21-ാം വയസിൽ, ഉന്നത വിദ്യാഭ്യാസച്ചെലവുകൾക്കായി ജോലിതേടി എത്തിയത് ഷിക്കാഗോയിലെ ഒരു കശാപ്പുകാരന്റെയടുക്കലാണ്. കറുത്ത മുടിയും വട്ടക്കണ്ണുകളുമുള്ള അയാളുടെ മുഖം വന്യമൃഗത്തിന്റേതുപോലെ. ജോലിപരിചയമില്ലാത്ത എന്റെ വീഴ്ചകളിലെല്ലാം കശാപ്പുകാരനും കൂട്ടരും എന്നെ പരിഹസിക്കുകയും പീഢിപ്പിക്കുകയും ചെയ്തു. ഞാൻ ക്രൈസ്തവനാണ് എന്നതായിരുന്നു അവരുടെ പ്രശ്‌നം. അശ്ലീല പാട്ടുകളും തമാശകളുംകൊണ്ട് അവർ എന്നെ പൊതിഞ്ഞു. സങ്കടമെല്ലാം ഞാൻ യേശുവിന്റെ മുറിവുകളോടു ചേർത്തു, സഹിക്കാനുള്ള ശക്തിക്കായി പ്രാർത്ഥിച്ചു. എന്നാൽ മറുപടിയില്ല. ‘എന്റെ ദൈവം എവിടെ?’ ‘അവിടുത്തെ മുഖം എന്നിൽനിന്നും മറച്ചിരിക്കുന്നതെന്ത്?’ സങ്കീർത്തകനോടു ചേർന്നു ഞാനും ചോദിച്ചു. ഉത്തരമില്ല. യേശുനാമത്തിൽ സഹിക്കാൻ ആദ്യം ഉണ്ടായിരുന്ന ആനന്ദം എനിക്ക് ഇപ്പോൾ എവിടെ? ദൈവസാന്നിധ്യം പൂർണമായും എന്നിൽനിന്നും എടുക്കപ്പെട്ടതുപോലെ. അവിടുന്നിൽ നിന്ന് പ്രത്യക്ഷത്തിൽ സഹായമൊന്നും ലഭിച്ചില്ല. ദൈവത്താൽ തള്ളിക്കളയപ്പെട്ടവനെപ്പോലെ പരാജിതനും തകർന്നവനുമായി രണ്ടുമാസങ്ങൾക്കുശേഷം ഞാനവിടംവിട്ടു; ആട്ടിയോടിക്കപ്പെട്ട തെരുവുനായയെപ്പോലെ. ഞാൻ ക്രിസ്തുവിന്റേതായിരുന്നിട്ടും ആ കശാപ്പുകാർക്ക് യേശുവിനെ കൊടുക്കുന്നതിലും തോറ്റു.
ദൈവത്താൽ ഞാനിനി എന്നെങ്കിലും സ്‌നേഹിക്കപ്പെടുമോ? ആദ്യത്തെപോലെ എനിക്കവിടുത്തെ തീവ്രമായി സ്‌നേഹിക്കാൻ കഴിയുമോ? ഒന്നും മനസിലാകുന്നില്ല. ഒടുവിൽ മൂന്നു ദിവസത്തെ ധ്യാനത്തിൽ പങ്കെടുക്കാൻ തീരുമാനിച്ച് ആശ്രമത്തിലെത്തി. സന്യാസികൾ ദൈവസ്തുതികൾ ആലപിച്ച് ദൈവസാന്നിധ്യത്തിൽ ആനന്ദിക്കുന്നു. എന്തേ എനിക്കുമാത്രം അവിടുത്തെ അനുഭവിക്കാൻ കഴിയുന്നില്ല? മൂന്നുദിനം ഞാൻ ഒന്നും പ്രാർത്ഥിച്ചില്ല. ഉള്ളിൽനിന്നും നിസഹായതയുടെ നിലവിളികൾ മാത്രം. ‘എന്തുകൊണ്ട് അവിടുന്നു മറഞ്ഞിരിക്കുന്നു? നിശബ്ദനായിരിക്കുന്നു? എന്നെ ആശ്വസിപ്പിക്കുന്നില്ല, സഹായിക്കുന്നില്ല? എന്റെ പാപങ്ങളാണോ അങ്ങയെ എന്നിൽ നിന്നും അകറ്റിയത്? ഒന്നും പ്രാർത്ഥിക്കാൻ, ധ്യാനിക്കാൻ സാധിക്കാതെ ആ ‘ധ്യാന’വും തീർന്നു. അമേരിക്കയിലെ ക്രൈസ്തവ ആദ്ധ്യാത്മിക പരിശീലകനായ ബിൽ ഗോൾട്ടൈറിന്റെ അനുഭവങ്ങളാണിത്.
