനിയേലിന്റെ മുൻപിൽ എത്തിക്കുന്നു. പ്രസ്തുത ദൈവകരുതലിൽ മനംനിറഞ്ഞ് ദാനിയേൽ ഇപ്രകാരം ദൈവസ്തുതി നടത്തുന്നു: ”ദൈവമേ, എന്നെ അങ്ങ് ഓർമിച്ചിരിക്കുന്നു. അങ്ങയെ സ്‌നേഹിക്കുന്നവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല.” വചനം വായിച്ചു കഴിഞ്ഞപ്പോൾ അല്പം ആശ്വാസം തോന്നി. വിശുദ്ധ ഗ്രന്ഥത്തിൽ കെട്ടിപ്പിടിച്ച് ഞാനുറങ്ങി.

കർത്താവിനെ രുചിച്ചറിഞ്ഞ പുതുദിനം
രാത്രിയിലെപ്പോഴോ കതകിൽ മുട്ടുകേട്ട് ഞാനുണർന്നു. സമയം വെളുപ്പിന് ഒരു മണി. പാർട്ടിക്കുപോയ റൂംമേറ്റ്‌സ് തിരികെ വന്നിരിക്കുന്നു. കതക് തുറന്ന എന്റെ കൈയിലേക്ക് കെന്റക്കി ഫ്രൈഡ് ചിക്കന്റെ (കെ.എഫ്.സി) ഒരു ബോക്‌സ് വച്ചുതന്നു. കൂടെ, തലേരാത്രിയിൽ ഭക്ഷണം കൊണ്ടുവരാതിരുന്നതിന് ക്ഷമാപണവും. കർത്താവൊരുക്കിയ ഭക്ഷണം കണ്ണുനീരോടെ ഞാൻ കഴിച്ചു. ദാനിയേലിനെപ്പോലെ ദൈവം എന്നെയും ഓർമിച്ചിരിക്കുന്നു. ആലങ്കാരികമായി പറഞ്ഞാൽ, കർത്താവിനെ ഞാൻ രുചിച്ചറിഞ്ഞു. പിന്നീട് സൗദിയിൽ ഉണ്ടായിരുന്ന നാലഞ്ചുമാസത്തോളം പെറ്റമ്മ നോക്കുന്നതിലും സ്‌നേഹത്തോടെ, അവർ എന്നെ സ്‌നേഹിച്ചു. ഓരോരുത്തരും സന്ധ്യയ്ക്ക് ജോലി കഴിഞ്ഞ് മടങ്ങിവരുമ്പോൾ ആഹാരപ്പൊതികൾ എനിക്കായി കൊണ്ടുവന്നിരുന്നു.

ഇതൊക്കെയാണെങ്കിലും ജോലി തയാറാകാത്തതിൽ ഞാൻ ഏറെ ദുഃഖിച്ചിരുന്നു. എന്നാൽ ദൈവം വീണ്ടും അവിടുത്തെ രുചിച്ചറിയാൻ അവസരം നല്കി. എന്റെ കാര്യത്തിൽ വലിയ താല്പര്യമില്ലാതിരുന്ന വ്യക്തിയിലൂടെത്തന്നെ സൗദിയിലെ റിയാദിലുള്ള ഇന്ത്യൻ എംബസിയിൽ ഒരു താല്ക്കാലിക ജോലി ദൈവം തന്നു. നഴ്‌സിന്റെ ജോലി കിട്ടാതിരുന്ന എനിക്ക്, പാസ്‌പോർട്ട് നിർമിച്ച് വിതരണം ചെയ്യുന്ന ജോലി എംബസിയിൽ ദൈവമൊരുക്കി. ഇഖാമ കാർഡുപോലുമില്ലാതെ പുറത്തിറങ്ങാൻ അവകാശമില്ലാത്ത എന്നെ ഒരു സൗദിപോലിസിനും ചെക്ക് ചെയ്യാൻ അവകാശമില്ലാത്ത എംബസി വാഹനത്തിൽ ദൈവം സഞ്ചരിപ്പിച്ചു. അവസാനം ഒരു വർഷത്തോളം നീണ്ട സൗദിജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനും ദൈവം സഹായിച്ചു.

