സ്‌നേഹമേ…  ദിവ്യകാരുണ്യമേ…

‘സ്‌നിഫർ ഡോഗ്’സിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അമേരിക്കയിലെ സുരക്ഷാസൈന്യത്തിൽ സജീവസേവനം നടത്തുന്ന ഈ പട്ടികൾ ബഹുമിടുക്കന്മാരാണ്. മനുഷ്യജീവന്റെ നേരിയ സ്പന്ദനങ്ങൾപോലും മണത്തറിയാൻ പ്രത്യേക വൈഭവം ലഭിച്ചിട്ടുള്ളവയാണ് ഈ പട്ടികൾ. ഇവയ്ക്ക് ആറാമതായി ഒരു ഇന്ദ്രിയംകൂടി ഉണ്ടുപോലും. ഈ ഇന്ദ്രിയം ഉപയോഗിച്ചാണ് അവർ ഭൂകമ്പത്തിലും മറ്റും മണ്ണിനടിയിലും കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഇടയിലും കുടുങ്ങിപ്പോയ മനുഷ്യജീവനെ തിരിച്ചറിയുന്നത്. ഒളിപ്പിച്ചുവച്ച ആയുധങ്ങളും ഒളിച്ചിരിക്കുന്ന കുറ്റവാളികളെയും അവ സെക്കന്റുകൾകൊണ്ട് മണത്തറിയും. ഈ പട്ടികൾ കെ-9 നായ്ക്കൾ എന്നാണ് അറിയപ്പെടുന്നത്. ഒരിക്കൽ ഈ പോലീസ്‌നായ്ക്കൾക്ക് മനുഷ്യന് ലഭിക്കാത്ത അത്യത്ഭുതകരമായ ഒരു സൗഭാഗ്യം തങ്ങളുടെ ദൗത്യനിർവഹണത്തിനിടയിൽ വീണുകിട്ടി. സക്രാരിയിൽ ഒളിഞ്ഞിരിക്കുന്ന ദിവ്യകാരുണ്യനാഥനെ മുഖത്തോടുമുഖം കാണാനും ആരാധിക്കാനുമുള്ള സൗഭാഗ്യം!

1995 ഒക്ടോബർ 8 ഞായറാഴ്ച. അമേരിക്കയിലെ ബാൾട്ടിമോറിൽ റോളന്റ് പാർക്കിലുള്ള സെന്റ് മേരീസ് സെമിനാരിയിലെ വൈദികവിദ്യാർത്ഥികൾക്കും സെമിനാരി അധികാരികൾക്കും ആനന്ദത്തിന്റെയും ആർപ്പുവിളികളുടെയും ദിവസമായിരുന്നു. ലോകാരാധ്യനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ, അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി സെന്റ് മേരീസ് സെമിനാരി സന്ദർശിക്കുന്ന ദിവസം. നീണ്ട പ്രോഗ്രാമുകളുടെ തിരക്കും ക്ഷീണവും ഉണ്ടായിരുന്നെങ്കിലും പാപ്പാ സെമിനാരി വിദ്യാർത്ഥികളെയും വൈദികരെയും ഹസ്തദാനം ചെയ്ത് കുശലപ്രശ്‌നങ്ങൾ പങ്കുവച്ചു. അവസാനമെന്നോണം പാപ്പാ സെമിനാരിയിലെ ചാപ്പലിലേക്ക് ദിവ്യകാരുണ്യനാഥനെ വണങ്ങാനായി മുന്നോട്ടു നീങ്ങി. സുരക്ഷാഭടന്മാർ പരിഭ്രമിച്ചു. അവർ മുമ്പേ ഓടി, തങ്ങളുടെ കെ-9 നായ്ക്കളുമായി ചാപ്പലിലേക്ക്. സെമിനാരിയിലെ ചാപ്പലിലുള്ള വിസീത്ത പാപ്പായുടെ സന്ദർശനപരിപാടികളിൽ പെട്ടതായിരുന്നില്ല. അതുകൊണ്ടുതന്നെ ചാപ്പൽ അരിച്ചുപെറുക്കി സുരക്ഷ ഉറപ്പാക്കുന്നതിൽ ശ്രദ്ധിക്കാൻ സുരക്ഷാഭടന്മാർ, മറന്നുപോയിരുന്നു. പാപ്പായെ തടഞ്ഞുനിർത്തി കെ-9 നായ്ക്കളുമായി ചാപ്പലിൽ എത്തിയ സുരക്ഷാഭടന്മാർ എവിടെയെങ്കിലും ആരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ എന്ന് തിരക്കിട്ട് പരിശോധിച്ചു. അതിനിടയിൽ അവർ ഒരു കാര്യം ശ്രദ്ധിച്ചു. ചാപ്പലിന്റെ വലതുഭാഗത്തുള്ള ചെറിയ സൈഡ്ചാപ്പലിൽ ദിവ്യകാരുണ്യം സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് തങ്ങളുടെ കെ-9 നായ്ക്കൾ ഓടിക്കയറുന്നു. ആരുടെയോ സാന്നിധ്യം അറിഞ്ഞാലെന്നതുപോലെ അവ മണം പിടിക്കാനും മുരളാനും തുടങ്ങി. മറഞ്ഞിരിക്കുന്ന ആരുടെയോ ഹൃദയസ്പന്ദനം അറിഞ്ഞാലെന്നതുപോലെ അവ ശബ്ദമുണ്ടാക്കാൻ തുടങ്ങി. അടുത്തനിമിഷം അവ സക്രാരിക്കുനേരേ തിരിഞ്ഞു. എല്ലാ നായ്ക്കളും തങ്ങളുടെ ഹാൻഡ്‌ലേഴ്‌സിനെ സഹായിക്കാനെന്നവണ്ണം സക്രാരിയുടെ മധ്യഭാഗത്ത് ഒരു പോയന്റിലേക്ക് ദൃഷ്ടിയുറപ്പിച്ച് ഇതുവരെ അവ പുറപ്പെടുവിച്ചിട്ടില്ലാത്ത ഒരു പ്രത്യേകസ്വരത്തിൽ മുരളാൻ തുടങ്ങി.
സുരക്ഷാഭടന്മാർ സക്രാരി തുറക്കാൻ വൈദികരോട് ആവശ്യപ്പെട്ടു. സക്രാരി തുറക്കപ്പെട്ടു. അവിടെ കുസ്‌തോദിയും അതിനകത്ത് ദിവ്യകാരുണ്യവും മാത്രം! ജാള്യതയോടെ കെ-9 നായ്ക്കളുടെ ഹാൻഡ്‌ലേഴ്‌സ് പിൻവാങ്ങി. എന്നാൽ നായ്ക്കൾ പിൻവാങ്ങാൻ തയാറായില്ല. അവ ഏറ്റവും കൂർമതയോടെ സക്രാരിയുടെ മധ്യത്തിൽ കണ്ണുകൾ കേന്ദ്രീകരിച്ച് കൂടുതൽ ശക്തിയോടെ ഒരു പ്രത്യേകതരം ഒച്ച പുറപ്പെടുവിക്കാൻ തുടങ്ങി. അവിടെനിന്ന് പിൻവാങ്ങാനുള്ള സിഗ്നൽ നല്കിയിട്ടും അവയൊന്നുപോലും അല്പംപോലും പിൻവാങ്ങിയില്ല. അവസാനം ബലപ്രയോഗത്തിലൂടെയാണ് അവയെ അവിടെനിന്ന് പിന്തിരിപ്പിച്ചത്.

