അന്ന് നഗരത്തിൽ പ്രശസ്തമായ ഉത്സവം നടക്കുകയായിരുന്നു. തിക്കും തിരക്കും. പല വഴികളിലും വാഹന നിയന്ത്രണവുമുണ്ട്. അന്ന് ശാന്തമായ ഒരന്തരീക്ഷത്തിൽ അല്പനേരം പ്രാർത്ഥിക്കുവാനായി ഞാൻ നഗരത്തിൽത്തന്നെയുള്ള ദൈവാലയത്തിൽ പോയി. സമാധാനമായി വളരെ നേരം പ്രാർത്ഥിച്ചു. മനസ്സിൽ നിറയെ ആത്മീയസന്തോഷം.
അപ്പോഴാണ് ഓർമ വന്നത് വീട്ടിലേക്ക് തിരിച്ചുപോകുവാൻ ഓട്ടോറിക്ഷ കിട്ടുവാൻ പ്രയാസമാണെന്ന്. വേഗം ദേവാലയത്തിൽ നിന്നെഴുന്നേറ്റു. എഴുന്നേല്ക്കുമ്പോൾ ഞാൻ ഈശോയോട് പറഞ്ഞു. വീട്ടിലെത്താൻ എന്തെങ്കിലും ഒരു വഴി ഒരുക്കിത്തരണമെന്ന്. പുറത്തേക്കിറങ്ങിയപ്പോൾ ആ സമയത്തുതന്നെ ദൈവാലയത്തിൽനിന്നും പുറത്തുകടന്ന മറ്റൊരാൾ വേഗത്തിൽ നടന്ന് ദേവാലയമുറ്റത്തുതന്നെ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ കയറി സ്റ്റാർട്ട് ആക്കുന്നത് കണ്ടു.
ഞാൻ ഓടിച്ചെന്ന് ചോദിച്ചു, ”എന്നെയുംകൂടി ഒന്നു കൊണ്ടുപോകാമോ?” അയാൾ മറുപടിയായി ചോദിച്ചു: ”എവിടേക്കാണ് പോകേണ്ടത്?” ഞാൻ സ്ഥലം പറഞ്ഞു. അയാൾ മറുപടി പറഞ്ഞു: ”ഞാൻ ആ വഴിക്കാണ് പോകുന്നത്, കയറിക്കോളൂ.” ഞാൻ വേഗം കയറിയിരുന്നു. ഓട്ടോറിക്ഷ നീങ്ങിത്തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ സംഭാഷണത്തിന് തുടക്കമിട്ടു: ”എന്താണ് പേര്? എവിടേക്കാണ് പോകുന്നത്?” അയാൾ പറഞ്ഞു: ”പേര് കൃഷ്ണൻകുട്ടി, വീട്ടിലേക്കാണ്.”
ഒരു ഞെട്ടലോടെ ഞാൻ ചോദിച്ചു: ”കൃഷ്ണൻകുട്ടി എന്താ ഞങ്ങളുടെ പള്ളിയില്?” ഉടനെ കൃഷ്ണൻകുട്ടിയുടെ ഉത്തരം വന്നു: ”എല്ലാ ദൈവങ്ങളെയുംപോലെയല്ല നിങ്ങളുടെ ദൈവം. നിങ്ങളുടെ ദൈവം വിളിച്ചാൽ വിളിപ്പുറത്തുണ്ട്. ഞാൻ പലപ്പോഴും ഈ പള്ളിയിൽ വന്ന് പ്രാർത്ഥിക്കാറുണ്ട്. എനിക്ക് വളരെ ആശ്വാസവും സമാധാനവും തോന്നിയിട്ടുണ്ട്. പലപ്പോഴും ചോദിച്ച കാര്യങ്ങൾ സാധിച്ചു കിട്ടിയിട്ടുമുണ്ട്.” ഞാൻ തുടർന്നു: ”കൃഷ്ണൻകുട്ടി എപ്പോഴെങ്കിലും ഒരു ധ്യാനം കൂടിയിട്ടുണ്ടോ?”
”ഉവ്വ്. കുറച്ചു ദിവസങ്ങൾക്കുമുൻപ് ഞാനൊരു ധ്യാനം കൂടി. വളരെ നല്ലതായിരുന്നു. എനിക്കിഷ്ടപ്പെട്ടു. മടങ്ങിപ്പോരുമ്പോൾ അവരിലൊരാൾ എന്നോട് പറഞ്ഞു: കൃഷ്ണൻകുട്ടി ധാരാളം വചനം വായിക്കണമെന്ന്. ഞാൻ വീട്ടിൽവന്ന് പലരോടും ചോദിച്ചു, വചനം എന്താണെന്നും എവിടെ കിട്ടുമെന്നും. അവർക്കറിയില്ല. ഒരു ബുക്ക്‌ഷോപ്പിൽ കയറി ചോദിച്ചു. വചനം എന്ന പുസ്തകം അവരുടെ കൈയിലില്ല.”
ഞാൻ അല്പം ആശ്ചര്യത്തോടെ കേട്ടുകൊണ്ടിരുന്നു. എന്റെ വീട് അടുക്കാറായി. അപ്പോൾ ഞാൻ കൃഷ്ണൻകുട്ടിയോട് പറഞ്ഞു: ”ഇതാണ് എന്റെ വീട്. അഞ്ചുമിനിട്ട് ഇവിടെ നില്ക്കണം.” അദ്ദേഹം സമ്മതിച്ചു. ആ സമയംകൊണ്ട് ഞാൻ വീട്ടിൽ പോയി ബൈബിൾ പുതിയ നിയമത്തിന്റെ ഒരു പോക്കറ്റ് സൈസ് പതിപ്പ് എടുത്തുകൊണ്ടുവന്ന് അദ്ദേഹത്തിന് കൊടുത്തിട്ട് പറഞ്ഞു: ”ഇതാണ് വചനം. മുഴുവനും നല്ലപോലെ പല ആവർത്തി വായിക്കണം.” അടക്കാനാവാത്ത സന്തോഷത്തോടെ കൃഷ്ണൻകുട്ടി പറഞ്ഞു: ”ഇതെന്റെ ഓട്ടോയുടെ ലോക്കറിൽ വയ്ക്കാമല്ലോ. ഒഴിവുള്ളപ്പോഴെല്ലാം എടുത്തു വായിക്കുകയും ചെയ്യാം. വളരെ സന്തോഷം, ഉപകാരം.”