ഈയൊരു യാത്രയിൽ സാമ്പത്തികമായി ഏറെ നഷ്ടങ്ങൾ ഉണ്ടായെങ്കിലും മാതാപിതാക്കളുടെയും മറ്റും സുരക്ഷിതത്വത്തിൽ നിന്നെന്നെ വിടുവിച്ച്, മരുഭൂമിയുടെ ആരും തുണയില്ലാത്ത അവസ്ഥകളിൽ ദൈവപരിപാലന പഠിപ്പിച്ചു തരുകയായിരുന്നു എന്ന് പിന്നീടെനിക്ക് മനസിലായി. പോയത് സാധാരണ വ്യക്തിയായി. എന്നാൽ തിരിച്ചുവന്നത് ദൈവത്തെ നേരിട്ടു കണ്ട, ദൈവത്തെ രുചിച്ചറിഞ്ഞ വ്യക്തിയായി. ഇന്ന് ദൈവാനുഗ്രഹത്താൽ, ഒരു നഴ്‌സിന് ഇന്ത്യയിൽ ജോലി ചെയ്യാൻ സാധിക്കുന്ന ഏറ്റവും നല്ലൊരു കേന്ദ്രഗവൺമെന്റ് സ്ഥാപനത്തിൽ ഞാൻ ജോലി ചെയ്യുന്നു. ഞാനായിരിക്കുന്ന അവസ്ഥയിൽ ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നു.

വർഷങ്ങൾക്കുമുമ്പു നടന്ന സൗദി ജീവിതസ്മരണകൾ മനസിലേക്ക് ഓടിയെത്തിയപ്പോൾ ഞാൻ ഈശോയോട് ചോദിച്ചു: ”ഈശോയേ, അങ്ങയെ രുചിച്ചറിയാൻ, ദൈവാനുഭവത്തിലേക്ക് കടന്നുവരാൻ അന്നത്തെ സൗദി യാത്രയും കയ്പു നിറഞ്ഞ അനുഭവങ്ങളും അനിവാര്യമായിരുന്നോ?” ഈശോയുടെ അഭിപ്രായമറിയാൻ ബൈബിൾ തുറന്ന ഞാൻ ഞെട്ടി; നിയമാവർത്തനം 32:10 ആയിരുന്നു എനിക്ക് കിട്ടിയത്. ”അവിടുന്ന് അവനെ മരുഭൂമിയിൽ ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ കണ്ടെത്തി; അവനെ വാരിപ്പുണർന്നു, താല്പര്യപൂർവം പരിചരിച്ച് തന്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു.”

പിന്നൊന്നും ചോദിക്കാൻ ഒരുമ്പെട്ടില്ല. വാരിപ്പുണർന്ന് കണ്ണിലുണ്ണിയായ് സൂക്ഷിക്കുന്ന ദൈവത്തോട് ഇനിയെന്ത് ചോദ്യം. പകരം കണ്ണുകളടച്ച് ഇപ്രകാരം പ്രാർത്ഥിച്ചു. ”ദൈവമേ, നിന്റെ പദ്ധതികൾക്കും ഹിതത്തിനും എതിരായി സ്വയം പദ്ധതികൾ മെനഞ്ഞ നിമിഷങ്ങളെയോർത്ത് ഞാൻ അനുതപിക്കുന്നു. മാതാപിതാക്കളിലൂടെയും തിരഞ്ഞെടുക്കപ്പെട്ടവരിലൂടെയും അവിടുന്ന് സംസാരിച്ചത് ശ്രവിക്കാത്തതിന് മാപ്പ്. ഇനിമേലിൽ നിന്റെ ഹിതത്തിന് എതിരായി പ്രവർത്തിക്കാതിരിക്കാനുള്ള കൃപ തരണമേ..

രഞ്ജു എസ്. വർഗീസ്
.

Leave a Reply

Your email address will not be published. Required fields are marked *