മനുഷ്യൻ കാണാത്തത് മൃഗങ്ങൾ കാണുന്നു! മനുഷ്യൻ അനുഭവിച്ചറിയാത്തത് മൃഗങ്ങൾ അനുഭവിച്ചറിയുന്നു! ദിവ്യകാരുണ്യത്തിൽ യേശുവിന്റെ സജീവസാന്നിധ്യം നാം അനുഭവിച്ചറിഞ്ഞിരുന്നുവെങ്കിൽ സക്രാരിയുടെ മുമ്പിൽനിന്ന് നമ്മെ പിന്തിരിപ്പിക്കാൻ ആർക്കെങ്കിലും കഴിയുമായിരുന്നോ? നമ്മെപ്രതിയുള്ള സ്‌നേഹത്താൽ നിർവികാരമായ ഒരു ഗോതമ്പപ്പത്തോളം ചെറുതായി അതിൽ മറഞ്ഞിരിക്കാൻ തക്കവണ്ണം തന്നെത്തന്നെ ശൂന്യനാക്കിയ പൊന്നുതമ്പുരാന്റെ നമ്മുടെ നേർക്കുള്ള ദിവ്യസ്‌നേഹവും അവിടുത്തെ സാന്നിധ്യവും തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ നമ്മുടെയൊക്കെ ദൈവാലയങ്ങൾ ജനശൂന്യമായി പകൽ മുഴുവനും അടഞ്ഞു കിടക്കുമായിരുന്നോ? കൈയെത്താവുന്നത്ര അകലത്തിൽ ദിവ്യകാരുണ്യസാന്നിധ്യം ഉണ്ടായിരുന്നിട്ടും പലപ്പോഴും ഒരു വിസീത്തയെങ്കിലും കഴിക്കാൻ മടികാണിക്കുന്ന സമർപ്പിതരും വിശ്വാസികളും നമ്മുടെയിടയിൽ ഉണ്ടാകുമായിരുന്നില്ല. നായ്ക്കൾ തിരിച്ചറിയുന്നതുപോലും തിരിച്ചറിയാൻ ഓ ദൈവമേ, ഞങ്ങൾക്ക് കഴിയാതെ പോകുന്നല്ലോ!