ദൈവത്തിന് ബോറടിച്ചോ?
ദൈവസാന്നിധ്യാനുഭവത്തിലായിരിക്കുമ്പോൾ പ്രാർത്ഥിക്കാൻ എളുപ്പമാണ്. ദൈവത്തോട് ചേർന്നിരിക്കാനും അവിടുന്നിൽ ലയിക്കാനും പെട്ടെന്നുകഴിയും. എന്നാൽ ദൈവസാന്നിധ്യം ലഭിക്കാത്തപ്പോൾ പ്രാർത്ഥിക്കുന്നതും പ്രാർത്ഥനയിൽ തുടരുന്നതും ദൈവത്തോട് ചേർന്നിരിക്കുന്നതും ക്ലേശകരവും മനസുമടുപ്പിക്കുന്നതും പലവിചാരത്തിനും അലസതയ്ക്കും വഴിതെളിക്കുന്നതുമാണ്. ഈ അവസ്ഥയിൽ പ്രാർത്ഥന അവസാനിപ്പിച്ച് എഴുന്നേറ്റുപോകാനും അല്ലെങ്കിൽ യാന്ത്രികമായി പ്രാർത്ഥിക്കാനും കടമനിർവഹിക്കുന്നതുപോലെ പ്രാർത്ഥിച്ച് ഒപ്പിക്കാനും പ്രലോഭിപ്പിക്കപ്പെടുകയും പലപ്പോഴും അപ്രകാരംതന്നെ സംഭവിക്കുകയും ചെയ്യും.
എന്നിട്ടും ദൈവം തന്റെ അതുല്യ സാന്നിധ്യാനുഭവം മനുഷ്യന് നിഷേധിക്കുന്നത് എന്തുകൊണ്ടാകാം? ആ സന്ദർഭങ്ങളിൽ അവിടുന്ന് നമ്മെ വിട്ടകന്നു പോയിരിക്കുമോ? ദൈവം നമ്മെ ഉപേക്ഷിച്ചതാകുമോ? അതോ നമ്മോടൊപ്പമായിരിക്കുന്നത് മടുപ്പുതോന്നിയിട്ട്, ഇഷ്ടമില്ലാഞ്ഞ്, ബോറടിച്ച് പോയതായിരിക്കുമോ? തീർച്ചയായും അല്ല; അവിടുത്തേക്ക് നമ്മെ പിരിഞ്ഞിരിക്കുക-അത് നിമിഷത്തിന്റെ ഒരംശനേരത്തേക്കുപോലും -അസാധ്യം. അഥവാ അവിടുത്തേക്ക് അത് സഹിക്കാൻ കഴിയില്ല. നാം അറിഞ്ഞാലും ഇല്ലെങ്കിലും നമുക്ക് അനുഭവപ്പെട്ടാലും ഇല്ലെങ്കിലും നമ്മുടെ ദൈവം സദാ നമ്മോടൊപ്പമുണ്ട്. എങ്കിൽ നമുക്ക് ആ സാന്നിധ്യം ചിലപ്പോഴെങ്കിലും അറിയാനും അനുഭവിക്കാനും സാധിക്കാതെ പോകുന്നതെേന്ത?
