1909-ാം ആണ്ടിലെ ഒരു ഞായറാഴ്ച. സൊനോര ലൂയിസ് സ്മാർട്ട് ഡോഡ് എന്ന 27-കാരി വിശുദ്ധ കുർബാന മധ്യേ അച്ചൻ നടത്തിയ മാതൃദിനത്തെക്കുറിച്ചുള്ള പ്രസംഗം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അവളുടെ മനസ് ഭൂതകാലത്തിലേക്ക് പറന്നുപോയി. തങ്ങളുടെ അമ്മയുടെ മരണശേഷം തന്നെയും അഞ്ച് സഹോദരങ്ങളെയും വളർത്താൻ തന്റെ പിതാവ് വില്യം ഡോഡ് എന്തുമാത്രം കഷ്ടപ്പെട്ടു. സ്വന്തം സുഖവും സന്തോഷങ്ങളും മക്കൾക്കുവേണ്ടി ത്യജിച്ച ആ പിതാവിനെപ്പോലെ എത്രയോ പിതാക്കന്മാർ ലോകത്തിലുണ്ടാകും. അവരെയും ആദരിക്കേണ്ടത് ന്യായമല്ലേ? ‘മാതൃദിനം’ പോലെ ഒരു ‘പിതൃദിനവും’ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല.
അവൾ അതിനുവേണ്ടിയുള്ള പ്രചാരണ പരിപാടികൾ ആരംഭിച്ചു. അങ്ങനെ 1910 ജൂൺ 19-ന് വാഷിംഗ്ടണിന് അടുത്തുള്ള ‘സ്‌പെക്കാനിൽ’ ചില സംഘടനകളുടെ സഹായത്തോടെ സൊനോര ആദ്യത്തെ ‘പിതൃദിനം’ ആഘോഷിച്ചു. ക്രമേണ അത് അമേരിക്കയിൽ എങ്ങും വ്യാപിക്കുകയും 1972-ൽ പ്രസിഡന്റ് റിച്ചാർഡ് നിക്‌സൺ ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘പിതൃദിന’മായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.
കുടുംബം പുലർത്താൻവേണ്ടി രാത്രിയും പകലും കഷ്ടപ്പെടുന്ന പിതാക്കന്മാരുടെ വേദന പലപ്പോഴും മക്കൾ മനസിലാക്കണമെന്നില്ല. ഒരു കുഞ്ഞിന് ജന്മം നല്കാനുള്ള അമ്മയുടെ വേദനയെക്കുറിച്ച് ധ്യാനിക്കുമ്പോൾ, ‘ആശുപത്രിച്ചെലവ്” കണ്ടെത്താൻ വേവലാതിപ്പെടുന്ന അപ്പന്റെ നൊമ്പരം മറന്നുപോകാം. ഉത്തരവാദിത്വമില്ലാതെ ജീവിക്കുന്ന അപ്പന്മാരുടെ കഥകൾ കൂടുതൽ പ്രചരിക്കുന്നതുകൊണ്ടാകാം, ഒരു കുഞ്ഞിന്റെ വളർച്ചയിൽ പിതാവ് വഹിക്കുന്ന പങ്കാളിത്തം പലപ്പോഴും ആദരിക്കപ്പെടാതെ പോകുന്നത്. പിതാക്കന്മാർ ആദരിക്കപ്പെടാതിരിക്കുന്നത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമത്തിന് ഏറെ ദോഷം ചെയ്യുമെന്നുള്ളത് തീർച്ചയാണ്. ജോലിസ്ഥലത്തെ പ്രശ്‌നങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ, കുടുംബബന്ധങ്ങളിലെ നൊമ്പരങ്ങൾ ഇവയെല്ലാം സഹിച്ച് ഒരു കുടുംബത്തെ മുന്നോട്ട് നയിക്കുന്നതിൽ മാത്രമല്ല, പിതാവിന്റെ ആദരണീയത കുടികൊള്ളുന്നത്. എന്തെല്ലാം കുറവുകൾ ഉള്ള വ്യക്തികളാണെങ്കിലും ‘പിതൃസ്ഥാനത്ത്” ഒരാളില്ലാതെ വരുമ്പോൾ ഉണ്ടാകുന്ന ശൂന്യത എത്ര വലുതാണെന്ന് ചിന്തിച്ചുനോക്കുക. അതിനാൽ നമ്മുടെ പിതാക്കന്മാരെ ഓർത്ത് നാം നന്ദിയുള്ളവരാകണം. കുറവുകളുള്ള അപ്പന്മാരെയും അവരുടെ പിതൃസ്ഥാനത്തെപ്രതി ആദരിക്കാൻ പഠിപ്പിക്കുക ഒരു അമ്മയുടെ ചുമതലയാണ്. പിതാക്കന്മാരോടുള്ള വെറുപ്പും അനാദരവും അനേകം മക്കളുടെ ജീവിതത്തിൽ ദൈവകൃപ സ്വീകരിക്കുന്നതിന് തടസമായിത്തീരുന്നുണ്ട്. തന്മൂലം ഭർത്താവുമായുള്ള ബന്ധത്തിൽ തകരാറുള്ളപ്പോൾ പോലും മക്കളുടെ മുന്നിൽ അവരുടെ പിതാവിനെ ആദരണീയമായി അവതരിപ്പിക്കുക, ആത്മീയപക്വതയുള്ള ഒരു അമ്മയ്ക്കു മാത്രമേ അത് സാധിക്കൂ.