എൽ.പി. സ്‌കൂളിൽ പഠിച്ചിരുന്ന സമയം. ഉച്ചയ്ക്കത്തെ ചോറൂണിന് മുമ്പ് കന്യാസ്ത്രീകളായ അധ്യാപകർ ചോദിച്ചിരുന്നു: ഇന്ന് ഉച്ചയൂണിനുശേഷം നമ്മൾ ഈശോയെ കാണാൻ പോകുന്നുണ്ട്. ആരൊക്കെ പോരുന്നുണ്ട് ഇന്നെന്റെ കൂടെ ഈശോയെ കാണാൻ? ഇഷ്ടമുള്ളവർ മാത്രം പോന്നാൽ മതി. ഈശോയെ കാണാൻ കൊതിയുള്ളവർ കൈ പൊക്കിക്കേ… എല്ലാവരും കൈ പൊക്കും. ഉച്ചയൂണിനുശേഷം പള്ളിമുറ്റത്തുള്ള സ്‌കൂളിൽനിന്ന് വരിവരിയായി ഒച്ചയുണ്ടാക്കാതെ കൈകൾ കൂപ്പി ദൈവാലയത്തിൽ പോയി മുട്ടുകുത്തി ഈശോയെ കണ്ടിരുന്നത് ഞാൻ ഓർക്കുന്നു. ഈശോയെ, അങ്ങയെ ഞാൻ സ്‌നേഹിക്കുന്നു എന്നതായിരുന്നു അന്ന് അധ്യാപകർ ചൊല്ലിത്തരുന്ന ഏക പ്രാർത്ഥന. അവിടെനിന്ന് വരിവരിയായി ഒച്ചയുണ്ടാക്കാതെ കൈകൾ കൂപ്പി ഈശോയെ അങ്ങയെ ഞാൻ സ്‌നേഹിക്കുന്നു എന്നുരുവിട്ടുകൊണ്ട് ഉച്ചമണിയടിക്കുന്നതിനുമുമ്പ് സ്‌കൂളിൽ തിരിച്ചെത്തുമായിരുന്നു. കൂടെക്കൂടെ വിസീത്ത കഴിക്കുന്നത് ഈശോയ്ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് അധ്യാപകരിൽനിന്നും കേട്ടറിഞ്ഞ് ഉച്ചയ്ക്ക് മുമ്പും ഉച്ചകഴിഞ്ഞും ഒക്കെയുള്ള ഇടവേളകളിൽ കൂട്ടുകാർ ഒന്നിച്ച് ദിവ്യകാരുണ്യ വിസീത്ത കഴിക്കാൻ പോകുന്നത് ഇന്നും ഓർക്കുന്നു. പള്ളിമുറ്റത്തെ ആ പള്ളിക്കൂടത്തെയും ഈശോയെ സ്‌നേഹിക്കാൻ പഠിപ്പിച്ച അധ്യാപകരെയും ഓർത്ത് ദൈവമേ, നൂറായിരം നന്ദി! ഇന്നോ, കാലം മാറി. ഈശോയെ അങ്ങയെ ഞാൻ സ്‌നേഹിക്കുന്നുവെന്ന് ചൊല്ലിക്കൊടുക്കാൻ നിയോഗിക്കപ്പെട്ടവർപോലും ശങ്കിക്കുന്നു, തിരുവോസ്തിയിൽ ഈശോയുണ്ടോ എന്ന്! ഓ, ദിവ്യകാരുണ്യനാഥാ ഞങ്ങളോട് ക്ഷമിക്കണമേ.

