തുന്നിയെടുക്കാം പുതിയ ജീവിതം

മാതാപിതാക്കളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും വീട്ടിലെ ദാരിദ്ര്യവും കാരണം പതിനൊന്നാമത്തെ വയസിൽ പഠനം നിർത്തേണ്ടിവന്ന പെൺകുട്ടിയായിരുന്നു റൊസാലിയാ മേരാ. തന്റെയും കുടുംബത്തിന്റെയും അനുദിനജീവിതത്തിനുള്ള വരുമാനം നേടാൻ അവൾ തയ്യൽജോലികളിൽ ഏർപ്പെട്ടു. ആ പെൺകുട്ടി പിന്നീട് ലോകത്തിലെ ഏറ്റവും മികച്ച ‘സ്വയാർജിത ശതകോടീശ്വരി’യായി വളർന്നു.

”അവൾ കഴിവും അന്തസ്സും അണിയുന്നു; ഭാവിയെ നോക്കി പുഞ്ചിരിക്കുന്നു” (സുഭാഷിതങ്ങൾ 31:25). ഈ വചനം റൊസാലിയായുടെ ജീവിതത്തിന്റെ രത്‌നച്ചുരുക്കമാണെന്നു പറയാം. സ്‌പെയിനിലെ ദരിദ്രമായ ഒരു കുടുംബത്തിൽനിന്ന് സ്വപ്നങ്ങളെ പിന്തുടരാനുള്ള മനസും ദൈവാശ്രയബോധവും സമ്പത്താക്കി ലോകം ശ്രദ്ധിക്കുന്ന വനിതയായി ഉയർന്ന റൊസാലിയാ നമുക്ക് നല്കുന്ന ചില സന്ദേശങ്ങളുണ്ട്. ആ സന്ദേശങ്ങൾ കണ്ടെത്താം.

കഥയുടെ ആരംഭം
സ്‌പെയിൻ ആഭ്യന്തരകലാപത്തിന്റെ തീച്ചൂളയിൽപ്പെട്ട് നട്ടംതിരിയുന്ന ഒരു കാലഘട്ടമായിരുന്നു 1950-കൾ. അക്കാലത്ത് സ്‌പെയിനിലെ ദാരിദ്ര്യം നിറഞ്ഞ പ്രദേശങ്ങളിലൊന്നായ ഗലീസിയയിലാണ് റൊസാലിയാ ജനിച്ചത്. ചെറിയൊരു ഇലക്ട്രിക് കമ്പനിയിൽ ജോലിക്കാരനായ അച്ഛനും നിരത്തുവക്കിൽ ഇറച്ചിക്കട നടത്തുന്ന അമ്മയും. വരുമാനം കുറവായിരുന്നതിനാൽ റൊസാലിയായുടെ ബാല്യം ദുരിതം നിറഞ്ഞതായിരുന്നു.

വീട്ടിലെ ദാരിദ്ര്യവും സാമ്പത്തിക ഭാരവും അനുദിനം വളർന്നു വന്നപ്പോൾ തയ്യൽ ജോലിയിലെ അല്പ-സ്വല്പ ജ്ഞാനം കൈമുതലാക്കിക്കൊണ്ട് അയൽപക്കത്തുള്ള ഒരു സ്ത്രീയുടെ വീട്ടിൽ തുണി തയ്ച്ചുകൊടുക്കാൻ കൂടി. ആദ്യമൊക്കെ വീട്ടുകാർ അളവൊപ്പിച്ച് വെട്ടിയിടുന്ന തുണി തയ്ക്കുന്ന ജോലിയായിരുന്നു അവൾക്ക്. എന്നാൽ ഇടയ്ക്ക് അവൾ തന്റെ ഭാവനയ്‌ക്കൊത്ത് തനിയെ തുണി വെട്ടി തയ്ച്ചുകൊടുത്തു. വാങ്ങാൻ വന്നവർക്ക് അതേറെ ഇഷ്ടപ്പെട്ടു.

റൊസാലിയായുടെ ഭാവനാചിറകുകൾക്ക് കൂടുതൽ കരുത്തു പകർന്നുകൊണ്ട് അമ്മ അവൾക്കൊരു പുതിയ തയ്യൽ മെഷീൻ വാങ്ങിക്കൊടുത്തു. അയൽക്കാരുടെ തയ്യൽജോലികൾ റൊസാലിയാ ഏറ്റെടുത്തുവെങ്കിലും അതുകൊണ്ടൊന്നും പറയത്തക്ക സാമ്പത്തികനേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല. അതുകൊണ്ട് ഒരു തുണിക്കടയിൽ തയ്യൽക്കാരിയായി ചേർന്നു.