പാപം? വെറുപ്പ്? നീരസം? അനുസരണക്കേട്? മനുഷ്യന് പാപമില്ലാത്ത അവസ്ഥയണ്ടോ? പാപമില്ലാത്തപ്പോൾ മാത്രമാണ് ദൈവം നമ്മോടൊപ്പം വസിക്കുന്നതെങ്കിൽ അങ്ങനൊന്നുണ്ടാകുമോ? കുഞ്ഞുങ്ങൾ കുരുത്തക്കേടും വികൃതിയും കാണിച്ചാലും മാതാപിതാക്കൾ അവരെ തള്ളിക്കളയില്ല. തെറ്റു ചെയ്യുമ്പോൾ പിണക്കം അഭിനയിച്ചാലും കുഞ്ഞു സങ്കടപ്പെട്ട് തിരികെ ഓടിയെത്തുമ്പോൾ അവർ കുഞ്ഞിനെ കോരിയെടുക്കും. അതുപോലെ നാം വീണുപോയാലും അനുതാപിച്ചാൽ ദൈവം നമ്മെ വാരിപ്പുണരുകയും തന്റെ സ്‌നേഹസാന്നിധ്യം തിരികെ നല്കുകയും ചെയ്യും. പക്ഷേ, അനുതപിക്കുകയും കുമ്പസാരിക്കുകയും ചെയ്തിട്ടുപോലും ചിലപ്പോഴൊക്കെ ദൈവത്തെ അനുഭവിക്കാൻ സാധിക്കുന്നില്ല.
ദൈവം ഉണ്ടോ?
ജീവിച്ചിരിക്കെ വിശുദ്ധയെന്ന് ലോകം വിളിച്ച മദർ തെരെസയ്ക്കും ദീർഘനാൾ ദൈവസാന്നിധ്യം നഷ്ടപ്പെട്ടിരുന്നു. ഈശോയുടെ സാന്നിധ്യം മറയ്ക്കപ്പെട്ടിരുന്നതിനാൽ ‘അവിടുത്തേക്ക് തന്നെ വേണ്ട, അവിടുന്ന് തന്നെ ഉപേക്ഷിച്ചുകളഞ്ഞു’ എന്നുപോലും അവർ തേങ്ങിപ്പോയി. ഈശോയുടെ അസാന്നിധ്യം തീവ്രമായപ്പോൾ തിരുവോസ്തിയിലെ അവിടുത്തെ സാന്നിധ്യത്തിലും സംശയിച്ചുപോയ തെരെസയുടെ ആത്മാവ് ദൈവം ഉണ്ടോയെന്ന ആശങ്കയാലും പീഢിതമായിരുന്നു. എന്നാൽ അവർ പറയുന്നു: ‘എന്റെ ആത്മാവ് അനുഭവിക്കുന്ന ഈ നികൃഷ്ടാവസ്ഥ എന്റെ ചുറ്റുമുള്ളവരുടെ, ഈ ലോകത്തിലെ മനുഷ്യമക്കളുടെ ശോചനീയ അവസ്ഥതന്നെയെന്ന് ഞാനറിയുന്നു. അത് എന്നെ ബോധ്യപ്പെടുത്താനാണ് അവർ അനുഭവിക്കുന്ന കഠിനതകളും തിക്തതകളും പരിത്യക്തതകളും നിരാശതകളുമെല്ലാം അനുഭവിക്കാൻ എന്റെ നല്ല ദൈവം എനിക്ക് അവസരം നല്കിയത്. അവിടുത്തെ പ്രിയമക്കളെ അവയിൽനിന്നെല്ലാം രക്ഷിക്കാൻ. അതിനാൽ അവർക്കുവേണ്ടി, ലോകത്തുള്ള സകല ദൈവമക്കൾക്കുംവേണ്ടി ഞാൻ കൂടുതൽ പ്രാർത്ഥിക്കും, എന്നെ മറന്നു ഞാൻ അദ്ധ്വാനിക്കും. എനിക്ക് അങ്ങേ സാന്നിധ്യം ഇല്ലെങ്കിലും എന്റെ ആത്മാവ് കനത്ത അന്ധകാരത്തിലാണെങ്കിലും ഞാൻ അങ്ങയെ തേടും; അവിടുത്തേക്കായി കാത്തിരിക്കും, പ്രാർത്ഥന ഉപേക്ഷിക്കില്ലെന്നു മാത്രമല്ല, അങ്ങയോടൊപ്പം മാത്രം ആയിരിക്കുന്ന സമയം ഇരട്ടിയാക്കും. എന്റെ നല്ല ദൈവമേ, എന്നെ ഈ അവസ്ഥയിലൂടെ കടത്തിവിട്ടതിന് നന്ദി.’ ചില സന്ദർഭങ്ങളിൽ മദറിനെപ്പോലെ മറ്റുള്ളവരുടെ വേദന മനസിലാക്കി പ്രാർത്ഥിക്കാൻ ദൈവം ഇത്തരം അനുഭവങ്ങൾ നല്കാറുണ്ട്. തന്മൂലം പ്രാർത്ഥന നിർത്താതെ വർദ്ധിപ്പിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.