കഴുതയ്ക്കുപോലുമറിയാം,
കർത്താവ് എവിടെയുണ്ടെന്ന്!
വിശുദ്ധ അന്തോണീസ് വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സജീവസാന്നിധ്യത്തെക്കുറിച്ച് പൊതുജനത്തെ ഉദ്‌ബോധിപ്പിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: ഈശോ ഇപ്രകാരം പറഞ്ഞത് നിങ്ങൾ ശ്രദ്ധിക്കുക. ”സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾക്കു ജീവൻ ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവസാന ദിവസം ഞാൻ അവനെ ഉയിർപ്പിക്കും. എന്തെന്നാൽ, എന്റെ ശരീരം യഥാർഥ ഭക്ഷണമാണ്. എന്റെ രക്തം യഥാർഥ പാനീയവുമാണ്” (യോഹ. 6:53-55). വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സാന്നിധ്യത്തെക്കുറിച്ച് വളരെ വിശദമായി ജനങ്ങൾക്ക് വിശുദ്ധ അന്തോണീസ് പറഞ്ഞുകൊടുത്തു. ഇതുകേട്ടുനിന്ന അവിശ്വാസിയായ ഒരുവൻ വിശുദ്ധ അന്തോണീസിനെ പൊതുജനമധ്യത്തിൽവച്ച് എതിർത്തു. ബൊണിവെല്ലോ എന്നായിരുന്നു അയാളുടെ പേര്. ഹേ, പട്ടക്കാരാ, തന്റെ വിഡ്ഢിത്തങ്ങളൊന്നും ഞങ്ങളെ പറഞ്ഞ് പഠിപ്പിക്കാൻ നോക്കണ്ട. കുർബാനയിൽ യേശുവിന്റെ സാന്നിധ്യമുണ്ടെങ്കിൽ അത് തെളിയിക്കുക. എന്നാൽ ഞാൻ വിശ്വസിക്കാം. എന്തു തെളിവാണ് നിങ്ങൾക്ക് വേണ്ടത്? വിശുദ്ധ അന്തോണീസ് ചോദിച്ചു. അവൻ പറഞ്ഞു: ഞാൻ എന്റെ കോവർ കഴുതയെ പുല്ലും വെള്ളവും കൊടുക്കാതെ മൂന്നുദിവസം പട്ടിണിയിടും. മൂന്നാം ദിവസം വൈകുന്നേരം എന്റെ കഴുതയുമായി ഞാൻ പൊതുതെരുവിൽ വരും. ആ സമയം നീ നിന്റെ കുർബാനയപ്പവുമായി തെരുവിൽ വരണം. ആ സമയത്ത് മൂന്നുദിവസം പട്ടിണിക്കിട്ട എന്റെ കഴുതയെ ഞാൻ അഴിച്ചുവിടും. എന്റെ കഴുത ഞാൻ കൊണ്ടുവരുന്ന പുല്ലും വെള്ളവും ഉപേക്ഷിച്ച് നിന്റെ ഗോതമ്പപ്പത്തെ മുട്ടുകുത്തി വണങ്ങി ആരാധിച്ചാൽ നീ പറയുന്ന യേശു കുർബാനയിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കാം. അന്തോണീസ് പറഞ്ഞു: അങ്ങനെതന്നെയാവട്ടെ. പക്ഷേ, ബൊണിവെല്ലോ നീ ഓർക്കുക. എന്നെയല്ല, ദൈവത്തെയാണ് നീ വെല്ലുവിളിച്ചിരിക്കുന്നത്.
അങ്ങനെ മത്സരദിവസം വന്നു. ബൊണിവെല്ലോ പട്ടിണിക്കിട്ട തന്റെ കഴുതയെയും കൊണ്ട് തെരുവിനടുത്തുള്ള മൈതാനത്തിലെത്തി. കഴുതയ്ക്കുവേണ്ടി ഏറ്റം രുചികരമായ പച്ചപ്പുല്ല് ഉപ്പുചേർത്ത് നനച്ചതും ഒരു ബക്കറ്റിൽ വേവിച്ചാറിച്ച ഓട്‌സുമായി മൈതാനത്തിലെത്താൻ അയാൾ തന്റെ ഭൃത്യനോട് st-ju-10കല്പിച്ചിട്ടുണ്ടായിരുന്നു. അന്തോണീസാകട്ടെ, മൂന്നുദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളായ കുറെ ദിവ്യകാരുണ്യ ആരാധകരോടൊപ്പം മൈതാനത്തിലെത്തി. മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതായിരുന്നതുകൊണ്ട് മത്സരം കാണാൻ ഏറെ ആളുകളുണ്ടായിരുന്നു. ഒരു വശത്ത് പുല്ലും വെള്ളവുമായി ബൊണിവെല്ലോയും മറുവശത്ത് ദിവ്യകാരുണ്യവുമായി വിശുദ്ധ അന്തോണീസും. സമയം എത്തിക്കഴിഞ്ഞു. ബൊണിവെല്ലോ തന്റെ പട്ടിണിക്കിട്ട കഴുതയെ അഴിച്ചുവിട്ടു. ഇമ്പമുള്ള സ്വരത്തിൽ അയാൾ തന്റെ കഴുതയെ നീട്ടി വിളിച്ചു. പക്ഷേ കഴുത തിരിഞ്ഞുപോലും നോക്കിയില്ല. പച്ചപ്പുല്ലും ഓട്‌സും ഉയർത്തിക്കാണിച്ച് അയാൾ കഴുതയെ വീണ്ടും വിളിച്ചു. കഴുത നോക്കിയില്ല. തന്റെ പരിപാടികൾ പാളുന്നു എന്ന് കണ്ടപ്പോൾ അയാൾ പച്ചപ്പുല്ല് കഴുതയുടെ വായ്ക്കൽ മുട്ടിച്ചുനോക്കി. പക്ഷേ, അത് മുഖം തിരിച്ചു. പകരം അല്പം അകലെയായി എഴുന്നള്ളിച്ചുവച്ചിരിക്കുന്ന ദിവ്യകാരുണ്യത്തിനടുത്തേക്ക് ഉറച്ച കാൽവയ്പുകളോടെ നടന്നടുത്തു. തിരുവോസ്തിയുടെ അടുത്തെത്തിയപ്പോൾ അന്തോണീസ് ഇപ്രകാരം കഴുതയോടു പറഞ്ഞു: ദൈവത്തിന്റെ സൃഷ്ടിയായ മൃഗമേ, നിന്റെ സ്രഷ്ടാവിതാ തിരുവോസ്തിയിൽ. അവിടുത്തെ ആരാധിക്കുക. അതു കേൾക്കേണ്ട താമസം, കഴുത തന്റെ മുട്ടുകൾ മടക്കി തല ഭൂമിയോളം കുമ്പിട്ട് ആരാധിക്കുന്ന രീതിയിൽ ഒറ്റക്കിടപ്പ്. കണ്ടുനിന്നിരുന്ന ജനം ആർപ്പുവിളിച്ചു. അവരെല്ലാവരും ആ മൈതാനത്തിൽ മുട്ടുമടക്കി ദിവ്യകാരുണ്യനാഥനെ ആരാധിച്ചു. ബൊണിവെല്ലോ പൊട്ടിക്കരഞ്ഞുകൊണ്ട് ദിവ്യകാരുണ്യസന്നിധിയിൽ കമിഴ്ന്നുവീണ് ഇപ്രകാരം പറഞ്ഞു: ദൈവമേ, പാപിയായ എന്നോടു ക്ഷമിക്കണമേ. എനിക്കു തെറ്റിപ്പോയി. എന്നോടു കരുണയായിരിക്കണമേ.

കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയിൽ കർത്താവിന്റെ സാന്നിധ്യം കാണാൻ കഴിയാത്തവർക്ക് ഈ കഴുതയുടെ കണ്ണുകളെങ്കിലും നേരായ ഉൾക്കാഴ്ച നല്കിയിരുന്നുവെങ്കിൽ എന്നാശിച്ചുപോകുകയാണ്. തിരുവോസ്തിയിൽ മറഞ്ഞിരിക്കുന്ന കർത്താവായ യേശുവിന്റെ ജീവനുള്ള സാന്നിധ്യം തിരിച്ചറിയാനും അവിടുത്തേയ്ക്കർഹമായ ആരാധന നല്കാനും ഉൾക്കാഴ്ചയും വിശ്വാസവും തിരുവോസ്തിരൂപനോടുള്ള സ്‌നേഹവും നമുക്കു ലഭിക്കാൻ സ്വർഗത്തിന്റെ ഇടപെടൽ നമ്മുടെ ജീവിതത്തിലുണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.

ശാസ്ത്രം സമ്മതിച്ച ചരിത്രസത്യം
മുകളിൽ കേട്ടതെല്ലാം മൃഗങ്ങളുടെ കഥ. ഇനി നമുക്ക് മനുഷ്യർക്കുണ്ടായ ചില അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കാം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട അനേകം ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്നിട്ടുണ്ടെങ്കിലും സഭയുടെ ചരിത്രത്തിൽ ഏറ്റവും ആദ്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതും ശാസ്ത്രീയസത്യമായി തെളിയിക്കപ്പെട്ട് ശാസ്ത്രജ്ഞന്മാരുടെ കൈയൊപ്പ് നേടിയതും 1200 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും യാതൊരു മാറ്റവുമില്ലാതെ നിലകൊള്ളുന്നതുമാണ് ലാൻസിയാനോയിലെ ദിവ്യകാരുണ്യ അത്ഭുതം.

എട്ടാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം പലതരത്തിലുള്ള വിശ്വാസപ്രതിസന്ധികളിലൂടെയും സഭ കടന്നുപോവുകയായിരുന്നു. തിരുവോസ്തിയിലെ ദിവ്യകാരുണ്യ സാന്നിധ്യത്തെക്കുറിച്ച് വിശ്വാസികളിൽ പലർക്കും സംശയം തോന്നിയിരുന്ന സമയമായിരുന്നു അത്. തിരുവോസ്തി കൂദാശ ചെയ്യുന്ന വൈദികരിൽ ചിലരും ഈ വിശ്വാസപ്രതിസന്ധിയിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽപെട്ട ഒരു വൈദികൻ ദിവ്യബലിയർപ്പിക്കുന്ന സമയം. ഇത് എന്റെ ശരീരമാകുന്നു. ഇത് നിങ്ങൾ വാങ്ങി ഭക്ഷിക്കുവിൻ എന്ന കൂദാശവചനങ്ങൾ ഉച്ചരിച്ച നിമിഷത്തിൽത്തന്നെ വൈദികന്റെ കയ്യിലിരുന്ന തിരുവോസ്തി വൃത്താകൃതിയിലുള്ള മനോഹരമായ ഒരു മാംസക്കഷണമായി മാറി. കൂദാശവചനങ്ങൾ ഉച്ചരിച്ച വൈദികൻ ആകെ പകച്ചുപോയി. ബലി പൂർത്തിയാക്കേണ്ടത് അനിവാര്യതയാകയാൽ അടുത്ത കൂദാശവചനവും അദ്ദേഹം ഉച്ചരിച്ചു. ഇതെന്റെ രക്തമാകുന്നു. നിങ്ങൾ ഇതു വാങ്ങി പാനം ചെയ്യുവിൻ. കൂദാശവചനം ഉച്ചരിച്ചമാത്രയിൽ കാസയിലെ വീഞ്ഞ് രക്തമായി മാറി. ഉറക്കെ നിലവിളിച്ചുകൊണ്ട് ആ വൈദികനും ബലിയിൽ സംബന്ധിച്ചുകൊണ്ടിരുന്ന ജനങ്ങളും നിലത്തുകമിഴ്ന്നുവീണ് ആരാധിച്ചുകൊണ്ട് ആഴമായ അനുതാപത്തിലേക്ക് കടന്നുവന്നു. ആ മാംസവും രക്തവും ഇന്നും കേടുകൂടാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.