പിതൃദിനം ആഘോഷിക്കുമ്പോൾ നമ്മളൊക്കെ ധാരാളമായി വിസ്മരിക്കുന്ന മറ്റൊരു പിതാവിനെയും ഓർമിക്കുന്നത് നല്ലതാണ്. ആ പിതാവിന്റെ ഹൃദയത്തിലും മക്കൾ വിസ്മരിക്കുന്നതിന്റെ ദുഃഖമുണ്ടാകും. അത് മറ്റാരുമല്ല – നമ്മുടെ ദൈവപിതാവാണ്. യേശുവിനെയും മാതാവിനെയും വിശുദ്ധരെയുമെല്ലാം നാം ധാരാളമായി സ്മരിക്കുമ്പോഴും എന്തിനേറെ, സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ… എന്ന് വിളിക്കുമ്പോൾപോലും ആ നല്ല പിതാവിനെ ഹൃദയത്തിൽ ഓർക്കാറുണ്ടോ? നമ്മളെ സൃഷ്ടിക്കുകയും നമുക്കായി തന്റെ ഏകജാതനെപ്പോലും ബലി കഴിക്കുകയും ചെയ്ത അവിടുന്നുതന്നെയാണ് പരിശുദ്ധാത്മാവ് എന്ന ഏറ്റവും വലിയ ദാനം നല്കി നമ്മെ ദൈവമക്കളാക്കി മാറ്റിയത്. എല്ലാ ദിവസവും ആ പിതാവിനെ ഓർത്ത് നന്ദി പറയുക അവിടുത്തേക്ക് എത്ര ആനന്ദപ്രദമാകും.
ഇപ്പോൾ ലോകവ്യാപകമായിത്തീർന്ന പിതൃദിന ആഘോഷത്തിൽ പല രാജ്യങ്ങളിലും പിതാക്കന്മാരെ മാത്രമല്ല ആദരിക്കുന്നത്. മുത്തശ്ശന്മാരും വളർത്തുപിതാക്കളും പിതൃതുല്യരായി സേവനം നല്കിയവരും വൈദികരും മെത്രാന്മാരും ആത്മീയമായി നമ്മെ വളർത്തുന്നവരുമെല്ലാം ഈ ദിനം ആദരിക്കപ്പെടുന്നു. അതോടൊപ്പംതന്നെ ഓരോ പിതാവിനും തങ്ങളുടെ വിളിയുടെ മഹത്വവും ഉത്തരവാദിത്വത്തിന്റെ ഗൗരവവും തിരിച്ചറിയാൻകൂടി ഈ പിതൃദിനാഘോഷം സഹായിക്കണം.
‘വിശുദ്ധിയുടെ നിറക്കൂട്ടുകൾ’ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ ഫാ. പീറ്റർ കൊച്ചാലുങ്കൽ സി.എം.ഐ എഴുതിയ ഏതാനും വരികൾ അപ്പന്മാരെയും അമ്മമാരെയും മക്കളെയും പിതൃദിനം ആഘോഷിക്കുന്നതിന് ഒരുക്കുവാൻ സഹായകമാണ്.