പ്രലോഭനങ്ങളുടെ വേലിയേറ്റം
ദൈവസാന്നിധ്യമുള്ളപ്പോൾ മാത്രമേ പലപ്പോഴും നാം ദൈവത്തെ സ്‌നേഹിക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യാറുള്ളൂ. അത് വളരെ എളുപ്പമാണുതാനും. എന്നാൽ സാന്നിധ്യം ലഭിക്കാത്തപ്പോഴും അവിടുന്നു നമുക്കടുക്കൽ, ഉള്ളിൽ ഉണ്ട്. അതിനാൽ അവിടുത്തെ സ്‌നേഹിച്ചുകൊണ്ടേയിരിക്കണം. സ്‌നേഹം പ്രകടിപ്പിക്കണം. അവിടുന്ന് അത് അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്.
ശൂന്യതയുടെ നാളുകൾ ദൈവത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റം നല്ല അവസരങ്ങളാണ്. അവിടുന്ന് എന്നിൽ നിന്നും മറഞ്ഞിരുന്നാലും ഞാൻ അവിടുത്തെ സ്‌നേഹിക്കുമെന്ന് പ്രവൃത്തിയിൽ കാണിക്കാനുള്ള അവസരം. ‘കാഴ്ചയാലല്ല വിശ്വാസത്താൽ’ ജീവിക്കാൻ പരിശീലിപ്പിക്കുകയാണവിടുന്ന്. പകൽ അവിടുന്നില്ലാതെ ജീവിക്കാൻ പറ്റുന്നില്ല; രാത്രിയിലും അവിടുത്തെ കാണാതെ തളരുന്നു. നെടുവീർപ്പും കണ്ണുനീരും ഉറക്കത്തെ അകറ്റിനിർത്തുമ്പോഴും മടുക്കാതെ കാത്തിരിക്കണം. പ്രലോഭനങ്ങളുടെയും പ്രകോപനങ്ങളുടെയും വേലിയേറ്റത്താൽ ആത്മാവ് ഇരുട്ടിൽ അമ്മാനമാടപ്പെടുമ്പോൾ ഒന്നും കാണാൻ സാധിക്കുന്നില്ലെന്നുമാത്രമല്ല സംഭവിക്കുന്നതെന്തെന്നു മനസിലാക്കാനുമാകില്ല. ഒരുതരം വിഭ്രാന്തിക്ക് അടിപ്പെടുമോ എന്നുപോലും ഭയപ്പെടും. ആത്മീയ ജീവിതം തകർന്നു പൊടിയായിരിക്കുന്നു. ഇനി ഉത്ഥാനമില്ല, എല്ലാം ഇവിടെവച്ച് അവസാനിപ്പിച്ചേക്കാം എന്നെല്ലാമുള്ള കഠിനചിന്തകളും വേട്ടയാടും. ദൈവം കൈവിട്ടു എന്ന ചിന്തയാണ് ഏറ്റം ഭയാനകം- മരണതുല്യം. എന്തുവന്നാലും എന്റെ ഈശോയ്ക്കുവേണ്ടി ഞാൻ അന്ത്യത്തോളം ജീവിക്കുമെന്ന് അനേകതവണ വാക്കുകൊടുത്തവർ, ഇതിൽഭേദം മരണമാണെന്നു പോലും വിളിച്ചുകൂകും. അപ്പോഴും കാത്തിരിക്കുന്നവരാണ് യഥാർത്ഥത്തിൽ ഈശോയെ സ്‌നേഹിക്കുന്നവർ. വിശുദ്ധരെല്ലാം ഈ അവസ്ഥയിലൂടെ കടന്നുപോയവരാണ്. ”രാത്രിയിൽ വിലാപമുണ്ടായേക്കാം; എന്നാൽ പ്രഭാതത്തോടെ സന്തോഷത്തിന്റെ വരവായി” (സങ്കീർത്തനങ്ങൾ 30/5).