1574 മുതൽ മാംസവും രക്തവുമായി മാറിയ തിരുവോസ്തിയും വീഞ്ഞും അനേകവിധത്തിലുള്ള ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമായി. അതിനുമുമ്പ് അതതുകാലഘട്ടങ്ങളിലുണ്ടായിരുന്ന ശാസ്ത്രപുരോഗതിക്കനുസൃതമായ വിധത്തിൽ ശ്ാസ്ത്രീയ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഈ തിരുമാംസവും തിരുരക്തവും വിധേയമായിട്ടുണ്ട്. ആ പരീക്ഷണ നിരീക്ഷണങ്ങളിലെല്ലാം വെളിവാക്കപ്പെട്ട, ഉറപ്പിക്കപ്പെട്ട ഒരു സത്യം മാംസം യഥാർത്ഥ മനുഷ്യഹൃദയത്തിലെ മാംസവും രക്തം യഥാർത്ഥ തിരുരക്തവുമാണ് എന്നതാണ്.

ഏറ്റവും സമീപസ്ഥമായ കാലഘട്ടത്തിൽ പരീക്ഷണങ്ങൾ നടന്നത് 1970 ലും 1973ലുമായിരുന്നു. പ്രഫ. ഡോ. ഒഡാർഡോ ലിനോളിയുടെയും പ്രഫ. റഗ്ഗറോബെർട്ടെല്ലയുടെയും നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് 1970-ലെ പരീക്ഷണങ്ങൾക്ക് നേതൃത്വം കൊടുത്തത്. ആ പരീക്ഷണങ്ങളിലൂടെ വെളിപ്പെട്ട സത്യങ്ങൾ അതുവരെ നടന്ന എല്ലാ പരീക്ഷണങ്ങളെയും സ്ഥിരീകരിക്കുന്നതായിരുന്നു. ആ പരീക്ഷണത്തിൽ തെളിയിക്കപ്പെട്ട സത്യങ്ങൾ താഴെ കൊടുക്കുന്നു.

1. മാംസം മരണവേദനയനുഭവിക്കുന്ന ഒരു മനുഷ്യന്റെ വരിഞ്ഞുമുറുകിയ ഹൃദയഭിത്തികളിലേതാണ്. ഇടതുവശത്തുള്ള ഭാഗമാണ് നല്കപ്പെട്ടിട്ടുള്ളത്.

2. 1200-ൽ അധികം വർഷങ്ങൾ കഴിഞ്ഞിട്ടും പലവിധ പരീക്ഷണങ്ങളിലൂടെ കടത്തിവിട്ടിട്ടും മാംസത്തിനോ രക്തത്തിനോ അല്പംപോലും ജീർണതയില്ല.

3. ക്ഷയിക്കാതിരിക്കാനായി യാതൊരു രാസവസ്തുക്കളും ഉപയോഗിച്ചിട്ടില്ല.

4. രക്തം എ.ബി ഗ്രൂപ്പിലുള്ളതാണ്. ഇതിനുശേഷം ലോകത്തിന്റെ പലഭാഗങ്ങളിലായി നടന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ട എല്ലാ ദിവ്യകാരുണ്യ അത്ഭുതങ്ങളിലെയും രക്തം എ.ബി ആയിരുന്നു.

5. യേശുവിന്റെ മൃതദേഹം സംസ്‌കരിച്ചപ്പോൾ പൊതിഞ്ഞ ടൂറിനിലുള്ള തിരുക്കച്ചയിലും കാണപ്പെട്ട തിരുരക്തം എ.ബി ഗ്രൂപ്പിലുള്ളതായിരുന്നു.