”എന്റെ പിതാവ് മരിക്കുന്നതുവരെ ജീവിതത്തിലെ നന്മകളെമാത്രം കണ്ട് സന്തോഷിച്ച ആളാണ്. ഒന്നിലും വേവലാതിപ്പെടാതെ ‘ദൈവം നോക്കിക്കൊള്ളും’ എന്ന് വിശ്വസിച്ച് ജീവിച്ചു. എവിടെപ്പോയിട്ട് വന്നാലും രണ്ടു ചോദ്യങ്ങൾ കയറിവരുമ്പോഴേ ചോദിച്ചിരുന്നു: ‘കുരിശു വരച്ചോ? മക്കളും അമ്മയും ഭക്ഷണം കഴിച്ചോ?’ ഇത് ദൈവത്തോടും മനുഷ്യരോടുമുള്ള ശ്രദ്ധയുടെ ഭാഗമാണെന്ന് ഞാൻ തിരിച്ചറിയുന്നു. വിഷമിക്കുന്ന ഘട്ടങ്ങളിൽ ചാച്ചൻ തോളിൽത്തട്ടിക്കൊണ്ട് പറയുമായിരുന്നു, ‘ദൈവം നന്മയേ നല്കൂ.’ അന്ന് എന്റെ പിതാവ് പറഞ്ഞതുപോലെ എല്ലാം നന്മയായി എന്നിൽ ഭവിച്ചു; കണ്ടുമുട്ടിയവരെല്ലാം നന്മകൊണ്ടെന്നെ അഭിഷേകം ചെയ്തു.
എന്റെ ജീവിതത്തിലെ മറ്റൊരു നിറക്കൂട്ട് എന്റെ അമ്മച്ചിയുടെ ജീവിതമാണ്. ചാച്ചൻ അതിരാവിലെ നാലരയ്ക്ക് ദൂരെയുള്ള കടയിലേക്ക് പോകുമ്പോൾ, ആറുവയസ് മാത്രം പ്രായമുണ്ടായിരുന്ന എന്നെ ഉറക്കത്തിൽനിന്ന് എഴുന്നേല്പിച്ച് ചാച്ചനുവേണ്ടി അമ്മച്ചിക്കൊപ്പം കൊന്ത ചൊല്ലിപ്പിച്ചിരുന്നു. വെട്ടുകൽ വീടിന്റെ ഒരു മൂലയിൽ ചാരിയിരുന്ന് പകുതി ഉറക്കത്തിൽ ഞാൻ അമ്മച്ചിക്കൊപ്പം പ്രാർത്ഥിച്ചു. ഓരോ രഹസ്യവും കഴിയുമ്പോൾ അമ്മച്ചിയുടെ ഒരു കമന്ററിയുണ്ട്: ‘ഇപ്പോൾ ചാച്ചൻ പാലത്തിനടുത്തായിരിക്കും’, ‘ഇപ്പോൾ കുരിശുപള്ളിയുടെ അടുത്തെത്തിക്കാണും’, ‘ഇപ്പോൾ തോട്ടുവക്കിലൂടെ നടക്കുകയാകും.’ സെമിനാരിയിൽ ചേരുന്ന ദിവസംവരെ അമ്മച്ചിയുടെ ആത്മനൊമ്പരത്തിന്റെ ഈ പ്രാർത്ഥന കേട്ടാണ് ഞാൻ വളർന്നത്.”
പ്രാർത്ഥന
സ്വർഗീയ പിതാവേ, ഞങ്ങൾക്ക് ഭൗമിക പിതാക്കന്മാരെ നല്കിയ അങ്ങയുടെ കാരുണ്യത്തിന് ഞങ്ങൾ നന്ദി പറയുന്നു. എല്ലാ പിതൃത്വങ്ങളും പിതൃത്വം സ്വീകരിച്ചിരിക്കുന്നത് അങ്ങയിൽനിന്നാണല്ലോ. ഞങ്ങൾക്ക് ജന്മം നല്കിയവരും വളർത്തിയവരും പരിപാലിച്ചവരുമായ എല്ലാ പിതാക്കന്മാരെ ഓർത്തും ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അവരോട് കാണിച്ച സ്‌നേഹക്കുറവിനും അനാദരവിനും ഞങ്ങൾ മാപ്പ് ചോദിക്കുന്നു. പിതാവേ… ഞങ്ങളുടെ ഭൗമിക പിതാക്കന്മാരോട് നന്ദിയും സ്‌നേഹവും ഉള്ളവരായി ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിച്ചാലും., ആമ്മേൻ.
ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ
1 Comment
Nice Article… Thanks