ദൈവം മരിച്ചുപോയാൽ?
ഈശോ കുരിശിൽ ദാരുണമായി മരിക്കുന്നതും സംസ്‌കരിക്കപ്പെടുന്നതും കല്ലറയ്ക്കുമുമ്പിൽ വലിയ കല്ലുരുട്ടിവയ്ക്കുന്നതുമെല്ലാം നേരിൽ കണ്ടവളാണ് മഗ്ദലേന. എന്നിട്ടും സുഗന്ധക്കൂട്ടുകളുമായി അവൾ പുലരുംമുമ്പേ കബറിടത്തിങ്കലേക്ക് ഓടി. ശിഷ്യന്മാരെപ്പോലെ ഭയന്നും നിരാശപ്പെട്ടും ഒതുങ്ങിക്കൂടാൻ അവളുടെ സ്‌നേഹം ചെറുതായിരുന്നില്ല. കല്ലുരുട്ടിമാറ്റാൻ ആരുമില്ലെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. പ്രതീക്ഷയ്ക്കു വകയില്ലാതിരുന്നിട്ടും പൂർണഹൃദയത്തോടും ത്യാഗം സഹിച്ചും റിസ്‌ക് ഏറ്റെടുത്തും അന്വേഷിച്ചതിനാൽ മഗ്ദലേനയുടെ സ്‌നേഹത്തെ ഈശോ ആദരിച്ചു, മറ്റാർക്കും നല്കാത്ത വൻപ്രതിഫലം നല്കി- ഉത്ഥിതനെ ആദ്യം ദർശിക്കാനുള്ള ഭാഗ്യം. ”….പൂർണ ഹൃദയത്തോടെ അന്വേഷിക്കുമ്പോൾ എന്നെ കണ്ടെത്തും” (ജറെമിയ 29/12).
അതിനാൽ ദൈവം എന്നന്നേക്കുമായി കൈവിട്ടെന്നോ അവടുന്ന് തിരിച്ചുവരാനാകാത്തവിധം മരിച്ചുപോയെന്നുപോലും തോന്നിയാലും നാം അവിടുത്തെ അന്വേഷിക്കാതെയും തേടാതെയും പ്രാർത്ഥിക്കാതെയും കാത്തിരിക്കാതെയുമിരിക്കരുേത.
മൂലപാപങ്ങളും പുതുശുശ്രൂഷകളും
ദൈവസാന്നിധ്യം അനുഭവിക്കുമ്പോഴെന്നതിനേക്കാൾ അവിടുന്ന് ഒളിച്ചിരിക്കുമ്പോഴാണ് അവിടുന്ന് നമ്മുടെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങുകയും അവിടുത്തെ അനന്തമായ കൃപകളാൽ നിറയ്ക്കുകയും ചെയ്യുന്നത്. തദവസരത്തിൽ ദൈവം നമ്മുടെ ആത്മാവിനെ സസൂഷ്മം വീക്ഷിക്കുന്നു. നാം പാപത്തിൽ വീണുപോയാലും നശിച്ചുപോകാതെ അവിടുന്ന് നമ്മെ താങ്ങുമെന്നുറപ്പ്. വീഴ്ചകൾ നമ്മെ കൂടുതൽ എളിമപ്പെടുത്തും. എളിമയുടെ ആഴങ്ങളിലേക്കാണ് കൃപകളുടെ വേരുകൾ ആഴ്ന്നിറങ്ങുക. വിശുദ്ധ യോഹന്നാൻ ക്രൂസ് പറയുന്നു: ഭൂമിയിലെ ശുദ്ധീകരണ സ്ഥലമാണ് ഈ രാത്രി അനുഭവങ്ങൾ. ആത്മാവിന്റെ ഇരുണ്ട രാത്രികളിലാണ് ദൈവം നമ്മിലെ മൂലപാപങ്ങൾ പിഴുതെറിയുന്നത്. ആത്മാവിൽ ആണ്ടിറങ്ങി വേരുറപ്പിച്ചിരിക്കുന്ന മൂലപാപങ്ങൾ പിഴുതെറിയപ്പെടുന്നിടത്തേക്ക് ദൈവികപുണ്യങ്ങളുടെ വേരുകൾ അവിടുന്ന് ആഴ്ത്തും.