6. ഇപ്പോൾ മുറിച്ച ഒരു സിരയിൽനിന്നും പുറത്തേക്കൊഴുകുന്ന രക്തം എത്ര പുതുമയും ചൂടും ഉള്ളതാണോ അത്രയും പുതുമയുള്ളതും പരിശുദ്ധവുമായിരുന്നു പരീക്ഷണവിധേയമായ രക്തം.

7. തിരുരക്തം അഞ്ച് ഗോളങ്ങളായിട്ടാണ് കാണപ്പെട്ടത്. ഇത് യേശുവിന്റെ അഞ്ച് തിരുമുറിവുകളെ പ്രതിനിധീകരിക്കുന്നു.
ശാസ്ത്രലോകത്തിനും നിരീശ്വര പ്രസ്ഥാനങ്ങൾക്കും എല്ലാം ഇരുട്ടടിയേറ്റതുപോലെയായിരുന്നു പ്രഫ. ഡോ. ഒഡാർഡോ ലിനോളിയുടെ കണ്ടെത്തലുകൾ. അതിനാൽ ലാൻസിയാനോയിലെ അത്ഭുതങ്ങളെക്കുറിച്ച് അന്താരാഷ്ട്രതലത്തിലുള്ള ഒരു പഠനം ആവശ്യമാണെന്ന് ശാസ്ത്രലോകം ആവശ്യപ്പെട്ടതനുസരിച്ച് 1973-ൽ ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള വിദഗ്ധരായ ഡോക്ടർമാരുടെയും ശാസ്ത്രജ്ഞന്മാരുടെയും സംഘം 500-ൽപരം പരീക്ഷണങ്ങളിലൂടെ ആ സത്യം ഒരിക്കൽക്കൂടി തിരിച്ചറിയുകയും ഡോ. ഒഡാർഡോ ലിനോളിയുടെ റിപ്പോർട്ടുകൾ ശരിവയ്ക്കുകയും ചെയ്തു.

ഉണരേണ്ട കാലമായി
ഇത്രയൊക്കെ തിരിച്ചറിഞ്ഞപ്പോൾ ഉണരുന്നില്ലേ നിങ്ങളുടെ ഹൃദയം? സക്രാരിയിൽ മറഞ്ഞിരിക്കുന്ന ജീവന്റെ നാഥനെ ആരാധിക്കാൻ തുടിക്കുന്നില്ലേ നിങ്ങളുടെ ഹൃദയങ്ങൾ? ഈ കരുണയുടെ വർഷത്തിൽ സക്രാരിയിൽ ഏകനായി മറഞ്ഞിരിക്കുന്ന ദിവ്യകാരുണ്യനാഥനോട് ഇത്തിരി കരുണ കാണിക്കാൻ നിങ്ങൾ മനസാകുമോ? സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള അത്യധികമായ ആഗ്രഹം അവിടുത്തേക്കുണ്ട്. അതുകൊണ്ടാണല്ലോ അവിടുന്ന് ഹൃദയത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത്! അവിടുന്ന് വിശുദ്ധ മർഗരീത്താ മറിയത്തോട് അരുളിച്ചെയ്ത വാക്കുകൾ ശ്രദ്ധിച്ചാൽ നമുക്കിത് മനസിലാകും. മനുഷ്യരോടുള്ള സ്‌നേഹത്താൽ ജ്വലിക്കുന്ന എന്റെ ഹൃദയം നീ കാണുക. എന്നാൽ മനുഷ്യൻ എന്നെ എത്ര തുച്ഛമായി സ്‌നേഹിക്കുന്നു. അവിടുന്ന് വീണ്ടും പറഞ്ഞു: മനുഷ്യർ എന്റെ അനന്തമായ സ്‌നേഹം അറിഞ്ഞ് കൃതജ്ഞത ഉള്ളവരായിരുന്നുവെങ്കിൽ ഞാൻ അവർക്കുവേണ്ടി സഹിച്ച വേദനകളെക്കാൾ അധികമായ പീഡകൾ സന്മനസ്സോടെ ഇനിയും സഹിക്കുമായിരുന്നു. എന്നാൽ എനിക്ക് പരിപൂർണമായി പ്രതിഷ്ഠിച്ചിരിക്കുന്ന വ്യക്തികൾപോലും കൃതജ്ഞതയില്ലാത്തവരായി കാണുന്നതാണ് എന്റെ ഹൃദയത്തെ അധികമായി വേദനിപ്പിക്കുന്നത്.