മൂന്നു രൂപങ്ങൾ!
മറ്റൊരിക്കൽ ഞാൻ ഒരു വിവാഹവിരുന്നിന് പോകുകയായിരുന്നു. വീടിനടുത്ത മെയിൻറോഡിൽ കാത്തുനിന്നു. കൈ കാട്ടിയപ്പോൾ നിർത്തിയ ഓട്ടോയിൽ കയറി സ്ഥലം പറഞ്ഞ് സീറ്റിലിരുന്നു. അപ്പോഴാണ് എന്റെ ശ്രദ്ധയിൽപെട്ടത് – ഓട്ടോയുടെ ഉള്ളിൽ മുകളിലെല്ലാവർക്കും കാണാവുന്ന വിധം ലൈറ്റിട്ട് വച്ചിരുന്ന മനോഹരമായ മൂന്ന് രൂപങ്ങൾ, യേശുവിന്റെയും രണ്ട് ഹൈന്ദവ ആരാധനാമൂർത്തികളുടെയും. മൂന്ന് രൂപങ്ങളെങ്കിലും ഒറ്റ ഫ്രെയിമിലാണ് വച്ചിരുന്നത്. പല വാഹനങ്ങളിലും പതിവുള്ള ഒരു കാഴ്ച.
ഡ്രൈവറുമായി സംസാരിച്ച കൂട്ടത്തിൽ ഞാൻ ചോദിച്ചു, ”മുൻപിൽ വച്ചിരിക്കുന്ന രൂപങ്ങൾ വളരെ നന്നായിട്ടുണ്ട്. ആരൊക്കെയാണത്?” അദ്ദേഹം സന്തോഷത്തോടെ അതാരൊക്കെയാണെന്നു പറഞ്ഞു. ഞാൻ പറഞ്ഞു, ”എല്ലാം ഭംഗിയായിട്ടുണ്ട്. എന്നാൽ യേശുവിനെക്കാൾ വലിയൊരാൾ ഈ ലോകത്തിന്നുവരെ ജനിച്ചിട്ടില്ല, ഇനി ജനിക്കുകയുമില്ല.”
യേശുവിന്റെ ജനനം ചരിത്രത്തിൽ മുൻകൂട്ടി പ്രവചിക്കപ്പെട്ടതുമുതൽ പുൽക്കൂട്ടിലെ ജനനവും അത്ഭുതങ്ങളും കുരിശുമരണവും ഉയിർപ്പും ഞാൻ പറഞ്ഞുതുടങ്ങി. അയാൾ ശ്രദ്ധയോടെ കേട്ടു. അപ്പോഴേക്കും എനിക്കിറങ്ങേണ്ട ദൈവാലയത്തിനു മുന്നിലെത്തി. അവിടത്തെ പാരിഷ് ഹാളിലാണ് വിവാഹവിരുന്ന്. ഓട്ടോ നിറുത്തി. ഇനിയെന്നെങ്കിലും കാണുമ്പോൾ ബാക്കി പറയാം എന്നു പറഞ്ഞ് ഞാനിറങ്ങി.
സദ്യ കഴിഞ്ഞ് ദൈവാലയത്തിനുമുന്നിൽ ഓട്ടോറിക്ഷ കാത്തുനിന്നു. ഒരെണ്ണം വരുന്നതുകണ്ട് ഞാൻ വേഗം കൈകാട്ടി നിറുത്തി, കയറിയിരുന്നു നോക്കിയപ്പോൾ വന്ന അതേ വാഹനം, അതേ ഡ്രൈവർ, മുന്നിൽ മൂന്ന് ദേവന്മാരും. ഞാൻ പറഞ്ഞു: ”വന്ന വണ്ടിതന്നെയാണല്ലോ! എങ്ങനെ നമ്മൾ ഇത്ര വേഗം കണ്ടണ്ടുമുട്ടി?”
”അത് നിയോഗമാണ്” അയാൾ മറുപടി പറഞ്ഞു. ഞങ്ങൾ വേഗം പറഞ്ഞു നിർത്തിയതുമുതൽ ബാക്കി പറയാൻ തുടങ്ങി. അയാൾ വളരെ ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു. പറഞ്ഞുതീർന്നപ്പോൾ ഞാൻ ഇറങ്ങാൻ ഉദ്ദേശിച്ച ദേവാലയത്തിനു മുന്നിലെത്തിയിരുന്നു. അവിടെ ഇറങ്ങി. ഞങ്ങൾ നന്ദി പറഞ്ഞ് പിരിഞ്ഞു. സവിശേഷദൈവസാന്നിധ്യത്തിന്റെ ആനന്ദത്തിനായി ചവിട്ടുപടികൾ കയറുമ്പോൾ എന്റെ ഉള്ള് പറയുന്നുണ്ടായിരുന്നു, ദൈവം അവസരങ്ങൾ ധാരാളമായി തരുന്നുണ്ട്. നമ്മൾ അവയെ ഉപയോഗപ്പെടുത്തണമെന്ന്.
കെ.സി. ഡൊമിനിക്