പുതിയ കൃപകൾ നല്കുന്നതിനും അതുവരെ ചെയ്യാത്ത ദൈവിക പ്രവൃത്തികൾ – പുതിയ ശുശ്രൂഷകൾ -ചെയ്യുന്നതിനും ഒരുക്കുന്നതിനുവേണ്ടി ദൈവം ഇത്തരം അനുഭവങ്ങൾ നല്കാറുണ്ട്. അവ സ്വീകരിക്കാൻ നമ്മെ പ്രാപ്തരാക്കുകയാണ് അവിടുത്തെ ലക്ഷ്യം. പ്രതികൂലങ്ങളിൽ പിന്നോട്ടടിക്കാതെ മുന്നോട്ടുപോകാൻ നമ്മെ പരിശീലിപ്പിക്കുകയാണവിടുന്ന്. ആത്മാവ് ഇരുട്ടിലായിരിക്കുമ്പോഴും ഈശോയെ പിന്തുടരാനുള്ള ട്രെയ്‌നിങ്.
ആംഗലേയ ക്രൈസ്തവ സാഹിത്യകാരൻ ഫാ. തോമസ് മെർട്ടൻ പറയുന്നു: ”ദൈവം സകലയിടത്തും സന്നിഹിതനാണ്, അവിടുന്ന് ഒരിക്കലും നമ്മെ വിട്ടകലുന്നില്ല, ഉപേക്ഷിച്ച് പോവുകയുമില്ല. എങ്കിലും ചിലപ്പോൾ അവിടുത്തെ സാന്നിധ്യാനുഭവം നമുക്കനുവദിക്കുന്നു, മറ്റുചിലപ്പോൾ നിഷേധിക്കുന്നു. അവിടുത്തെ സാന്നിധ്യം ലഭിക്കുന്ന അവസരങ്ങളേക്കാൾ അതനുഭവിക്കാൻ സാധിക്കാത്തപ്പോഴാണ് അവിടുന്നു നമ്മോടു കൂടുതൽ അടുത്തിരിക്കുന്നത്. ദൈവത്തെ അടുത്തറിഞ്ഞിട്ടില്ലെങ്കിൽ, അതു നമുക്ക് മനസിലാവുകയില്ല.”
ആത്മീയ പരിശീലകൻ ബിൽ ഗോൾട്ടൈർ ദൈവസാന്നിധ്യം നിഷേധിക്കപ്പെട്ടപ്പോഴും ദൈവത്തെ ഉപേക്ഷിക്കില്ലെന്ന് കഠിനതീരുമാനത്തിലായിരുന്നു. തന്മൂലം ആത്മീയ ശൂന്യതയ്ക്കുശേഷം അദ്ദേഹത്തിനു പുതിയ ദൈവിക ദർശനങ്ങളും വെളിപാടുകളും നവ്യാനുഭവങ്ങളും ലഭിച്ചു. അതുവരെ ചിന്തിച്ചിട്ടില്ലാത്ത പുതിയ ശുശ്രൂഷകളും ദൈവം അദ്ദേഹത്തിന് നല്കി.
ദൈവാനുഭവം തേടരുത്?