പെസഹാവ്യാഴാഴ്ച ചെയ്യേണ്ട ഒരു മണിക്കൂർ ആരാധനയ്ക്കുപോലും മനസ്സില്ലാത്തവരായി ജീവിതവ്യഗ്രതയാൽ അവിടുത്തെ സന്നിധി വെടിഞ്ഞുപോകുന്നവർ കാണുന്നുണ്ടോ, ഒരു വട്ടമല്ല പലവട്ടം നമുക്കുവേണ്ടി മരിക്കാൻ തയാറായി നില്കുന്ന യേശുവിനെ? ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് വാദിക്കുന്നവർ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യങ്ങളെപ്പോലും പുറംകാലുകൊണ്ട് തൊഴിച്ചെറിയുന്ന ഈ കാലഘട്ടത്തിൽ രക്ഷകനെ തിരിച്ചറിഞ്ഞ നിങ്ങളെങ്കിലും തയാറാകുമോ, ഒരുദിവസം ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യനാഥന് കൂട്ടിരിക്കാൻ? ദിവസേനയുള്ള ദിവ്യബലിയും വിശുദ്ധ കുർബാന സ്വീകരണവും സാധ്യമാണെങ്കിലും നിസാരകാരണങ്ങൾ പറഞ്ഞ് അത് മുടക്കുന്നവർ തിരിച്ചറിയുന്നുവോ, നിങ്ങളുടെ അവഗണനയാൽ വീണ്ടും വീണ്ടും തകർക്കപ്പെടുന്ന യേശുവിന്റെ ഹൃദയത്തെ? സന്യസ്തരുടെയും സമർപ്പിതരുടെയും ഇടയിൽപോലും വിരളമായിക്കൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ വിസീത്തകൾ, ദിവ്യകാരുണ്യനാഥൻ എത്രയേറെ അവഗണിക്കപ്പെടുന്നു എന്നതിന്റെ തെളിവാണ്. ദൈവാലയത്തിന്റെ സമീപത്തുകൂടെ കടന്നുപോകുമ്പോൾ പോലും ഈശോയോട് ഒന്നു മിണ്ടിയിട്ട് പോകാം എന്നു കരുതി സക്രാരിയുടെ മുമ്പിൽ മുട്ടുകുത്തുന്നവർ ഇന്നത്തെ കാലത്ത് എത്ര വിരളമാണ്?

ഇന്നലെകളിൽ ദിവ്യകാരുണ്യനാഥനോടു കാണിച്ച അവഗണനകളോർത്ത് കലങ്ങേണ്ടതില്ല. സമയം ഇനിയും കഴിഞ്ഞുപോയിട്ടില്ല. അനുതാപാർദ്രമായ ഹൃദയത്തോടെ അവിടുത്തെ സമീപിക്കുന്ന ഒരുവനെയും അവിടുന്ന് തള്ളിക്കളയുകയില്ല. ദിവ്യകാരുണ്യ ആരാധനയ്ക്ക് സമയം കണ്ടെത്തുന്ന വ്യക്തികളെയും കുടുംബങ്ങളെയും അവിടുന്ന് ഐശ്വര്യപ്പെടുത്തും. ദിവ്യകാരുണ്യ ആരാധനയ്ക്ക് സമയം കണ്ടെത്തുന്ന സന്യാസസമൂഹങ്ങളെ ദൈവം അനുഗ്രഹിച്ചുയർത്തും.

ദിവ്യകാരുണ്യനാഥനുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന ഒറ്റ സമർപ്പിതൻപോലും ദൈവവിളി ഉപേക്ഷിച്ച് പിന്തിരിഞ്ഞ് പോവുകയില്ല. എന്തെന്നാൽ ദിവ്യകാരുണ്യ ഈശോ അവരുടെ എല്ലാ ഹൃദയദാഹങ്ങൾക്കും മതിയായവനാണ്. സങ്കീർത്തകൻ പറയുന്നു: ”ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ അവർക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു” (സങ്കീ. 4:7). ”കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുകയും രാത്രിയാമങ്ങളിൽ അങ്ങയെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യുമ്പോൾ ഞാൻ മജ്ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു” (സങ്കീ. 63:5-6). ദിവ്യകാരുണ്യനാഥനോട് അഭേദ്യമായ ബന്ധം പുലർത്തുന്നവരെക്കുറിച്ച് കർത്താവ് ഇപ്രകാരം പറയുന്നു: ”നീർച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവൻ” (സങ്കീ. 1:3).

നിത്യസ്തുതിക്ക് യോഗ്യമായ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയുമുണ്ടായിരിക്കട്ടെ, ആമ്മേൻ.

4 Comments

 1. Lissy Abraham says:

  പരിശുദ്ധ പരമ ദിവൃകാരുണൃത്തിന് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ

 2. Dias Davis says:

  പരിശുദ്ധ പരമ ദിവൃകാരുണൃത്തിന് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻപരിശുദ്ധ പരമ ദിവൃകാരുണൃത്തിന് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ

 3. Elsamma James says:

  പരിശുദ്ധ പരമ ദിവൃകാരുണൃത്തിന് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ

  Really very touching. God bless you.

 4. justin s says:

  പരിശുദ്ധ പരമ ദിവൃകാരുണൃത്തിന് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻപരിശുദ്ധ പരമ ദിവൃകാരുണൃത്തിന് എന്നേരവും ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ

Leave a Reply

Your email address will not be published. Required fields are marked *