പുതിയ ചിന്തകൾ
1966-ൽ റൊസാലിയാ വിവാഹിതയായി. അമെൻഷ്യോ ഒർട്ടേഗയായിരുന്നു വരൻ. ഉത്ക്കർഷേച്ഛുവായ ഒർട്ടേഗയുടെ ആശയമനുസരിച്ച് ആ ദമ്പതികൾ ‘ഇൻഡിടെക്‌സ്’ എന്ന വസ്ത്രഷോറൂം ആരംഭിച്ചു. പക്ഷേ, അന്ന് സ്‌പെയിൻ ഭരിച്ചിരുന്ന ഏകാധിപതിയായ ഫ്രാൻസിസ്‌കോ ഫ്രാങ്കോ അടിച്ചേൽപിച്ചിരുന്ന കർശന നിയമങ്ങൾമൂലം പുതിയ ഫാഷൻ ട്രെൻഡുകൾ സ്വീകരിക്കാൻ നാട്ടുകാർ മടി കാണിച്ചു. അതോടെ ഇൻഡിടെക്‌സ് പൂട്ടുമെന്ന അവസ്ഥയായി. റൊസാലിയായും ഭർത്താവും പരിഭ്രാന്തരായി. എന്നാൽ, 1975-ൽ ഫ്രാങ്കോ മരിച്ചതോടെ സ്‌പെയിൻ ഏകാധിപത്യ ഭരണത്തിൽനിന്ന് സ്വതന്ത്രമായി. ആ സന്തോഷം ജനങ്ങളുടെ ഫാഷൻ സങ്കല്പങ്ങളെ മാറ്റിമറിച്ചു. അവർ റൊസാലിയായുടെ വസ്ത്ര ഡിസൈനുകളുടെ പിന്നാലെ പോയി.

ആ അവസരം ഈ ദമ്പതികൾ ശരിക്കും മുതലാക്കി. അങ്ങനെ 1975-ൽ സാറാ എന്ന പേരിൽ അവർ സ്വന്തമായി ഒരു റീട്ടെയിൽ ഷോറൂം തുറന്നു. ”അവിടുന്ന് എന്റെ വിലാപത്തെ ആനന്ദനൃത്തമാക്കി മാറ്റി; അവിടുന്ന് എന്നെ, ചാക്കുവസ്ത്രമഴിച്ച്, ആനന്ദമണിയിച്ചു” (സങ്കീർത്തനങ്ങൾ 30:11) എന്ന് ഏറ്റുപറയാവുന്ന വിധത്തിൽ അവർ സമ്പന്നരായി. മുപ്പത് വർഷങ്ങൾകൊണ്ട് സാറാ ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ റീട്ടെയ്ൽ ഷോറൂം ശൃംഖലയായി വളർന്നു. ഇൻഡിടെക്‌സും വലിയൊരു ബിസിനസ് സാമ്രാജ്യമായി വളരെ പെട്ടെന്ന് വളർന്നു. ശതകോടീശ്വരിയായിരുന്നിട്ടും താരതമ്യേന ലളിത ജീവിതമായിരുന്നു റൊസാലിയായുടേത്. 2013 ആഗസ്റ്റിൽ മസ്തിഷ്‌കാഘാതം മൂലം മരിക്കുമ്പോൾ 69-കാരിയായ റൊസാലിയായ്ക്ക് ആറു ബില്യൺ ഡോളർ (36,000 കോടി രൂപ) ആസ്തി ഉണ്ടായിരുന്നു. സ്‌പെയിനിലെ ഒലിറോസിലുള്ള ലിയാൻസിലെ വിശുദ്ധ എവുലേലിയായുടെ ദൈവാലയത്തിൽ അവൾ സംസ്‌കരിക്കപ്പെട്ടു.

വീണ്ടും ശക്തി നേടാൻ…
ദാരിദ്ര്യത്തിൽ ജനിച്ച് ദാരിദ്ര്യത്തിൽ മരിക്കുമായിരുന്ന റൊസാലിയായുടെ ജീവിതവിജയത്തിന് പിന്നിലുണ്ടായിരുന്ന ഘടകങ്ങൾ ശ്രദ്ധേയമാണ്. ബാല്യത്തിൽ അനുഭവിക്കേണ്ടി വന്ന ദാരിദ്ര്യവും യാതനകളും ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ തീവ്രവും വർണാഭവുമാക്കാൻ അവളെ സഹായിച്ചു. ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ എത്ര കഷ്ടപ്പെടാനും അവൾ ഒരുക്കമായിരുന്നു.

”ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും; അവർ കഴുകൻമാരെപ്പോലെ ചിറകടിച്ചുയരും” (ഏശയ്യാ 40:31) എന്നത് എത്രയോ സത്യമാണ്. നമ്മുടെ ജീവിതവും പലപ്പോഴും സാധ്യതകളില്ലാത്ത അവസ്ഥയിൽ കാണപ്പെട്ടേക്കാം. പക്ഷേ, ദൈവത്തിൽ ആശ്രയിക്കാനും സ്വപ്നം കാണാനും സാധിക്കുമെങ്കിൽ പുതിയ സാധ്യതകളുടെ വാതിലുകൾ തുറക്കുന്നതു കാണാം.

മനസ് ഭാവനാനിർഭരമായിരുന്നതിനാൽ കടുത്ത ജീവിതയാഥാർത്ഥ്യങ്ങളെ വിജയകരമായി അതിജീവിക്കുവാനുള്ള നൂതന വഴികൾ തേടിപ്പിടിക്കാൻ റൊസാലിയായ്ക്ക് സാധിച്ചു. ചുരുക്കിപ്പറഞ്ഞാൽ, ജീവിതത്തിൽ വിജയം നേടണമെന്നാഗ്രഹിക്കുന്നവർക്കെല്ലാം മാതൃകയാക്കാവുന്ന ഒരു ജീവിതമാണ് റൊസാലിയായുടെ ജീവിതം. ”കർത്താവേ, ഞാനങ്ങയിൽ ആശ്രയിക്കുന്നു; അങ്ങാണ് എന്റെ ദൈവമെന്നു ഞാൻ പ്രഖ്യാപിക്കുന്നു” (സങ്കീർത്തനങ്ങൾ 31:14) എന്ന് ഏറ്റുപറഞ്ഞുകൊണ്ട് നിരന്തരം പ്രത്യാശയോടെ അധ്വാനിക്കാൻ റൊസാലിയായുടെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. വിജയം കൈപ്പിടിയിലെത്തുകതന്നെ ചെയ്യും.
ബൈബിളിൽ വിവരിക്കപ്പെടുന്ന ജോബിന്റെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുമ്പോഴും മനസ്സിൽ ഉറയ്ക്കുന്നത് ഈ ബോധ്യമാണ്. എല്ലാം തകർന്നുവെന്നും അവസാനിച്ചുവെന്നും അനുഭവപ്പെടുന്ന അവസ്ഥയിലൂടെ ജോബ് കടന്നുപോവുന്നു. എന്നിട്ടും ദൈവത്തെ നിഷേധിക്കാതെ ജീവിതം തുടർന്ന ജോബിന് സ്വപ്നം കാണാൻ എന്താണുണ്ടായിരുന്നത്? ദുരിതങ്ങളെല്ലാം ജോബിന്റെ തെറ്റുനിമിത്തം വന്നുചേർന്നതാണെന്നു സ്‌നേഹിതർ പറഞ്ഞു. എല്ലാം കേട്ടിരിക്കാനല്ലാതെ എന്തുചെയ്യാൻ കഴിയും? പക്ഷേ ഒടുവിൽ നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി തിരികെ കൊടുത്തുകൊണ്ട് ദൈവം ജോബിനെ അനുഗ്രഹിക്കുകയല്ലേ ചെയ്യുന്നത്? അതെ, ഒന്നുറപ്പാണ് നേടാനാവില്ലെന്നു കരുതുന്നതും നഷ്ടപ്പെട്ടതുമെല്ലാം തരാൻ സർവ്വശക്തനായ ദൈവത്തിനു കഴിയും. അതിനാൽ അവിടുത്തോട് ഇങ്ങനെ പറയാം:
കർത്താവേ, ജീവിതത്തിൽ ഇനി ഒരിക്കലും ഉയരാനാവില്ലെന്നു തോന്നുന്ന സമയങ്ങൾ ഞങ്ങൾക്കും ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ അങ്ങയിൽ കൂടുതലായി ആശ്രയിക്കാനും പുതിയ സ്വപ്നങ്ങൾ കാണാനും ഞങ്ങളെ അനുഗ്രഹിച്ചാലും. സങ്കീർത്തകൻ അപേക്ഷിക്കുന്നതുപോലെ ”അവിടുന്ന് ഞങ്ങളെ പീഡിപ്പിച്ചിടത്തോളം ദിവസങ്ങളും, ഞങ്ങൾ ദുരിതമനുഭവിച്ചിടത്തോളം വർഷങ്ങളും സന്തോഷിക്കാൻ ഞങ്ങൾക്ക് ഇടയാക്കണമേ!” (സങ്കീർത്തനങ്ങൾ 90:15)

ഫാ. സണ്ണി കുറ്റിക്കാട്ട് സി.എം.ഐ

 

Leave a Reply

Your email address will not be published. Required fields are marked *