ദൈവസാന്നിധ്യാനുഭവത്തിന് ഒരു സുഖവും ആനന്ദവും ലഹരിയുമുണ്ട്. ആ അനുഭവം നഷ്ടപ്പെടുമ്പോൾ പ്രസ്തുത ആനന്ദവും ലഹരിയും പോയ്മറയും. ആ ആനന്ദത്തിനും ലഹരിക്കും വേണ്ടിയാണോ നാം ദൈവത്തെ സ്‌നേഹിക്കുന്നതും അവിടുത്തോടു ചേർന്നിരിക്കുന്നതും ജീവിക്കുന്നതും. അവ ലഭിക്കുമ്പോൾ മാത്രമേ നാം അവിടുത്തെ സ്‌നേഹിക്കൂ? അതിനേക്കാൾ, ദൈവിക കൃപകളേക്കാൾ വലുത് ദൈവമല്ലേ? ദൈവിക കൃപകൾ മറയ്ക്കപ്പെടുമ്പോഴും ദൈവത്തെ സ്‌നേഹിക്കാൻ ഈ ആത്മീയ മരുഭൂമിയിൽ നാം പരിശീലിപ്പിക്കപ്പെടും. ദിവ്യാനുഭവങ്ങളേക്കാളും ദിവ്യാനുഭൂതികളേക്കാളും ഉപരി നാം ദൈവത്തെ തേടണം. അവിടുത്തെ സ്വന്തമാക്കാൻ അനുഭവങ്ങൾ അനിവാര്യമല്ല എന്നു നമുക്കു ബോധ്യമാകണം. അതിനായി ഇത്തരം വൈകാരിക അനുഭവങ്ങൾ ദൈവം നിഷേധിച്ചേക്കാം. ദൈവാനുഭവമല്ല, ദൈവമാണ് വലുത്.
ദൈവം നഷ്ടമാകാതിരിക്കാൻ
ഈശോയെ പട്ടാളക്കാർ പിടിച്ചുകൊണ്ടുപോയപ്പോൾ ശിഷ്യർ ഭയന്നോടി. എന്നാൽ യോഹന്നാൻ മാത്രം പരിശുദ്ധ അമ്മയുടെ അടുത്തണഞ്ഞു. അമ്മയുടെ പക്കൽ അഭയം തേടിയതിനാൽ അമ്മയോടു ചേർന്നു നിന്നതിനാൽ യോഹന്നാന് ഈശോയുടെ കുരിശിന്റെ വഴിയെ ചരിക്കാനും അവസാനനിമിഷംവരെ, മരണനേരത്തും ഈശോയെ ഉപേക്ഷിക്കാതെ ചേർന്നു നില്ക്കാനും സാധിച്ചു. നമുക്കും പരിശുദ്ധ അമ്മയിൽ ആശ്രയിക്കാം. അന്ത്യത്തോളം ഈശോയിൽ അമ്മ നമ്മെ ചേർത്തുപിടിക്കും.
ദൈവസാന്നിധ്യാനുഭവം നഷ്ടപ്പെട്ട വിശുദ്ധ കൊച്ചുത്രേസ്യാ, ”എന്റെ ജീവിതമാകുന്ന വഞ്ചിയിൽ ഈശോ ഉറങ്ങുകയാണ്”എന്നു പറഞ്ഞ്; ”ഈശോയെ ഞാനങ്ങയെ സ്‌നേഹിക്കുന്നു” എന്ന് ആത്മാവിന്റെ കനത്ത ഇരുട്ടിലേക്കു നോക്കി ആവർത്തിച്ചുകൊണ്ടാണ് ആ ഇരുണ്ട രാവുകളെ അതിജീവിച്ചത്. അതുപോലെ, ദൈവസാന്നിധ്യം ഇല്ലാത്തപ്പോഴും നമുക്കും ആവർത്തിക്കാം ”ഈശോയെ ഞാനങ്ങയെ സ്‌നേഹിക്കുന്നു.” അവിടുന്ന് വീണ്ടും നമ്മെ സന്ദർശിക്കും, പുത്തൻ കൃപകളുമായി; ഉറപ്പ്.
ആൻസിമോൾ ജോസഫ്
1 Comment
It help me to take a strong decision